Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇംഗ്‌ളണ്ടിനെ കാത്ത് കോഹ്ലിയും സംഘവും ഇരിക്കുമ്പോൾ ഫൈനൽ ബെർത്ത് പിടിച്ച് പാക്കിസ്ഥാൻ; ആതിഥേയരെ ഓൾ ഔട്ടാക്കി തകർപ്പൻ പ്രകടനവുമായി പാക് മുന്നേറ്റം; തീപാറുന്ന ബോളുകൾക്ക് മുന്നിൽ തകർന്നടിഞ്ഞ് ഇംഗ്‌ളണ്ട്

ഇംഗ്‌ളണ്ടിനെ കാത്ത് കോഹ്ലിയും സംഘവും ഇരിക്കുമ്പോൾ ഫൈനൽ ബെർത്ത് പിടിച്ച് പാക്കിസ്ഥാൻ; ആതിഥേയരെ ഓൾ ഔട്ടാക്കി തകർപ്പൻ പ്രകടനവുമായി പാക് മുന്നേറ്റം; തീപാറുന്ന ബോളുകൾക്ക് മുന്നിൽ തകർന്നടിഞ്ഞ് ഇംഗ്‌ളണ്ട്

ലണ്ടൻ: ഇന്ത്യ ഇംഗ്‌ളണ്ടിനെ ഫൈനലിൽ കാത്തിരിക്കുമ്പോൾ ആതിഥേയരായ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകർത്ത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ. ബോളിങ്ങിലും ബാറ്റിങ്ങിലും ഉൾപ്പെടെ മൽസരത്തിന്റെ സമസ്ത മേഖലകളിലും വ്യക്തമായ മേധാവിത്തം പുലർത്തി രാജകീയമായാണ് പാക്കിസ്ഥാൻ ഫൈനലിൽ എത്തുന്നത്. അനായാസമായിരുന്നു പാക് വിജയം. ആതിഥേയരെ അക്ഷരാർത്ഥത്തിൽ തകർത്തെറിഞ്ഞ് ഫൈനലിൽ പാക്കിസ്ഥാൻ എത്തുമ്പോൾ ഇന്ത്യ ഫൈനലിൽ എത്തുമോ എന്നറിയാൻ നാളത്തെ മത്സരം ബാക്കി.

ഇംഗ്ലണ്ട് ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പാക്കിസ്ഥാൻ മറികടക്കുമ്പോൾ 12.5 ഓവറുകളും എട്ടു വിക്കറ്റുകളും ബാക്കിയായിരുന്നു. അർധസെഞ്ചുറി നേടിയ ഓപ്പണർമാരായ ഫഖർ സമാൻ (57), അസ്ഹർ അലി (76) എന്നിവരാണ് പാക്കിസ്ഥാന്റെ വിജയശിൽപികൾ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യബംഗ്ലാദേശ് സെമിയിലെ വിജയികളെ പാക്കിസ്ഥാൻ നേരിടും.

ഇംഗ്ലണ്ട് ഉയർത്തിയ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാക്കിസ്ഥാന് ഓപ്പണർമാരായ ഫഖാർ സമാനും അസ്ഹർ അലിയും ചേർന്ന് സ്വപ്നസമാനമായ തുടക്കമാണ് നൽകിയത്. 21.1 ഓവർ ക്രീസിൽ നിന്ന ഇരുവരും 118 റൺസെടുത്ത ശേഷമാണ് പിരിഞ്ഞത്. രോഹിത് ശർമശിഖർ ധവാൻ സഖ്യത്തെ ഒഴിച്ചുനിർത്തിയാൽ 20009നു ശേഷം ചാംപ്യൻസ് ട്രോഫിയിൽ സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്ന ആദ്യ ഓപ്പണിങ് സഖ്യമാണ് അസ്ഹറും ഫഖറും. ശ്രീലങ്കയ്‌ക്കെതിരെ ഇരുവരും ഒന്നാം വിക്കറ്റിൽ 74 റൺസ് കൂട്ടിച്ചേർത്തിരുന്നു.

സമാൻ പുറത്തായശേഷം ക്രീസിലെത്തിയ ബാബർ അസം അസ്ഹർ അലിക്ക് മികച്ച പിന്തുണ നൽകിയതോടെ പാക്കിസ്ഥാൻ അനായാസം മുന്നേറി. രണ്ടാം വിക്കറ്റിൽ 55 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ അസ്ഹർ അലിയെ ജെയ്ക്ക് ബാൾ മടക്കിയെങ്കിലും പിരിയാത്ത മൂന്നാം വിക്കറ്റിൽ 42 റൺസ് കൂട്ടിച്ചേർത്ത അസംഹഫീസ് കൂട്ടുകെട്ട് പാക്കിസ്ഥാനെ വിജയതീരമണച്ചു. ബാബർ അസം 45 പന്തിൽ 38 റൺസോടെയും മുഹമ്മദ് ഹഫീസ് 21 പന്തിൽ 31 റൺസോടെയും പുറത്താകാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്, ഒരു പന്തു ബാക്കിനിൽക്കെ 211 റൺസിന് എല്ലാവരും പുറത്തായി. ബോളിങ്ങിലെ കുന്തമുനയായ മുഹമ്മദ് ആമിറിനെ കൂടാതെ ഇറങ്ങിയിട്ടും ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ വരിഞ്ഞുമുറുക്കിയ പാക്ക് ബോളർമാർ, അവരെ 211 റൺസിൽ തളച്ചിടുകയായിരുന്നു. ഒരു സിക്‌സു പോലും പിറക്കാതെ പോയ ഇംഗ്ലണ്ട് ഇന്നിങ്‌സിൽ, ആർക്കും അർധസെഞ്ചുറി തികയ്ക്കാനുമായില്ല. 56 പന്തിൽ രണ്ടു ബൗണ്ടറി ഉൾപ്പെടെ 46 റൺസെടുത്ത ജോ റൂട്ടാണ് അവരുടെ ടോപ് സ്‌കോറർ. പാക്കിസ്ഥാനായി ഹസൻ അലി 10 ഓവറിൽ 35 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തി.

പാക്ക് ബോളർമാരും ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരും തമ്മിലുള്ള പോരാട്ടമാകുമെന്ന് വിലയിരുത്തപ്പെട്ട മൽസരത്തിൽ, ടോസ് നേട്ടം മുതൽ കാര്യങ്ങൾ പാക്കിസ്ഥാന്റെ വഴിക്കായിരുന്നു. പുറംവേദന മൂലം പുറത്തിരുന്ന മുഹമ്മദ് ആമിറിന് പകരം ഒരു രാജ്യാന്തര മൽസരം പോലും കളിച്ചിട്ടില്ലാത്ത റുമ്മൻ റയീസിനെ ഉൾപ്പെടുത്തിയാണ് പാക്കിസ്ഥാൻ ഇറങ്ങിയത്. ഓപ്പണിങ് വിക്കറ്റിൽ 34 റൺസ് കൂട്ടിച്ചേർത്ത് അലക്‌സ് ഹെയ്ൽസ്ജോണി ബെയർ‌സ്റ്റോ സഖ്യം ഭേദപ്പെട്ട തുടക്കമാണ് അവർക്ക് സമ്മാനിച്ചത്. എന്നാൽ, അരങ്ങേറ്റ മൽസരം കളിക്കുന്ന റുമ്മൻ റയീസിന് കന്നി വിക്കറ്റ് സമ്മാനിച്ച് ഹെയ്ൽസ് കൂടാരം കയറിയതു മുതൽ ഇംഗ്ലണ്ടിന്റെ തകർച്ചയാരംഭിച്ചു. 13 പന്തിൽ 13 റൺസായിരുന്നു ഹെയിൽസിന്റെ സമ്പാദ്യം. മൂന്നാമനായെത്തിയ റൂട്ട്, ബെയർ‌സ്റ്റോയ്‌ക്കൊപ്പം രണ്ടാം വിക്കറ്റിൽ 46 റൺസും മോർഗനൊപ്പം മൂന്നാം വിക്കറ്റിൽ 48 റൺസും കൂട്ടിച്ചേർത്തെങ്കിലും, പാക്ക് ബോളിങ്ങിനുമേൽ മേധാവിത്തം നേടാനായില്ല.

ജേസൺ റോയിക്കു പകരം ടീമിലെത്തിയ ബെയർ‌സ്റ്റോ 57 പന്തിൽ 43 റൺസെടുത്ത് പുറത്തായി. മോർഗൻ 53 പന്തിൽ 33 റൺസെടുത്തു. സ്‌കോർ 128ൽ നിൽക്കെ മൂന്നാമനായി റൂട്ട് മടങ്ങിയതുമുതൽ ഇംഗ്ലണ്ട് തീർത്തും പതറി. പിന്നീട് രണ്ടക്കം കടന്നത് ബെൻ സ്റ്റോക്‌സും മോയിൻ അലിയും മാത്രം. സ്റ്റോക്‌സ് 64 പന്തിൽ 34 റൺസെടുത്തു. 64 പന്തുകൾ നീണ്ട ഇന്നിങ്‌സിൽ ഒരു ബൗണ്ടറി പോലും നേടാൻ സ്റ്റോക്‌സിനായില്ല. മോയിൻ അലി 14 പന്തിൽ 11 റൺസെടുത്തു. ജോസ് ബട്ലർ (4), ആദിൽ റഷീദ് (ഏല്), ലിയാം പ്ലങ്കറ്റ് (9), മാർക് വുഡ് (3) എന്നിവർക്കൊന്നും കാര്യമായ സംഭാവനകൾ നൽകാനായില്ല. ജെയ്ക് ബാൾ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

പാക്കിസ്ഥാനായി ഹസൻ അലി മൂന്നു വിക്കറ്റ് വീഴ്‌ത്തി. ഇതോടെ, ഒരു ചാംപ്യൻസ് ട്രോഫിയിൽ ഏറ്റവുമധികം വിക്കറ്റു വീഴ്‌ത്തുന്ന പാക്ക് താരമായും അലി മാറി. നാലു മൽസരങ്ങളിൽനിന്ന് ഒൻപത് വിക്കറ്റാണ് അലിയുടെ സമ്പാദ്യം. അരങ്ങേറ്റ താരം റുമ്മൻ റയീസും ജുനൈദ് ഖാനും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

പുറംവേദന ബാധിച്ച ബോളിങ് നിരയിലെ കരുത്തൻ മുഹമ്മദ് ആമിറിനെ പുറത്തിരുത്തിയാണ് പാക്കിസ്ഥാൻ നിർണായക മൽസരത്തിന് ഇറങ്ങിയത്. രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച റുമ്മൻ റയീസാണ് ആമിറിന്റെ പകരക്കാരൻ. കഴിഞ്ഞ മൽസരത്തിൽ പുറത്തിരുന്ന ഷതാബ് ഖാനും പാക്ക് നിരയിൽ തിരിച്ചെത്തി. അതേസമയം, ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഓപ്പണർ ജേസൺ റോയിക്കു പകരം ജോണി ബെയർ‌സ്റ്റോ ഇംഗ്ലണ്ട് നിരയിലും ഇടം നേടി. ഈ ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനായി അരങ്ങേറുന്ന മൂന്നാമത്തെ താരമാണ് റയീസ്. ഫഖർ സമാൻ, ഫഹീം അഷ്‌റഫ് എന്നിവരാണ് മറ്റു താരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP