Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാവിയെ വാർക്കാൻ വന്മതിൽ; ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കും

ഭാവിയെ വാർക്കാൻ വന്മതിൽ; ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കും

മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഇന്ത്യ എ ടീമിന്റെയും അണ്ടർ19 ടീമിന്റെയും പരിശീലകനാകും. ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് ദ്രാവിഡിനെ അണ്ടർ19 കോച്ചായി നിയമിച്ചുകൊണ്ടുള്ള ബിസിസിഐ തീരുമാനം പ്രഖ്യാപിച്ചത്.

ബിസിസിഐ ഉപദേശക സമിതി അംഗമാകാനുള്ള ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ക്ഷണം ദ്രാവിഡ് നിരസിച്ചതിനെ തുടർന്ന് അദ്ദേഹം അണ്ടർ19 പരിശീലകനാകുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. സച്ചിനും ഗാംഗുലിക്കുമൊപ്പം വിവി എസ് ലക്ഷ്മണാണ് ദ്രാവിഡിന് പകരം ഉപദേശക സമിതിയിൽ അംഗമായത്. യുവതാരങ്ങളെ കണ്ടെത്താനും ഉയർത്തിക്കൊണ്ടുവരാനുമുള്ള ദ്രാവിന്റെ മികവാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാൻ കാരണം. രാജസ്ഥാൻ റോയൽസിന്റെ താരങ്ങളായ സഞ്ജു സാംസൺ, കരുൺ നായർ, ദീപക് ഹൂഡ തുടങ്ങി നിരവധി യുവതാരങ്ങൾ ദ്രാവിഡിന്റെ കണ്ടെത്തലായിരുന്നു.

ബിസിസിഐയുടെ നിർദ്ദേശം ദ്രാവിഡും സ്വീകരിച്ചിട്ടുണ്ട്. ഉപദേശക സമിതിയിൽ നിന്ന് ദ്രാവിഡിനെ ഒഴിവാക്കിയത് പലതര ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഗാംഗുലിയുമായി യോജിച്ച് പ്രവർത്തിക്കാനുള്ള എതിർപ്പായും വ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യൻ സീനിയർ ടീമിന്റെ കോച്ചാകുമെന്നും അഭ്യൂഹമെത്തി. എന്നാൽ രവി ശാസ്ത്രിയെ തന്നെ സീനിയർ ടീമിന്റെ ചുമതല താൽക്കാലികമായി ഏൽപ്പിക്കുകയായിരുന്നു ബിസിസിഐ. ഭാവി ടീമിനെ വാർത്തെടുക്കുകയെന്ന ചുമതലയാണ് ദ്രാവിഡിനെ ഏൽപ്പിക്കുന്നത്. ഇന്ത്യൻ എ ടീമിന്റെ പര്യടനത്തിലും ദ്രാവിഡിന്റെ സാന്നിധ്യമുണ്ടാകും. മലയാളിയായ സഞ്ജു ഉൾപ്പെടെയുള്ളവർക്ക് പ്രതീക്ഷ നൽകുന്നതാണ് തീരുമാനം.

1996ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ദ്രാവിഡാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യാക്കാരൻ. 2008 മാർച്ച് 29ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ദാവിഡ് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ 10,000 റൺസ് തികച്ചു. സുനിൽ ഗവാസ്‌കർക്കും,സച്ചിൻ തെണ്ടുൽക്കർക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യക്കാരനുമായി ദ്രാവിഡ്.

ലോർഡ്‌സിൽ 1996 ജൂണിലെ അരങ്ങേറ്റം മുതൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു ദ്രാവിഡ്. 164 ടെസ്റ്റിൽ നിന്ന് 36 സെഞ്ച്വറികളും 63 അർധ സെഞ്ച്വറികളുമായി 13,288 റൺസാണ് സമ്പാദ്യം. ശരാശരി 52.31, ഉയർന്ന സ്‌കോർ 270. സ്ലിപ്പിൽ ചോരാത്ത കൈകളുമായി നിന്ന ദ്രാവിഡിന്റെ പേരിൽ 210 ക്യാച്ചുകളുണ്ട്. അതുമൊരു റെക്കോഡാണ്.

ഏകദിനത്തിലും ദ്രാവിഡിന്റെ ഗ്രാഫ് മികച്ചതു തന്നെ. 344 ഏകദിനങ്ങളിൽ നിന്നായി 10,889 റൺസ്. ഇതിൽ 12 സെഞ്ച്വറികളും 83 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ശരാശരി 39.16, ഉയർന്ന സ്‌കോർ 153. 1996 ഏപ്രിലിൽ സിംഗപ്പൂരിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP