Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്രിക്കറ്റ് കളിക്കാൻ എന്നെ അനുവദിക്കണം; കുറ്റവിമുക്തനായിട്ടും വേട്ടയാടൽ തുടരുന്നു: സ്‌കോട്ടിഷ് ലീഗിൽ കളിക്കാൻ അനുമതി നിഷേധിച്ചതോടെ ശ്രീശാന്ത് ബിസിസിഐക്കെതിരെ പരസ്യമായി രംഗത്ത്

ക്രിക്കറ്റ് കളിക്കാൻ എന്നെ അനുവദിക്കണം; കുറ്റവിമുക്തനായിട്ടും വേട്ടയാടൽ തുടരുന്നു: സ്‌കോട്ടിഷ് ലീഗിൽ കളിക്കാൻ അനുമതി നിഷേധിച്ചതോടെ ശ്രീശാന്ത് ബിസിസിഐക്കെതിരെ പരസ്യമായി രംഗത്ത്

തിരുവനന്തപുരം: ബിസിസിഐക്കെതിരെ പരസ്യ വിമർശനവുമായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. സ്‌കോട്ടിഷ് പ്രീമിയർ ലീഗിൽ കളിക്കാൻ അനുമതി നിഷേധിച്ച സാഹചര്യത്തിലാണു ബിസിസിഐക്കെതിരായ പരാമർശവുമായി ശ്രീശാന്തിന്റെ ട്വീറ്റു വന്നത്.

ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്നും കോടതി കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.ഐ നിലപാട് വ്യക്തമാക്കാൻ തയ്യാറാകുന്നില്ലെന്നും ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു. കൗണ്ടിയിൽ കളിക്കാൻ അനുമതി നിഷേധിച്ചുള്ള യാതൊരു ഔദ്യോഗിക പ്രതികരണവും ബി.സി.സിഐയിൽ നിന്ന് ലഭിച്ചിട്ടില്ല. ഒരു ഇ-മെയിലോ കത്തോ തനിക്ക് ഇതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ അയച്ചിട്ടില്ല. കേരള ക്രിക്കറ്റ് അസോസിയേഷനും ഇതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണവും ലഭിച്ചിട്ടില്ല. എന്താണു ചെയ്യേണ്ടത് എന്ന് അറിയില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

കോടതി തന്നെ കുറ്റവിമുക്തനാക്കിയതു മുതൽ എന്റെ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐക്ക് നിരന്തരമായി മെയിൽ അയക്കാറുണ്ട്. എന്നാൽ ഒന്നിനു പോലും ബി.സി.സി.ഐ ഇതുവരെ മറപടി അയച്ചിട്ടില്ല. ഈ സത്യം എല്ലാവരും അറിയണമെന്നും ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

എന്നെ കളിപ്പിക്കരുതെന്നോ എനിക്ക് ആജിവനാന്ത വിലക്ക് ഏർപ്പെടുത്തിയെന്നോ പറഞ്ഞ് ഇതുവരെ കേരള ക്രിക്കറ്റ് അസോസിയേഷനോ എറണാകുളം ജില്ലാ അസോസിയേഷനോ ഞാൻ കളിക്കുന്ന ക്ലബ്ബിനോ ഇതുവരെ ഒരു കത്തും ലഭിച്ചിട്ടില്ലെന്നും ശ്രീ വ്യക്തമാക്കി.

സ്‌കോട്ടിഷ് പ്രീമയർ ലീഗിൽ കളിക്കാനുള്ള ശ്രീശാന്തിന്റെ അപേക്ഷ കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ തള്ളിയത്. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി അധ്യക്ഷനായ കമ്മിറ്റി ശ്രീശാന്തിന് എൻ.ഒ.സി നിഷേധിക്കുകയായിരുന്നു. 2013 ഐ.പി.എൽ സീസണിൽ വാതുവെപ്പു സംഘങ്ങളുമായി ചേർന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാൻ റോയൽസ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത് ചാൻഡില എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർക്കെതിരെ ഉന്നയിച്ച കുറ്റങ്ങൾക്ക് തെളിവില്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. എന്നിട്ടും ശ്രീശാന്തിനുള്ള വിലക്കു ബിസിസിഐ ഇതുവരെ പിൻവലിച്ചിട്ടില്ല.

ടീം ഫൈവ് എന്ന ചിത്രത്തിന്റെ ഫേസ്‌ബുക്കിലൂടെയുള്ള പ്രൊമോഷനിടെ സ്‌കോട്ടിഷ് ലീഗിൽ കളിക്കുന്നതിനെക്കുറിച്ച് ശ്രീശാന്ത് പറഞ്ഞിരുന്നു. ഇതിനായുള്ള തയ്യാറെടുപ്പിലാണെന്നും താരം വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ മലയാളിയാണു ശ്രീശാന്ത്. 27 ടെസ്റ്റുകളിൽ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളിൽ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്. പത്ത് ടി ട്വന്റിയിൽ നിന്ന് ഏഴു വിക്കറ്റും നേടിയ ശ്രീശാന്ത് ഇന്ത്യ നേടിയ ഏക ടി 20 ലോകകപ്പിലും മികച്ച പ്രകടനം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP