Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം 20 ട്വന്റിയിൽ കിവികളെ പറപ്പിച്ച് 'നീലപ്പടയുടെ കൊടുങ്കാറ്റ്'; ഏഴു വിക്കറ്റിന് എതിരാളികളെ തകർത്തെറിഞ്ഞതോടെ ന്യൂസിലെന്റ് മണ്ണിൽ ഇന്ത്യയുടെ ആദ്യ 20 ട്വന്റി ജയം; ബോളിങ്ങിൽ മികച്ച ഫോം കാഴ്‌ച്ചവച്ച് ക്രുനാൽ പാണ്ഡേ കളിയിലെ കേമനായപ്പോൾ സിക്‌സറുകളിൽ മായാജാലം തീർത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ; മൂന്നാം മത്സരം ഞായറാഴ്‌ച്ച ഹാമിൽട്ടണിലെ സെഡൻ പാർക്കിൽ

രണ്ടാം 20 ട്വന്റിയിൽ കിവികളെ പറപ്പിച്ച് 'നീലപ്പടയുടെ കൊടുങ്കാറ്റ്'; ഏഴു വിക്കറ്റിന് എതിരാളികളെ തകർത്തെറിഞ്ഞതോടെ ന്യൂസിലെന്റ് മണ്ണിൽ ഇന്ത്യയുടെ ആദ്യ 20 ട്വന്റി ജയം; ബോളിങ്ങിൽ മികച്ച ഫോം കാഴ്‌ച്ചവച്ച് ക്രുനാൽ പാണ്ഡേ കളിയിലെ കേമനായപ്പോൾ സിക്‌സറുകളിൽ മായാജാലം തീർത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ; മൂന്നാം മത്സരം ഞായറാഴ്‌ച്ച ഹാമിൽട്ടണിലെ സെഡൻ പാർക്കിൽ

മറുനാടൻ ഡെസ്‌ക്‌

ഓക്ലൻഡ്: രണ്ടാം 20 ട്വന്റിയിൽ ഓക്ലന്റിൽ നീലപ്പട കൊടുങ്കാറ്റായി വീശിയതോടെ കിവികൾ പറപറന്നു. ഒന്നാം 20 ട്വന്റിയിൽ വരുത്തിയ വിഴ്‌ച്ചകളെല്ലാം ഇന്ത്യൻ ചുണക്കുട്ടികൾ ഒറ്റക്കെട്ടായി നിന്ന് നികത്തിയതോടെ രണ്ടാം 20 ട്വന്റിയിൽ തകർപ്പൻ ജയമാണ് ടീമിന് നേടാനായത്. ഏഴു വിക്കറ്റിനാണ് ന്യൂസിലാന്റിനെ ഇന്ത്യ തകർത്തെറിഞ്ഞത്. ആദ്യം ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിങ്ങ് തിരഞ്ഞെടുത്ത് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടിയപ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഏഴ് പന്ത് ബാക്കി നിൽക്കേ ഇന്ത്യ വിജയലക്ഷ്യം പുഷ്പം പോലെ നേടിയെടുക്കുകയായിരുന്നു.

ഇതോടെ ന്യൂസിലന്റിന്റെ മണ്ണിൽ ഇന്ത്യയുടെ ആദ്യ 20 ട്വന്റി വിജയമെന്ന നേട്ടവും ചരിത്ര താളുകളിൽ ഇടം പിടിച്ചു. ക്യാപ്റ്റൻ രോഹത്ത് ശർമ്മയുടെ കിടിൽ അർധ സെഞ്ചുറിയാണ് ഇന്ത്യൻ പടയ്ക്ക് റൺ വേട്ടയിൽ കരുത്തായത്. വെറും 29 പന്തുകളിൽ മൂന്നു ബൗണ്ടറിയും നാലു സിക്‌സുമടക്കം 50 റൺസെടുത്താണ് രോഹിത്ത് പുറത്തായത്. കിവികൾക്കെതിരെ ബോളിങ് പ്രതിരോധം തീർത്ത ക്രുനാൽ പാണ്ഡ്യയാണ് (നാല് ഓവറിൽ 28 റൺസിന് മൂന്നു വിക്കറ്റ്) കളിയിലെ കേമൻ. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ആതിഥേയർക്കൊപ്പമെത്തി (11). പരമ്പരയിലെ നിർണായകമായ മൂന്നാം മൽസരം ഞായറാഴ്ച ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ നടക്കും.

ഓപ്പണിങ് വിക്കറ്റിൽ ശിഖർ ധവാനൊപ്പം 77 റൺസിന്റെ കൂട്ടുകെട്ട് തീർത്ത് രോഹിത് ശർമ മുന്നേറിയെങ്കിലും ഇരുവർക്കം വൈകാതെ തന്നെ വിക്കറ്റ് നഷ്ടമായി. പിരിയാത്ത നാലാം വിക്കറ്റിൽ 44 റൺസ് കൂട്ടിച്ചേർത്ത ഋഷഭ് പന്ത് മഹേന്ദ്രസിങ് ധോണി സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. പന്ത് 28 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 40 റൺസോടെയും ധോണി 17 പന്തിൽ ഒരു ബൗണ്ടറി സഹിതം 20 റൺസോടെയും പുറത്താകാതെ നിന്നു. ധവാൻ 31 പന്തിൽ 30 റൺസെടുത്തു. എട്ടു പന്തിൽ ഓരോ സിക്‌സും ബൗണ്ടറിയും സഹിതം 14 റൺസുമായി കൂടാരം കയറിയ വിജയ് ശങ്കറാണ് പുറത്തായ മൂന്നാമത്തെയാൾ.

ന്യൂസീലൻഡ് ഉയർത്തിയ താരതമ്യേന ഉയർന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന് സമ്മാനിച്ചത്. പതിവിനു വിപരീതമായി രോഹിത് ആക്രമിച്ചു കളിച്ചപ്പോൾ, നിലയുറപ്പിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ധവാൻ. കൃത്യം ആറ് ഓവറിൽ ഇന്ത്യ 50 കടന്നു. 28 പന്തിൽ മൂന്നു ബൗണ്ടറിയും നാലു സിക്‌സും സഹിതം രോഹിത് ട്വന്റി20യിലെ 16ാം അർധസെഞ്ചുറി നേടി.

പതിവ് ഫോം തെറ്റിക്കാതെ എത്തിയ ബോളിങ്ങിന് മുൻപിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 158 റൺസെടുത്തത്. ട്വന്റി20യിലെ ആദ്യ അർധസെഞ്ചുറി കുറിച്ച കോളിൻ ഗ്രാൻഡ്‌ഹോമാണ് (28 പന്തിൽ 50) കിവീസിന്റെ ടോപ് സ്‌കോറർ. ന്യൂസീലൻഡിനെതിരെ ഒരു ഇന്ത്യൻ ബോളറുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ക്രുനാൽ പാണ്ഡ്യ ഇന്ത്യൻ നിരയിലും കരുത്തുറ്റ സാന്നിധ്യമായി. പാണ്ഡ്യ നാല് ഓവറിൽ 28 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇതിൽ 18 റൺസും പാണ്ഡ്യയുടെ നാലാം ഓവറിൽ ഗ്രാൻഡ്‌ഹോം അടിച്ചെടുത്തതാണ്.

50 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ന്യൂസീലൻഡിന് അഞ്ചാം വിക്കറ്റിൽ കോളിൻ ഗ്രാൻഡ്‌ഹോംറോസ് ടെയ്ലർ സഖ്യം കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 7.5 ഓവർ ക്രീസിൽ നിന്ന ഈ സഖ്യം 77 റൺസാണ് കിവീസ് സ്‌കോർബോർഡിലേക്ക് സംഭാവന നൽകിയത്. 27 പന്തിൽ ഒരു ബൗണ്ടറിയും നാലു സിക്‌സും സഹിതം 50 റൺസെടുത്ത ഗ്രാൻഡ്‌ഹോമിനെ രോഹിത്തിന്റെ കൈകളിലെത്തിച്ച് ഹാർദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്.

36 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 42 റൺസെടുത്ത ടെയ്ലർ റണ്ണൗട്ടായി. ഓപ്പണർമാരായ ടിം സീഫർട്ട് (12 പന്തിൽ 12), കോളിൻ മൺറോ (12 പന്തിൽ 12), ഡാരിൽ മിച്ചൽ (രണ്ടു പന്തിൽ ഒന്ന്), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (17 പന്തിൽ 20), മിച്ചൽ സാന്റ്‌നർ (ഏഴ്), ടിം സൗത്തി (മൂന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. സ്‌കോട്ട് കുഗ്ഗെലെയ്ൻ രണ്ടു റൺസുമായി പുറത്താകാതെ നിന്നു. മധ്യ ഓവറുകളിൽ കോളിൻ ഗ്രാൻഡ്‌ഹോം നടത്തിയ ബാറ്റിങ് വെടിക്കെട്ട് ന്യൂസിലന്റിന് സാമാന്യം ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചു. 10 ഓവർ പൂർത്തിയാകുമ്പോൾ നാലിന് 60 റൺസ് എന്ന നിലയിലായിരുന്ന കിവീസിനെ, 15 ഓവർ പൂർത്തിയാകുമ്പോൾ നാലിന് 121 റൺസ് എന്ന നിലയിലെത്തിച്ചത് ഗ്രാൻഡ്‌ഹോമിന്റെ തകർപ്പൻ ബാറ്റിങ്ങാണ്.

എന്നാൽ, ഗ്രാൻഡ്‌ഹോം പുറത്തായശേഷം അവസാന അഞ്ച് ഓവറിൽ അവർക്കു നേടാനായത് 37 റൺസ് മാത്രം. ഇന്ത്യയ്ക്കായി ക്രുനാൽ പാണ്ഡ്യ മൂന്നും ഖലീൽ അഹമ്മദ് രണ്ടും, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. നാല് ഓവറിൽ 28 റൺസ് വഴങ്ങിയാണ് ക്രുനാൽ മൂന്നു വിക്കറ്റ് പിഴുതത്. ഖലീൽ അഹമ്മദ് നാല് ഓവറിൽ 27 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് പിഴുതത്. ഭുവനേശ്വർ കുമാർ നാല് ഓവറിൽ 29 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി.

'ആഞ്ഞു വീശി'രോഹിത്ത് ശർമ്മ

14ാം 20 ട്വന്റിയിൽ ഇന്ത്യയെ നയിച്ച രോഹിത്ത ശർമ്മ മികച്ച പ്രകടനം കാഴ്‌ച്ചവയ്ക്കുന്നതോടൊപ്പെ റെക്കോർഡ് പെരുമഴയാണ് സൃഷ്ടിച്ചത്. 14 മൽസരങ്ങൾക്കിടെ ടീമിന് ഏറ്റവും കൂടുതൽ വിജയം സമ്മാനിച്ച ക്യാപ്റ്റന്മാർക്കൊപ്പമാണ് ഇപ്പോൾ രോഹിത്തിന്റെ സ്ഥാനം. മുൻ ഓസീസ് നായകൻ മൈക്കൽ ക്ലാർക്ക്, പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദ് എന്നിവരും ആദ്യത്തെ 14 മൽസരങ്ങളിൽനിന്ന് ടീമിന് 12 വിജയം സമ്മാനിച്ചവരാണ്. അതേസമയം, ഷോയ്ബ് മാലിക്ക്, അസ്ഗർ സ്റ്റാനിക്‌സായ് (11), ഗ്രെയിം സ്മിത്ത്, മഹേള ജയവർധനെ (10) എന്നിവരെല്ലാം ഇനി രോഹിത്തിനു പിന്നിൽ. മത്സരം പിന്നിട്ടതോടെ പുത്തൻ റെക്കോർഡുകളാണ് രോഹിത്ത് സ്വന്തം പേരിലാക്കിയത്.

രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറിയതാണ് അതിൽ സുപ്രധാനം. 92 മൽസരങ്ങളിലായി 84 ഇന്നിങ്‌സുകളിൽനിന്ന് 2288 റൺസ് നേടിയ രോഹിത്, ന്യൂസീലൻഡ് താരം മാർട്ടിൻ ഗപ്റ്റിലിനെയാണ് മറികടന്നത്. 76 മൽസരങ്ങളിലെ 74 ഇന്നിങ്‌സുകളിൽനിന്നായി 2272 റൺസാണ് ഗപ്റ്റിലിന്റെ സമ്പാദ്യം. 60 ഇന്നിങ്‌സുകളിൽനിന്നും 2167 റൺസുമായി നാലാം സ്ഥാനത്താണ് കോഹ്‌ലി. ട്വന്റി20യിൽ നാലു സെഞ്ചുറി നേടിയിട്ടുള്ള രോഹിതിന്റെ പേരിലാണ് ഈ റെക്കോർഡും. കളിയിൽ നാലു സിക്‌സ് നേടിയ രോഹിത് ശർമ, രാജ്യാന്തര ട്വന്റി20യിലെ സിക്‌സുകളുടെ എണ്ണം 100 കടത്തി.

102 സിക്‌സ് തികച്ച രോഹിത്, രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്‌സ് നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി. 103 സിക്‌സ് വീതം നേടിയ വിൻഡീസ് താരം ക്രിസ് ഗെയ്ൽ, ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്റ്റിൽ എന്നിവരാണ് മുന്നിൽ. ഒരു സിക്‌സ് മാത്രം പിന്നിലാണ് രോഹിത്. മാത്രമല്ല, ട്വന്റി20യിൽ ഏറ്റവും കൂടുതൽ തവണ 50നു മുകളിൽ റൺസ് നേടുന്ന താരവുമായി രോഹിത്. 16 അർധസെഞ്ചുറികളും നാലു സെഞ്ചുറികളും ഉൾപ്പെടെ 20 തവണയാണ് രോഹിത് 50 പിന്നിട്ടത്. 19 തവണ 50 കടന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP