Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരേന്ദർ സെവാഗ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു; പ്രഖ്യാപനം ജന്മദിനത്തിൽ; മാസ്റ്റേഴ്‌സ് ലീഗിൽ പങ്കെടുക്കും; വീരുവിന്റെ വെടിക്കെട്ടു പ്രകടനം നഷ്ടമായ നിരാശയിൽ ആരാധകർ

വിരേന്ദർ സെവാഗ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു; പ്രഖ്യാപനം ജന്മദിനത്തിൽ; മാസ്റ്റേഴ്‌സ് ലീഗിൽ പങ്കെടുക്കും; വീരുവിന്റെ വെടിക്കെട്ടു പ്രകടനം നഷ്ടമായ നിരാശയിൽ ആരാധകർ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന് ആക്രമണത്തിന്റെ പുതിയ മുഖം സമ്മാനിച്ച വിരേന്ദർ സെവാഗ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. ഐപിഎലിൽ നിന്നും വിരമിക്കുന്നുവെന്നു സെവാഗ് വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ തുടരുമെന്നാണ് സെവാഗിന്റെ വിരമിക്കൽ സന്ദേശം നൽകുന്ന സൂചന.


ടെസ്റ്റിലായാലും ഏകദിനത്തിലായാലും ട്വന്റി 20യിലായാലും എതിരാളികൾ ഏറ്റവും ഭയന്നിരുന്ന ഓപ്പണിങ് ബാറ്റ്‌സ്മാനായിരുന്നു സെവാഗ്. തന്റെ ജന്മദിനത്തിൽ തന്നെയാണ് വീരു വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്. ആരാധകരെ കടുത്ത നിരാശയിൽ ആഴ്‌ത്തിയാണ് വിരമിക്കൽ തീരുമാനം.

നിലവിൽ രഞ്ജി ട്രോഫിയിൽ ഹരിയാനയ്ക്കുവേണ്ടിയാണ് സെവാഗ് കളിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് സെവാഗിന് ഇനി സാധ്യമല്ലെന്ന വാർത്തകൾ വിവിധ കോണിൽ നിന്ന് ഉയർന്നിരുന്നു. ഇതിനിടെയാണ് വിരമിക്കൽ പ്രഖ്യാപനവുമായി സെവാഗ് എത്തിയത്.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളായ സഹീർ ഖാൻ വിരമിച്ചിരുന്നു. ഇതിനു പിന്നാലെയാണു സെവാഗും വിരമിക്കുന്നത്.

അമേരിക്കയിൽ നടക്കുന്ന മാസ്റ്റേഴ്‌സ് ട്വന്റി 20 യിൽ കളിക്കുമെന്നു ദുബായിൽ വച്ച് മാദ്ധ്യമങ്ങളോടു സെവാഗ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു വിരമിക്കലിന്റെ വാർത്തകൾ പ്രചരിച്ചതും. സച്ചിനും ഷെയ്ൻ വോണുമെല്ലാം നേതൃത്വം നൽകുന്ന മാസ്റ്റേഴ്‌സ് ട്വന്റി20 ലീഗിൽ കളിക്കണമെങ്കിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കണമെന്ന് നിബന്ധനയുണ്ട്. 37കാരനായ സെവാഗിന് രാജ്യാന്തര ക്രിക്കറ്റിൽ ഇനിയൊരു മടങ്ങിവരവ് അസാധ്യമാണെന്ന വിലയിരുത്തൽ കൂടിയായപ്പോൾ ഏവരും അത് ഉറപ്പിക്കുകയും ചെയ്തു.

എം എസ് ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തശേഷം മുതിർന്ന താരങ്ങളിൽ പലരെയും ഒഴിവാക്കി തന്റെ ഇഷ്ടക്കാരെ കുത്തിനിറയ്ക്കാൻ ശ്രമം നടത്തുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. സെവാഗിനു ടീമിലെ സ്ഥാനം നഷ്ടമായതും ധോണിയുടെ ഇടപെടലിനെ തുടർന്നാണെന്നും ആരോപണമുണ്ടായി. ഇപ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയ്ക്കുശേഷം ധോണിയുടെ ക്യാപ്റ്റൻ സ്ഥാനത്തെക്കുറിച്ചു സെലക്ടർമാർ വീണ്ടും ചിന്തിക്കുമെന്ന സൂചനയും ഉയർന്നിട്ടുണ്ട്.

ജനുവരിയിലാണു മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി 20 നടക്കുന്നത്. ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഈ കാലയളവിനിടെ ഇന്ത്യൻ ടീമിൽ സെവാഗ് തിരിച്ചെത്തണമെന്ന ആഗ്രഹമാണ് ആരാധകർക്കുള്ളത്. എന്നാൽ വീരുവിന്റെ വെടിക്കെട്ടു പ്രകടനം കാണാൻ കളിയാസ്വാദകർക്കിനി ഭാഗ്യമുണ്ടാകില്ല.

104 ടെസ്റ്റുകളിൽ ഇന്ത്യക്കായി കളിച്ച സെവാഗ് രണ്ട് ട്രിപ്പിൾ സെഞ്ചുറി അടക്കം 8586 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിലെ റൺവേട്ടക്കാരായ ഇന്ത്യക്കാരിൽ അഞ്ചാമതാണ് വീരു. 23 സെഞ്ചുറികളാണ് ടെസറ്റിൽ വീരുവിന്റെ പേരിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ(319), ടെസ്റ്റിലെ അതിവേഗ ട്രിപ്പിൾ സെഞ്ചുറിയുടെ റെക്കോർഡ് (278 പന്തിൽ 300) എന്നിവയും സെവാഗിന്റെ പേരിലാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ട്രിപ്പിൾ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം കൂടിയാണ് സെവാഗ്.

ഏകദിന ക്രിക്കറ്റിൽ ഒരു ഡബിൾ സെഞ്ചുറി അടക്കം 8273 റൺസാണ് സെവാഗിന്റെ സമ്പാദ്യം. 15 സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്ത സ്‌കോറും(219) സെവാഗിന്റെ പേരിലാണ്. 37കാരനായ സെവാഗ് 2013ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. 1999ൽ ഏകദിന ക്രിക്കറ്റിൽ മധ്യനിര ബാറ്റ്‌സ്മാനായി അരങ്ങേറിയ സെവാഗ് അതിവേഗമാണ് ഏകദിന, ടെസ്റ്റ് ക്രിക്കറ്റിലെ ആരും ഭയക്കുന്ന വെടിക്കെട്ട് ഓപ്പണറായി മാറിയത്. സെവാഗിനെ ഓപ്പണറാക്കാനുള്ള ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ തീരുമാനമാണ് സെവാഗിനെ ഏവർക്കും പ്രിയങ്കരനാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP