Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ആൺപട ഇംഗ്ലണ്ടിൽ തോറ്റപ്പോൾ അതേ നാടിന്റെ ഹൃദയത്തിലേറി ഈ പെൺകൊടി ; ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ലേഡി സൂപ്പർ സ്റ്റാറായി സ്മൃതി മന്ഥാന;ഇംഗ്ലണ്ടിലെ കെഎസ്എൽ 2018 സീസൺ കളിക്കളത്തിൽ റെക്കോർഡുകൾ തൂത്തുവാരി ഈ മിടുമിടുക്കി

ഇന്ത്യൻ ആൺപട ഇംഗ്ലണ്ടിൽ തോറ്റപ്പോൾ അതേ നാടിന്റെ ഹൃദയത്തിലേറി ഈ പെൺകൊടി ; ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ലേഡി സൂപ്പർ സ്റ്റാറായി സ്മൃതി മന്ഥാന;ഇംഗ്ലണ്ടിലെ കെഎസ്എൽ 2018 സീസൺ കളിക്കളത്തിൽ റെക്കോർഡുകൾ തൂത്തുവാരി ഈ മിടുമിടുക്കി

സ്പോർട്സ് ഡെസ്‌ക്

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ആൺപുലികൾക്ക് ഇംഗ്ലണ്ടിൽ തോൽവിയുടെ അനുഭവമുണ്ടായത് ചൂടേറിയ ചർച്ചയായിരുന്നു. എന്നാൽ ആ ചൂടിനെ തണുപ്പിക്കുന്ന വിധം ഇംഗ്ലണ്ടിന്റെ മണ്ണിൽ കളിക്കളത്തിൽ മിന്നുന്ന പ്രകടനം കാഴ്‌ച്ച വെക്കുന്ന ഇന്ത്യൻ പെൺ സിംഹമുണ്ട്. കെഐഎ സൂപ്പർ ലീഗിൽ(കെ എസ്എൽ) വെസ്റ്റേൺ സ്‌റ്റോമിനായി കളിക്കുന്ന സ്മൃതി മന്ഥാനയാണ് കക്ഷി. ഇന്ത്യൻ ക്രിക്കറ്റിലെ വനിതാ സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സ്മൃതി. കെഎസ്എല്ലിൽ റെക്കോർഡ് പ്രകടനമാണ് സ്മൃതി കാഴ്‌ച്ച വെക്കുന്നത്. അഞ്ച് കാര്യങ്ങളിൽ സ്മൃതി ഇപ്പോൾ തന്നെ മികവ് പ്രകടിപ്പിച്ച് കഴിഞ്ഞു.

കെഎസ്എൽ 2018 സീസൺ ആദ്യ പകുതി കഴിയുമ്പോൾ ഏറ്റവും ഉയർന്ന റൺ സ്‌കോറർ, ഏറ്റവും കൂടുതൽ സിക്‌സ്, ഏറ്റവും കൂടുതൽ ബൗണ്ടറി, ഏറ്റവും ഉയർന്ന റൺ ശരാശരി, ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റ് എന്നിങ്ങനെ റെക്കോർഡുകളെല്ലാം ഇപ്പോൾ ഈ ഇന്ത്യൻ പെൺപുലിയുടെ പേരിലാണ്.ഇന്ത്യയ്ക്കായി ഇതുവരെ 42 രാജ്യാന്തര ട്വന്റി20 മൽസരങ്ങൾ കളിച്ചിട്ടുള്ള മന്ഥന 857 റൺസ് നേടിയിട്ടുണ്ട്. 76 റൺസാണ് ഉയർന്ന സ്‌കോർ. 41 ഏകദിനങ്ങളിൽനിന്നായി 37.53 റൺസ് ശരാശരിയിൽ 1464 റൺസും നേടിയിട്ടുണ്ട്. വനിതാ ഏകദിനത്തിലെ ഐസിസി റാങ്കിങ്ങിൽ നാലാം സ്ഥാനക്കാരിയാണ് സ്മൃതി. അതേസമയം, ട്വന്റി20 റാങ്കിങ്ങിൽ 13-ാം സ്ഥാനത്തും.

ഇംഗ്ലണ്ടിലെ വനിതകളുടെ 'ഐപിഎല്ലാ'ണ് കെഎസ്എൽ എന്നു പറയാം. 2016ൽ തുടക്കമിട്ട ലീഗ്, ഈ വർഷം മൂന്നാം സീസണിലെത്തിയിരിക്കുന്നു. ആകെ ആറു ടീമുകൾ കളിക്കുന്ന ലീഗിൽ ഓരോ ടീമും രണ്ടു തവണ വീതം നേർക്കുനേർ വരുന്ന രീതിയിലാണ് മൽസരക്രമം. അങ്ങനെ മൊത്തം 10 മൽസരങ്ങൾ. പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന ടീം നേരെ ഫൈനലിൽ കടക്കും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർ പരസ്പരം മൽസരിച്ച് ജയിക്കുന്നവരാണ് ഫൈനലിലെ രണ്ടാമത്തെ ടീം. ഈ പോരാട്ടം ഓഗസ്റ്റ് 18നാണ്. ഒൻപതു ദിവസത്തെ ഇടവേളയ്ക്കുശേഷം ഓഗസ്റ്റ് 27നാണ് കലാശപ്പോര്. ഈ സീസൺ പകുതി പിന്നിടുമ്പോൾ, ആറു മൽസരങ്ങളിൽനിന്ന് അഞ്ചു വിജയങ്ങളുമായി 23 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് സ്മൃതിയുടെ ടീമായ വെസ്റ്റേൺ സ്റ്റോം. ഒന്നാം സ്ഥാനത്തുള്ള ലഫ്ബറോ ലൈറ്റ്നിങ്ങിനും 23 പോയിന്റാണെങ്കിലും നെറ്റ് റൺറേറ്റിലെ ആധിപത്യമാണ് അവരെ ഒന്നാമതു നിർത്തുന്നത്. ലീഗിൽ കളിക്കുന്ന മറ്റൊരു ഇന്ത്യൻ താരമായ ഹർമൻപ്രീത് കൗറിന്റെ ടീമായ ലങ്കാഷർ തണ്ടറാണ് നിലവിൽ മൂന്നാതുള്ളത്. അഞ്ചു മൽസരങ്ങളിൽനിന്ന് മൂന്നു ജയമുൾപ്പെടെ 13 പോയിന്റുമായാണ് തണ്ടർ മൂന്നാമതു നിൽക്കുന്നത്.

കെഎസ്എല്ലിൽ കളിക്കാനെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് സ്മൃതി മന്ഥാന. സ്മൃതിക്കു പിന്നാലെ ലങ്കാഷർ തണ്ടറുമായി ഇന്ത്യൻ വനിതാ ടീമിന്റെ നായിക കൂടിയായ ഹർമൻപ്രീത് കൗറും കരാറിലെത്തി. അങ്ങനെ കെഎസ്എല്ലിൽ കളിക്കുന്ന ഇന്ത്യക്കാർ രണ്ടുപേർ മാത്രം. മൂന്നാം സീസണിലേക്കു കടന്നിരിക്കുന്ന കെഎസ്എല്ലിൽ നിലവിലെ ചാംപ്യന്മാർ കൂടിയാണ് സ്മൃതിയുടെ ടീമായ വെസ്റ്റേൺ സ്റ്റോം. ആദ്യ സീസണിലെ റണ്ണേഴ്‌സ് അപ്പുമാണ് അവർ.ഇംഗ്ലണ്ടിൽ കാലുകുത്തിയശേഷം കളത്തിലിറങ്ങിയ ആറാമത്തെ മൽസരത്തിലും ടീമിന്റെ വിജയശിൽപിയായതോടെ ഇംഗ്ലിഷ് ആരാധകർക്കു മുന്നിലും സ്റ്റാറായിരിക്കുന്നു, ഇന്ത്യയുടെ ഈ 'ലേഡി സൂപ്പർസ്റ്റാർ'. ആറാമത്തെ മൽസത്തിൽ യോർക്ഷർ ഡയമണ്ട്‌സിനെ തോൽപ്പിച്ചപ്പോഴും ടീമിന്റെ മുൻനിരയിൽ നിന്ന സ്മൃതി, ഇതിനകം ലീഗിലെ ഒട്ടേറെ റെക്കോർഡുകൾ സ്വന്തം പേരിലാക്കിക്കഴിഞ്ഞു.

ഇതുവരെയുള്ള ആറു മൽസരങ്ങളിൽനിന്ന് 48, 37, പുറത്താകാതെ 52, പുറത്താകാതെ 43, 102, 56 എന്നിങ്ങനെയാണ് ഇരുപത്തിരണ്ടുകാരിയായ സ്മൃതിയുടെ സ്‌കോർ. ആകെ 338 റൺസുമായി ടൂർണമെന്റിലെ ടോപ് സ്‌കോറർ കൂടിയാണ് സ്മൃതി. ഇതിനു പുറമെ വേറെയും റെക്കോർഡുകളുണ്ട്, കെഎസ്എല്ലിൽ സ്മൃതിയുടെ പേരിൽ. ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും കൂടിയ റൺ ശരാശരി അവരുടെ പേരിലാണ്. 85.00 റൺസ് ശരാശരിയിലാണ് ഇംഗ്ലണ്ട് മണ്ണിൽ മന്ഥാനയുടെ കുതിപ്പ്. സീസണിൽ ഏറ്റവും കൂടുതൽ സ്‌ട്രൈക്ക് റേറ്റുള്ള താരവും സ്മൃതി തന്നെ. 184 ആണ് സ്മൃതിയുടെ സ്‌ട്രൈക്ക് റേറ്റ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ബൗണ്ടറി (34) നേടിയ താരവും സിക്‌സുകൾ (19) നേടിയ താരവും മന്ഥാന തന്നെ. സിക്‌സുകളുടെ എണ്ണത്തിൽ കെഎസ്എല്ലിലെ എല്ലാ സീസണും ചേർത്തുള്ള റെക്കോർഡുകളും സ്മൃതിയുടെ പേരിലായിക്കഴിഞ്ഞു. വനിതാ ട്വന്റി20യിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി നേടി സ്മൃതി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചതും ഇതേ ടൂർണമെന്റിലാണ്. 18 പന്തിലാണ് അന്ന് സ്മൃതി 50 കടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP