Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അവസാന നിമിഷം വരെ വിജയപ്രതീക്ഷയുമായി കളിച്ച ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയത് അട്ടിമറി വിജയം; നാല് ഓവറിൽ 32 റൺസ് എന്ന വിജയലക്ഷ്യം നേടാനാവാതെ ഓസിസ്; ആദ്യ മത്സരത്തിലെ ദയനീയ തോൽവിക്ക് മധുരപ്രതികാരവുമായി ദക്ഷിണാഫ്രിക്ക

അവസാന നിമിഷം വരെ വിജയപ്രതീക്ഷയുമായി കളിച്ച ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയത് അട്ടിമറി വിജയം; നാല് ഓവറിൽ 32 റൺസ് എന്ന വിജയലക്ഷ്യം നേടാനാവാതെ ഓസിസ്; ആദ്യ മത്സരത്തിലെ ദയനീയ തോൽവിക്ക് മധുരപ്രതികാരവുമായി ദക്ഷിണാഫ്രിക്ക

മറുനാടൻ ഡെസ്‌ക്‌

പോർട്ട് എലിസബത്ത്: അവസാന നിമിഷം വരെ വിജയപ്രതീക്ഷയുമായി നിന്ന ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയത് അട്ടിമറി വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എന്ന സ്‌കോറിനെ ഓസിസിന് നിഷ്പ്രയാസം മറികടക്കാനാകും എന്നായിരുന്നു ആരാധകർ കരുതിയത്. എന്നാൽ, ഒന്നാം മത്സരത്തിൽ ദയനീയ തോൽവി സമ്മാനിച്ച ഓസിസിനോട് ദക്ഷിണാഫ്രിക്ക മധുരമായി പ്രതികാരം വീട്ടുന്ന കാഴ്‌ച്ചയാണ് കാണാനായത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 16ാം ഓവർ വരെ കൃത്യമായ ലക്ഷ്യത്തോടെയാണ് ക്രീസിൽ നിന്നത്. 16 ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എന്ന നിലയിലായിരുന്നു ഓസീസ്. ഏഴു വിക്കറ്റ് കയ്യിലിരിക്കെ 24 പന്തിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് 32 റൺസ് മാത്രമായിരുന്നു. എന്നാൽ അവസാന നാല് ഓവറിൽ 17 റൺസ് മാത്രമാണ് ഓസിസിന് നേടാനായത്. അതിനിടയിൽ മൂന്ന് വിക്കറ്റുകളും നഷ്ടമായിരുന്നു.

അവസാന നിമിഷം വരെ വിജയമുറപ്പിച്ചു കളിച്ച ഓസീസിനെ തന്ത്രപരമായ ബോളിങ്ങിലൂടെ വരിഞ്ഞുമുറുക്കുകയായിരുന്ന ദക്ഷിണാഫ്രിക്ക 12 റൺസ് വിജയവുമായി പരമ്പരയിൽ ഒപ്പമെത്തി. അർധസെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ക്വിന്റൺ ഡികോക്കാണ് കളിയിലെ കേമൻ. ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ക്വിന്റൺ ഡികോക്കിന്റെ അർധസെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഡികോക്ക് 47 പന്തിൽ അഞ്ചു ഫോറും നാലു സിക്‌സും സഹിതം 70 റൺസെടുത്തു. ബ്യൂറൻ ഹെൻഡ്രിക്‌സ് (17 പന്തിൽ 14), ഫാഫ് ഡുപ്ലേസി (14 പന്തിൽ 15), വാൻഡർ ദസ്സൻ (26 പന്തിൽ 37), ഡേവിഡ് മില്ലർ (13 പന്തിൽ പുറത്താകാതെ 11), വാൻ ബിൽജോൻ (മൂന്നു പന്തിൽ പുറത്താകാതെ ഏഴ്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സംഭാവന. ഓസീസിനായി കെയ്ൻ റിച്ചാർഡ്‌സൻ നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

ഓപ്പണർ ഡേവിഡ് വാർണർ അർധസെഞ്ചുറിയുമായി പുറത്താകാതെ നിന്നെങ്കിലും ഓസീസിനെ വിജയത്തിലെത്തിക്കാനായില്ല. വാർണർ 56 പന്തിൽ അഞ്ചു ഫോറും ഒരു സിക്‌സും സഹിതം 67 റൺസെടുത്തു. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (12 പന്തിൽ 14), സ്റ്റീവ് സ്മിത്ത് (26 പന്തിൽ 29), അലക്‌സ് കാരി (10 പന്തിൽ 14), എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. എൻഗിഡി നാല് ഓവറിൽ 41 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. റബാദ നാല് ഓവറിൽ 27 റൺസ് വഴങ്ങിയും നോർജെ 24 റൺസ് വഴങ്ങിയും ഡ്വെയിൻ പ്രിട്ടോറിയസ് നാല് ഓവറിൽ 29 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. ടബേരസ് ഷംസിക്ക് വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും നാല് ഓവറിൽ വഴങ്ങിയത് 17 റൺസ് മാത്രം.

അവസാന നാല് ഓവറുകൾ ബോൾ ചെയ്ത കഗീസോ റബാദയും ലുങ്കി എൻഗിഡിയും ആന്റിച് നോർജെയും ചേർന്ന് അവസാന 24 പന്തിൽ വിട്ടുകൊടുത്തത് 19 റൺസ് മാത്രം. മൂന്നു വിക്കറ്റും വീഴ്‌ത്തി. റബാദ എറിഞ്ഞ 17ാം ഓവറിൽ ഓസീസിന് നേടാനായത് ഏഴു റൺസ് മാത്രം. ഇതോടെ വിജയലക്ഷ്യം 18 പന്തിൽ 25 റൺസായി ഉയർന്നു. ലുങ്കി എൻഗിഡി എറിഞ്ഞ 18ാം ഓവറിൽ അഞ്ച് റൺസ് മാത്രമേ നേടിയുള്ളൂ എന്നു മാത്രമല്ല, മിച്ചൽ മാർഷ് എട്ടു പന്തിൽ നിന്ന് ആറ് റൺസ് മാത്രമെടുത്ത് പുറത്തുമായി.

ഇതോടെ വിജയലക്ഷ്യം 12 പന്തിൽ 20 റൺസായി ഉയർന്നു. 19ാം ഓവർ ബോൾ ചെയ്ത കഗീസോ റബാദ ആദ്യ പന്തിൽത്തന്നെ മാത്യു വെയ്ഡിനെ (രണ്ട് പന്തിൽ ഒന്ന്) പുറത്താക്കി. ഡേവിഡ് വാർണർ ആഷ്ടൺ ആഗർ സഖ്യത്തെ മൂന്നു റൺസിൽ ഒതുക്കുകയും ചെയ്തു. ആന്റിച് നോർജെ എറിഞ്ഞ അവസാന ഓവറിൽ ആഗറിന്റെ (അഞ്ചു പന്തിൽ ഒന്ന്) വിക്കറ്റ് നഷ്ടമാക്കിയ ഓസീസിന് നേടാനായത് നാലു റൺസ് മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP