Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെസ്റ്റ് ഇൻഡീസിനെ ഡിവില്ലിയേഴ്‌സ് തോൽപ്പിച്ചു! കരീബിയൻ പട ബാറ്റു താഴ്‌ത്തിയത് ദക്ഷിണാഫ്രിക്കൻ നായകൻ നേടിയ 162 റൺ പോലും നേടാനാകാതെ; ഇമ്രാൻ താഹിറിന് അഞ്ചുവിക്കറ്റ്

വെസ്റ്റ് ഇൻഡീസിനെ ഡിവില്ലിയേഴ്‌സ് തോൽപ്പിച്ചു! കരീബിയൻ പട ബാറ്റു താഴ്‌ത്തിയത് ദക്ഷിണാഫ്രിക്കൻ നായകൻ നേടിയ 162 റൺ പോലും നേടാനാകാതെ; ഇമ്രാൻ താഹിറിന് അഞ്ചുവിക്കറ്റ്

സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാമത്തെ മികച്ച സ്‌കോർ പടുത്തുയർത്തിയ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ പൊരുതാൻ പോലുമാകാതെ വെസ്റ്റ് ഇൻഡീസ് കീഴടങ്ങി. ദക്ഷിണാഫ്രിക്കൻ നായകൻ എ ബി ഡിവില്ലിയേഴ്‌സ് 66 പന്തിൽ നേടിയ 162 റൺ പോലും നേടാനാകാതെയാണ് കരീബിയൻ പട ബാറ്റു താഴ്‌ത്തിയത്.

ദക്ഷിണാഫ്രിക്ക് ഉയർത്തിയ അഞ്ചിന് 408 റൺ പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 33.1 ഓവറിൽ 151 റണ്ണിന് ബാറ്റു താഴ്‌ത്തി. 257 റണ്ണിന്റെ നാണം കെട്ട തോൽവി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിയാണ്. ഇമ്രാൻ താഹിറിന്റെ അഞ്ചുവിക്കറ്റ് നേട്ടമാണ് വെസ്റ്റ് ഇൻഡീസിനെ 151ൽ ഒതുക്കാൻ സഹായിച്ചത്.

ലോകകപ്പിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം സ്‌കോറാണ് ഇന്ന് ദക്ഷിണാഫ്രിക്ക നേടിയത്. 2007ൽ ഇന്ത്യ ബർമുഡയ്‌ക്കെതിരെ നേടിയ അഞ്ചിന് 413 റണ്ണാണ് ടീം സ്‌കോറിൽ നിലവിലെ റെക്കോഡ്. അന്നും 257 റണ്ണിനാണ് ഇന്ത്യ ബർമുഡയെ തോൽപ്പിച്ചത്. ലോകകപ്പിൽ റൺ അടിസ്ഥാനത്തിലെ ഏറ്റവുമുയർന്ന ജയമാണിതു രണ്ടും.

ടോസ് നേടി ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച ആഫ്രിക്കക്കാർ പതിയെയാണ് തുടങ്ങിയത്. ആദ്യ പത്ത് ഓവറിൽ ദക്ഷിണാഫ്രിക്ക നേടിയത് വെറും 30 റൺ. ആദ്യ 50 കടക്കാൻ 14.2 ഓവർ വേണ്ടിവന്നു. എന്നാൽ, അവസാന 20 ഓവറിൽ 261 റണ്ണാണ് അവർ നേടിയത്. വെടിക്കെട്ടു ബാറ്റിങ് പ്രകടനം എന്നാൽ എന്താണെന്നു വീണ്ടും ലോകത്തിനു കാട്ടിക്കൊടുത്ത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്‌സ് കളത്തിൽ നിറഞ്ഞാടിയപ്പോൾ നിഷ്പ്രഭമായത് കരീബിയൻ പേസ് പടയാണ്.

ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി സ്വന്തം പേരിൽ കുറിച്ച ഡിവില്ലിയേഴ്‌സ് വേഗതയേറിയ 150 എന്ന റെക്കോർഡും സ്വന്തമാക്കി.

66 പന്തിൽ 162 റണ്ണുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്‌സിന്റെ ബാറ്റിൽ നിന്നു പറന്നത് എട്ടു സിക്‌സാണ്. 17 ഫോറും ഡിവില്ലിയേഴ്‌സ് നേടി. ലോകകപ്പിനു മുമ്പ് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ വേഗമേറിയ അർധ സെഞ്ച്വറിയും സെഞ്ച്വറിയും സ്വന്തം പേരിൽ കുറിച്ച ഡിവില്ലിയേഴ്‌സ് വേഗമേറിയ ഒന്നര സെഞ്ച്വറിയും അവർക്കെതിരെ തന്നെ നേടി എന്ന പ്രത്യേകത ഇന്നത്തെ മത്സരത്തിനുണ്ട്.

ആറാം ഓവറിൽ ഓപ്പണർ ഡികോക്ക് പുറത്താകുമ്പോൾ 18 റൺ മാത്രമാണ് ദക്ഷിണാഫ്രിക്ക നേടിയിരുന്നത്. പിന്നീടെത്തിയ ഡുപ്ലെസിസും അംലയും ചേർന്ന് പതിയെ റൺനിരക്കുയർത്തി. 70 പന്തിൽ 62 റൺസുമായി ഡുപ്ലെസിസും 88 പന്തിൽ 65 റൺസുമായി അംലയും മടങ്ങിയതിനു പിന്നാലെയാണ് ക്യാപ്റ്റൻ ഡിവില്ലിയേഴ്‌സ് ക്രീസിലെത്തിയത്.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ചെറിയ സ്‌കോറിനാണ് ദക്ഷിണാഫ്രിക്കൻ നായകൻ പുറത്തായത്. ആ കുറവ് തീർക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. 42 ഓവറായപ്പോഴേക്കും സ്‌കോർ 280ൽ എത്തി. അവസാന അഞ്ചോവറിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാന്മാർ അടിച്ചെടുത്തത് 96 റൺസാണ്.

30 പന്തിലാണ് ഡിവില്ലിയേഴ്‌സ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. അടുത്ത 50 റൺ നേടിയത് വെറും 22 പന്തിൽ. നേരിട്ട പന്തുകൾ 64 ആയപ്പോഴേക്കും ദക്ഷിണാഫ്രിക്കൻ നായകന്റെ സ്‌കോർ 150 ആയി. അതായത് നൂറിൽ നിന്ന് 150ലെത്താൻ വേണ്ടി വന്നത് വെറും 12 പന്ത്.

റിലീ റൂസോയുടെ 61 റണ്ണും ദക്ഷിണാഫ്രിക്കയുടെ സ്‌കോർ കുത്തനെ ഉയർത്തി. രണ്ടാം വിക്കറ്റിൽ 127 റൺസും നാലാം വിക്കറ്റിൽ 134 റൺസുമാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.

മറുവശത്ത് വിൻഡീസ് നായകൻ ജേസൺ ഹോൾഡറാണ് ഏറ്റവും കൂടുതൽ തല്ലുകൊണ്ടത്. 10 ഓവറിൽ ഹോൾഡർ വഴങ്ങിയത് 104 റൺസാണ്. ക്രിസ് ഗെയ്‌ലും ആന്ദ്രെ റസ്സലും രണ്ടു വിക്കറ്റു വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. കഴിഞ്ഞ കളിയിൽ ഇരട്ട സെഞ്ച്വറി നേടിയ ക്രിസ് ഗെയ്‌ലിനെ രണ്ടാം ഓവറിൽ തന്നെ നഷ്ടമായി. മൂന്നു റണ്ണെടുത്ത ഗെയ്ൽ അബോട്ടിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. 18 ഓവർ പൂർത്തിയാകും മുമ്പ് ഏഴു വിക്കറ്റുകൾ വീണ വിൻഡീസിന് ആ ഘട്ടത്തിൽ 63 റണ്ണെന്ന നിലയിൽ പരുങ്ങുകയായിരുന്നു.

റണ്ണിന്റെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ തോൽവിയിലേക്കു കൂപ്പുകുത്തിയ വെസ്റ്റ് ഇൻഡീസിനെ ആ നാണക്കേടിൽ നിന്ന് കരകയറ്റിയത് ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ്. 48 പന്തിൽ നാലു സിക്‌സും മൂന്നു ഫോറും ഉൾപ്പെടെ 56 റൺ നേടിയ ഹോൾഡറാണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ. ഡ്വെയ്ൻ സ്മിത്ത് 31ഉം ദിനേഷ് രാംദിൻ 22 റണ്ണും നേടി.

ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ അഞ്ചുവിക്കറ്റ് വീഴ്‌ത്തി. മോണി മോർക്കലും അബോട്ടും രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി. ഡെയ്ൽ സ്റ്റെയിനാണ് ഒരു വിക്കറ്റ്.

ഏറ്റവുമൊടുവിൽ മുഖാമുഖം വന്ന 18 ഏകദിന മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് വിൻഡീസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കാനായത്. 300 നു മുകളിലുള്ള സ്‌കോർ പിന്തുടർന്നു ജയിക്കാൻ ഇതുവരെ വെസ്റ്റ് ഇൻഡീസിനു കഴിഞ്ഞിട്ടുമില്ല.

നിരവധി റെക്കോർഡുകളും ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ പിറന്നു. 52 പന്തിൽ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്‌സ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിക്ക് ഉടമയായി. 2011ലെ ലോകകപ്പിൽ അയർലൻഡിന്റെ കെവിൻ ഒബ്രയിൻ ഇംഗ്ലണ്ടിനെതിരെ 50 പന്തിൽ നേടിയതാണ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി.

ദക്ഷിണാഫ്രിക്ക നേടിയ 408 റൺസ് ഓസ്‌ട്രേലിയയിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ഏകദിന സ്‌കോറാണ്. ഈ ലോകകപ്പിൽ വെസ്റ്റിൻഡീസ് സിംബാബ്‌വെയ്‌ക്കെതിരെ നേടിയ 372 റൺസിന്റെ റെക്കോർഡാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.

സെഞ്ചുറി നേട്ടത്തിനിടെ ക്യാപ്റ്റനെന്ന നിലയിൽ 3000 ഏകദിന റൺസെന്ന റെക്കോർഡും ഡിവില്ലിയേഴ്‌സ് പിന്നിട്ടു. 60 മത്സരങ്ങളിൽ 3000 പിന്നിട്ട ഡിവില്ലിയേഴ്‌സ് ക്യാപ്റ്റനെന്ന നിലയിൽ ഈ നേട്ടത്തിലെത്തുന്ന ഏറ്റവും വേഗമേറിയ താരമെന്ന റെക്കോർഡും സ്വന്തമാക്കി.

ഇന്നത്തെ സെഞ്ചുറിയോടെ ലോകകപ്പുകളിൽ വെസ്റ്റിൻഡീസിനെതിരെ 380 റൺസ് പിന്നിട്ട ഡിവില്ലിയേഴ്‌സ് ഏതെങ്കിലും ഒരു കളിക്കാരൻ എതിർ ടീമിനെതിരെ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറിനും ഉടമയായി. ലോകകപ്പിലെ നാലാമത്തെ സെഞ്ചുറി നേടിയ എ ബി ഇതിൽ മൂന്നും വിൻഡീസിനെതിരെയാണ് കുറിച്ചത്.

162 റൺസടിച്ച ഡിവില്ലിയേഴ്‌സ് അഞ്ചാമനായി ഇറങ്ങി ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന കളിക്കാരനെന്ന റെക്കോർഡും സ്വന്തമാക്കി. 2005ൽ ഓസ്‌ട്രേലിയയുടെ ആൻഡ്ര്യു സൈമണ്ട്‌സ് നേടിയ 156 റൺസാണ് ഡിവില്ലിയേഴ്‌സിന് മുന്നിൽ വഴിമാറിയത്.

1987ലെ ലോകകപ്പിൽ വിവിയൻ റിച്ചാർഡ്‌സ് ശ്രീലങ്കയ്‌ക്കെതിരെ നേടിയ 181 റൺസിനുശേഷം ഒരു ക്യാപ്റ്റൻ നേടുന്ന രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്‌കോറാണ് ഡിവില്ലിയേഴ്‌സ് വിൻഡീസിനെതിരെ കുറിച്ചത്.

10 ഓവറിൽ 104 റൺസ് വഴങ്ങിയ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജെയ്‌സൺ ഹോൾഡർ ലോകകപ്പിൽ ഏറ്റവുമധികം റൺസ് വഴങ്ങുന്ന രണ്ടാമത്തെ ബൗളറെന്ന നാണക്കേട് സ്വന്തമാക്കി. 1983ലെ ലോകകപ്പിൽ 12 ഓവറിൽ ന്യൂസിലൻഡിന്റെ മാർട്ടിൻ സ്‌നെഡൻ വഴങ്ങിയ 105 റൺസാണ് ഏറ്റവും മോശം ബൗളിങ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP