Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീശാന്ത് ഉൾപ്പെട്ട ഐപിഎൽ വിവാദം ബിസിസിഐക്കു കനത്ത തിരിച്ചടിയാകുന്നു; ലോധ സമിതി റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു; ക്രിക്കറ്റ് ഭരണരംഗം ഉടച്ചുവാർക്കേണ്ടി വരും

ശ്രീശാന്ത് ഉൾപ്പെട്ട ഐപിഎൽ വിവാദം ബിസിസിഐക്കു കനത്ത തിരിച്ചടിയാകുന്നു; ലോധ സമിതി റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു; ക്രിക്കറ്റ് ഭരണരംഗം ഉടച്ചുവാർക്കേണ്ടി വരും

ന്യൂഡൽഹി: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഉൾപ്പെട്ട ഐപിഎൽ കോഴ വിവാദം ബിസിസിഐയെ ഉടച്ചുവാർക്കുന്നു. കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ നിയമിച്ച ലോധ സമിതിയുടെ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു.

ഇതോടെ ബിസിസിഐയുടെ നടത്തിപ്പിൽ അടിമുടി അഴിച്ചുപണിയാണു കാത്തിരിക്കുന്നത്. ആറ് മാസത്തിനകം ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

70 വയസ്സിനു മുകളിലുള്ളവരെ ബിസിസിഐ ഭാരവാഹികളാക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. രാഷ്ട്രീയക്കാരെയും വ്യവസായികളെയും ഭരണതലപ്പത്ത് എത്തിക്കരുത്. സിഎജിയിലെ അംഗത്തെ ഗവേണിങ് കൗൺസിലിൽ ഉൾപ്പെടുത്തണം. ബിസിസിഐയുടെ സമഗ്രപരിഷ്‌കരണത്തിനായുള്ള നിർദ്ദേശങ്ങളടങ്ങുന്നതാണ് ലോധ സമിതിയുടെ റിപ്പോർട്ട്.

പൊതുകാര്യ സംഘടനയാണു ബിസിസിഐ എന്നു പറഞ്ഞ ലോധ കമ്മിറ്റി ബിസിസിഐയുടെ ഭരണഘടന മാറ്റാനും നിർദ്ദേശിച്ചിരുന്നു. ഐപിഎൽ അഴിമതിയിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുന്ദർ രാമന്റെ പങ്ക് അന്വേഷിക്കാനും റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. ബിസിസിഐയുടെ തലപ്പത്ത് രാഷ്ട്രീയക്കാർ പാടില്ലെന്ന ശുപാർശയും കമ്മിറ്റി നൽകി. നിക്ഷിപ്ത താൽപര്യം ഒഴിവാക്കണം, ഐപിഎല്ലിനായി പ്രത്യേക ഭരണസമിതി രൂപീകരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും റിപ്പോർട്ടിലിടം നേടി.

ബിസിസിഐയിൽ ഒരു സംസ്ഥാനത്ത് നിന്ന് ഒരു അസോസിയേഷൻ മതി. അസോസിയേഷനുകൾക്ക് വോട്ടവകാശം ഉണ്ടാവും. സംസ്ഥാന അസോസിയേഷൻ ബോർഡിന് സിഇഒയും ആറ് അസിസ്റ്റന്റ് പ്രൊഫഷണൽ മാനേജർമാരും വേണം. ഓംബുഡ്സ്മാൻ, എത്തിക്സ് ഓഫീസർ, ഇലക്ടറൽ ഓഫീസർ എന്നിവരെ നിയമിക്കണം. ഒരു ഭാരവാഹി പരമാവധി മൂന്ന് തവണ മാത്രമേ ഏതെങ്കിലും സ്ഥാനം വഹിക്കാവൂ. 70 വയസിന് മുകളിൽ പ്രായമുള്ളവർ ഭരണസമിതിയിൽ അംഗങ്ങളാകരുത്. ഐപിഎല്ലിന്റെ നടത്തിപ്പിനായി ബിസിസിഐ പ്രസിഡന്റും സെക്രട്ടറിയും അംഗങ്ങളായ 9 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി വേണം. സമിതിയിലെ അഞ്ച് അംഗങ്ങളും ബിസിസിഐ ഭാരവാഹികളായിരിക്കണം. ഐപിഎൽ ഗവേണിങ് കൗൺസിൽ പുനഃസംഘടിപ്പിക്കണം. ഗവേണിങ് കൗൺസിലിൽ കളിക്കാർക്കും പ്രാതിനിധ്യം വേണം. സിഎജിക്കും കൗൺസിലിൽ പ്രാതിനിധ്യമുണ്ടാവും. ഐപിഎല്ലിന് നിയന്ത്രിത സ്വയംഭരണാവകാശം മതി. കളിക്കാരുടെ അസോസിയേഷൻ ഉണ്ടാക്കണം തുടങ്ങി നിരവധി നിർദ്ദേശങ്ങളാണു ലോധ സമിതി കോടതിയിൽ സമർപ്പിച്ചിരുന്നത്.

പ്ലെയേഴ്സ് അസോസിയേഷൻ സ്റ്റിയറിങ് കമ്മിറ്റിയിൽ മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ള അദ്ധ്യക്ഷനാവണമെന്നും കമ്മിറ്റി നിർദ്ദേശിക്കുന്നു. മൊഹിന്ദർ അമർനാഥ്, ഡയാന എഡുൾജി, അനിൽ കുംബ്ലെ എന്നിവരാണ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ. അംഗങ്ങളായ ഏജന്റുമാരുടെ രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

ലോധയെ കൂടാതെ ജസ്റ്റിസ് അശോക് ഭൻ, ജസ്റ്റിസ് ആർവി രവീന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ. ഐപിഎൽ കോഴ വിവാദത്തെ തുടർന്നാണ് ക്രിക്കറ്റിന്റെ ഭരണതല കാര്യങ്ങൾ വിലയിരുത്താൻ സുപ്രീം കോടതി ലോധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ഐപിഎൽ വിവാദത്തെ തുടർന്ന് രണ്ട് ടീമുകൾ പുറത്താകുകയും ബിസിസിഐ തലവൻ എൻ ശ്രീനിവാസന്റെ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP