ട്വന്റി 20 ക്രിക്കറ്റിൽ പുതുചരിത്രം രചിച്ച് നേപ്പാൾ വനിതാ ക്രിക്കറ്റ് താരം; പതിമൂന്ന് പന്തിൽ റൺസ് വഴങ്ങാതെ തെറിപ്പിച്ചത് ആറ് വിക്കറ്റ്; ചരിത്രനേട്ടവുമായി അഞ്ജലി ചന്ദ്
December 03, 2019 | 07:16 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കാഠ്മണ്ഡു: ട്വന്റി20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് നേപ്പാൾ വനിതാ ക്രിക്കറ്റ് താരം അഞ്ജലി ചന്ദ്. മാലിദ്വീപിനെതിരായ മത്സരത്തിലാണ് അഞ്ജലി ചന്ദ് അവിശ്വസനീയമായ പ്രകടനം പുറത്തെടുത്തത്. ഒരു റൺ പോലും വിട്ടുകൊടുക്കാതെ 6 വിക്കറ്റുകളാണ് അഞ്ജലി സ്വന്തമാക്കിയത്.
സൗത്ത് ഏഷ്യൻ ഗെയിംസിന്റെ ഭാഗമായി നടന്ന നേപ്പാൾ - മാലദ്വീപ് വനിതാ ക്രിക്കറ്റ് മത്സരത്തിനിടെയാണ് ചരിത്രനേട്ടം അഞ്ജലി കെെവരിക്കുന്നത്. അഞ്ജലിയുടെ പ്രകടനത്തോടെ നേപ്പാൾ-മാലിദ്വീപ് മത്സരം വാർത്തകളിൽ ഇടംനേടി. 2.1 ഓവറിലാണ് അഞ്ജലി 6 വിക്കറ്റുകൾ വീഴ്‌ത്തിയത്. ഇതോടെ അദ്യം ബാറ്റ് ചെയ്ത മാലിദ്വീപ് 11 ഓവർ തികക്കും മുൻപേ വെറും 16 റൺസിന് എല്ലാവരും പുറത്തായി. 17 റൺസ് വിജയലക്ഷ്യവുമായി
മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് വിജയം നേടാൻ വേണ്ടിവന്നതോ, വെറും അഞ്ചു പന്തുകൾ മാത്രം. 19.1 ഓവർ ബാക്കി നിൽക്കെ 10 വിക്കറ്റിന്റെ ജയം.തന്റെ ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അഞ്ജലി രണ്ടാമത്തെ ഓവറിൽ രണ്ടും മൂന്നാമത്തേതിൽ ഒരു വിക്കറ്റും സ്വന്തമാക്കി.
ചൈനീസ് വനിതാ ടീമിനെതിരെ മാലദ്വീപിന്റെ മാസ് എലീസ മൂന്നു റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്തതായിരുന്നു വനിതാ ട്വന്റി 20-യിലെ ഇതുവരെയുള്ള മികച്ച പ്രകടനം. ട്വന്റി 20-യിൽ ഒരു പുരുഷ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന്റെ റെക്കോഡ് ഇന്ത്യയുടെ ദീപക് ചാഹറിന്റെ പേരിലാണ്. ഇക്കഴിഞ്ഞ ബംഗ്ലാദേശ് പരമ്പരയിൽ ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് ഹാട്രിക്കടക്കം ആറു വിക്കറ്റാണ് ചാഹർ സ്വന്തമാക്കിയത്.
