Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധോണിക്ക് മുമ്പ് ജാദവിനെ ഇറക്കിയത് മധ്യനിരയിലെ ആശയക്കുഴപ്പം; അനായാസം ബാറ്റ് ചെയ്ത കോലിയെ സമ്മർദ്ദത്തിലാക്കി വിജയ് ശങ്കറിന്റെ വിക്കറ്റ് കളയൽ; ഓപ്പണിങ്ങിൽ 'ധവാന്റെ' ക്ലാസ് കാട്ടാനാകാതെ രാഹുൽ; വമ്പൻ സ്‌കോർ ഉയരണമെങ്കിൽ ഈ ടീമിന് രോഹിത്തിന്റെ സെഞ്ച്വറി അനിവാര്യത; മുഴച്ചു നിൽക്കുന്നതുകൊമ്പൻ മീശക്കാരന്റെ പരിക്കുണ്ടാക്കിയ കുറവ്; ബൗളർമാർക്ക് പ്രതിരോധിക്കാനുള്ള സ്‌കോർ ഇനി നേടിയേ മതിയാകൂ; ഷാമിയും ചാഹലും ബുംമ്രയും കുൽദീപും ഇന്ത്യയുടെ വിജയശിൽപ്പികളാകുന്നത് എന്തുകൊണ്ട്?

ധോണിക്ക് മുമ്പ് ജാദവിനെ ഇറക്കിയത് മധ്യനിരയിലെ ആശയക്കുഴപ്പം; അനായാസം ബാറ്റ് ചെയ്ത കോലിയെ സമ്മർദ്ദത്തിലാക്കി വിജയ് ശങ്കറിന്റെ വിക്കറ്റ് കളയൽ; ഓപ്പണിങ്ങിൽ 'ധവാന്റെ' ക്ലാസ് കാട്ടാനാകാതെ രാഹുൽ; വമ്പൻ സ്‌കോർ ഉയരണമെങ്കിൽ ഈ ടീമിന് രോഹിത്തിന്റെ സെഞ്ച്വറി അനിവാര്യത; മുഴച്ചു നിൽക്കുന്നതുകൊമ്പൻ മീശക്കാരന്റെ പരിക്കുണ്ടാക്കിയ കുറവ്; ബൗളർമാർക്ക് പ്രതിരോധിക്കാനുള്ള സ്‌കോർ ഇനി നേടിയേ മതിയാകൂ; ഷാമിയും ചാഹലും ബുംമ്രയും കുൽദീപും ഇന്ത്യയുടെ വിജയശിൽപ്പികളാകുന്നത് എന്തുകൊണ്ട്?

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ലോകകപ്പിൽ ആറിലും അഞ്ചിലും ജയിച്ചാണ് ഇന്ത്യൻ മുന്നേറ്റം. അടുത്ത കളിയിൽ കൂടി ജയിച്ചാൽ സെമി ഫൈനൽ ഉറപ്പ്. അല്ലെങ്കിലും അവസാന നാലിൽ ഇന്ത്യ എത്താനുള്ള സാധ്യതയാണ് തെളിഞ്ഞ് നിൽക്കുന്നത്. അപ്പോഴും കപ്പ് നേടാനെത്തിയ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് ആശങ്ക ശക്തമാണ്. ഇതിന് കാരണം ബാറ്റിംഗിലെ പാളിച്ച തന്നെയാണ്. വിരാട് കോലിയും രോഹിത് ശർമ്മയും പരാജയപ്പെട്ടാൽ ഇന്നിങ്‌സിന് താങ്ങും തണലുമാകാനുള്ള ഫോമിലേക്ക് ഉയരാൻ ആർക്കുമാകുന്നില്ല. മൂന്നൂറ് കടക്കുന്ന സ്‌കോറിലേക്ക് ഇനി കടന്നാൽ മാത്രമേ ഇന്ത്യയ്ക്ക് ഇനിയുള്ള മത്സരങ്ങൾ ജയിക്കാനാകൂ. സമ്മർദ്ദത്തെ അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യൻ ബാറ്റിംഗിന്റെ മധ്യനിരയ്ക്കില്ലാത്തതാണ് എല്ലാ പ്രശ്‌നത്തിനും കാരണം. പരിക്കേറ്റ് പുറത്തായ ശിഖർ ധവാന്റെ അഭാവം ഓരോ മത്സരവും ഓർമ്മിപ്പിക്കുകയാണ്.

മുഹമ്മദ് ഷാമിയുടെ കരുത്ത് ഓരോ പന്തിലും വ്യക്തമാണ്. മികച്ച ലൈനും ലെഗ്ത്തും. ഇതിനൊപ്പം യോർക്കർ എറിയാമെന്ന ആത്മവിശ്വാസവും. ഇതാണ് ഭുവനേശ്വർ കുമാറിന്റെ പകരക്കാരനായെത്തി രണ്ട് കളിയിൽ എട്ട് വിക്കറ്റ് നേടിയ ഷാമിയുടെ വിജയത്തിന് കാരണം. ബുംമ്രയും ലോകോത്തര ബൗളറായിരിക്കുന്നു. ചെറിയ റണ്ണപ്പിൽ മികച്ച സ്പീഡിൽ കൃത്യമായി പന്തെറിയുന്നു. യുസേവേന്ദ്ര ചഹൽ ഇന്ത്യയുടെ സ്പിൻ കരുത്താണ്. കുൽദീപ് യാദവും ചഹലും ഈ ലോകകപ്പിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷയാണ്. എത്ര ചെറിയ ടോട്ടലിനേയും പ്രതിരോധിക്കാനുള്ള കരുത്ത് ഈ നാലംഗ ബൗളിങ്ങ് പ്രതിഭകൾക്കുണ്ട്. ഇതിന്റെ ആത്മവിശ്വാസത്തിൽ കൂടിയാകണം ബാറ്റിംഗിലെ മധ്യനിര ഉഴപ്പന്മാരാകുന്നത്. എന്നാൽ വമ്പൻ മത്സരങ്ങളിൽ ബൗളർമാർക്ക് സമ്മർദ്ദം നൽകുന്നത് ടീമിന്റെ പ്രതീക്ഷകളെ തകിടം മറിക്കും. ഇത് ഇന്ത്യയുടെ പ്രതീക്ഷകളേയും ബാധിക്കും.

ലോകകപ്പ് ജയിക്കാൻ വേണ്ടത് സ്ഥിരതയാണ്. അതും മധ്യ നിരയ്ക്ക്. എന്നാൽ വിജയ് ശങ്കറും കേദാർ ജാദവും ഹാർദിക് പാണ്ഡ്യ എന്നിവരൊന്നും അസമാന്യ പ്രതിഭകളല്ല. ഇതിൽ വിജയ് ശങ്കറിനും ജാദവിനും ഫോം നിലനിർത്താനും കഴിയുന്നില്ല. ടീം കോമ്പിനേഷൻ മാറ്റിയാൽ അത് മൊത്തം പ്രകടനത്തെ ബാധിക്കുമോ എന്ന സംശയവും തലവേദനയും ടീം മാനേജ്‌മെന്റിനുണ്ട്. എല്ലാം ശിഖറിന് ഏറ്റ പരിക്കിന്റെ പരിണിത ഫലമാണ്. ധവാന് പകരം കെ എൽ രാഹുൽ ഇന്നിങ് ഓപ്പൺ ചെയ്യുന്നു. അദ്ദേഹം വിജയവുമാണ്. എന്നാൽ ശിഖറിന് നൽകാനാകുന്ന വ്യത്യസ്തതയും കരുത്തും തുടക്കത്തിൽ ഇന്നിങ്‌സിന് നൽകാൻ രാഹുലിനും കഴിയുന്നില്ല. ആരാധകരുടെ വിശ്വാസം പൂർണ്ണമായും നേടാനാകാത്ത ഓപ്പണറാണ് രാഹുൽ. ധവാന്റെ പരിക്ക് രോഹിത് ശർമ്മയ്ക്ക് സമർദ്ദം കൂട്ടുകയും ചെയ്യുന്നു.

നിർണ്ണായക മത്സരത്തിൽ വിൻഡീസിനെ 125 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ അഞ്ചാം വിജയം സ്വന്തമാക്കി. 269 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 34.2 ഓവറിൽ 143 റൺസിന് എല്ലാവരും പുറത്തായി. ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ വിജയിച്ച ഇന്ത്യ 11 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. വിൻഡീസിനെതിരെ കരുത്തായത് ബൗളിങ്ങാണ്. പേസ് ബൗളിങ്ങിലേയും സ്പിന്നിലേയും വൈവിധ്യത്തിന് മുമ്പിലാണ് വിൻഡീസ് പതറിയത്. എന്നാൽ ക്രിസ് ഗെയിൽ ഫോമിലേക്ക് ഉയർന്നിരുന്നുവെങ്കിൽ ഇന്ത്യൻ സ്‌കോർ അവർക്ക് വലിയ വെല്ലുവിളിയേ ആകുമായിരുന്നില്ല. അതായത് വിൻഡീസിന് മുമ്പിൽ ബാറ്റ്‌സ്മാന്മാരുയർത്തിയത് സാദാ ടോട്ടൽ. എന്നിട്ടും ബൗളിംങ്ങാണ് തുണച്ചത്. സെമിയിലേയും ഫൈനലിലേയും സമ്മർദ്ദത്തെ അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യൻ ബാറ്റിംഗിനുണ്ടോ എന്ന സംശയമാണ് ഈ പ്രകടനം നൽകുന്നത്. അഫ്ഗാനിസ്ഥാന് മുന്നിൽ പോലും ഇന്ത്യയ്ക്ക് വലിയ സ്‌കോർ മുമ്പോട്ട് വയ്ക്കാനായില്ല. അവിടേയും ബൗളർമാരാണ് വിജയമൊരുക്കിയത്.

ബാറ്റിങ് ദുഷ്‌കരമായ വിക്കറ്റിൽ വിരാട് കോലി (72), എം.എസ്. ധോണി (56 നോട്ടൗട്ട്) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്കു താങ്ങായത് എന്നും വിലയിരുത്തുന്നു. ബോളിങ്ങിൽ മുഹമ്മദ് ഷമി 4 വിക്കറ്റ് നേട്ടത്തോടെ തിളങ്ങി. സ്ലോ വിക്കറ്റിൽ വിൻഡീസ് ബാറ്റ്‌സ്മാന്മാർക്ക് ഒരു പഴുതും നൽകാതെയായിരുന്നു ഇന്ത്യയുടെ ബോളിങ്. 4 വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയുടെയും 2 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയുടെയും പന്തുകൾക്കു മുന്നിൽ വിൻഡീസ് വിറച്ചു. 2 വിക്കറ്റ് വീഴ്‌ത്തിയ ചെഹലും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയ ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവരും തങ്ങളുടെ റോൾ ഭംഗിയാക്കിയപ്പോൾ വിൻഡീസിനു 125 റൺസിന്റെ വമ്പൻ തോൽവി. അതേ സമയം വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കി കളിക്കാൻ വിൻഡീസുകാർ തയ്യാറായിരുന്നുവെങ്കിൽ കളി മാറുമായിരുന്നു. പ്രതിഭയുടെ മിന്നിലാട്ടം പോലുമില്ലാത്ത വിൻഡീസാണ് തോറ്റത്. സെമിയിൽ ഓസ്‌ട്രേലിയയോ ന്യൂസിലണ്ടോ ഇംഗ്ലണ്ടോ ഇന്ത്യയുടെ എതിരാളികളാകാം. ലീഗിലെ പ്രകടനത്തിന് അപ്പുറമുള്ള കരുത്ത് മധ്യനിര ബാറ്റിംഗിൽ പുറത്തെടുക്കാനായില്ലെങ്കിൽ ബൗളിങ്ങിലെ വൈവിധ്യത്തിനും ഇന്ത്യയെ രക്ഷിക്കാൻ കഴിയില്ല.

31 റൺസ് നേടിയ സുനിൽ ആംബ്രിസാണു വിൻഡീസ് ടോപ് സ്‌കോറർ. ഇനിയുള്ള 3 മത്സരങ്ങളിൽ ഒരു വിജയംകൂടി നേടിയാൽ ഇന്ത്യയ്ക്കു സെമി ഉറപ്പിക്കാം. ഈ ലോകകപ്പിലെ നാലാം അർധശതകം നേടിയ ക്യാപ്റ്റൻ വിരാട് കോലിയും (72) അവസാന ഓവറുകളിൽ പതിവു ഫോമിനടുത്തെത്തിയ ധോണിയുമാണ് (56 നോട്ടൗട്ട്) ഇന്ത്യൻ ഇന്നിങ്‌സിലെ ടോപ് സ്‌കോറർമാർ. കെ.എൽ. രാഹുൽ (48), ഹാർദിക് പാണ്ഡ്യ(46) എന്നിവരും മോശമല്ലാതെ ബാറ്റു വീശി. എന്നാൽ മുമ്പോട്ടുള്ള പോക്കിന് ഇതൊന്നും മതിയാകില്ല. ഡെത്ത് ഓവറുകളിലെ തകർത്തടിയാണ് ഇന്ത്യയെ മോശമല്ലാത്ത നിലയിൽ എത്തിച്ചത്. ധോണിയും പാണ്ഡ്യയും രണ്ടും കൽപിച്ചു ബാറ്റ് വീശിയ അവസാന പത്ത് ഓവറിൽ നേടിയത് 82 റൺസ്. ആറാം വിക്കറ്റിന് ഇരുവരും നേടിയ 70 റൺസാണ് ഇന്ത്യൻ ഇന്നിങ്‌സിലെ മികച്ച കൂട്ടുകെട്ട്. മധ്യ നിരയിൽ ഇന്ത്യൻ ബാറ്റിങ് പകച്ചില്ലായിരുന്നുവെങ്കിൽ ഈ മത്സരത്തിൽ സ്‌കോർ 300 കടത്താൻ കഴിയുമായിരുന്നു. രണ്ടാം വിക്കറ്റിൽ കോലിരാഹുൽ സഖ്യം 69 റൺസും നേടി.

ഓപ്പണർമാർ ഒഴികെയുള്ളവർ പുറത്തായത് സ്വന്തം പിഴവുകൾ മൂലമായിരുന്നു. മൂന്നാം അപയറുടെ സംശയകരമായ തീരുമാനത്തിൽ രോഹിത് ശർമ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്‌കോർ 29. അർധസെഞ്ചുറിക്ക് അരികിൽ രാഹുൽ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്‌കോർ 100 തികഞ്ഞിരുന്നില്ല. രാഹുലിനെ വിൻഡീസ് ക്യാപ്റ്റൻ ജെയ്‌സൻ ഹോൾഡർ ബോൾഡാക്കിയപ്പോൾ കെമാർ റോച്ചിന്റെ പന്തുകളെ വില കുറച്ചു കണ്ട വിജയ് ശങ്കറും (14) കേദാർ ജാദവും(7) വിൻഡീസ് കീപ്പർ ഷായ് ഹോപ്പിനു ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. അനാവശ്യ ഷോട്ടുകൾ നൽകിയ വിക്കറ്റ്. നിർണായകമായ നാലാം നമ്പറിൽ ഓൾറൗണ്ടർ വിജയ് ശങ്കറിനെ നിലനിർത്താനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം വീണ്ടും പാളി. അനായാസം ബാറ്റ് ചെയ്യുകയായിരുന്ന കോലിക്കു പിന്തുണ നൽകുകയെന്ന ഉത്തരവാദിത്തം നിർവഹിക്കാതെ ശങ്കർ മടങ്ങി. ഇതാണ് ഇനിയുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് വലിയ തലവേദന.

വിജയ് ശങ്കറിന് പകരം ഋഷഭ് പന്തോ ദിനേഷ് കാർത്തികോ ടീമിലെത്തുമോ എന്നതാണ് നിർണ്ണായകം. ധോണിക്കു മുൻപ് ജാദവിനെ ഇറക്കുകയെന്ന തന്ത്രവും പാളിയതോടെ പവർ ഹിറ്റർ ഹാർദിക് പാണ്ഡ്യയ്ക്കും പതിവിലധികം ജാഗ്രതയോടെ കളിക്കേണ്ടി വന്നു. നാല്, അഞ്ച് ബാറ്റിങ് സ്ഥാനങ്ങളിലെ ആശയക്കുഴപ്പമാണ് ഇതിനെല്ലാം കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP