Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടിമിന്നൽ ബാറ്റിങ്ങ് പ്രകടനത്തിൽ റൺ 'പേമാരി'യുമായി നീലപ്പട; അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 352 റൺസ്; കെന്നിങ്ടൺ ഓവലിലെ ഇന്ത്യൻ മുന്നേറ്റം ശിഖർ ധവാനെന്ന കൊടുങ്കാറ്റ് ആഞ്ഞു വീശിയപ്പോൾ; 109 പന്തിൽ 16 ബൗണ്ടറിയടക്കം 117 റൺസ് സമ്മാനിച്ച് ധവാൻ; കോലിക്കും രോഹിത്തിനും അർധ സെഞ്ചുറി

ഇടിമിന്നൽ ബാറ്റിങ്ങ് പ്രകടനത്തിൽ റൺ 'പേമാരി'യുമായി നീലപ്പട;  അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 352 റൺസ്; കെന്നിങ്ടൺ ഓവലിലെ ഇന്ത്യൻ മുന്നേറ്റം ശിഖർ ധവാനെന്ന കൊടുങ്കാറ്റ് ആഞ്ഞു വീശിയപ്പോൾ; 109 പന്തിൽ 16 ബൗണ്ടറിയടക്കം 117 റൺസ് സമ്മാനിച്ച് ധവാൻ;   കോലിക്കും രോഹിത്തിനും അർധ സെഞ്ചുറി

സ്പോർട്സ് ഡെസ്‌ക്

ഓവൽ: റൺ പേമാരി പെയ്യിക്കുന്ന ഇടിമിന്നൽ പ്രകടനം. അക്ഷരാർത്ഥത്തിൽ അതായിരുന്നു കെന്നിങ്ടൺ ഓവലിൽ ഇന്ന് ലോകം കണ്ടത്. ലോകകപ്പ് പോരാട്ടത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മത്സരത്തിൽ ആദ്യം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 352 റൺസാണ് നേടിയത്. ഓപ്പണർ ശിഖർ ധവാനെന്ന റൺ കൊടുങ്കാറ്റാണ് ഇന്ത്യയെ ആറാടാൻ തുണച്ചത്. സെഞ്ചുറി നേടിയ ധവാന്റെ മിന്നൽ പ്രകടനത്തിൽ ഗാലറിയിൽ നിറഞ്ഞു നിന്നിരുന്ന ഇന്ത്യൻ ജഴ്‌സിപ്പട ആഹ്ലാദാരവം മുഴക്കുകയായിരുന്നു.

109 പന്തിൽ 16 ബൗണ്ടറിയടക്കം 117 റൺസെടുത്ത ധവാൻ ഏകദിനത്തിലെ എട്ടാമത്തേയും ഐസിസി ടൂർണമെന്റുകളിലെ ആറാമത്തേയും സെഞ്ചുറിയാണ് നേടുന്നത്.
ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, രോഹിത്ത് ശർമ്മ എന്നിവർ അർധ സെഞ്ചുറി നേടി. 77 പന്തിൽ നാലു ബൗണ്ടറിയും രണ്ട് സിക്‌സുമടക്കം 82 റൺസാണ് ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയത്. ഓപ്പണിങ് വിക്കറ്റിൽ കരുതലോടെ തുടക്കമിട്ട രോഹിത് ധവാൻ സഖ്യത്തിന്റെ പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്‌സിന് അടിസ്ഥാനമിട്ടത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 127 റൺസ്.

ധവാനൊപ്പം ഇന്ത്യൻ ഇന്നിങ്‌സിന് അടിസ്ഥാനമിട്ട രോഹിത് 70 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം നേടിയത് 57 റൺസ്. ഇന്ത്യൻ ഇന്നിങ്‌സിലെ ഏറ്റവും സ്‌ഫോടനാത്മക ബാറ്റിങ് കാഴ്ചവച്ച ഹാർദിക് പാണ്ഡ്യ ആദ്യ ലോകകപ്പ് അർധസെഞ്ചുറിക്ക് രണ്ടു റൺസ് അകലെ പുറത്തായി. 27 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്‌സും ഉൾപ്പെടുന്ന ഇന്നിങ്‌സ്. എം.എസ്. ധോണി14 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 27 റൺസെടുത്തു. ലോകേഷ് രാഹുൽ മൂന്നു പന്തിൽ 11 റൺസുമായി പുറത്താകാതെ നിന്നു.

രണ്ടാം വിക്കറ്റിൽ വിരാട് കോഹ്‌ലിക്കൊപ്പം ശിഖർ ധവാൻ 93 റൺസ് കൂടി കൂട്ടിച്ചേർത്തതോടെ ഓസ്‌ട്രേലിയ പതറി. ധവാൻ പുറത്തായതിനു പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യയുടെ ബാറ്റിങ് വെടിക്കെട്ടോടെ ഇന്ത്യൻ സ്‌കോർ കുതിച്ചുകയറി. 53 പന്തുകൾ മാത്രം നീണ്ട കൂട്ടുകെട്ടിൽ ഇരുവരും ഇന്ത്യൻ സ്‌കോർ ബോർഡിൽ ചേർത്തത് 80 റൺസ്. നാല് ഓവർ മാത്രം ക്രീസിൽ ഒരുമിച്ചുനിന്ന കോഹ്‌ലിധോണി സഖ്യം 37 റൺസ് കൂട്ടിച്ചേർത്തതോടെ ഇന്ത്യ കൂറ്റൻ സ്‌കോർ ഉറപ്പാക്കി.

കെന്നിങ്ടൻ ഓവൽ തന്റെ ഭാഗ്യമൈതാനമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ഓസീസിനെതിരെ ധവാന്റെ ഇന്നിങ്‌സ്. ഈ വേദിയിലെ അഞ്ചാം മൽസരം കളിച്ച ധവാൻ മൂന്നാം സെഞ്ചുറിയാണ് ഇന്നു കുറിച്ചത്. 125, 78, 21, 100* എന്നിങ്ങനെയാണ് ഓവലിൽ ധവാന്റെ സ്‌കോർ. മാത്രമല്ല, ഇംഗ്ലിഷ് മണ്ണിൽ നാല് ഏകദിന സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ മാത്രം സന്ദർശക താരമായും ധവാൻ മാറി. 19 ഇന്നിങ്‌സിൽനിന്നാണ് ധവാൻ ഇവിടെ നാലു സെഞ്ചുറി കുറിച്ചത്. 29 ഇന്നിങ്‌സുകളിൽനിന്ന് നാലു സെഞ്ചുറിയുമായി വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സും ധവാനൊപ്പമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP