Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ ഔട്ട് ആയിട്ടും സമ്മതിക്കാതെ കാണികൾ; കളിക്കുന്നത് ഇംഗ്ലണ്ട് ആണെങ്കിലും കാണികൾ നല്ലപങ്കും ഇന്ത്യക്കാർ ആയതു എങ്ങനെ? ആർപ്പുവിളികൾ പോലും ഹിന്ദിയിൽ; തരംപോലെ കൂറുമാറിയ ഇന്ത്യക്കാരുടെ ആവേശത്തിമിർപ്പിൽ എഡ്ജ്ബാസ്റ്റൻ; സായിപ്പു തുണി ഊരി എറിഞ്ഞിട്ടും ശ്രദ്ധ കിട്ടിയത് ഇന്ത്യക്കാർക്ക്; ഇന്ത്യയുടെ വഴിയേ ഓസീസും പോയപ്പോൾ ക്രിക്കറ്റ് രാജാക്കന്മാരെ വാഴിക്കാൻ ഞായറാഴ്‌ച്ച രണ്ടും കൽപ്പിച്ചു യുകെ മലയാളികൾ ലോഡ്‌സിലേക്ക്

ഇന്ത്യ ഔട്ട് ആയിട്ടും സമ്മതിക്കാതെ കാണികൾ; കളിക്കുന്നത് ഇംഗ്ലണ്ട് ആണെങ്കിലും കാണികൾ നല്ലപങ്കും ഇന്ത്യക്കാർ ആയതു എങ്ങനെ? ആർപ്പുവിളികൾ പോലും ഹിന്ദിയിൽ; തരംപോലെ കൂറുമാറിയ ഇന്ത്യക്കാരുടെ ആവേശത്തിമിർപ്പിൽ എഡ്ജ്ബാസ്റ്റൻ; സായിപ്പു തുണി ഊരി എറിഞ്ഞിട്ടും ശ്രദ്ധ കിട്ടിയത് ഇന്ത്യക്കാർക്ക്; ഇന്ത്യയുടെ വഴിയേ ഓസീസും പോയപ്പോൾ ക്രിക്കറ്റ് രാജാക്കന്മാരെ വാഴിക്കാൻ ഞായറാഴ്‌ച്ച രണ്ടും കൽപ്പിച്ചു യുകെ മലയാളികൾ ലോഡ്‌സിലേക്ക്

കെ ആർ ഷൈജുമോൻ, ലണ്ടൻ

എഡ്ജ്ബാസ്റ്റണിൽ നിന്നും: സമയം രാവിലെ പത്തു ആകുന്നതേയുള്ളൂ. ഗ്രൗണ്ടിൽ കളിക്കാർ ഫീൽഡ് ചെയ്യും മുൻപ് തന്നെ ഗാലറിയുടെ 90 ശതമാനവും നിറഞ്ഞു കഴിഞ്ഞു. എങ്ങും ഇന്ത്യക്കാരുടെ നിഴലുകൾ. തലയിൽ തൊപ്പിയും തലപ്പാവും ഇന്ത്യൻ ടീമിന്റെ ജേഴ്‌സിയും ഒക്കെയായി ഓരോ കൂട്ടങ്ങളായി വന്നുകൊണ്ടിരുന്നവർ കളി തുടങ്ങിയപ്പോഴേക്കും ഗാലറിയും എല്ലാ ഭാഗത്തും നിറഞ്ഞു കഴിഞ്ഞിരുന്നു. ഈ ആവേശം കണ്ടാൽ തോന്നുക മൈതാനത്തു നീലയുടുപ്പിൽ എത്തിയിരിക്കുന്നത് ഇന്ത്യൻ ടീം ആണെന്ന്. പലരും വലിയ ത്രിവർണ പതാകയുമായി എത്തിയാണ് ആവേശം ജ്വലിപ്പിക്കുന്നത്.

എന്താണ് ഇത്രയധികം സ്‌നേഹം സ്വന്തം ടീമിനോട് കാട്ടാൻ കാരണം. കളിയിൽ ഇല്ലാതെ തോറ്റു പുറത്തു പോയിട്ടും സ്വന്തം ടീമിന് വേണ്ടി ഗാലറിയിൽ ആവേശം വിതറുന്നതെന്തിന്? ഇതിന്റെ കാരണം തേടുമ്പോൾ രസകരമായ ഉത്തരമാണ് കിട്ടുന്നത്. ഇന്ത്യയുടെ അപാരമായ പെർഫോമൻസിൽ കണ്ണും അടച്ചു വിശ്വസിച്ചിരുന്ന ആരധകർ സെമി ഫൈനലിന്റെയും ഫൈനലിന്റെയും ടിക്കറ്റുകൾ വൻതുക നൽകിയാണ് സ്വന്തമാക്കിയത്. ഇനി അത് ചുളു വിലക്ക് നൽകി നഷ്ടം വരുത്തുന്നതിലും നല്ലതു സ്വന്തമായി കാണുക തന്നെയാണ്. എന്ന് വച്ച് ഒരു പരിധി വിട്ടു ഇംഗ്ലണ്ടിന് വേണ്ടി ജയ്വിളിക്കാൻ ഒന്നും തയ്യാറുമല്ല. ഇതാണ് ഇന്നലെ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ പ്രേമികളെ കൊണ്ട് നിറയാൻ ഉള്ള പ്രധാന കാരണം.

കെട്ടിലും മട്ടിലും ഇന്ത്യൻ കളിപ്രേമിയുടെ സകല രൂപഭാവങ്ങളും എടുത്തണിഞ്ഞ ജസ്വീത് പ്രീത് വിഐപി ഗാലറിയിൽ എത്തിയപ്പോൾ എന്തിനാണ് ഇത്ര ആവേശം ഏന് ചോദിക്കാതിരിക്കാനായില്ല. അതിനു അദ്ദേഹം പറഞ്ഞ മറുപടിയും രസകരമാണ്. ഈ ചോദ്യം തന്നെ അഞ്ചു മാധ്യമ പ്രവർത്തകർ ഇതിനോടകം ചോദിച്ചു കഴിഞ്ഞു. ജസ്വീത് നൽകുന്ന മറുപടിയും ശ്രദ്ധേയമാണ്. ഒന്നാമത് ഇത് ലോകകപ്പാണ്. അടുത്ത ലോകകപ്പിലേക്കു നമ്മളിൽ എത്ര പേര് ബാക്കിയുണ്ടാകാം? നമ്മൾ ഇവിടെ ഉള്ളപ്പോൾ ലോക കപ്പു എവിടെയായിരിക്കും. അടുത്ത ലോകകപ്പും 2027 ൽ ഉള്ള ലോകകപ്പും ഇംഗ്ലണ്ടിൽ ആയിരിക്കില്ല എന്ന് ഉറപ്പുള്ളപ്പോൾ ഇനിയൊരു ലോകകപ്പ് എന്നായിരിക്കും ബ്രിട്ടനിൽ എത്തുക? ഇത്തരത്തിൽ ചിന്തിച്ചാൽ നാം എങ്ങനെ ഈ ലോകകപ്പ് ആഘോഷിക്കാതിരിക്കും. ജീവിതം ഇങ്ങനെ പലതിനും കൂടി വേണ്ടിയുള്ളതാണെന്നും ജസ്വീത് സമർത്ഥിക്കുന്നു.

ലോകമൊട്ടാകെയുള്ള മാധ്യമ പ്രവർത്തകർ എഡ്ജ്ബാസ്റ്റണിൽ കാണാൻ സാധിച്ചെങ്കിലും എല്ലാവർക്കും ഇന്ത്യൻ ആരാധകരുടെ കമന്ററി മതി, കളിക്കളത്തിൽ ഇംഗ്ലണ്ട് എത്തിയിട്ടും ഇന്ത്യൻ കാണികളെ ആവേശം കൊള്ളിക്കാൻ ഉള്ള തുറുപ്പുചീട്ടുകളാണ് മാധ്യമ പ്രവർത്തകരും ഇന്നലെ ആവശ്യത്തിലേറെ ഉപയോഗിച്ച് കൊണ്ടിരുന്നത്. സ്റ്റേഡിയത്തിലെ കൂറ്റൻ സ്‌ക്രീനിൽ ഇന്ത്യക്കാരുടെ ആവേശം വിതറുന്ന പ്രകടനങ്ങൾ അടിക്കടി എത്തിക്കൊണ്ടിരുന്നു. ഇതിൽ അസൂയ പൂണ്ട ഒരു തടിമാടൻ സായിപ്പു വസ്ത്രങ്ങൾ ഊരിയെറിഞ്ഞു നിക്കർ മാത്രം ധരിച്ചു നൃത്തം ചെയ്‌തെങ്കിലും ചാനൽ ക്യാമറകൾ കണ്ടില്ലെന്നു നടിച്ചു. ചുരുക്കത്തിൽ കളിക്കളത്തിൽ ഇംഗ്ലണ്ട് ആധിപത്യം സ്ഥാപിച്ചപ്പോൾ കാണികളിൽ വലിയൊരു വിഭാഗമായി ഇന്ത്യക്കാരും ശ്രദ്ധ പിടിച്ചു പറ്റി. ഇടയ്ക്കിടെ ഹിന്ദിയിൽ പോലും ആർപ്പുവിളികൾ മുഴങ്ങിക്കൊണ്ടിരുന്നു. പിച്ചെ ദേഖോ തുടങ്ങിയ കാലപ്പഴക്കം ഉള്ള മുദ്രാവാക്യങ്ങൾ പോലും ഓസീസിനെതിരെ ഉയർന്നു കൊണ്ടിരുന്നു.

ഇന്ത്യ ഓൾഡ് ട്രാഫൊർഡിൽ നടത്തിയ പ്രകടനത്തിന്റെ തനി ആവർത്തനമാണ് ഇന്നലെ എഡ്ജ്ബാസ്റ്റണിൽ അരങ്ങേറിയത്. ആദ്യ ഇരുപതു ഓവറുകളിൽ എങ്കിലും വിരുന്നുകാരെ ചങ്ങലപ്പൂട്ടിട്ടു നിലയ്ക്ക് നിർത്താൻ ഇംഗ്ലണ്ടിനു സാധിച്ചത് തന്നെയാണ് മത്സരത്തിലെ ഹൈലറ്റ്. ഒരു ഘട്ടത്തിൽ 20 റൺസ് നൽകി മൂന്നു വിക്കറ്റുകൾ വീഴ്‌ത്തിയ ഇംഗ്ലീഷ് ബൗളർമാർ ടീമിനെ ഫൈനൽ ബെർത്തു ഉറപ്പിച്ചു നൽകുക ആയിരുന്നു ആദ്യ മണിക്കൂറിൽ തന്നെ. തുടർന്ന് മത്സരത്തിൽ ഉടനീളം ഓസീസിനെ വരിഞ്ഞുകെട്ടി നിലംപരിശാക്കുന്ന കളിയാണ് ഇംഗ്ലീഷ് പട സ്വന്തം മണ്ണിൽ പുറത്തെടുത്തത്. ഇന്ത്യക്കെതിരെ കാട്ടിയ മത്സരത്തിന്റെ പതിന്മടങ്ങു വീര്യമാണ് ഇന്നലെ ഇംഗ്ലണ്ട് പുറത്തെടുത്തത്. ഓസിസ് നിര കാര്യമായ ചെറുത്തു നിൽപ്പ് നടത്താതെയാണ് ആറു പന്തുകൾ ശേഷിക്കവേ മുഴുവൻ കളിക്കാരും ഗാലറിയിലേക്കു വലിഞ്ഞത്.

മൂന്നര മണിക്കൂർ ക്രീസിൽ നിന്ന് പൊരുതിയ സ്മിത്ത് മാത്രമാണ് ഓസിസ് നിരയിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയത്, 119 പന്തിൽ നിന്നും 85 റൺസ് നേടിയ അദ്ദേഹം ആറു ഫോറുകളും സ്വന്തം പേരിൽ കുറിച്ചിട്ടു, ഒടുവിൽ സെഞ്ചുറിക്കരികെ വച്ച് റൺ ഔട്ടിൽ അദ്ദേഹം ബലിയാടാവുക ആയിരുന്നു. എന്നാൽ മറുവശത്തു കൃത്യതയ്യാർന്ന പന്തുകളുമായി ആറു കളിക്കാരും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. ഇംഗ്ലീഷ് ബൗളർമാരെ കണക്കിന് ശിക്ഷിക്കാൻ ഓസിസ് ബാറ്റസ്മാന്മാർ ഭയക്കുന്നത് പോലെയാണ് പലപ്പോഴും തോന്നിയത്. പത്തു ഓവറും എറിഞ്ഞു 54 റൺസ് നൽകിയെങ്കിലും റഷീദ് മൂന്നു പിക്കറ്റുകൾ പിഴുതിട്ടു. അതേ സമയം എട്ടു ഓവർ എറിഞ്ഞു വെറും 20 റൺസിന് മൂന്നു വിക്കറ്റ് എടുത്തു വോക്‌സും തന്റെ റോൾ നിറവേറ്റി. അരച്ചറിനു രണ്ടു വിക്കറ്റും വൂഡിന് ഒരു വിക്കറ്റും സ്വന്തമാക്കാൻ സാധിച്ചു.

മറുപടി പറയാൻ ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം മുതൽ പോരാട്ട വീര്യം ഒരിക്കലും കൈമോശം വന്നില്ല. റൺ റേറ്റ് അഞ്ചിൽ നിന്ന് ആറ് ആയും ഏഴായും ഒക്കെ ഉയർന്നു കൊണ്ടിരുന്നു. രണ്ടു റൺ മാത്രം റൺ റേറ്റിൽ നിൽക്കുമ്പോൾ പോലും കളിയുടെ വേഗത കുറയ്ക്കാൻ ഇന്ഗ്ലീഷ് താരങ്ങൾ തയ്യാറായില്ല. അതിനാൽ തന്നെ രണ്ടേമുക്കാലോടെ ആരംഭിച്ച ഇംഗ്ലീഷ് ബാറ്റിങ് അഞ്ചേകാലോടെ അവസാനിപ്പിക്കാനുമായി. ശരിക്കും തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഓർമിപ്പിക്കുന്ന ബാറ്റിങ് ശൈലി.

മാനത്തെ മഴ പെയ്യണോ വേണ്ടയോ എന്നാലോചിച്ചു നിൽക്കുമ്പോൾ റൺമഴയുടെ പ്രളയം ഒരുക്കുക ആയിരുന്നു ഇന്ഗ്ലീഷ് കളിക്കാർ. ഇടയ്ക്കു ഒരോവറിൽ തുടർച്ചയായി മൂന്നു സിക്‌സറുകൾ പറത്തി റോയ് ഗാലറിയിൽ പത്തുമിനിറ്റോളം ആവേശതിരമാലകൾ സൃഷ്ടിച്ചു. സ്വന്തം ടീം ജയിക്കാൻ അധിക സമയം വേണ്ടെന്നു ഉറപ്പിച്ച ഇന്ഗ്ലീഷ് കാണികൾ ഫുടബോൾ മത്സരങ്ങളിൽ പാടിത്തുടങ്ങുന്ന താളത്തിൽ ഒരു തലക്കൽ നിന്നും പാടിത്തുടങ്ങുമ്പോൾ മറുതലക്കലിലേക്കു ആവേശം വെടിക്കെട്ടിന് തിരികൊളുത്തിയ പോലെ കത്തിക്കയറുക ആയിരുന്നു. ഇടയ്ക്കു ആവേശം മൂത്ത കാണികൾ ഓസീസിനെ പരിഹസിച്ചും പാട്ടുകൾ പാടുന്നുണ്ടായിരുന്നു.

ഈ ലോകകപ്പിലെ കരുത്തരായ എത്തിയ ഇന്ത്യയെ എറിഞ്ഞിട്ട ഞങ്ങൾക്ക് മുന്നിൽ കപ്പിൽ മുത്തമിടുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ എന്നാണ് ഗ്രൗണ്ടിൽ കളിക്കാരും ഗാലറിയിൽ കാണികളും അലറിക്കൊണ്ടിരുന്നത്. ഇനി ഞായറാഴ്ച ഒരൊറ്റ കളികൂടി. തുടർച്ചയായി രണ്ടാം വട്ടം ഫൈനൽ കളിക്കുന്ന ന്യൂസിലൻഡിനെ മറികടന്നു സ്വന്തം മണ്ണിൽ, വീറുറ്റ പിന്തുണ നൽകുന്ന കാണികളെ സാക്ഷിയാക്കി ലോകകപ്പ് കിരീടം എന്ന സ്വപ്നം നേടാൻ, ക്രിക്കറ്റ് ലോകത്തിലെ പുതിയ രാജാക്കൾ തങ്ങളാണെന്ന് ലോകത്തോട് പറയാൻ ഉള്ള വരവാണ് ലോർഡ്‌സിൽ ഇംഗ്ലീഷ് ടീം ലക്ഷ്യമിടുന്നത്.

ഞങ്ങളുടെ ടീം പുറത്തായി ഇനി ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട് എന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരും പറയുമ്പോൾ ആർത്തലയ്ക്കുന്ന ലോർഡ്‌സിൽ കിവീസിന്റെ ചിറകുകൾ കരുത്തു ചോരുമോ അതോ ഇന്ഗ്ലീഷ് സിംഹങ്ങൾ ഇന്നലത്തെ വീര്യത്തിൽ കൂടുതൽ കരുത്തുകാട്ടുമോ? ഇനി മണിക്കൂറുകൾ മാത്രം, ലോകകപ്പിലെ രണ്ടു കരുത്തുറ്റ ടീമുകളാണ് തങ്ങളെന്ന് തെളിയിച്ച ശേഷമുള്ള ഈ ഫൈനൽ മത്സരം ലോകകപ്പിന്റെ ആവേശത്തിൽ കാത്തിരിക്കുന്ന ലോകമെങ്ങും ഉള്ള കോടിക്കണക്കിനു ആരാധകർക്ക് ഹൃദയത്തിൽ സൂക്ഷിക്കാനുള്ള ഒരുപിടി ഓർമ്മകൾ സമ്മാനിക്കുമെന്നുറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP