Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതികാരം അത് വീട്ടാനുള്ളതാണ്..! കഴിഞ്ഞ കോപ്പയിലെ കടംവീട്ടി ബ്രസീൽ; പെറുവിന്റെ തോൽവി അഞ്ച് ഉശിരൻ ഗോളുകൾക്ക്; കാനറികളുടെ ക്വാർട്ടർ മുന്നേറ്റം ഗ്രൂപ്പ് ചാമ്പ്യന്മാരായി; തുടക്കം ബ്രസീലിയൻ ജഴ്‌സിയിൽ കാസിമിറോയുടെ ആദ്യ ഗോളോടുകൂടി; ഒടുക്കം വില്ലിയന്റെ 90ാം മിനിട്ടിലെ ഇടിവെട്ട് ഗോളുമായി; ബൊളീവിയയെ തകർത്ത് വെനസ്വേലയും ക്വാർട്ടറിൽ

പ്രതികാരം അത് വീട്ടാനുള്ളതാണ്..! കഴിഞ്ഞ കോപ്പയിലെ കടംവീട്ടി ബ്രസീൽ; പെറുവിന്റെ തോൽവി അഞ്ച് ഉശിരൻ ഗോളുകൾക്ക്; കാനറികളുടെ ക്വാർട്ടർ മുന്നേറ്റം ഗ്രൂപ്പ് ചാമ്പ്യന്മാരായി; തുടക്കം ബ്രസീലിയൻ ജഴ്‌സിയിൽ കാസിമിറോയുടെ ആദ്യ ഗോളോടുകൂടി; ഒടുക്കം വില്ലിയന്റെ 90ാം മിനിട്ടിലെ ഇടിവെട്ട് ഗോളുമായി; ബൊളീവിയയെ തകർത്ത് വെനസ്വേലയും ക്വാർട്ടറിൽ

മറുനാടൻ ഡെസ്‌ക്‌

സാവോപോളോ: കഴിഞ്ഞ കോപ്പയിൽ തങ്ങളെ തോൽപ്പിച്ച് പുറത്താക്കിയ പെറുവിനെ തകർത്തെറിഞ്ഞ് കാനറിപട.കോപ്പ അമേരിക്കയിൽ പെറുവിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകർത്താണ് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ കടന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീലിന്റെ മുന്നേറ്റം.

വെനസ്വേലയോട് ഗോൾരഹിത സമനില വഴങ്ങിയതിന് ബ്രസീൽ കണക്കുതീർത്തത് പെറുവിന്റെ പോസ്റ്റിൽ. തുടക്കമിട്ടത് കാസിമിറോ, പന്ത്രണ്ടാം മിനിറ്റിൽ. ബ്രസീലിയൻ ജഴ്‌സിയിൽ കാസിമിറോയുടെ ആദ്യ ഗോൾകൂടിയായിരുന്നു ഇത്. പെറുഗോളിയുടെ പിഴവ് മുതലെടുത്ത റോബർട്ടോ ഫിർമിനോയുടെ ഊഴമായിരുന്നു ഇരുപത്തിയൊന്നാം മിനിറ്റിൽ.ആദ്യപകുതിയിൽ തന്നെ മൂന്നു ഗോളുകളടിച്ച് പെറുവിനെ സമ്മർദത്തിലാഴ്‌ത്തിയ ബ്രസീൽ മത്സരത്തിലുടനീളം ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് മൈതാനത്തു കണ്ടത്.

ടീമിൽ തിരിച്ചെത്തിയ എവർട്ടൻ സാന്റോസിന്റെ മിന്നുംഗോളായിരുന്നു മൂന്നാമത്തേത്. രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ഡാനി ആൽവസിന്റെ വെടിയുണ്ടയോടയായിരുന്നു തുടക്കം. കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ, വില്യന്റെ സുന്ദര ഗോൾ. റിച്ചർലിസണും നെരസിനും പകരം ഗബ്രിയേൽ ജീസസിനെയും എവേർട്ടനെയും ഉൾപ്പെടുത്തി ഇറങ്ങിയ ബ്രസീൽ ഏഴ് പോയിന്റോടെയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്.

മുൻപത്തെ രണ്ടു മത്സരങ്ങളിലും ബ്രസീലിന് ആദ്യപകുതിയിൽ ഗോൾ കണ്ടെത്താനായിരുന്നില്ല. എന്നാൽ പെറുവിനെതിരെ രണ്ടു ഗോൾ നേടിയപ്പോൾ തന്നെ കളിയുടെ ഗതി മാറിയെന്ന് കോച്ച് ടിറ്റെ പറഞ്ഞു. കാസെമിറോയ്ക്ക് രണ്ടാമത്തെ മഞ്ഞക്കാർഡും ലഭിച്ചതോടെ മൂന്നാമത്തെ മത്സരം നഷ്ടമാകും. വ്യാഴാഴ്ചയാണ് ബ്രസീലിന്റെ ക്വാർട്ടർ പോരാട്ടം. മൂന്നു മത്സരങ്ങളിൽ നിന്നായി രണ്ടു വിജയവും ഒരു സമനിലയും നേടിയാണ് ബ്രസീൽ ക്വാർട്ടറിൽ കടന്നത്. ഗ്രൂപ്പ് എ ജേതാക്കളും ബ്രസീലാണ്. കഴിഞ്ഞ തവണ കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബ്രസീൽ പുറത്തായിരുന്നു.

മറ്റൊരു മത്സരത്തിൽ ബൊളീവിയയെ 3-1നു തകർത്ത് വെനസ്വേലയും ക്വാർട്ടറിൽ കടന്നു. ഡാർവിൻ മാച്ചിസിന്റെ ഇരട്ടഗോൾ പ്രകടനമാണ് ബൊളീവിയയ്‌ക്കെതിരെ വെനസ്വേലയ്ക്കു മിന്നും വിജയം സമ്മാനിച്ചത്. ജോസഫ് മാർട്ടിനസിന്റെ വകയായിരുന്നു വെനസ്വേലയുടെ മൂന്നാം ഗോൾ. ലിയോണൽ അരുവാസാണ് ബൊളീവിയയുടെ ആശ്വാസ ഗോൾ നേടിയത്.

ഇതോടെ ബ്രസീലിനു പിന്നാലെ ഗ്രൂപ്പ് എയിൽ നിന്നു ക്വാർട്ടറിലെത്തുന്ന രണ്ടാമത്തെ ടീമായി വെനസ്വേല. മൂന്നു മത്സരങ്ങളിൽ നിന്നായി ഒരു ജയം, രണ്ടു സമനില ഉൾപ്പെടെ അഞ്ചു പോയിന്റാണ് വെനസ്വേലയ്ക്കുള്ളത്. ഇന്ന് ഖത്തറും അർജന്റീനയും കൊളംബിയയയും പാരഗ്വായും ഏറ്റുമുട്ടും. രാത്രി 12.30നാണു മത്സരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP