Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് നേരിടുന്നത് ഖത്തറിനെ; ഏഷ്യൻ കപ്പ് ജേതാക്കളെ നേരിടാൻ ഇന്ത്യൻ ക്യാപ്റ്റന് ഇറങ്ങാനാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല; പരസ്പരം ഏറ്റുമുട്ടിയ ഏഴിൽ അഞ്ചു മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിൽ ഖത്തറും രണ്ട് മത്സരത്തിൽ കരുത്തന്മാരെ സമനിലയിൽ തളയ്ക്കാനായതിന്റെ ആശ്വാസത്തിൽ ഇന്ത്യയും; ആവേശത്തോടെ പ്രവാസി സമൂഹവും

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് നേരിടുന്നത് ഖത്തറിനെ; ഏഷ്യൻ കപ്പ് ജേതാക്കളെ നേരിടാൻ ഇന്ത്യൻ ക്യാപ്റ്റന് ഇറങ്ങാനാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല; പരസ്പരം ഏറ്റുമുട്ടിയ ഏഴിൽ അഞ്ചു മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിൽ ഖത്തറും രണ്ട് മത്സരത്തിൽ കരുത്തന്മാരെ സമനിലയിൽ തളയ്ക്കാനായതിന്റെ ആശ്വാസത്തിൽ ഇന്ത്യയും; ആവേശത്തോടെ പ്രവാസി സമൂഹവും

മറുനാടൻ ഡെസ്‌ക്‌

ദോഹ: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും. അൽ സദ്ദ് സ്പോർട്സ് ക്ലബ്ബിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് കളി ആരംഭിക്കുന്നത്. ഏഷ്യൻ കപ്പ് ജേതാക്കളും ഫിഫ റാങ്കിങ്ങിൽ 62-ാം സ്ഥാനക്കാരുമായ ഖത്തറിനെയാണ് ഫിഫ റാങ്കിങ്ങിൽ 103-ാം സ്ഥാനത്തുള്ള ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി പരിക്ക് കാരണം ഇന്ന് കളിക്കുമോ എന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. ശനിയാഴ്ച ദോഹയിൽ എത്തിയ ശേഷമുള്ള പരിശീലനത്തിൽനിന്നു ഛേത്രി വിട്ടുനിൽക്കുകയാണ്.

നിർണായക മത്സരത്തിൽ ഛേത്രി ഇറങ്ങിയില്ലെങ്കിൽ, അത് ഇന്ത്യയ്ക്ക് കൂടുതൽ തിരിച്ചടിയാകും. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ, ഇന്ത്യയുടെ ഏറ്റവും കരുത്തരായ എതിരാളികളാണു ഖത്തർ. ഇന്ത്യയും ഖത്തറും തമ്മിൽ ഇതുവരെ ഏഴ് തവണയാണ് കളിക്കളത്തിൽ ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ അഞ്ചുതവണയും വിജയം ഖത്തർ കരസ്ഥമാക്കുകയായിരുന്നു. രണ്ട് തവണ സമനില പിടിക്കാനായത് മാത്രമാണ് ഇന്ത്യയുടെ ആശ്വാസം.

ടീമിൽ അഴിച്ചുപണി ഉണ്ടാകുമെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പറഞ്ഞ സാഹചര്യത്തിൽ മധ്യനിരയിൽ തുടക്കം മുതൽ സഹലിനെയും പ്രതീക്ഷിക്കാം. സഹൽ അബ്ദുസമദ്, ആഷിഖ് കുരുണിയൻ, അനസ് എടത്തൊടിക എന്നിവരാണു ടീമിലെ മലയാളി താരങ്ങൾ. ഒമാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ആഷിഖിന് ഫസ്റ്റ് ഇലവൻ സ്ഥാനം ഏറെക്കുറെ ഉറപ്പാണ്.

മറുപകുതിയിൽ, ആഫ്രിക്കൻ വംശജരായ താരങ്ങളാണ് ഖത്തറിന്റെ കരുത്ത്. 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയരായ ഖത്തർ, കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിലും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തിരുന്നു. യോഗ്യതാ മത്സരങ്ങളിലെ ആദ്യ റൗണ്ടിൽ അഫ്ഗാനിസ്ഥാനെ 60ന് ആണ് ഖത്തർ തകർത്തത്.

ഒമാനെതിരായ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ആദ്യ പകുതിയിൽ ഇന്ത്യയുടെ കളി ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. 82-ാം മിനിറ്റുവരെ ഒരു ഗോളിനു മുന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയിൽ ഇന്ത്യൻ ടീമിന് വേഗതയും താളവും നഷ്ടമാകുന്നതാണു കണ്ടത്. ഇന്ത്യയുടെ തളർച്ച മുതലെടുത്ത് ഒമാൻ രണ്ടു ഗോളുകൾ അടിച്ച് കളി പിടിച്ചെടുക്കുകയായിരുന്നു. ഇന്റർ കോണ്ടിനെന്റൽ കപ്പിലും ഇതേ കളി കളിച്ച ഇന്ത്യയെ കണ്ടതാണ്. അന്ന് താജികിസ്ഥാനെതിരേ ആദ്യ രണ്ടുഗോളുകൾക്കു മുന്നിട്ടു നിന്നശേഷം രണ്ടാം പകുതിയിൽ നാലു ഗോൾ വഴങ്ങി പരാജയപ്പെടുകയായിരുന്നു. 90-മിനുട്ടും ഊർജം കാത്തു സൂക്ഷിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇന്ത്യ ടീം. ഫിറ്റ്നെസ് ലെവലിൽ ഇന്ത്യ പിറകിലാണെന്നു പരിശീലകരും കളിക്കാരും സമ്മതിക്കുന്നു.

ഖത്തർ ഇന്ത്യ ഫുട്‌ബോൾ മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിപ്പിലാണ് ഖത്തറിലെ പ്രവാസി സമൂഹം. ഇന്ത്യൻ ആരാധകർക്കായുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റുപോയതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ടിക്കറ്റ് വിൽപന നടന്നത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇനി ടിക്കറ്റ് ലഭിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP