Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം കളിയിലും ഭാഗ്യം ഒപ്പം നിന്നപ്പോൾ ഫ്രാൻസ് പ്രീ ക്വാർട്ടറിൽ; നിർഭാഗ്യം വിടാതെ പിന്തുടർന്നപ്പോൾ പെറു പുറത്തായി; ഡാനിഷ് പടയ്ക്ക് മമ്പിൽ വിറച്ച് സമനില കുരുക്കിൽ വീണ ഓസ്‌ട്രേലിയയുടെ ഭാവി ദൈവത്തിന്റെ കൈകളിൽ; മെസിപ്പടയുടെ രക്തം വീണു ചുവന്ന റഷ്യൻ മണ്ണിൽ ഇന്നലെ ഭാഗ്യവും നിർഭാഗ്യവും ഒരുപോലെ പന്ത് തട്ടിക്കളിച്ചു

രണ്ടാം കളിയിലും ഭാഗ്യം ഒപ്പം നിന്നപ്പോൾ ഫ്രാൻസ് പ്രീ ക്വാർട്ടറിൽ; നിർഭാഗ്യം വിടാതെ പിന്തുടർന്നപ്പോൾ പെറു പുറത്തായി; ഡാനിഷ് പടയ്ക്ക് മമ്പിൽ വിറച്ച് സമനില കുരുക്കിൽ വീണ ഓസ്‌ട്രേലിയയുടെ ഭാവി ദൈവത്തിന്റെ കൈകളിൽ; മെസിപ്പടയുടെ രക്തം വീണു ചുവന്ന റഷ്യൻ മണ്ണിൽ ഇന്നലെ ഭാഗ്യവും നിർഭാഗ്യവും ഒരുപോലെ പന്ത് തട്ടിക്കളിച്ചു

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: റഷ്യ വീണ്ടും ചുവക്കുകയാണ്. വിപ്ലവമല്ല ഈ നാടിനെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ചുവപ്പിക്കുന്നതെന്ന് മാത്രം. വിപ്ലവത്തിലൂടെ അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളിലൂടെ കമ്മ്യൂണിസത്തിനും വിപ്ലവത്തിനും പുതുമാനം നൽകിയ ചെഗുവേരയുടെ നാട്ടിൽ നിന്നെത്തി ഒരു കൂട്ടരുടെ രക്തമാണ് ഈ മണ്ണിനെ ഇന്ന് ചുവപ്പിക്കുന്നത്. ചെഗുവേരയുടെ സ്വന്തം അർജന്റീന റഷ്യയിൽ കിതയ്ക്കുകയാണ്. ലോകത്ത് ഏറ്റവും ആരാധകരുള്ള ഫുട്‌ബോൾ ടീം വീണ്ടും ലോകകപ്പ് ഫുട്‌ബോളിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇനിയൊരു ദൈവത്തിന്റെ കൈയ്ക്കും റഷ്യയിൽ മെസിയുടെ അർജന്റീനയെ രക്ഷിക്കാനാകില്ലെന്ന് തന്നെയാണ് വിലയിരുത്തൽ.

പ്രീക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസും തൊട്ടടുത്തെത്തിയ ഡെന്മാർക്കും പ്രതീക്ഷയിലാണ്. അങ്ങനെ ഗ്രൂപ്പ് സിയിൽ കാര്യങ്ങൾ വ്യക്തമാവുകയാണ്. വിഡിയോ അസിസ്റ്റന്റ് സിസ്റ്റം രക്ഷയ്‌ക്കെത്തിയ മൽസരത്തിലാണ് ഓസ്‌ട്രേലിയ ഡെന്മാർക്കിനെ സമനിലയിൽ തളച്ചത്. ഇതോടെ ആദ്യ മൽസരത്തിൽ പെറുവിനെ തോൽപ്പിച്ച ഡെന്മാർക്ക് നാലു പോയിന്റുമായി പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. ആദ്യ മൽസരത്തിൽ ഫ്രാൻസിനോട് പൊരുതിത്തോറ്റ ഓസ്‌ട്രേലിയയ്ക്ക് ഒരു പോയിന്റേ ഉള്ളൂവെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ട്. കണക്കിലെ കളികളിലും ജയിക്കണം. രണ്ട് വിജയവുമായി ഫ്രാൻസ് കുതിക്കുകയാണ്. തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഫ്രാൻസ് ലോകകപ്പ് പ്രീക്വാർട്ടറിൽ ഇടമുറപ്പിച്ചു. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുൻ ചാമ്പ്യന്മാർ തോൽപിച്ചത്.

ഗ്രൂപ്പ് ഡിയെ മരണഗ്രൂപ്പായി കണ്ടവർക്ക് തെറ്റിയില്ല. മഞ്ഞുമലയുടെ കട്ടിയുമായെത്തിയ ഐസ് ലണ്ടിന് മുന്നിൽ കഷ്ടിച്ച് പിടിച്ചു നിന്ന് മാനം കാക്കുന്ന സമനില. പക്ഷേ ഈ കളിയിൽ അർജന്റീനയുടെ പോരാട്ടവീര്യം അലിഞ്ഞു തീർന്നിരുന്നു. താരതമ്യേനെ കരുത്തുള്ള ക്രോയേഷ്യയ്ക്ക് മുന്നിൽ ടീമെന്ന ആത്മവിശ്വാസം പോലും കാട്ടാതെ മെസിയും കൂട്ടരും തലതാഴ്‌ത്തി. റഷ്യയെ ചുവപ്പിച്ച കണ്ണൂനീർ തുള്ളികൾ വീഴ്‌ത്തി അർജന്റീന ആരാധകരെ നിരാശരാക്കി. അങ്ങനെ ഗ്രൂപ്പ് ഡിയിൽ നിന്നും ക്രൊയേഷ്യ മുന്നോട്ട് കുതിക്കുകയാണ്. ഇനിയുള്ള മത്സരത്തിൽ ഐസ് ലണ്ട് കളി മികവ് തുടർന്നാൽ അർജന്റീന പുറത്ത്. ഇതാണ് ലോകകപ്പിലെ കഴിഞ്ഞ ദിവസം കണ്ട കാഴ്ചകളുടെ സാരം.

ഓസ്‌ട്രേലിയയെ കരയിപ്പിച്ച് നിർഭാഗ്യം

ഡെന്മാർക്കിനെ പിടിച്ചു കെട്ടാൻ ഓസ്‌ട്രേലിയ സർവ്വ അടവും പുറത്തെടുത്തു. ഏഴാം മിനിറ്റിൽത്തന്നെ ക്രിസ്റ്റ്യൻ എറിക്‌സനിലൂടെ ലീഡ് നേടിയ ഡെന്മാർക്കിനെ വിഎആറിന്റെ സഹായത്തോടെ ലഭിച്ച പെനൽറ്റിയിൽനിന്ന് ഗോൾ നേടിയാണ് ഓസീസ് സമനിലയിൽ കുരുക്കിയത്. പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് മിലി ജെഡിനാക് ഈ ലോകകപ്പിലെ തന്റെ രണ്ടാം ഗോളും കുറിച്ചു.

ജയം അനിവാര്യമായിരുന്ന മത്സരത്തിലാണ് ഡെന്മാർക്കിനോട് ഓസ്ട്രേലിയ സമനില വഴങ്ങിയത്. ആദ്യ മത്സരത്തിൽ വിജയം നേടിയ ഡെന്മാർക്ക് തങ്ങളുടെ സാധ്യത ഉറപ്പിച്ചു. വാറിലൂടെ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ഓസിസിന്റെ ഗോൾ പിറന്നത്. ക്രിസ്റ്റ്യൻ എറിക്സൺ ഏഴാം മിനിറ്റിൽ തന്നെ ഡെന്മാർക്കിന് ലീഡ് നൽകിയിരുന്നു. ഇടത് ഭാഗത്ത് നിന്ന് നിക്കോളായി ജോർഗെൺസണിനൽ നിന്ന് ലഭിച്ച പന്ത് ബോക്സിന്റെ മധ്യത്തിൽ നിന്ന് ക്രിസ്റ്റിയൻ എറിക്സൺ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

38-ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്നുള്ള പന്ത് യൂസഫ് യൂറാറിയുടെ കൈയിൽ തട്ടിയതിനാണ് ഓസ്ട്രേലിയക്ക് അനുകൂലമായ പെനാൽറ്റി വാറിലൂടെയാണ് ലഭിച്ചത്. മൈൽ ജെഡിനാകാണ് സ്‌കോർ ചെയ്തത്.

പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച ഡാനിഷ് നിരക്ക് മത്സരത്തിൽ നിരവധി അവരങ്ങൾ വീണുകിട്ടിയെങ്കിലും കൂടുതൽ ഗോളുകൾ നേടാനായില്ല. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് തോറ്റതിന്റെ സമ്മർദ്ദത്തിലിറങ്ങിയ ഓസീസിന്റെ മുന്നേറ്റം പലപ്പോഴും ബോക്സിന് പുറത്തവസാനിച്ചു. അവസാന ഘട്ടത്തിൽ ഒന്ന് രണ്ട് തുറന്ന അവസരങ്ങൾ ലഭിച്ചെങ്കിലും ഡാനിഷ് ഗോളി കെസ്പർ ഷ്മിഷേലിന്റെ തർപ്പൻ സേവുകളിലൂടെ അതിന് വിരാമമായി.

വിവാ.... ഫ്രാൻസ്

പെറുവിനെതിരെ മുപ്പത്തിനാലാം മിനിറ്റിൽ കൈലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ വിജയഗോൾ നേടിയത്. രണ്ട് കളികളിൽ നിന്ന് ആറുപോയിന്റുള്ള ഫ്രാൻസ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമതാണ്. രണ്ടു കളികളിലും തോറ്റ പെറു പുറത്തായിക്കഴിഞ്ഞു.തോറ്റ് പുറത്തായെങ്കിലും ഫ്രാൻസിനെ നന്നായി വെള്ളം കുടിപ്പിക്കാൻ പെറുവിനായി. ബോൾ പൊസിഷനിലും പാസുകളുടെ കൃത്യതയിലും മുന്നിൽ നിന്ന അവർക്ക് ഗോൾ മാത്രം നേടാനായില്ല.

അടുത്ത മത്സരത്തിൽ തോറ്റാലും ഓസ്‌ട്രേലിയ പെറുവിനെ തോൽപിച്ചാലും ആറു പോയിന്റുള്ള ഫ്രാൻസിന് പ്രീക്വാർട്ടറിലെത്താം. അതേ സമയം ആദ്യ മത്സരത്തിലും പരാജയപ്പെട്ട പെറു ടൂർണ്ണമെന്റിൽ നിന്ന് പുറത്തായി. ഗ്രൂപ്പിൽ അവർക്കിനി ഓസ്ട്രേലിയയുമായിട്ടാണ് മത്സരം. ഫ്രാൻസിന് ഇനി ഡെന്മാർക്കുമായി മത്സരം ബാക്കിയുണ്ടെങ്കിലും ആശങ്കയ്ക്ക് വകയില്ല.

കണ്ണീരുമായി മറഡോണയും മെസിയും

റഷ്യൻ മണ്ണിൽ മെസ്സിപ്പടയുടെ മുന്നേറ്റത്തിൽ വമ്പു പറഞ്ഞ അർജന്റീന ആരാധകരെ കണ്ണീരിലാഴ്‌ത്തി നിഷ്‌നിയിലെ സ്റ്റേഡിയത്തിൽ ക്രൊയേഷ്യയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ക്രൊയേഷ്യ ജയിച്ചുകയറിയത്. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ മൂന്നു ഗോളുകൾ. കളത്തിലും പുറത്തും കാഴ്ചക്കാരായി രണ്ട് ദൈവങ്ങൾ. ലയണൽ മെസ്സിയും ഡീഗോ മാറഡോണയും. ലോകകപ്പ് ഫുട്ബോളിലെ നാണംകെട്ടൊരു ചരിത്രമാണ് മെസ്സിയും കൂട്ടരും നിസ്നിയിലെ നൊവ്ഗൊരാഡ് സ്റ്റേഡിയത്തിൽ കുറിച്ചത്.

ഗ്രൂപ്പ് ഡിയിലെ രണ്ടാം പോരാട്ടത്തിൽ ക്രൊയേഷ്യയോട് മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മെസ്സിയുടെ ടീം ക്രൊയേഷ്യയോട് തോറ്റത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷമായിരുന്നു മൂന്ന് ഗോളുകളും. ആദ്യത്തേത് ഗോളി വില്ലി കബല്ലെറോയുടെ സമ്മാനം. പിന്നെ ലൂക്ക മോഡ്രിച്ചും ഇവാൻ റാക്കിറ്റിച്ചും എണ്ണം പറഞ്ഞ രണ്ട് ഗോളുകൾ അടിച്ചുകയറ്റി. ഈ ജയത്തോടെ ലോകകപ്പിൽ അർജന്റീനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ ത്രിശങ്കുവിലായിരിക്കുകയാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് അവർക്കുള്ളത്. രണ്ട് കളികളും ജയിച്ച ക്രൊയേഷ്യ പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. നൈജീരിയയുമായാണ് അർജന്റീനയുടെ അടുത്ത കളി.

അതിൽ അവർ ജയിക്കുകയും ഐസ്ലൻഡ് അടുത്ത രണ്ട് മത്സരങ്ങളും തോൽക്കുകയോ സമനിലയിലാവുകയോ ചെയ്താൽ മാത്രമേ അർജന്റീനയ്ക്ക് പ്രതീക്ഷയുള്ളൂ. ഇല്ലെങ്കിൽ 2002നുശേഷം ഒരിക്കൽക്കൂടി ഒന്നാം റൗണ്ടിൽ തന്നെ തോറ്റു മടങ്ങേണ്ടിവരും അവർക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP