Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരേ ഒരു മിശിഹാ...; മിലാനിൽ നടന്ന ചടങ്ങിൽ പ്രവചനങ്ങളെ കാറ്റിൽ പറത്തി ആറാം തവണയും മികച്ച ലോക ഫുട്ബോളറായി ലയണൽ മെസ്സി; ഇതിഹാസ താരം പിന്തള്ളിയത് റൊണാൾഡോയേയും പുരസ്‌കാരത്തിന് സാധ്യത കൂടുതൽ കൽപിച്ചിരുന്ന വാൻഡെയ്ക്കിനേയും; മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മേഗൻ റപ്പിനോ

ഒരേ ഒരു മിശിഹാ...; മിലാനിൽ നടന്ന ചടങ്ങിൽ പ്രവചനങ്ങളെ കാറ്റിൽ പറത്തി ആറാം തവണയും മികച്ച ലോക ഫുട്ബോളറായി ലയണൽ മെസ്സി; ഇതിഹാസ താരം പിന്തള്ളിയത് റൊണാൾഡോയേയും പുരസ്‌കാരത്തിന് സാധ്യത കൂടുതൽ കൽപിച്ചിരുന്ന വാൻഡെയ്ക്കിനേയും; മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മേഗൻ റപ്പിനോ

മറുനാടൻ മലയാളി ബ്യൂറോ

മിലാൻ: ഫിഫയുടെ മികച്ച ലോക ഫുട്ബോളറായി അർജന്റിനൻ താരം ലയണൽ മെസ്സിയെ തിരഞ്ഞെടുത്തു. റൊണാൾഡോ, വാൻഡെയ്ക്ക് എന്നിവരെ മറകടന്നാണ് മെസ്സി നേട്ടം സ്വന്തമാക്കിയത്. ഇത് ആറാം തവണയാണ് മെസ്സിയെ ലോക ഫുട്ബോളറായി ഫിഫ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള യുവേഫ പുരസ്‌കാരം നേടിയ ലിവർപൂളിന്റെ ഹോളണ്ട് താരം വിർജിൽ വാൻഡെയ്ക് ഫിഫയുടേയും മികച്ച താരമാകുമെന്ന പ്രതീക്ഷകളെ തകിടം മറിച്ചാണ് ലയണൽ മെസ്സി ലോക അംഗീകാരം നേടിയത്. മുൻപ് 5 തവണ ഫിഫ ബലോൻ ദ്യോർ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള മെസ്സി 2009ൽ ഫിഫയുടെ പ്ലെയർ ഓഫ് ദി ഇയറുമായിട്ടുണ്ട്. യുഎസ് താരം മേഗൻ റപ്പിനോ മികച്ച വനിതാതാരമായി തിരഞ്ഞെടുക്കപ്പെട്ടു. വനിതാ ലോകകപ്പിൽ ഗോൾഡൻ ബോളും ഗോൾഡൻ ഷൂവും നേടിയ താരമാണ് മേഗൻ റെപ്പിനോ.

പുരസ്‌കാരം നേടിയാൽ ഇറ്റലിയുടെ ഫാബിയോ കന്നാവരോയ്ക്കു ശേഷം ലോകത്തെ മികച്ച ഫുട്‌ബോളറാകുന്ന ഡിഫൻഡറാകും വാൻ ദെയ്ക് എന്ന പ്രവചനങ്ങളെ തകർത്തുകൊണ്ടാണ് മെസ്സി മികച്ച താരമായി തിരഞ്ഞെടുത്തത്. ടീമിന് വേണ്ടിയുള്ള ഉജ്ജ്വല പ്രകടനങ്ങളാണ് മെസ്സിക്ക് വീണ്ടും പുരസ്‌കാരം നേടിക്കൊടുത്തത്. കഴിഞ്ഞ സീസണിൽ ലാലിഗയിലെ മാത്രമല്ല യൂറോപ്പിലെ തന്നെ ടോപ്പ് സ്‌കോറർ ആയിരുന്നു ബാഴ്‌സലോണ താരം ലയണൽ മെസി. ലാലിഗ കിരീടം സ്വന്തമാക്കിയതിനൊപ്പം ചാമ്പ്യൻസ് ലീഗിലെ ടോപ്പ് സ്‌കോറർ കൂടിയായിരുന്നു മെസി. കഴിഞ്ഞ വനിതാ ലോകകപ്പിൽ അമേരിക്കയ്ക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കാണ് മേഗൻ റാപിനോ വഹിച്ചത്. ഇതാണ് താരത്തെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരത്തിന് അർഹയാക്കിയത്. റെയിൻ എഫ്‌സിയാണ് 34കാരിയായ റാപിനോയുടെ ക്ലബ്ബ്. ഫ്രാൻസിൽ നടന്ന ഫിഫ വനിതാ ലോകകപ്പിൽ റാപിനോ നടത്തിയ പ്രകടനമാണ് വനിതാ അവാർഡ് ജേതാവിനെ നിർണ്ണയിക്കുന്നതിൽ പ്രധാന ഘടകമായത്. നോമിനേറ്റ് ചെയ്യപ്പെട്ട പന്ത്രണ്ട് വനിതാ താരങ്ങളിൽ 11 പേരും ഫ്രാൻസിൽ നടന്ന ഫിഫ വനിതാ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളായിരുന്നു.

മികച്ച ഗോളിനുള്ള ഫിഫ പുഷ്‌കാസ് അവാർഡിന് ഡാനിയേൽ സോറി അർഹനായി. ലയണൽ മെസിയെയും ക്വിന്റേറോയെയും മറികടന്നാണ് സോറിയുടെ നേട്ടം. ബ്രസീലിയൻ ഗോൾകീപ്പർ അലിസൺ ബെക്കർ തന്നെയാണ് മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. ഡച്ച് താരം സാറി വാൻ വീനെൻഡാളിന് ആണ് മികച്ച വനിതാ ഗോൾകീപ്പർക്കുള്ള പുരസ്‌കാരം. മികച്ച പരിശീലകനായി ലിവർപൂളിന്റെ യുർഗൻ ക്ലോപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ഗ്വാർഡിയോള, പൊച്ചറ്റീനോ എന്നിവരെ മറികടന്നാണ് നേട്ടം. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ് യുർഗൻ ക്ലോപ്പ്. അതേസമയം മികച്ച പരിശീലകയായി ജിൽ എലിസ് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം മികച്ച ഫാൻ അവാർഡ് സിൽവിയ ഗ്രീകോ സ്വന്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP