18ാം ഏഷ്യൻ ഗെയിംസിന് ജക്കാർത്തയിൽ വർണാഭമായ കൊടിയിറക്കം; മെഡൽ കൊയ്ത്തിലെ ചൈനീസ് തേരോട്ടത്തിന് ജക്കാർത്തയിലും സ്റ്റോപ്പില്ല; 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവും ഉൾപ്പടെ 69 മെഡലുകളുമായി എട്ടാമത് ഫിനിഷ് ചെയ്ത് ഇന്ത്യ; ഇനി നാല് വർഷങ്ങൾക്കപ്പുറം ചൈനയിലെ ഹ്വാങ്ചൗയിൽ
September 02, 2018 | 10:41 PM IST | Permalink

സ്പോർട്സ് ഡെസ്ക്
ജക്കാർത്ത: 16 ദിവസം നീണ്ട് നിന്ന ഏഷ്യൻ കായികമാമാങ്കത്തിന് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ വർണാഭമായ കൊടിയിറക്കം. മഴ കാരണം വൈകിയെങ്കിലും അതൊന്നും തന്നെ സമാപന ചടങ്ങിന്റെ പകിട്ട് കുറച്ചില്ല.മെഡൽ വേട്ടയിൽ റെക്കോഡിട്ട് ഇന്ത്യ ചരിത്രമെഴുതിയതാണ് പതിനെട്ടാം ഏഷ്യൻ ഗെയിംസിന്റെ പ്രത്യേകത. ജക്കാർത്തയിൽ വർണാഭമായ പരിപാടികളോടെയാണ് ഏഷ്യൻ ഗെയിംസ് സമാപിച്ചത്. സമാപനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ ഹോക്കി വനിതാ ടീം ക്യാപ്റ്റൻ റാണി രാംപാൽ ത്രിവർണ പതാകയേന്തി.
ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിദിഡോയും വൈസ് പ്രസിഡന്റ് മുഹമ്മദ് യൂസുഫ് കല്ലയും ചടങ്ങിൽ പങ്കെടുത്തു.മാർച്ച് പാസ്റ്റിനൊടുവിൽ ഏഷ്യൻ ഒളിമ്പിക് കൗൺസിൽ പ്രസിഡന്റ് അഹമ്മദ് അൽഫഹത് അൽ അഹമ്മദ് അൽ സബാഹ് ഗെയിംസ് സമാപിച്ചതായി പ്രഖ്യാപിച്ചു. തുടർന്ന് 2022-ൽ ഏഷ്യൻ ഗെയിംസിന് ആതിഥ്യം വഹിക്കുന്ന ചൈനയിലെ ഹ്വാങ്ചൗ നഗരത്തിന്റെ പ്രതിനിധി ഏഷ്യൻ ഗെയിംസ് ദീപശിഖ ഏറ്റുവാങ്ങി. മൂന്നാം തവയണാണ് ചൈന ഗെയിംസ് ആതിഥേയാരാകാൻ ഒരുങ്ങുന്നത്. 1990ൽ ബെയ്ജിങ്ങും 2010ൽ ഗ്വാങ്ചൗവും ഏഷ്യൻ ഗെയിംസിന് വേദിയായിട്ടുണ്ട്,
132 സ്വർണവും 92 വെള്ളിയും 65 വെങ്കലവും ഉൾപ്പെടെ 289 മെഡലുകളുമായി ചൈന ഏഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനം നിലനിർത്തി. 75 സ്വർണവും 56 വെള്ളിയും 74 വെങ്കലവും ഉൾപ്പെടെ 205 മെഡലുകളുമായി ജപ്പാൻ രണ്ടാമതും 49 സ്വർണവും 58 വെള്ളിയും 70 വെങ്കലവും ഉൾപ്പെടെ 177 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതുമെത്തി. ഇൻഡൊനീഷ്യ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ, ചൈനീസ് തായ്പേയ് എന്നീ രാജ്യങ്ങളാണ് യഥാക്രമം നാലുമുതൽ ഏഴുവരെ സ്ഥാനങ്ങളിലുള്ളത്.
ജക്കാർത്തയിൽ ആകെ 69 മെഡലുകൾ നേടിയാണ് ഇന്ത്യ മെഡൽവേട്ടയിൽ റെക്കോർഡിട്ടത്. 2010ൽ ഗ്വാങ്ചൗവിൽ 65 മെഡലുകൾ നേടിയതാണ് ഇവിടെ മറികടന്നത്. 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവും ഉൾപ്പെടെയാണ് ഇന്ത്യ 69 മെഡൽ നേടിയത്. ഇതിൽ സ്വർണത്തിന്റേയും വെള്ളിയുടേയും എണ്ണത്തിലും ഇന്ത്യ പുതിയ റെക്കോഡിട്ടു. പ്രതീക്ഷയർപ്പിച്ചിരുന്ന വനിത ബാഡ്മിന്റണിൽ പിവി സിന്ധു ഫൈനലിൽ തോറ്റതും പുരുഷ ടീം ഹോക്കിയിൽ വെങ്കലത്തിലൊതുങ്ങിയതും ഡിസ്കസ് ത്രോയിൽ സീമ പുനിയ വെങ്കല്തതിലൊതുങ്ങിയതും ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടിയായി.
ഗെയിംസിൽ ഇന്ത്യക്കായി മലയാളികളും മികച്ച നേട്ടമാണ് കാഴ്ചവെച്ചത് ഇന്ത്യക്ക് വേണ്ടി 1500 മീറ്ററിൽ ജിൻസൻ ജോൺസൻ 400 മീറ്റർ റിലേയിൽ വനിത താരം വിസ്മയ ഉൾപ്പെട്ട ടീമിന് ലഭിച്ച സ്വർണം എന്നിങ്ങനെയും, 400 മീറ്ററിൽ മുഹമ്മദ് അനസ് യഹിയ, ലോങ് ജംപിൽ വി.നീന പുരുഷ റിലേയിൽ അനസും കുഞ്ഞ് മുഹമ്മദും ഉൾപ്പെട്ട ടീം നേടിയ വെള്ളി എന്നിങ്ങനെയും 1500 മീറ്റർ വനിതാ വിഭാഗത്തിൽ പി യു ചിത്ര നേടിയ വെങ്കലം എന്നിവയുൾപ്പടെ 2 സ്വർണവും 3 വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ ആറ് മെഡലുകളിൽ മലയാളി സ്പർശവും ഉണ്ടായിരുന്നു.