Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഏഷ്യൻ ഗെയിംസ് പത്താം ദിനത്തിൽ ഇന്ത്യൻ കുതിപ്പിന് സാക്ഷ്യം വഹിച്ച് ജക്കാർത്ത; ഇന്നലെ മാത്രം നേടിയത് ഒരു സ്വർണമുൾപ്പടെ 9 മെഡലുകൾ; പി വി സിന്ധു സ്വർണം നഷ്ടപ്പെടുത്തിയപ്പോൾ 800 മീറ്ററിൽ സ്വർണവും വെള്ളിയും നേടി നിരാശ മാറ്റി ഇന്ത്യ; 800 മീറ്ററിൽ ജിൻസൺ ജോൺസനിലൂടെ മലയാളിക്ക് മൂന്നാം വെള്ളിത്തിളക്കം; ട്രാക്കിൽ മെഡൽ വാരി ഇന്ത്യ; ഒൻപത് സ്വർണവും 19 വെള്ളിയും 22 വെങ്കലവുമുൾപ്പടെ ഇന്ത്യ എട്ടാമത്

ഏഷ്യൻ ഗെയിംസ് പത്താം ദിനത്തിൽ ഇന്ത്യൻ കുതിപ്പിന് സാക്ഷ്യം വഹിച്ച് ജക്കാർത്ത; ഇന്നലെ മാത്രം നേടിയത് ഒരു സ്വർണമുൾപ്പടെ 9 മെഡലുകൾ; പി വി സിന്ധു സ്വർണം നഷ്ടപ്പെടുത്തിയപ്പോൾ 800 മീറ്ററിൽ സ്വർണവും വെള്ളിയും നേടി നിരാശ മാറ്റി ഇന്ത്യ; 800 മീറ്ററിൽ ജിൻസൺ ജോൺസനിലൂടെ മലയാളിക്ക് മൂന്നാം വെള്ളിത്തിളക്കം; ട്രാക്കിൽ മെഡൽ വാരി ഇന്ത്യ; ഒൻപത് സ്വർണവും 19 വെള്ളിയും 22 വെങ്കലവുമുൾപ്പടെ ഇന്ത്യ എട്ടാമത്

സ്പോർട്സ് ഡെസ്‌ക്‌

ജക്കാർത്ത: ഏഷ്യൻ ഗെയിംസിന്റെ പത്താം ദിനത്തിൽ ഇന്ത്യൻ കുതിപ്പിനാണ് ജക്കാർത്ത സാക്ഷ്യം വഹിച്ചത്. ഒരു സ്വർണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ ഒൻപതു മെഡലുകളാണ് ഇന്നലെ മാത്രം ഇന്ത്യ നേടിയത്. ഒൻപതു സ്വർണവും 19 വെള്ളിയും 22 വെങ്കലവും ഉൾപ്പെടെ 50 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.പുരുഷവിഭാഗം 800 മീറ്ററിൽ ഒന്നാമതെത്തിയ മൻജിത് സിങ്ങാണ് ഇന്ത്യയ്ക്ക് പത്താം ദിനത്തിലെ ഏക സ്വർണം സമ്മാനിച്ചത്. ഈയിനത്തിൽ മലയാളി താരം ജിൻസൺ ജോൺസന് വെള്ളിയും ലഭിച്ചതോടെ ഇന്ത്യക്ക് ഇരട്ടിമധുരമായി. ഇതോടെ ജക്കാർത്തയിൽ മെഡലുകളുടെ ആകെ എണ്ണം 50 കടത്താനും ഇന്ത്യക്ക് കഴിഞ്ഞു.

ജിൻസണ് കൂടി മെഡൽ ലഭിച്ചതോടെ മലയാളികൾക്ക് വീണ്ടും അഭിമാനത്തിന്റെ നിമിഷമായി. ഈ മീറ്റിൽ മുഹമ്മദ് അനസിനും വി നീനയ്ക്കും ശേഷം മെഡൽ നേടുന്ന മൂന്നാമത്തെ മെഡലായിരുന്നു ജിൻസൺ ജോൺസൺ നേടിയത്.

മുഹമ്മദ് അനസ്, എം.ആർ. പൂവമ്മ, ഹിമ ദാസ്, ആരോക്യ രാജീവ് എന്നിവരുൾപ്പെട്ട 4 ഗുണം 400 മീറ്റർ മിക്‌സ്ഡ് റിലേ ടീം, ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ പി.വി. സിന്ധു, അമ്പെയ്ത്ത് കോംപൗണ്ട് ഇനത്തിൽ പുരുഷ, വനിതാ ടീമുകൾ, വനിതകളുടെ കുറാഷിൽ (52 കിലോ) പിങ്കി ബൽഹാര എന്നിവരാണ് പത്താം ദിനത്തിൽ വെള്ളി നേടിയ താരങ്ങൾ. ടേബിൾ ടെന്നിസിൽ ചരിത്ര മെഡൽ സമ്മാനിച്ച പുരുഷ ടീം, വനിതാ വിഭാഗം കുറാഷിൽ (52 കിലോ) മാലപ്രഭാ ജാദവ് എന്നിവരുടെ വെങ്കലമെഡലുകളും ചേരുമ്പോൾ പത്താം ദിനത്തിലെ മെഡൽപ്പട്ടിക പൂർണം. അതേസമയം, മിക്‌സഡ് റിലേ മൽസരത്തിനിടെ ഇന്ത്യയുടെ ഹിമാ ദാസ് ബാറ്റൺ വാങ്ങുന്നത് ബഹ്‌റൈൻ താരം തടഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ബുധനാഴ്ച രാവിലെ വാദം കേൾക്കും.

സ്വർണ പ്രതീക്ഷ പുലർത്തിയിരുന്ന മൂന്നു ഫൈനലുകളിൽ (അമ്പെയ്ത്ത് കോംപൗണ്ട് ഫൈനലിൽ പുരുഷ, വനിതാ ടീമുകൾ, ബാഡ്മിന്റനിൽ പി.വി. സിന്ധു) തോറ്റ് വെള്ളിയിലൊതുങ്ങേണ്ടി വന്നതിന്റെ നിരാശയ്ക്കിടെയാണ് 800 മീറ്ററിൽ മൻജിത് സിങ്ങിലൂടെ ഇന്ത്യ സ്വർണം നേടിയത്. ഇതേയിനത്തിൽ മലയാളി താരം ജിൻസണിലൂടെ വെള്ളി കൂടി നേടിയതോടെ ഇരട്ടിമധുരവുമായി. അവസാന ലാപ്പിലെ അപ്രതീക്ഷിത കുതിപ്പിലൂടെ 1:46.15 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയാണ് മൻജിത് സിങ് സ്വർണം നേടിയത്. 1:46.35 സെക്കൻഡിൽ ജിൻസൺ രണ്ടാമതെത്തി.

ഇവർക്കു പിന്നാലെ 4 ഗുണം 400 മീറ്റർ മിക്‌സഡ് റിലേയിൽ മലയാളി താരം മുഹമ്മദ് അനസ്, പൂവമ്മ, ഹിമ ദാസ്, ആരോക്യ രാജീവ് എന്നിവരുൾപ്പെട്ട ടീമും വെള്ളി നേടി. 3:15.71 സെക്കൻഡിൽ ഓടിയെത്തിയാണ് ഇവരുടെ മെഡൽ നേട്ടം. ആഫ്രിക്കൻ കരുത്തിൽ കളത്തിലിറങ്ങിയ ബഹ്‌റൈൻ 3:11.89 സെക്കൻഡിൽ സ്വർണത്തിലേക്ക് ഓടിയെത്തി. 3:19.52 സെക്കൻഡോടെ കസാഖിസ്ഥാൻ വെങ്കലം നേടി. വനിതാ വിഭാഗം 200 മീറ്ററിൽ ദ്യുതി ചന്ദ് ഫൈനലിൽ കടന്നതും ഇന്ത്യയ്ക്കു നേട്ടമായി. 23 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ദ്യുതി, ഹീറ്റ്‌സിലെ ഏറ്റവും മികച്ച സമയത്തോടെയാണ് ഫൈനലിലേക്കു മുന്നേറിയത്. അതേസമയം, രണ്ടാം ഹീറ്റ്‌സിലോടിയ ഹിമ ദാസ് ഫൗൾ സ്റ്റാർട്ടിനെ തുടർന്ന് അയോഗ്യയാക്കപ്പെട്ടത് നിരാശയായി.


ഹെപ്റ്റാത്തലണിൽ നാല് ഇനങ്ങൾ പൂർത്തിയാകുമ്പോൾ ഇന്ത്യൻ താരങ്ങളായ സപ്ന ബർമൻ, പൂർണിക ഹെംബ്രാം എന്നിവര് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണി ആറാം സ്ഥാനത്തും 5000 മീറ്ററിൽ എൽ.സൂര്യ, സഞ്ജീവനി ജാദവ് എന്നിവർ യഥാക്രമം അഞ്ച്, ഏഴ് സ്ഥാനങ്ങളിലുമെത്തി.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ചരിത്രം കുറിച്ച് ബാഡ്മിന്റൻ സിംഗിൾസ് ഫൈനലിൽ കടന്ന പി.വി. സിന്ധു, ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പർ താരം തായ് സൂയിങ്ങിനോടാണ് തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ തോൽവി. സ്‌കോർ: 13-21, 16-21. നേട്ടം വെള്ളിയിലൊതുങ്ങിയെങ്കിലും ഏഷ്യൻ ഗെയിംസ് ബാഡ്മിന്റനിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു.

കുറാഷിൽ ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ച മാലപ്രഭയും വെള്ളി നേടിയ പിങ്കി ബൽഹാരയും.
പ്രധാന ടൂർണമെന്റുകളിൽ സിന്ധു നേരിടുന്ന അഞ്ചാമത്തെ തോൽവിയാണിത്. ഇക്കഴിഞ്ഞ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലും സിന്ധു ഫൈനലിൽ തോറ്റിരുന്നു. സ്പാനിഷ് താരം കരോലിന മാരിനോടാണ് അന്നു തോറ്റത്.

അമ്പെയ്ത്ത് കോംപൗണ്ട് ഫൈനലിൽ വനിതകൾക്കു പിന്നാലെ ഇന്ത്യൻ പുരുഷന്മാരും ദക്ഷിണകൊറിയയോടു തോറ്റു. ഷൂട്ടൗട്ടിലാണ് ഇന്ത്യൻ പുരുഷ ടീം തോൽവി സമ്മതിച്ചത്. നാലു സെറ്റ് പൂർത്തിയാകുമ്പോൾ ഇരു ടീമുകളും 229 പോയിന്റ് നേടി സമനില പാലിച്ചതിനെ തുടർന്നാണ് വിജയികളെ നിശ്ചയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. രജത് ചൗഹാൻ, അഭിഷേക് വർമ, അമാൻ സെയ്‌നി എന്നിവരുൾപ്പെട്ടതാണ് ഇന്ത്യൻ ടീം. ഇ

ആദ്യ നടന്ന വനിതാ വിഭാഗം കോംപൗണ്ട് ഫൈനലിൽ മുസ്‌കൻ കിരർ, മധുമിത കുമാരി, സുരേഖ ജ്യോതി എന്നിവരുൾപ്പെട്ട ടീമാണ് ദക്ഷിണ കൊറിയയോടു തോറ്റ് വെള്ളിയിലൊതുങ്ങിയത്. സ്‌കോർ: 231-228. അത്യന്തം വാശിയേറിയ പോരാട്ടത്തിൽ മികച്ച തുടക്കമിട്ട ഇന്ത്യയ്ക്ക് അവസാന സെറ്റിലാണ് കാലിടറിയത്. ആദ്യ മൂന്നു സെറ്റുകൾ പൂർത്തിയാകുമ്പോൾ ഇന്ത്യയ്ക്കും ദക്ഷിണകൊറിയയ്ക്കും 173 പോയിന്റ് വീതമായിരുന്നു. എന്നാൽ നാലാം സെറ്റിൽ ദക്ഷിണകൊറിയ 58 പോയിന്റ് നേടിയപ്പോൾ, ഇന്ത്യയ്ക്ക് 55 പോയിന്റേ നേടാനായുള്ളൂ.

കുറാഷ് വനിതാ വിഭാഗത്തിൽ (52 കിലോ) പിങ്കി ബൽഹാരയാണ് ഇന്ത്യയ്ക്കു വെള്ളിത്തിളക്കം സമ്മാനിച്ചത്. ഇതേ ഇനത്തിൽ സെമിയിൽ തോറ്റ മാലപ്രഭാ ജാദവ് വെങ്കലവും നേടി. ടേബിൾ ടെന്നിസ് ടീം ഇനത്തിൽ സെമിയിൽ തോറ്റെങ്കിലും വെങ്കലം സ്വന്തമാക്കി ഇന്ത്യൻ പുരുഷ ടീമും ചരിത്രമെഴുതി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ടേബിൾ ടെന്നിസ് മെഡലാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP