Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യൻ ഗെയിംസ്: ഡിസ്‌കസ് ത്രോയിൽ വികാസ് ഗൗഡയ്ക്ക് വെള്ളി മാത്രം; ബോക്‌സിങ്ങിൽ പൂജയ്ക്കും സരിതയ്ക്കും വെങ്കലം; സുവർണ പ്രതീക്ഷയുമായി മേരി കോം; ഹോക്കിയിൽ ഇന്ത്യ-പാക് ഫൈനൽ

ഏഷ്യൻ ഗെയിംസ്: ഡിസ്‌കസ് ത്രോയിൽ വികാസ് ഗൗഡയ്ക്ക് വെള്ളി മാത്രം; ബോക്‌സിങ്ങിൽ പൂജയ്ക്കും സരിതയ്ക്കും വെങ്കലം; സുവർണ പ്രതീക്ഷയുമായി മേരി കോം; ഹോക്കിയിൽ ഇന്ത്യ-പാക് ഫൈനൽ

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് ഡിസ്‌കസ് ത്രോയിൽ ഇന്ത്യക്ക് വെള്ളിമെഡൽ മാത്രം. സ്വർണ പ്രതീക്ഷയുമായി ഗെയിംസ് വില്ലേജിലെത്തിയ വികാസ് ഗൗഡയ്ക്ക് ഇറാന്റെ എഹ്‌സാൻ സദാദിക്കു പിന്നിൽ രണ്ടാമനാകാനേ കഴിഞ്ഞുള്ളൂ.

62.58 മീറ്ററിലേക്ക് ഡിസ്‌ക് എറിഞ്ഞാണ് വികാസ് വെള്ളി നേടിയത്. ഇക്കൊല്ലം നടന്ന ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വികാസ് സ്വർണം നേടിയിരുന്നു. ഇന്ത്യയുടെ ഉറച്ച സ്വർണമെഡൽ പ്രതീക്ഷയായിരുന്നു വികാസ്. തന്റെ കരിയർ ബെസ്റ്റായ 66.9 മീറ്ററിൽ എത്താൻ കഴിഞ്ഞിരുന്നെങ്കിൽ വികാസിന് സ്വർണം നേടാമായിരുന്നു. ഈ സീസണിൽ 65.62 മീറ്ററാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം. ഇത് ആവർത്തിക്കാനായിരുന്നെങ്കിലും വികാസിന്റെ പേരിൽ ഇന്ത്യയുടെ ദേശീയ ഗാനം ഗെയിംസ് വില്ലേജിൽ ഉയർന്നുകേൾക്കുമായിരുന്നു. ഈയിനത്തിൽ സ്വർണം നേടിയ എഹ്‌സാൻ ഹദാദി 65.11 മീറ്റർ പായിച്ചാണ് സ്വർണം നേടിയത്.

നേരത്തെ ബോക്‌സിങ്ങിൽ ഇന്ത്യയുടെ പൂജാറാണിയും സരിതാദേവിയും സെമി ഫൈനലിൽ തോറ്റ് വെങ്കലനേട്ടത്തിൽ ഒതുങ്ങി. 69 കിലോ വിഭാഗം സെമിഫൈനലിൽ ചൈനയുടെ ക്വിയാൻ ലീയോടാണ് പൂജാ റാണി പരാജയപ്പെട്ടത്. വിവാദ വിധിയെഴുത്തിനെത്തുടർന്നാണ് സരിതയ്ക്ക് സെമിയിൽ തോൽക്കേണ്ടി വന്നത്. ദക്ഷിണ കൊറിയൻ താരത്തിന് അനുകൂലമായി വിധിയെഴുതി ഇന്ത്യൻ താരത്തെ തോൽപ്പിക്കുകയായിരുന്നെന്നുകാട്ടി ഇന്ത്യ അപ്പീൽ നൽകി. ഇത് തള്ളിയതോടെയാണ് ഇന്ത്യൻ നേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്.

അതേസമയം, ഏഷ്യൻ ഗെയിംസ് വനിതകളുടെ ബോക്‌സിങ്ങിൽ മേരി കോം ഫൈനലിൽ പ്രവേശിച്ചു. വനിതകളുടെ ഫ്‌ളൈവെയ്റ്റ് വിഭാഗം (48-51 കിലോഗ്രാം) സെമി ഫൈനലിൽ ചൈനയുടെ ബാങ് തി ലീയെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിലെത്തിയത്. ഒളിംപിക്‌സ് വെങ്കലമെഡൽ ജേതാവാണ് മേരി കോം. വെങ്കലമുറപ്പിച്ച് ഇന്ത്യയുടെ വികാസ് കൃഷ്ണൻ ബോക്‌സിങ് സെമി ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.

ആതിഥേയരായ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീമും ഏഷ്യൻ ഗെയിംസിന്റെ ഫൈനലിൽ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. ആകാശ് ദീപാണ് ഇന്ത്യക്കുവേണ്ടി ഗോളടിച്ചത്. 12 വർഷത്തിനുശേഷമാണ് ഇന്ത്യൻ ടീം ഏഷ്യാഡ് ഹോക്കി ഫൈനലിൽ പ്രവേശിക്കുന്നത്. ഫൈനലിൽ പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ പോരാട്ടാം. ലീഗ് റൗണ്ടിൽ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റിരുന്നു.

മെഡൽ പ്രതീക്ഷകളുമായി മലയാളി താരം ടിന്റു ലൂക്കയും 800 മീറ്ററിന്റെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. ഹീറ്റ്‌സിൽ ഒന്നാമതായാണ് ടിന്റു ഫൈനലിലെത്തിയത്. കബഡിയിലും ഇന്ത്യയ്ക്ക് പ്രതീക്ഷകൾക്ക് വകയുണ്ട്. കബഡിയിൽ പുരുഷ ടീമിനു പുറകെ ഇന്ത്യൻ വനിതാ ടീമും സെമി ഫൈനലിൽ കടന്നു. ആദ്യ റൗണ്ടിലെ അവസാന മൽസരത്തിൽ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ ഇടം പിടിച്ചത്. ഇരുത്തി ആറിനെതിരെ 45 പോയിന്റുകൾക്കാണ് ഇന്ത്യയുടെ വിജയം. ഗ്രൂപ്പിലെ ആദ്യ മൽസരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു.

ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നീസ് പുരുഷ ഡബിൾസിൽ ഇന്ത്യൻ സഖ്യങ്ങൾ പ്രീ ക്വാർട്ടറിൽ കടന്നു. ഹർമീത് രാജുൽ, സൗമ്യജിത് ഘോഷ് സഖ്യം യെമനെതിരെ ഏകപക്ഷീയ വിജയം നേടി. അമർ ലാൽ, ബജ്രാചാര്യ സഖ്യം നേപ്പാളിനെ ഒന്നിനെതിരെ മൂന്നു ഗെയിമുകൾക്ക് തോൽപിച്ച് പ്രീക്വാർട്ടറിലെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP