Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ അഭിമാനം ഉയർത്തി മേരികോമിന് ബോക്‌സിംഗിൽ സ്വർണം; മൂന്ന് മക്കളുടെ അമ്മ നേടിയ വിജയം ലോകത്തിന് മുഴുവനും മാതൃക

ഇന്ത്യയുടെ അഭിമാനം ഉയർത്തി മേരികോമിന് ബോക്‌സിംഗിൽ സ്വർണം; മൂന്ന് മക്കളുടെ അമ്മ നേടിയ വിജയം ലോകത്തിന് മുഴുവനും മാതൃക

ഇഞ്ചിയോൺ: മേരികോം ഇഞ്ചിയോണിലേക്ക് വണ്ടി കയറിയപ്പോൾ പലർക്കും സംശയങ്ങളായിരുന്നു. വയസ്സ് 31,. രണ്ട് കൊല്ലം പുറത്തിരുന്നു. ഇപ്പോൾ മൂന്ന് കുട്ടികളുടെ അമ്മയും. ഈ മേരികോമിന് ഇഞ്ചിയോണിൽ എന്തുചെയ്യാനാകുമെന്ന വിമർശകർക്ക് ഇടിക്കൂട്ടിൽ പെൺകരുത്ത് മറുപടി നൽകി. ഇഞ്ചിയോണിൽ നിന്ന് മടങ്ങുമ്പോൾ വിമർശകരുടെ നാവടക്കാൻ കഴുത്തിൽ നിശ്ചയദാർഢ്യത്തിന്റെ സ്വർണ്ണ മെഡലുണ്ട്.

ബോക്‌സിങ്ങ് റിങ്ങിലെ മടക്കിവരവിലും മേരികോം മോശമാക്കിയില്ല. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ നേട്ടവുമായി മേരിക്കോം കരുത്ത് തെളിയിച്ചു. 51 കിലോ വിഭാഗം ഫൈനലിൽ കസാഖിസ്ഥാന്റെ ഷെയ്‌ന ഷെകർബെകോവയെ തോല്പിച്ചാണ് മേരി സ്വർണം അണിഞ്ഞത്. 

ലണ്ടൻ ഒളിംപിക്‌സ് വെങ്കല മെഡൽ ജേതാവും അഞ്ച് തവണ ലോക ചാമ്പ്യനുമായ മേരി കോമിന് കാര്യമായ വെല്ലുവിളി ഉയർത്താൻ കസാഖ് താരത്തിനായില്ല. ആദ്യ രണ്ട് റൗണ്ടിൽ കരുതലോടെ നീങ്ങിയ മേരി കോം അവസാന രണ്ട് റൗണ്ടിലും കടന്നാക്രമിച്ചു. പൊക്കക്കുറവെന്ന റിങ്ങിലെ ന്യുനതയെ വേഗതേറിയ നീക്കങ്ങളിലൂടെ മറികടക്കുന്ന മേരികോം ശൈലി തന്നെയാണ് ഇഞ്ചിയോണിലും കണ്ടത്. അവസാന റൗണ്ടുകളിൽ മേരിക്കോമിന്റെ പഞ്ചിന് മുന്നിൽ കസാഖ് താരം പകച്ചു.

ബോക്‌സ്ങിൽ വിജയം നേടണമെങ്കിൽ ശക്തമായ മന:സാന്നിധ്യം ആവശ്യമാണ്. ചിലർ ശാരീരികമായി ശക്തരാവുമെങ്കിലും മാനസികമായി ദുർബലരായിരിക്കും. അതുകൊണ്ട് തന്നെ ഒരു ബോക്‌സർക്ക് പോരാട്ടവീര്യം അനിവാര്യമാന്ന് മേരികോം വളരെ മുമ്പേ തിരിച്ചറിഞ്ഞിരുന്നു. ഇതു തന്നെയാണ് തന്റെ കരുത്തെന്ന് പറയുകയും ചെയ്തു. ഈ തിരിച്ചറിവ് തന്നെയാണ് 24കാരിയായ കസാഖ് ബോക്‌സറെ മറികടന്ന് മുപ്പത്തിയൊന്നാം വയസ്സിലും മേരിക്കോമിന് സ്വർണ്ണ മെഡൽ നൽകിയത്.

മൂന്ന് കുട്ടികളുടെ അമ്മയാണ് മേരികോം. ആദ്യത്തേത് ഇരട്ട ആൺകുട്ടികൾ. മൂന്നാം കുട്ടിയുടെ പ്രസവം കഴിഞ്ഞിട്ട് മാസങ്ങളേ ആയുള്ളൂ. പ്രസവത്തിനായി വളരെക്കാലം ബോക്‌സിങ് റിങ്ങിൽ നിന്ന് മാറി നിന്നു. പ്രസവം സിസേറിയനുമായതോടെ ഇനി മേരികോമിന ബോക്‌സിങ്ങ് ഗ്ലൗസ് കൈയിലണിയാൻ കഴിയില്ലെന്നും വിലയിരുത്തൽ വന്നു. ഇതിനിടെയിൽ മേരികോമിന്റെ ജീവിത കഥ വെള്ളിത്തിരയിലും ചലനമുണ്ടാക്കി. ഇതിൽ നിന്നുള്ള പ്രചോദനമാണ് മേരിക്കോമിനെ വീണ്ടും ബോക്‌സിങ് റിങ്ങിലെത്തിച്ചത്. മണിക്കൂറുകളുടെ പരിശീലനത്തിലൂടെ റിങ്ങിലെ ചലനങ്ങൾക്ക് മൂർച്ച കൂട്ടി. ഇഞ്ചിയോണിൽ രാജ്യത്തിന് അഭിമാന നിമിഷവും സമ്മാനിച്ചു.

മണിപ്പൂരിലെ മോയ്‌രാങ് ലംഖായിലെ കംഗതേയി ഗ്രാമത്തിൽ തോമ്പു കോമിന്റെയും സനീഖം കോമിന്റെയും മകളായാണ് മങ്‌തെ ചുങ്‌നിജാങ് മേരികോം ജനിച്ചത്. പുരുഷ ബോക്‌സർ ഡിങ്‌കോ സിങിന്റെ പ്രകടനങ്ങളിൽ ആവേശം കൊണ്ടാണ് മേരികോം ബോക്‌സിങ് റിങിലെത്തിയത്. കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക എന്നതും മേരികോമിന്റെ ലക്ഷ്യമായിരുന്നു. അത്‌ലറ്റിക്‌സിലും ജാവലിൻ ത്രോയിലും ഭാഗ്യം പരീക്ഷിച്ചിരുന്ന മേരിയെ, ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ഡിങ്‌കോ സിങ് സ്വർണം നേടിയതാണ് ബോക്‌സിങിലേയ്ക്ക് ശ്രദ്ധതിരിക്കാൻ പ്രചോദനം നൽകിയത്.

2000ൽ ബോക്‌സിങിൽ മത്സരിച്ചു തുടങ്ങിയ മേരി കോം ആ വർഷം സംസ്ഥാനതലത്തിൽ ചാമ്പ്യനായി. തുടർന്ന് പശ്ചിമബംഗാളിൽ നടന്ന ഏഴാമത് ഈസ്റ്റ് ഇന്ത്യ വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മേരി സ്വർണം നേടി. 2000 മുതൽ 2005 വരെ തുടർച്ചയായി അഞ്ച് വർഷം ഇന്ത്യൻ നാഷണൽ ചാമ്പ്യൻഷിപ്പിൽ അവർ കിരീടം ചൂടി. ഇതിനുശേഷം തുടർച്ചയായി രണ്ട് വർഷങ്ങളിൽ മേരി ഏഷ്യൻ വിനതാ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി.

2001ൽ അമേരിക്കയിൽ വച്ച് നടന്ന എ.ഐ.ബി.എ ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടിയ മേരി അടുത്ത വർഷം ഇതേ ചാമ്പ്യൻഷിപ്പിൽ 45 കിലോഗ്രം വിഭാഗത്തിൽ സ്വർണം നേടി. 2003ൽ അർജുന അവാർഡ് നൽകി രാജ്യം മേരിയെ ആദരിച്ചു.

2004ൽ നോർവെയിൽ വച്ച് നടന്ന ലോകചാമ്പ്യൻഷിപ്പിൽ 46 കിലോഗ്രാം വിഭാഗത്തിൽ മേരി ചാമ്പ്യനായി. അതേവർഷം ഹംഗറിയിൽ നടന്ന വിച്ച് കപ്പിലും മേരി കിരീടം നേടി. 2005ൽ ലോകചാമ്പ്യൻഷിപ്പ് നിലനിർത്തി. 2006ൽ ഡെന്മാർക്കിൽ നടന്നവീനസ് ബോക്‌സ് കപ്പ് നേടിയ മേരി, ആ വർഷം വീണ്ടും 46 കിലോഗ്രാം വിഭാഗത്തിൽ ലോകചാമ്പ്യനായി. ലോക ചാമ്പ്യൻഷിപ്പിലെ നേട്ടം ഒളിമ്പിക്‌സിലും മേരി കോം ആവർത്തിച്ചു. ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കല നേട്ടവുമായി മേരി വീണ്ടും രാജ്യത്തിന്റെ അഭിമാനമായി.

ഇഞ്ചിയോണിലും സുവർണ്ണ നേട്ടത്തോടെ റിങിൽ തന്റെ കാലം കഴിഞ്ഞില്ലെന്ന് മേരികോം വിളിച്ചു പറയുന്നു. ഒളിമ്പിക്‌സിൽ മെഡല്ല മേരി കോം ലക്ഷ്യമിടുന്നത്. അവിടേയും ഒന്നാമത് എത്തണം. അടുത്ത ഒളിമ്പിക്‌സിലേക്ക് പോരാട്ട വീര്യം നിലനിർത്താനാകും ഇനി ഈ അമ്മയുടെ ശ്രദ്ധ. ഒളിമ്പിക്‌സിൽ സുവർണ്ണ നേട്ടത്തോടെ റിങിൽ നിന്ന് വിടപറയുകയാണ് മേരികോമെന്ന പെൺകുരുത്ത് മുന്നിൽക്കാണുന്ന ലക്ഷ്യം.

(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(02-10-2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല) 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP