സംസ്ഥാന സ്കൂൾ കായികമേളയിൽ ആൻസി സോജനും സൂര്യജിത്തും വേഗമേറിയ താരങ്ങൾ; ആൻസിക്ക് ഇരട്ടനേട്ടം; കിരീടത്തിനായി എറണാകുളവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം
November 17, 2019 | 04:50 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: 63-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ കണ്ണൂരിന്റെ ട്രാക്കിൽ ആൻസി സോജനും സൂര്യജിത്തും വേഗമേറിയ താരങ്ങൾ. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ മത്സരത്തിൽ തൃശൂർ നാട്ടിക ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ ആൻസി സോജൻ മീറ്റ് റെക്കോർഡോടെയാണ് സ്വർണം നേടിയത്.12.05 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ടാണ് ആൻസി മീറ്റ് റെക്കോർഡോടെ സ്വർണം നേടിയത്. സീനിയർ പെൺകുട്ടികളുടെ ലോങ് ജംപിലും മീറ്റ് റെക്കോർഡോടെയാണ് ആൻസി സോജൻ ആദ്യ ദിനം സുവർണനേട്ടം സ്വന്തമാക്കിയത്. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാടിന്റെ സൂര്യജിത്താണ് 11.11 സെക്കൻഡിൽ സ്വർണം നേടിയത്. പാലക്കാട് ബിഇഎം സ്കൂളിലെ വിദ്യാർത്ഥിയാണ് സൂര്യജിത്ത്.
സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തോടെയായിരുന്നു മാർ ഇനമായ 100 മീറ്റർ മത്സരങ്ങൾക്ക് തുടക്കമായത്. സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ താര ജി.യാണ് വേഗമേറിയ താരമായത്. പാലക്കാട് കാണിക്കമാത സ്കൂൾ വിദ്യാർത്ഥിയാണ്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ നിവേദ്യ ജെ.എസിനാണ് വെള്ളി. തിരുവനന്തപുരത്തിന്റെ സ്നേഹ ജേക്കബ് വെങ്കലവും സ്വന്തമാക്കി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയത്തിന്റെ സാന്ദ്ര മോൾ സാബുവിന് സ്വർണം. എസ്.കോട്ടയം പൂഞ്ഞാറിലെ എംവിഎച്ച്എസ്എസിലെ വിദ്യാർത്ഥിയാണ്. എറണാകുളത്തിന്റെ ഫീസ റഫീഖ് രണ്ടാം സ്ഥാനവും നേടി. കോട്ടയത്തിന്റെ തന്നെ അലീന വർഗീസ് മൂന്നാം സ്ഥാനവും നേടി. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ മത്സരത്തിൽ മലപ്പുറം താനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഹനാൻ സ്വർണം നേടി.
അതേസമയം കിരീടത്തിനായി എറണാകുളവും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 50.3 പോയിന്റുകളോടെ എറണാകുളമാണ് മുന്നിൽ നിൽക്കുന്നത്. രണ്ടു പോയിന്റ് വ്യത്യാസത്തിൽ 48.3 പോയിന്റുമായി പാലക്കാടാണ് തൊട്ടു പിന്നിൽ. രാവിലെ നടന്ന ഏഴു ഫൈനലുകളിൽ മൂന്നിലും എറണാകുളമായിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയത്. ജൂനിയർ ഹൈജംപിൽ ഭാരത് തോമസിലുടെ പത്തനംതിട്ട രണ്ടാം സ്വർണം നേടി. 13 ജില്ലകളും മെഡൽ പട്ടികയിൽ ഇടം നേടിയപ്പോൾ കൊലത്തിനു മാത്രം ഒരു പോയിന്റുപോലും നേടാനായില്ല. സ്കൂളുകളിൽ പാലക്കാട് കല്ലടി ഒന്നാമതും എറണാകുളം മണീട് ജിവിഎച്ച്എച്ച്എസ് രണ്ടാം സ്ഥാനത്തുമാണ്.
