Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാത്തിരിപ്പിന്റെ 10 വർഷത്തിനൊടുവിൽ ഓസീസ് മണ്ണിൽ ചരിത്രമെഴുതി വിരാട് കോലിയുടെ ടീം ഇന്ത്യ; അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ജയം 31 റൺസിന്; 323 റൺസ് വിജയലക്ഷ്യത്തിനായി ഓടിയ കങ്കാരുക്കളെ മെരുക്കിയത് ഇന്ത്യയുടെ കണിശതയ്യാർന്ന ബൗളിങ് മികവ്; ചരിത്രം ആവർത്തിപ്പിച്ച് പൂജാരയുടെ മാൻ ഓഫ് ദി മാച്ച്

കാത്തിരിപ്പിന്റെ 10 വർഷത്തിനൊടുവിൽ ഓസീസ് മണ്ണിൽ ചരിത്രമെഴുതി വിരാട് കോലിയുടെ ടീം ഇന്ത്യ; അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ജയം 31 റൺസിന്; 323 റൺസ് വിജയലക്ഷ്യത്തിനായി ഓടിയ കങ്കാരുക്കളെ മെരുക്കിയത് ഇന്ത്യയുടെ കണിശതയ്യാർന്ന ബൗളിങ് മികവ്; ചരിത്രം ആവർത്തിപ്പിച്ച് പൂജാരയുടെ മാൻ ഓഫ് ദി മാച്ച്

മറുനാടൻ ഡെസ്‌ക്‌

അഡ്‌ലെയ്ഡ്: സ്വന്തം മണ്ണിൽ ഏറെ നാളുകൾക്ക് ശേഷം ഇന്ത്യയോടു തോറ്റു എന്ന കഥയാവും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ലോകത്തിന് ഇനി പറയാനുണ്ടാവുക. അഡ്‌ലൈയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 31 റൺസിന്റെ ജയം. 2008ന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയയിൽ ഇന്ത്യ ടെസ്റ്റ് ജയിക്കുന്നത്. വിജയലക്ഷ്യമായ 323 റൺസ് പിന്തുടരാൻ ഓസ്‌ട്രേലിയ ആവുന്നത് നോക്കിയിട്ടും  291 റൺസ് നേടിയ ശേഷം  അടിയറവ് പറഞ്ഞു. ഓസ്‌ട്രേലിയയിൽ ഇന്ത്യ ജയിച്ച ആറാം ടെസ്റ്റാണിത്. ഒരു പതിറ്റാണ്ടിന് ശേഷമുള്ള ഇന്ത്യയുടെ തിരിച്ചടിക്ക് വിരാട് കോഹ്‌ലി എന്ന നായകന്റെ മികവും കാരണമാണ്. ചരിത്ര വിജയത്തോടൊപ്പം കോഹ്‌ലിയും ചരിത്രത്തിന്റെ ഭാഗമാവുകയാണ്.

ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്‌ട്രേലിയെയും ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും അവരുടെ നാട്ടിൽ പോയി കീഴടക്കുന്ന ആദ്യ ഇന്ത്യൻ നായകനായി മാറിയിരിക്കുകയാണ് വിരാട് കോഹ്‌ലി. രാഹുൽ ദ്രാവിഡും എം.എസ്.ധോണിയും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് മത്സരം ജയിച്ചിട്ടുണ്ടെങ്കിലും ഓസ്‌ട്രേലിയയിൽ വിജയം ആഘോഷിക്കാൻ അവർക്കായിട്ടില്ല.

അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ 31 റൺസിനാണ് ഓസ്‌ട്രേലിയയെ തോൽപ്പിച്ചത്. കളിയിൽ താരമായത് ചേതേശ്വർ പൂജാരയാണ്. രണ്ടു ഇന്നിങ്‌സുകളിലുമായി 194 റൺസെടുത്താണ് പൂജാര കളിയിലെ താരമായത്. പൂജാരയുടെ മികച്ച ഇന്നിങ്‌സാണ് ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സിൽ ലീഡ് നേടിക്കൊടുത്തത്.

ആദ്യ ഇന്നിങ്‌സിൽ മുൻനിര ബാറ്റ്‌സ്മാന്മാർ വീണിടത്താണ് പൂജാര ഉത്തരവാദിത്തത്തോടെ കളിച്ചത്. ചേതേശ്വർ പൂജാരുടെ സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. 245 പന്തുകൾ നേരിട്ട പൂജാര 123 റൺസെടുത്തു പുറത്തായി. ഓസ്‌ട്രേലിയയിൽ പൂജാരയുടെ ആദ്യ സെഞ്ചുറിയാണിത്. രണ്ടാം ഇന്നിങ്‌സിൽ പൂജാര 71 റൺസെടുത്തു.

അഡ്ലെയ്ഡിലെ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച വിജയമാണിത്. 2003 ൽ രാഹുൽ ദ്രാവിഡാണ് അഡ്ലെയ്ഡിൽ ഇന്ത്യയുടെ വിജയശിൽപി. 2003 ൽ അഡ്ലെയ്ഡിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ മൂന്നാമനായി ഇറങ്ങിയാണ് രാഹുൽ കളിയിലെ താരമായത്. 2018 ൽ അഡ്ലെയ്ഡിൽ മൂന്നാമനായി ഇറങ്ങി താരമായത് പൂജാരയാണ്.

സ്‌കോർ: ഇന്ത്യ 250 & 307, ഓസ്ട്രേലിയ 235 & 291. ഓസീസ് വാലറ്റത്തിന്റെ ചെറുത്ത് നിൽപ് തടഞ്ഞ ഇന്ത്യൻ ബൗളർമാരുടെ പ്രകടനമാണ് വിജയത്തിന് അടിത്തറ പാകിയത്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, അശ്വിൻ എന്നിവർ മൂന്നും അശ്വിൻ ഇശാന്ത് ശർമ ഒരു വിക്കറ്റും വീഴ്‌ത്തി. 60 റൺസ് നേടിയ ഷോൺ മാർഷാണ് ഓസീസിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ടിം പെയ്ൻ 41 റൺസെടുത്തു. ഇതോടെ നാല് ടെസ്റ്റുകളുള്ള പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് 14ന് പെർത്തിൽ ആരംഭിക്കും. ഒരുപക്ഷെ, ഓസീസ് വാലറ്റം കാണിച്ച പക്വത മുൻനിര കാണിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ.

ഓസീസ് മുൻനിര ബാറ്റ്സ്മാന്മാരുടെ പരാജയമാണ് വിജയസാധ്യതയുണ്ടായിരുന്ന ടെസ്റ്റിൽ അവരെ തോൽപ്പിച്ചത്. വാലറ്റത്ത് ടിം പെയ്ൻ (41), പാറ്റ് കമ്മിൻസും (28) മിച്ചൽ സ്റ്റാർക്കും (28) പുറത്തെടുത്ത പ്രകടനം ഇന്ത്യയെ അൽപമെങ്കിലും ഭീതിയിലാഴ്‌ത്തിയിരുന്നു. എന്നാൽ ബുംറയും ഷമിയും മൂവരേയും മടക്കിയയച്ചത് വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കി. ഇന്ന് ആദ്യ സെഷനിൽ തന്നെ ഓസീസിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. നാലിന് 104 എന്ന നിലയിൽ നിന്നാണ് ഓസീസ് അഞ്ചാം ദിനം ആരംഭിച്ചത്. എന്നാൽ 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ട്രാവിസ് ഹെഡിനെ നഷ്ടമായി.

ഇശാന്ത് ശർമയുടെ പന്തിൽ അജിൻക്യ രഹാനെയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു ഹെഡ്. പിന്നാലെ ഒത്തുച്ചേർന്ന് ഷോൺ മാർഷും ക്യാപ്റ്റൻ ടിം പെയ്നും ഓസീസിന് നേരിയ പ്രതീക്ഷ നൽകി. ഇരുവരും 41 റൺസാണ് കൂട്ടിച്ചേർത്ത്. മാർഷിനെ പുറത്താക്കി ബുംറ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. ബുംറ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്താണ് മാർഷ് പുറത്തായത്. പെയ്ൻ ഇതുവരെ നാല് ഫോറുകൾ സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP