Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

1994ൽ രാജ്യത്തിന്റെ ഗോൾപോസ്റ്റിലേക്ക് എസ്‌കോബാറിന്റെ കാലിൽനിന്ന് പിഴച്ചുപോയ പന്ത്; താരങ്ങൾക്കൊപ്പം വില്ലന്മാരേയും സൃഷ്ടിക്കുന്ന വന്യത വീണ്ടും; മൊറോക്കോയുടെ തോൽവിക്ക് കാരണവും അവസാന നിമിഷത്തിലെ സ്വന്തം കളിക്കാരന്റെ പിഴച്ച തല; ഇഞ്ചുറി ടൈമിലെ ഏഷ്യൻ കരുത്തിന്റെ വിജയകാരണം ഭാഗ്യം മാത്രം; ഇറാന്റെ വിജയത്തിൽ 'ഫുട്‌ബോൾ' കരയുന്നത് എന്തുകൊണ്ട്?

1994ൽ രാജ്യത്തിന്റെ ഗോൾപോസ്റ്റിലേക്ക് എസ്‌കോബാറിന്റെ കാലിൽനിന്ന് പിഴച്ചുപോയ പന്ത്; താരങ്ങൾക്കൊപ്പം വില്ലന്മാരേയും സൃഷ്ടിക്കുന്ന വന്യത വീണ്ടും; മൊറോക്കോയുടെ തോൽവിക്ക് കാരണവും അവസാന നിമിഷത്തിലെ സ്വന്തം കളിക്കാരന്റെ പിഴച്ച തല; ഇഞ്ചുറി ടൈമിലെ ഏഷ്യൻ കരുത്തിന്റെ വിജയകാരണം ഭാഗ്യം മാത്രം; ഇറാന്റെ വിജയത്തിൽ 'ഫുട്‌ബോൾ' കരയുന്നത് എന്തുകൊണ്ട്?

മറുനാടൻ മലയാളി ബ്യൂറോ

സെന്റ് പീറ്റേഴ്‌സ്ബർഗ്: ജയത്തിൽ മാത്രമല്ല കളിയുടെ സൗന്ദര്യം. തോൽവിയിലും അത് കാണാം. കളിക്കുന്നവർ തോൽക്കുന്ന ഗെയിമാണ് കാൽപ്പന്തിന്റേത്. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ പലതും സംഭവിക്കാം. താരങ്ങൾക്കൊപ്പം വില്ലന്മാരും സൃഷ്ടിക്കപ്പെടും. വില്ലനെ സൃഷ്ടിച്ച സുന്ദരതയാണ് ഇറാന്റെ വിജയത്തിൽ നിഴലിച്ചത്.

സമനിലയിലേക്ക് നീങ്ങിയ കളിയിൽ 95-ാം മിനിറ്റിൽ വീണുകിട്ടിയ സെൽഫ് ഗോളിൽ മൊറോക്കോയ്ക്കെതിരെ ഇറാന് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം. കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ ഇഞ്ചുറി ടൈമിൽ ഇറാന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് പുറത്തേക്ക് ഹെഡ്ഡ് ചെയ്യാനുള്ള അസീസ് ബൗഹാദൂസിന്റെ ശ്രമമാണ് ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റിൽ കയറിയത്. അങ്ങനെ സമനില ഉറപ്പിച്ച കളിയിൽ അവസാന നിമിഷത്തിലെ പിഴവിലൂടെ ബൗഹാദൂസ് രാജ്യത്തിന്റെ കണ്ണിൽ വില്ലൻ പരിവേഷത്തിലെത്തി.

1994ലെ ലോകകപ്പിൽ ചെയ്ത ഇതേ കുറ്റത്തിനാണ് കൊളംബിയ തോൽക്കാനിടയായതിന്റെ പേരിൽ കൊളംബിയ ടീമിലെ പ്രധാന താരമായിരുന്ന പാബ്ലോ എസ്‌കോബാറിനെ വാതുവെപ്പുകാർ വെടിവെച്ചിട്ടത്. ഇത്തവണ ഇത്തരം ക്രൂരത ആവർത്തിക്കപ്പെടില്ല. പക്ഷേ മൊറോക്കോ മുന്നോട്ട് കുതിച്ചില്ലെങ്കിൽ അവിടുത്തുകാരുടെ മനസ്സിൽ ബൗഹാദൂസ് വില്ലനായി തന്നെ തുടരും. ആന്ദ്രെ എസ്‌കോബാർ സൽഡാറിയാഗ. 27 -ാം വയസ്സിൽ കളിക്കളത്തോടും ജീവിതത്തോടും വിട പറയേണ്ടിവന്ന ഫുട്ബോൾ താരം. എല്ലാവർക്കും ഓർമയുണ്ടാകും ശപിക്കപ്പെട്ട ആ സെൽഫ് ഗോൾ. 1994 ലെ ലോകകപ്പിൽ സ്വന്തം രാജ്യത്തിന്റെ ഗോൾപോസ്റ്റിലേക്ക് ആന്ദ്രെയുടെ കാലിൽനിന്ന് പിഴച്ചുപോയ പന്ത്. ബൗഹാദൂസിന്റെ ഗോൾ കായിക പ്രേമികളുടെ മനസ്സിലേക്ക് കൊണ്ടു വന്നത് എസ്‌കോബാറിന്റെ മുഖമായിരുന്നൈു.

മൊറോക്കൻ താരങ്ങൾ ഗ്രൗണ്ടിൽ കുമ്പിട്ടിരുന്ന് തേങ്ങുമ്പോൾ ഇറാൻ നിരയിൽ ആഘോഷമായിരുന്നു. തോൽവിയറിയാത്ത തുടർച്ചയായ പതിനെട്ട് മത്സരങ്ങൾക്കുശേഷമുള്ള ആദ്യ തോൽവിയെ തുടർന്ന് ദുരന്തഭൂമിയിലെന്നപോലെ സർവവും തകർന്ന് പോവുകയായിരുന്നു മൊറോക്കോ. അപ്പോൾ ലോകകപ്പിന്റെ ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ വിജയത്തിന്റെ ആവേശത്തിലായിരുന്നു ഇറാൻ. 1998 ജൂൺ ഇരുപത്തിയൊന്നിനായിരുന്നു ഇറാന്റെ ആദ്യ ലോകകപ്പ് ജയം. അമേരിക്കയെ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു അന്നവർ തോൽപിച്ചത്. പക്ഷേ, ഫ്രാൻസിനുശേഷം നാലു ലോകകപ്പ് കഴിഞ്ഞു. ഇരുപത് വർഷവും. അതിനുശേഷമാണ് ഇറാൻ ലോകകപ്പിൽ ഒരു ജയം നേടുന്നത്. ഇതും മൊറോക്കോയുടെ കണ്ണീരിൽ നിന്ന് ലഭിച്ച വിജയം.

ലോകകപ്പിൽ ഒരു മൊറോക്കൻ താരം വഴങ്ങുന്ന രണ്ടാമത്തെ സെൽഫ് ഗോൾ കൂടിയാണിത്. ഇറാൻ അവസാനമായി ജയിച്ച 1998ലെ ഫ്രാൻസ് ലോകകപ്പിൽ തന്നെയായിരുന്നു മൊറോക്കോയുടെ ആദ്യ സെൽഫ് ഗോളും. യൂസെഫ് ചിപ്പോയുടെ വകയായിരുന്നു ആ ഗോൾ. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരത്തിൽ ജപ്പാൻ ഡെന്മാർക്കിനെ തോൽപിച്ചതിനുശേഷം ഇതാദ്യമായാണ് ഒരു ഏഷ്യൻ രാജ്യം ലോകകപ്പിൽ ഒരു മത്സരം വിജയിക്കുന്നത്. 2010 ജൂൺ 24ന് നടന്ന മത്സരത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കായിരുന്നു ജപ്പാന്റെ ജയം. അന്ന് പ്രീ ക്വാർട്ടറിലെത്തിയ ജപ്പാൻ പാരഗ്വായോട് ടൈബ്രേക്കറിൽ തോറ്റു. അങ്ങനെ ഈ സെൾഫ് ഗോൾ ഏഷ്യയ്ക്കും നൽകി സന്തോഷം. 2014 ബ്രസീൽ ലോകകപ്പിൽ ജപ്പാനും ദക്ഷിണ കൊറിയക്കും പുറമെ ഓസ്ട്രേലിയയും ഇറാനും കളിച്ചിരുന്നെങ്കിലും ഒരൊറ്റ ടീമിനും ഒരു ജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഈ വിജയം അവർക്ക് പുതിയ ആവേശവുമാണ്.

ഇറാനെതിരെ മത്സരത്തിന്റെ തുടക്കം മുതൽ വ്യക്തമായ ആധിപത്യത്തോടെ കളം നിറഞ്ഞ മൊറോക്കോയ്ക്ക് അവസാന നിമിഷത്തെ പിഴവിൽ നഷ്ടപ്പെട്ടത് ഏറെ മോഹിച്ച വിജയമോ സമനിലയോ ആണ്. ആദ്യ പകുതിയിലും കളി പൂർണമായും നിയന്ത്രിച്ചത് മൊറോക്കോയാണ്. മൊറോക്കോ താരങ്ങൾക്ക് പിന്നാലെ പാഞ്ഞ ഇറാൻ താരങ്ങൾക്ക് പന്ത് അധിക നേരം കൈയടക്കി വയ്ക്കാൻ പോലൂം സാധിച്ചിരുന്നില്ല. മൊറോക്കോയുടെ നിരവധി ശ്രമങ്ങൾ നിർഭാഗ്യത്താൽ വലയിലെത്താതിരുന്നതും ഇറാന് തുണയായി. വിജയത്തോടെ മൂന്ന് പോയന്റുമായി ഒന്നാമതെത്തിയ ഇറാന് പുതു പ്രതീക്ഷയുമായി.

ഇൻജുറി ടൈമിൽ ബോക്‌സിനു തൊട്ടുവെളിയിൽ ഇറാന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിന്റെ പിറവി. ഇറാൻ താരം എഹ്‌സാൻ ഹാജി സഫി മൊറോക്കോ ബോക്‌സിലേക്ക് ഉയർത്തി വിട്ട പന്ത് തലകൊണ്ടു ചെത്തി പുറത്താക്കാനുള്ള ബുഹാദോസിന്റെ ശ്രമം ഗോളിൽ കലാശിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മൽസരത്തിലാണ് അവസാന മിനിറ്റ് ഗോളിൽ മൽസരഫലം നിർണയിക്കപ്പെടുന്നത്. ഇന്നത്തെ ആദ്യ മൽസരത്തിൽ യുറഗ്വായ് ഈജിപ്തിനെ തോൽപ്പിച്ചതും അവസാന മിനിറ്റ് ഗോളിലായിരുന്നു. ബൗഹാദൂസിന്റെ ബൂട്ട് സമ്മാനിച്ച ഭാഗ്യം കൂടെയുണ്ടെങ്കിൽ ഇനി ഗ്രൂപ്പ് ബിയിൽ ശക്തരായ പോർച്ചുഗലും സ്പെയ്നുമെല്ലാം കടുത്ത എതിരാളികളായി ബൗഹാദൂസ് മാറും. മരണ ഗ്രൂപ്പായി ഈ ഗ്രൂപ്പിനെ മാറ്റാനും ഇറാന്റെ കുതിപ്പിന് കഴിയും.

കടലാസിൽ കരുത്തർ ഇറാനായിരുന്നെങ്കിലും കളിക്കളത്തിൽ കളി ആരംഭിച്ചത് മുതൽ മികച്ച പ്രകടനം കാഴ്ചവെച്ചത് മൊറോക്കോയായിരുന്നു. പന്തടക്കത്തിന്റെ കാര്യത്തിൽ ഇരുപകുതികളിലും മൊറോക്കൻ താരങ്ങൾക്ക് മികവ് പുലർത്തി. ചില മിന്നലാക്രമണങ്ങൾ നടത്താൻ മൊറോക്കോക്ക് സാധിച്ചെങ്കിലും അതൊന്നും ഗോളായില്ല. ആദ്യ പകുതിയുടെ അവസാന നിമിഷം വരെ മൊറോക്കൻ ഗോൾമുഖത്ത് വലിയ നീക്കങ്ങളൊന്നും ഇറാൻ നടത്തിയില്ല. എന്നാൽ അവസാന നിമഷങ്ങളിൽ ചില തകർപ്പൻ ഷോട്ടുകൾ ഇറാൻ താരങ്ങൾ തൊടുത്തു. രണ്ടാം പകുതിയിൽ ഇറാൻ ഗോൾമുഖം നിരന്തരമായി വിറപ്പിച്ച് കിടിലൻ മുന്നേറ്റങ്ങൾ നടത്തിയത് മൊറോക്കോയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP