Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെക്‌സിക്കൻ തിരമാലകളിൽ മുങ്ങിത്താണ് ജർമനിയുടെ വീരോതിഹാസം; ശ്വാസം മുട്ടിച്ച് സാംബാ താളത്തെ സമനിലയിൽ തളർത്തിയ സ്വിസ് പ്രതിരോധക്കോട്ട; കോസ്റ്ററിക്കയെ തളർത്തിയത് വീരവാദം വിളമ്പാതെ എത്തിയ സെർബിയയും; അർജന്റീനയ്ക്കുപിന്നാലെ ബ്രസീലിനും സമനില; ജർമനിക്ക് തോൽവി; നേട്ടമുണ്ടാക്കി സെർബിയ; മെസിയെ ട്രോളിയവർക്ക് ഒടുവിൽ നാവടഞ്ഞു;റഷ്യൻ ലോകകപ്പ് വമ്പൻ ടീമുകളുടെ ശവപ്പറമ്പോ?

മെക്‌സിക്കൻ തിരമാലകളിൽ മുങ്ങിത്താണ് ജർമനിയുടെ വീരോതിഹാസം; ശ്വാസം മുട്ടിച്ച് സാംബാ താളത്തെ സമനിലയിൽ തളർത്തിയ സ്വിസ് പ്രതിരോധക്കോട്ട; കോസ്റ്ററിക്കയെ തളർത്തിയത് വീരവാദം വിളമ്പാതെ എത്തിയ സെർബിയയും; അർജന്റീനയ്ക്കുപിന്നാലെ ബ്രസീലിനും സമനില; ജർമനിക്ക് തോൽവി; നേട്ടമുണ്ടാക്കി സെർബിയ; മെസിയെ ട്രോളിയവർക്ക് ഒടുവിൽ നാവടഞ്ഞു;റഷ്യൻ ലോകകപ്പ് വമ്പൻ ടീമുകളുടെ ശവപ്പറമ്പോ?

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ആദ്യറൗണ്ടിൽ കളി നാല്ദിനം പിന്നിടുമ്പോൾ റഷ്യൻ ലോകകപ്പ് വമ്പൻ ടീമുകൾക്ക് അത്ര ആശ്വസിക്കാവുന്ന റിസൽട്ടുകളുമായല്ല മുന്നേറുന്നത്. ഐസ്‌ലൻഡിനുമുന്നിൽ അർജന്റീന സമനില വഴങ്ങിയതിന് ലയണൽ മെസ്സിയെ ട്രോളിക്കൊണ്ടിരുന്ന ആരാധകരൊക്കെ പതുക്കെ മാളത്തിലേക്ക് പിൻവലിയുകയാണ്.

മെക്‌സിക്കോയ്ക്ക മുന്നിൽ മുട്ടിടിച്ച് നിലവിലെ ജേതാക്കളായ ജർമനി വീണതും സ്വിറ്റ്‌സർലൻഡിമുന്നിൽ പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും പിന്നീട് ബ്രസീൽ സമനിലയുടെ കയ്പുനീർ കുടിച്ചതും പ്രബല ടീമുകളുടെയെല്ലാം ആരാധകരുടെ മനസ്സിൽ തീപ്പൊരി ചിതറിക്കഴിഞ്ഞു. പ്രാഥമിക റൗണ്ടിൽ ശേഷിക്കുന്ന മത്സരങ്ങൾ ചങ്കിടിപ്പിന്റേതാകുമെന്ന് ഉറപ്പ്.

മെക്‌സിക്കൻ തിരമാലയിൽ മുങ്ങി

ഗ്രൂപ്പ് എഫിലെ ആദ്യമത്സരത്തിനിറങ്ങുമ്പോൾ ജർമനി കടുത്ത ആത്മവിശ്വാസത്തിലായിരുന്നു. ലോകറാങ്കിങ്ങിലെ ഒന്നാം സ്ഥാനം, യോഗ്യതാ മത്സരങ്ങളിലെ മിന്നുന്ന ഫോം, പ്രതിഭകളായ താരങ്ങൾ...എന്തുകൊണ്ടും വിജയം സുനിശ്ചിതമെന്ന മട്ടിലാണ് ജോക്വിം ല്യൂവിന്റെ ടീം കളിക്കാനിറങ്ങിയത്. എന്നാൽ മെക്‌സിക്കോ ഭയന്നതേയില്ല. തുടക്കം മുതൽ പ്രത്യാക്രമണങ്ങൾകൊണ്ട് ജർമൻ ഗോൾമുഖത്ത് വീർപ്പുമുട്ടിക്കൽ സൃഷ്ടിച്ച മെക്‌സിക്കൻ യുവനിര കളി അരമണിക്കൂർ പിന്നിട്ടയുടനെ ലക്ഷ്യം കണ്ടു. കൗണ്ടർ അറ്റാക്കിനൊടുവിൽ ഹിർവിങ് ലൊസാനോ തൊടുത്ത ഷോട്ട് വലയിലേക്ക് കയറുമ്പോൾ വിഖ്യാത ഗോളി മാനുവൽ ന്യൂയറിന് മറുപടിയുണ്ടായില്ല.

ഗോൾ നേടിയശേഷം അവർ ജർമനിയെ സമർഥമായി തടഞ്ഞുനിർത്തി. നിരന്തരം മെക്‌സിക്കൻ ഗോൾമുഖത്തേക്ക് ജർമൻ മുന്നേറ്റനിരയെതത്തിയെങ്കിലും ഗോളാകാതെ നീക്കങ്ങളുടെ മുനയൊടിക്കുന്നതിൽ മെക്‌സിക്കോ വിജയിച്ചു. അമിത പ്രതിരോധത്തിലേക്ക് നീങ്ങി കളിയുടെ സൗന്ദര്യം കളയാനും അവർ ശ്രമിച്ചില്ല. അവസാനനിമിഷം കിട്ടിയ കോർണർകിക്ക് മുതലാക്കാൻ ഗോൾകീപ്പർ ന്യൂയറടക്കമുള്ളവർ മെക്‌സിക്കൻ ബോക്‌സിലേക്ക് എത്തിയത് ജർമനിയുടെ ദയനീയമുഖംകൂടിയായി. ആദ്യമത്സരം തോറ്റതോടെ, ജർമനിക്ക് ഇനിയുള്ള കളികൾ നിർണായകമാണ്. സ്വീഡനും ദക്ഷിണ കൊറിയയുമാണ് ഗ്രൂപ്പിലെ മറ്റുടീമുകൾ. സ്വീഡനെതിരായ മത്സരത്തിൽ വിജയിക്കാനായില്ലെങ്കിൽ, അവർക്ക് രണ്ടാം സ്ഥാനത്തിനുപോലും കഷ്ടപ്പെടേണ്ടിവരും.

ചിറകടിച്ച് തളർന്ന് കാനറികൾ

ഉജ്വലമായിരുന്നു ബ്രസീലിന്റെ തുടക്കം. മികച്ച പാസ്സുകൾ, മുൻകൂട്ടി നെയ്‌തെടുത്തതുപോലെ നീക്കങ്ങൾ, പ്രതിരോധം മുതൽ മുന്നേറ്റനിര വരെ മികച്ച ഏകോപനം. സ്വിറ്റ്‌സർലൻഡിന്റെ പേരുകേട്ട പ്രതിരോധനിരയെ കീറിമുറിച്ച് പലവട്ടം ഗോൾമുഖത്ത്. ഇക്കുറി ബ്രസീൽ മികച്ച ടീമാണെന്ന് തെളിയിക്കുന്ന പ്രകടനങ്ങളാണ് അവർ കളിയുടെ തുടക്കം മുതൽ കാഴ്ചവെച്ചത്. നെയ്മറുടെയും ഗബ്രിയേൽ ജീസസിന്റെയുമൊക്കെ തുടർച്ചയായ നീക്കങ്ങളിലൂടെ ബ്രസീൽ സ്വിസ് ഗോൾമുഖം വിറപ്പിക്കുകയും ചെയ്തു. 20-ാം മിനിറ്റിൽ ഫിലിപ്പെ കുട്ടിന്യോയുടെ എണ്ണം പറഞ്ഞ ലോങ്‌റേഞ്ചറുകളിലൊന്ന് വലയിലാക്കി തുടക്കത്തിലേ മത്സരത്തിൽ മുന്നിൽക്കയറാനും മഞ്ഞക്കിളികൾക്കായി.

ഒരു ഗോൾവഴങ്ങിയശേഷവും തിരിച്ചുവരവിന്റെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാൻ സ്വിസ് നിരയ്ക്കായില്ല. എങ്കിലും ബ്രസീലിന്റെ ആക്രമണങ്ങളുടെ മുനയൊടിക്കുന്ന പ്രതിരോധം അവർ പതുക്കെ കെട്ടിക്കൊണ്ടുവന്നു. ആദ്യപകുതിയിൽ കൂടുതൽ അപകടങ്ങളില്ലാതെ അവസാനിപ്പിക്കാനുമായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒപ്പമെത്തിയ സ്വിസ് പിന്നീട് ബ്രസീലിനെ നിഷ്പ്രഭമാക്കുന്ന രീതിയിൽ കളിയെ മാറ്റിക്കളഞ്ഞു. അമ്പതാം മിനിറ്റിൽ, ഷെർദാൻ ഷാക്കിരിയെടുത്ത കോർണർകിക്കിൽ ഹെഡ്ഡറിലൂടെ സൂബറാണ് സ്വിറ്റ്‌സർലൻഡിനെ ഒപ്പമെത്തിച്ചത്.

പ്രതീക്ഷിച്ച മത്സരഫലത്തിലേക്ക് എത്താനായതോടെ, സ്വിസ് നിര സടകുടഞ്ഞെണീറ്റു. പിന്നീട് ബ്രസീലിനെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ അവർക്കായി. അർജന്റീനയ്‌ക്കെതിരെ ഐസ്‌ലൻഡ് പുറത്തെടുത്തതുപോലെ കോട്ടകെട്ടി പ്രതിരോധമാണ് അവർ കാഴ്ചവെച്ചത്. നെയ്മറെ അനങ്ങാൻ സമ്മതിക്കാതെ സ്വിസ് പ്രതിരോധം തീർത്തപ്പോൾ ബ്രസീലിന് ശ്വാസംമുട്ടി. സമനിലയെ യാഥാർഥ്യമായി അവർക്കംഗീകരിക്കേണ്ടിവന്നു. ഗ്രൂപ്പ് ഇയിൽ സെർബിയയും കോസ്റ്റാറിക്കയുമാണ് ബ്രസീലിന്റ് ഇനിയുള്ള എതിരാളികൾ.

കോളടിച്ച് സെർബിയ

ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് രണ്ടാം റൗണ്ടിലേക്ക് മുന്നേറണമെങ്കിൽ വിജയത്തോടെ തുടങ്ങുകയല്ലാതെ മറ്റുമാർഗമുണ്ടായിരുന്നില്ല. കഴിഞ്ഞ ലോകകപ്പിൽ മൂന്ന് മുൻലോകചാമ്പ്യന്മാരെ പിന്തള്ളി പ്രീക്വാർട്ടറിലെത്തിയ ടീമാണ് കോസ്റ്റാറിക്ക. ഇറ്റലിയെയും ഇംഗ്ലണ്ടിനെയും ആദ്യറൗണ്ടിൽ പുറത്താക്കുകയും ഉറുഗ്വായെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്ത ടീം. അതുകൊണ്ടുതന്നെ മത്സരത്തിൽ കോസ്റ്റാറിക്കയായിരുന്നു ഫേവറൈറ്റുകൾ. എന്നാൽ, അവകാശവാദങ്ങളൊന്നുമില്ലാതെ വന്ന സെർബിയ ഒടുവിൽ കോളടിക്കുകയും ചെയ്തു.

കളിയുടെ 56-ാം മിനിറ്റിൽ ക്യാപ്റ്റൻ അലക്‌സാണ്ടർ കോളറോവ് നേടിയ ഗോളിനാണ് സെർബിയ മുന്നിൽക്കയറിയത്. റയൽമാഡ്രിഡ് ഗോൾകീപ്പർ കെയ്‌ലർ നവാസിനെ പരാജയപ്പെടുത്തിയ ഫ്രീക്കിലൂടെ കോളറോവ് സെർബിയക്ക് ലോകകപ്പിലെ ആദ്യവിജയം സമ്മാനിച്ചു. തിരിച്ചടിക്കാൻ കോസ്റ്റാറിക്ക പരമാവധി ശ്രമിച്ചെങ്കിലും ഫിനിഷിങ്ങിൽ അവർ പരാജയപ്പെട്ടു. മറുഭാഗത്ത് പ്രതിരോധം ശക്തമാക്കി സെർബിയ ആ നീക്കങ്ങളെ നേരിടുകയും ചെയ്തു. ബ്രസീലും സ്വിറ്റ്‌സർലൻഡും ഉൾപ്പെട്ട ഗ്രൂപ്പിൽ നേടിയ ഈ വിജയം സെർബിയക്ക് മുന്നോട്ടുള്ള പോക്കിന് ഇന്ധനമാകുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP