Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐസ്‌ലൻഡിനെ കൂളായി നൈജീരിയ പറപ്പിച്ചപ്പോൾ ഞെട്ടിത്തരിച്ചത് മെസ്സിപ്പട; ആയുസ് നീട്ടിയെടുത്തെങ്കിലും എതിരാളികളുടെ ശക്തി തിരിച്ചറിഞ്ഞ് അർജന്റീന; സെർബിയയുടെ സ്വപ്‌നങ്ങൾ കെടുത്തി പിന്നിൽ നിന്നും തിരിച്ചടിച്ച് സ്വിറ്റ്‌സർലൻഡിന്റെ മുന്നേറ്റം; കോസ്റ്റാറിക്കയെ പുറത്താക്കി നെയ്മറുടെ മഞ്ഞപ്പട മാനം കാത്തത് ഇഞ്ചുറി ടൈമിലെ കിടിലൻ നീക്കത്തിലൂടെ; സാംബാ നൃത്തച്ചുവടുകൾക്ക് ഇനി കൂടുതൽ അഴകും; ലോകകപ്പിൽ ഇന്നലെ സംഭവിച്ചത്

ഐസ്‌ലൻഡിനെ കൂളായി നൈജീരിയ പറപ്പിച്ചപ്പോൾ ഞെട്ടിത്തരിച്ചത് മെസ്സിപ്പട; ആയുസ് നീട്ടിയെടുത്തെങ്കിലും എതിരാളികളുടെ ശക്തി തിരിച്ചറിഞ്ഞ് അർജന്റീന; സെർബിയയുടെ സ്വപ്‌നങ്ങൾ കെടുത്തി പിന്നിൽ നിന്നും തിരിച്ചടിച്ച് സ്വിറ്റ്‌സർലൻഡിന്റെ മുന്നേറ്റം; കോസ്റ്റാറിക്കയെ പുറത്താക്കി നെയ്മറുടെ മഞ്ഞപ്പട മാനം കാത്തത് ഇഞ്ചുറി ടൈമിലെ കിടിലൻ നീക്കത്തിലൂടെ; സാംബാ നൃത്തച്ചുവടുകൾക്ക് ഇനി കൂടുതൽ അഴകും; ലോകകപ്പിൽ ഇന്നലെ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: തൊട്ടുതലേന്ന് ക്രൊയേഷ്യക്കുമുന്നിൽ അർജന്റീന അവിശ്വസനീയമായി തകർന്നടിയുന്നതുകണ്ടതുമുതൽ ബ്രസീൽ-കോസ്റ്റാറിക്ക മത്സരവും ആരാധകരുടെ മനസ്സിൽ ഇടിത്തീയായി മാറിയിരുന്നു. വമ്പൻ ടീമുകൾക്കൊക്കെ തിരിച്ചടി കിട്ടുന്ന ലോകകപ്പാണിതെന്ന് ഏറെക്കുറെ വ്യക്തമായതോടെ പ്രത്യേകിച്ചും. കോസ്റ്റാറിക്കയുടെ പ്രതിരോധവും സൂപ്പർ ഗോൾകീപ്പർ കെയ്‌ലർ നവാസും ബ്രസീലിനെ 90 മിനിറ്റും ഗോളടിക്കാൻ വിടാതെ കാത്തതോടെ ആശങ്ക ഉച്ചസ്ഥായിയിലായി.

എന്നാൽ, ഇഞ്ചുറി ടൈമിൽ ആറുമിനിറ്റിനിടെ രണ്ടുഗോളടിച്ച് ബ്രസീൽ മാനം കാത്തു. ഒപ്പം പ്രീക്വാർട്ടർ പ്രതീക്ഷയും സജീവമായി. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് സെർബിയയെ പരാജയപ്പെടുത്തിയതോടെ ബ്രസീലിന് വഴി ഏറെക്കുറെ എളുപ്പമായി. അർജന്റീനയെ തളച്ച ഐസ്‌ലൻഡിനെ അനായാസം കീഴ്‌പ്പെടുത്തി ആഫ്രിക്കൻ കരുത്തരായ നൈജീരിയ മെസ്സിപ്പടയ്ക്ക് ഒരു ഞെട്ടൽകൂടി സമ്മാനിച്ചു.

ബ്രസീലും നവാസും തമ്മിൽ

ആദ്യപകുതിയിൽ താളം കണ്ടെത്താനായില്ലെങ്കിലും, രണ്ടാം പകുതിയിൽ കോസ്റ്റാറിക്കയ്‌ക്കെതിരെ ബ്രസീൽ വിശ്രമിച്ചിട്ടേയില്ല. പന്ത് ഏറെക്കുറം പൂർണസമയവും കൈക്കലാക്കി നിരന്തരം ഗോൾമുഖത്തേക്ക് ആക്രമണം നടത്തിയ ബ്രസീലിന്, പക്ഷേ, കോസ്റ്റാറിക്കയുടെ ഗോൾകീപ്പർ കെയ്‌ലർ നവാസിനെ അതിജീവിക്കാനായില്ല. കഴിഞ്ഞ ലോകകപ്പിലെ ഉജജ്വല പ്രകടനത്തോടെ സൂപ്പർ ടീം റയൽ മാഡ്രിഡിന്റെ ഗോൾകീപ്പറായി മാറിയ കെയ്‌ലർ നവാസ്, നെയ്മറുടെയും സംഘത്തിന്റെയും ആക്രമണങ്ങളെ ഉജ്വലമായി ചെറുത്തുന്നിന്നു. ഗോളന്നുറച്ച നിരവധി അവസരങ്ങൾ നവാസിൽത്തട്ടി തെറിച്ചതോടെ ആരാധകർ കടുത്ത നിരാശയിലേക്കുവീണു.

90 മിനിറ്റുവരെ ഇതുതന്നെയായിരുന്നു സ്ഥിതി. എന്നാൽ, ആറുമിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിൽ ബ്രസീൽ കളി മാറ്റിപ്പിടിച്ചു. ഉജ്വലമായൊരു നീക്കത്തിലൂടെ ഫിലിപ്പെ കുട്ടീനയോ ഈഞ്ചുറി ടൈമിന്റെ ആദ്യമിനിറ്റിൽ ബ്രസീലിനെ മുന്നിൽക്കടത്തി. മാഴ്‌സലോ ഉയർത്തിക്കൊടുത്ത പന്ത് ഗബ്രിയേൽ ജീസസിന്റെ ദേഹത്തിടിച്ച് ബോക്‌സിലേക്ക് വീഴുമ്പോൾ പാഞ്ഞെത്തി കുട്ടീന്യോ പോയന്റ് ബ്ലാങ്കിൽനിന്ന് വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. മധ്യവരയുടെ അടുത്തുനിന്ന് പാഞ്ഞെത്തി കുട്ടീന്യോ തൊടുത്ത ഷോട്ട് നവാസിന്റെ കാലുകൾക്കിടയിലൂടെ വലയിലേക്ക് കയറി. ഗോൾവീണതോടെ, കോസ്റ്റാറിക്കൻ പ്രതിരോധം ഉലഞ്ഞു.

ഇതുമുതലാക്കിയ ബ്രസീൽ 97-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. വലതുവിങ്ങിലൂടെ വന്ന ഡഗ്ലസ് കോസ്റ്റ നൽകിയ ക്രോസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിടാൻ നെയ്മർക്ക് ആയാസപ്പെടേണ്ടിവന്നില്ല.

സെർബിയൻ സ്വപ്‌നങ്ങൾ തകർന്നു

കളിയുടെ തുടക്കത്തിലേ നേടിയ ഗോളിൽ നോക്കൗട്ട് റൗണ്ട് സ്വപ്‌നം കണ്ടാണ് സെർബിയൻ താരങ്ങൾ ഇടവേളയ്ക്കുപിരിഞ്ഞത്. എന്നാൽ, രണ്ടാം പകുതിയിൽ രണ്ടുതവണ തിരിച്ചടിച്ച സ്വിറ്റ്‌സർലൻഡ് മത്സരത്തിനൊപ്പം പ്രീക്വാർട്ടർ പ്രതീക്ഷകളും സ്വന്തമാക്കി. 52-ാം മിനിറ്റിൽ ഗ്രാനിറ്റ് ഷാക്കെയും 90-ാം മിനിറ്റിൽ ഷെർദൻ ഷാക്കിരിയുമാണ് സ്വിറ്റ്‌സർലൻഡിനായി ഗോളുകൾ നേടിയത്. അഞ്ചാം മിനിറ്റിൽ സെർബിയൻ താരം അലക്‌സാണ്ടർ മിട്രോവിച്ച് നേടിയ ഗോളിൽ പിന്നിലായ സ്വിറ്റ്‌സർലൻഡ് രണ്ടാം പകുതിയിൽ മികച്ച തിരിച്ചുവരവാണ് നടത്തിയത്.

ജയത്തോടെ, ഗ്രൂപ്പിൽ രണ്ടുമത്സരങ്ങളിൽനിന്ന് സ്വിറ്റ്‌സർലൻഡിന് നാലുപോയന്റായി. അവസാന മത്സരത്തിൽ കോസ്റ്റാറിക്കയോട് തോൽക്കാതിരുന്നാൽ സ്വിറ്റ്‌സർലൻഡിന് പ്രീക്വാർട്ടർ കളിക്കാം. ടൂർണമന്റിൽനിന്ന് പുറത്തായിക്കഴിഞ്ഞ കോസ്റ്റാറിക്ക മാനം കാക്കാൻ കഠിനാധ്വാനം ചെയ്യുമെന്നതിനാൽ, അവസാന മത്സരത്തിൽ തീ പാറുമെന്നുറപ്പാണ്.

ഈ ലോകകപ്പിലാദ്യമായാണ് ഒരു ടീം ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം വിജയിക്കുന്നത്. ആദ്യപകുതിയൽ പ്രതിരോധത്തിലൂന്നി കളിച്ച സ്വിറ്റ്‌സർലൻഡ്, രണ്ടാം പകുതിയിൽ വിജയത്തിനായി കഠിനാധ്വാനം ചെയ്യുകയായിരുന്നു.

മഞ്ഞുരുക്കി നൈജീരിയ

ആദ്യമത്സരത്തിൽ ലയണൽ മെസ്സിയുടെ അർജന്റീനയെ സമനിലയിൽ കുരുക്കിയ ഐസ്‌ലൻഡ് നൈജീരിയക്കുമുന്നിൽ ഉരുകിയൊലിച്ചു. രണ്ടാം പകുതിയിൽ അഹ്മദ് മൂസ നേടിയ ഇരട്ടഗോളുകൾ അവരുടെ കഥകഴിച്ചു.

ഇതോടെ, ഗ്രൂപ്പ് ഡിയിൽനിന്ന് പ്രീ ക്വാർട്ടറിൽ കടക്കണമെങ്കിൽ നൈജീരിയയെ തോൽപിക്കുകയല്ലാതെ മെസ്സിപ്പടയ്ക്ക് വേറെ മാർഗമില്ലാതായി. ക്രൊയേഷ്യയോട് മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് തകർന്നടിഞ്ഞ അർജന്റീനയുടെ ഇപ്പോഴത്തെ നിലവാരം അനുസരിച്ച് പരിശോധിക്കുകയാണെങ്കിൽ അതേറെക്കുറെ അസാധ്യമാണെന്ന് തോന്നാം. എന്നാൽ, കളിയിൽ അസംഭവ്യമായതൊന്നുമില്ലാത്തിനാൽ, ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അർജന്റീനാ ആരാധകർ.

അർജന്റീനയെ കുരുക്കിയതിന്റെ ആത്മവിശ്വാസവുമായെത്തിയ ഐസ്‌ലൻഡിന് നൈജീരിയക്കുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. തുടക്കം മുതലേ ആക്രമിച്ചുകളിച്ച നൈജീരിയ, ഐസ്‌ലൻഡിന്റെ പ്രതിരോധത്തിലൂന്നിയുള്ള തന്ത്രം പൊളിക്കുകയും ചെയ്തു. ആദ്യ പകുതി ഗോൾരഹിതമായിരുന്നെങ്കിലും നൈജീരിയയുടെ ആക്രമണങ്ങളാൽ സമ്പന്നമായിരുന്നു. രണ്ടാം പകുതിയിൽ ലെസ്റ്റർ സിറ്റി താരം മൂസയുടെ ഫിനിഷിങ് പാടവം നൈജീരിയയെ മുന്നിൽക്കടത്തുകയും ചെയ്തു. ഇതിനിടെ, ഐസലൻഡിന് ലഭിച്ച പെനാൽട്ടി നഷ്ടപ്പെടുത്തിയതും അവരുടെ തിരിച്ചിവരവിന് തടസ്സമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP