Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉറുഗ്വായുടെ പഴുതുകളില്ലാത്ത പ്രതിരോധത്തിന് മുന്നിൽ നിസ്സഹായനായി നോക്കി നിന്ന് പരാജയം രുചിച്ച ക്രിസ്റ്റ്യാനോ ഈ ലോകകപ്പിന്റെ വേദനയാകും; കവാനിയുടെ ചടുല നീക്കങ്ങൾക്ക് മുന്നിൽ പകച്ചുപോയത് ഫുട്‌ബോൾ ലോകം; മെസ്സിയുടെ ചോര വീണ മണ്ണിൽ പൊടിഞ്ഞുവീണത് പോർച്ചുഗലിന്റെ രക്തവും; ഇതിഹാസങ്ങൾ മടങ്ങുന്നത് കണ്ണീരുമായി; ക്വാർട്ടർ തിളക്കത്തിൽ ഉറുഗ്വായും ഫ്രാൻസും; റഷ്യയിൽ ഇന്നലെ കണ്ടത് വീറുറ്റ പോരാട്ടങ്ങൾ

ഉറുഗ്വായുടെ പഴുതുകളില്ലാത്ത പ്രതിരോധത്തിന് മുന്നിൽ നിസ്സഹായനായി നോക്കി നിന്ന് പരാജയം രുചിച്ച ക്രിസ്റ്റ്യാനോ ഈ ലോകകപ്പിന്റെ വേദനയാകും; കവാനിയുടെ ചടുല നീക്കങ്ങൾക്ക് മുന്നിൽ പകച്ചുപോയത് ഫുട്‌ബോൾ ലോകം; മെസ്സിയുടെ ചോര വീണ മണ്ണിൽ പൊടിഞ്ഞുവീണത് പോർച്ചുഗലിന്റെ രക്തവും; ഇതിഹാസങ്ങൾ മടങ്ങുന്നത് കണ്ണീരുമായി; ക്വാർട്ടർ തിളക്കത്തിൽ ഉറുഗ്വായും ഫ്രാൻസും; റഷ്യയിൽ ഇന്നലെ കണ്ടത് വീറുറ്റ പോരാട്ടങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: ലോകഫുട്‌ബോളിന്റെ ആകാശത്തെ രണ്ട് നക്ഷത്രങ്ങളായിരുന്നു ലയണൽ മെസ്സിയും ക്രിസ്റ്റിയാനോ റൊണാൾഡോയും. ഒറ്റരാത്രിയിൽ ഈ രണ്ടുനക്ഷത്രങ്ങളെയും റഷ്യൻ ലോകകപ്പിന് നഷ്ടമായി. ഫ്രാൻസിനോട് മൂന്നിനെതിരെ നാലുഗോളുകൾക്ക് തോറ്റ് അർജന്റീനയും ഉറുഗ്വായോട് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോറ്റ് പോർച്ചുഗലും മടങ്ങിയപ്പോൾ, മെസ്സിയുടെയും ക്രിസ്റ്റിയാനോയുടെയും റഷ്യയിലെ ലോകകപ്പ് തീർന്നു. ആധുനിക ഫുട്‌ബോളിലെ ഈ രണ്ട് ഇതിഹാസങ്ങളെയും ഇനി ലോകകപ്പിന്റെ വലിയ വേദിയിൽ നാം കണ്ടുമുട്ടുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നു. ലോകകിരീടം ഉയർത്താനാകാതെ ഇരുവരും അരങ്ങൊഴിയുകയാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.

എഡിൻസൺ കവാനിയെന്ന മുന്നേറ്റനിരക്കാരന്റെ മികവായിരുന്നു ഉറുഗ്വായ്ക്ക് പോർച്ചുഗലിനെതിരെ വിജയം സമ്മാനിച്ചത്. ഇരുപകുതികളിലായി കവാനി ഉറുഗ്വായെ മുന്നിൽക്കടത്തിയപ്പോൾ പെപ്പെയുടെ ഹെഡ്ഡർ പോർച്ചുഗലിന് സമാശ്വാസമായി. ക്രിസ്റ്റിയാനോ റൊണാൾഡോ നേതൃത്വം നൽകുന്ന പോർച്ചുഗൽ ആക്രമണങ്ങളെ പഴുതുകളില്ലാത്ത പ്രതിരോധത്തിലൂടെ നിലംപരിശാക്കുകയായിരുന്നു ഉറുഗ്വായ്. ക്യാപ്റ്റൻ ഡീഗോ ഗോഡിന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിരയും ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേരയുടെ ചോരാത്ത കൈകളും അവരെ കോട്ടകെട്ടി കാത്തു. പലപ്പോഴും പന്തുകിട്ടാതെ നിസ്സാഹായനായി നിൽക്കുന്ന ക്രിസ്റ്റ്യാനോയുടെ ദൃശ്യം കളിയിൽ ആവർത്തിച്ചുകൊണ്ടേയിരുന്നു.

കവാനിയും സുരാവസും ചേർന്നുണ്ടാക്കിയ നീക്കത്തിലൂടെയാണ് ഉറുഗ്വായുടെ ആദ്യഗോൾ വന്നത്. ഏഴാം മിനിറ്റിൽ കവാനി നൽകിയ ക്രോസ് ഹെഡ്ഡറിന് പാകത്തിൽ ബോക്‌സിനുള്ളിലേക്ക് മറിച്ചത് സുവാരസാണ്. പോർച്ചുഗലിന്റെ രണ്ട് ഡിഫൻഡർമാരെക്കാൾ ഉയർന്നുചാടിയ കവാനി അത് അനായാസം വലയിലാക്കി. കവാനി ഇത്രയും വേഗത്തിൽ ബോക്‌സിലേക്ക് കരുതുമെന്ന് കരുതാതിരുന്ന പോർച്ചുഗൽ പ്രതിരോധത്തിന് കൊടുക്കേണ്ടിവന്ന വലിയ വിലയായിരുന്നു ഈ ഗോൾ.

പന്തടക്കത്തിലും നീക്കങ്ങളിലുമൊക്കെ പോർച്ചുഗലിനായിരുന്നു പിന്നീട് ആധിപത്യം. എന്നാൽ, ഗോളിന്റെ മുൻതൂക്കം ഉറുഗ്വായ് ആദ്യപകുതിയിലുടനീളം നിലനിർത്തി.. രണ്ടാം പകുതി തുടങ്ങി പത്തുമിനിറ്റായപ്പോൾ, പോർച്ചുഗൽ മത്സരത്തിലേക്ക് തിരിച്ചുവന്നു. കോർണർ കിക്കിനെത്തുടർന്നുണ്ടായ നീക്കത്തിൽ പെപ്പെ ഹെഡ്ഡറിലൂടെ നേടിയ ഗോൾ അവരെ ഒപ്പമെത്തിച്ചു. എന്നാൽ, ഈ ആഹ്ലാദവും അധികം നീണ്ടുനിന്നില്ല. 62-ാം മിനിറ്റിൽ കവാനി വീണ്ടും കളി കൈക്കലാക്കി. റോഡ്രിഗോ ബെന്റാങ്കുറിന്റെ ഡയഗണൽ ക്രോസിലേക്ക് ഓടിക്കയറിയ കവാനി പന്ത് പോർച്ചുഗൽ ഗോളി റൂയി പട്രീഷ്യോയ്ക്ക് കൈപ്പിടിയിലൊതുക്കാനാവാതെ വലയിലെത്തിച്ചു. പിന്നീട് ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഉറുഗ്വായ് പ്രതിരോധം അനുവദിക്കാതിരുന്നതോടെ, ക്രിസ്റ്റിയാനോയ്ക്ക് ലോകകപ്പിൽനിന്ന് നിരാശാഭരിതനായി മടക്കം.

മെസ്സിയെ മടക്കി യുവനിര

ഫ്രാൻസിന്റെ യുവനിര നടത്തിയ അതിവേഗ ഫുട്‌ബോളിന് മറുപടി നൽകാൻ അർജന്റീനയുടെ ശരാശരി ടീമിന് മറുപടിയില്ലായിരുന്നുവെന്നതാണ് സത്യം. ലയണൽ മെസ്സിയെന്ന ഇതിഹാസ താരത്തിനായി മുറവിളികൂട്ടിയ ആരാധകവൃന്ദത്തിന്റെ ആരവങ്ങൾക്കും അവരെ രക്ഷിക്കാനാകുമായിരുന്നില്ല. മൂന്നിനെതിരെ നാലുഗോളുകൾക്ക് ഫ്രാൻസ് അർജന്റീനയെ മടക്കി. ലോകകപ്പുയർത്താൻ യോഗമില്ലാതെ, 1986-നുശേഷം ലോകകിരീടത്തിൽ കൈയെത്തിക്കാനാകാതെ തേങ്ങുന്ന അർജന്റീനയുടെ കാത്തിരിപ്പ് നീട്ടി അവർ പുറത്തായി.

മെസ്സിയുടെ ലോകകപ്പിൽനി്ന്നുള്ള വിടവാങ്ങൽ മറ്റൊരു സൂപ്പർത്താരത്തിന്റെ ഉദയത്തിനും വഴിവെച്ചു. കൈലിയൻ എംബാപ്പെയെന്ന 19-കാരൻ ഫ്രാൻസിന്റെ വിജയനക്ഷത്രമായി. പെലെയ്ക്കുശേഷം കൗമാരപ്രായത്തിൽ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ ഇരട്ടഗോൾ നേടുന്ന ആദ്യതാരമായി എംബാപ്പെ. ഫ്രാൻസിന്റെ അതിവേഗത്തിലുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച എംബാപ്പെയായിരുന്നു ഈ മത്സരത്തിലെ ഹീറോ. രണ്ടുഗോൾ നേടുകയും ആദ്യഗോളിന് വഴിയൊരുക്കിയ പെനാൽറ്റി സ്വന്തമാക്കുകയും ചെയ്തത് എംബാപ്പെയാണ്.

എംബാപ്പെയെ വീഴ്‌ത്തിയതിന് അനുവദിച്ച പെനാൽട്ടി കിക്ക് വലയിലെത്തിച്ച് അന്റൊയിൻ ഗ്രീസ്മാനാണ് ഫ്രാൻസിന് ലീഡ് നൽകിയത്.. തൊട്ടുമുമ്പ് ഗ്രീസ്മാൻ എടുത്ത ഫ്രീക്കിക്ക് ക്രോസ്ബാറിൽ തട്ടിത്തെറിച്ചതിന്റെ ആശ്വാസം അടങ്ങുന്നതിനുമുന്നെയായിരുന്നു ഈ പ്രഹരം. മെസ്സിക്ക് പന്തുകിട്ടാതായതോടെ അർജന്റീനയുടെ നീക്കങ്ങൾ മുരടിച്ചുവന്ന ഘട്ടത്തിൽ എയ്ഞ്ചൽ ഡി മരിയ ലോങ് റേഞ്ചറിലൂടെ അവരെ ഒപ്പമെത്തിച്ചു. ആദ്യപകുതി 1-1ന് അവസാനിച്ചു.

പിന്നീടാണ് ഗോൾമഴ പെയ്തത്. അർജന്റീനയാണ് അതിന് തുടക്കമിട്ടത്. വലതുവിങ്ങിൽനിന്ന് മെസ്സിയെടുത്ത ലോങ്‌റേഞ്ചർ മെർക്കാഡോയുടെ കാലിൽത്തട്ടി വലയിൽക്കയറിയതോടെ അർജന്റീനാ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലായി. ആ ലീഡിൽ കടിച്ചുതൂങ്ങാൻ അർജന്റീനയെ ഫ്രാൻസ് അനുവദിച്ചില്ല. മറ്റിയൂഡിയുടെ പാസ്സിൽനിന്ന് പവാർഡ് ഫ്രാൻസിനെ ഒപ്പമെത്തിച്ചു. 20 വാര അകലെനിന്നെടുത്ത കിക്കിലൂടെ ഫ്രാൻസ് ഒപ്പമെത്തി.

വേഗംകൊണ്ട് എതിർനിരയെ നിഷ്പ്രഭമാക്കിയ എംബാപ്പെടെയുടെ ഇരട്ട ഗോളുകളായിരുന്നു പിന്നീട്. മറ്റിയൂഡി ഗോളിലേക്ക് ഉതിർത്ത കിക്ക് തട്ടിത്തെറിച്ചുവന്നത് എംബാപ്പെയുടെ മുന്നിൽ. ഫ്രാൻസിന് ലീഡ് നൽകിയ ആ ഗോൾ പിറന്നത് 64-ാം മിനിറ്റിൽ. നാല് മിനിറ്റിനുശേഷം ഒളിവർ ജിറൂഡ് നൽകിയ പാസ്സിൽനിന്ന് എംബാപ്പെ അടുത്ത വെടിയുതിർത്തു. 4-2ന് ഫ്രാൻസ് മുന്നിൽക്കയറിയതോടെ, അർജന്റീന നിരാശയിലേക്ക് കൂപ്പുകുത്തി.

എന്നാൽ, അവസാന വിസിലിന് നിമിഷങ്ങൾ ശേഷിക്കെ, മെസ്സിയുടെ പാസ്സിൽനിന്ന് സെർജിയോ അഗ്യൂറോ ഒരു ഗോൾ മടക്കി. ഒപ്പമെത്താൻ ഒരവസരംകൂടി ലഭിച്ചെങ്കിലും അർജന്റീനയ്ക്ക് അതുമുതലാക്കാൻ കഴിയാതെ വന്നതോടെ, ആൽബിസെലസ്റ്റിന് നിരാശയോടെ മടങ്ങാൻ ടിക്കറ്റ് റെഡിയായി. തലകുമ്പിട്ട് ലയണൽ മെസ്സിയും പുറത്തേക്ക് നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP