Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമുകിമാരുടെ തോളിൽ തലവെച്ച് പൊട്ടിക്കരഞ്ഞ് ചില കളിക്കാർ; ബിയർ കുപ്പി വലിച്ചെറിഞ്ഞ് നെഞ്ച് പൊട്ടിയലറി ആരാധകർ; മനപ്പൂർവം തോൽപിച്ച ടർക്കിഷ് റഫറിയോട് കലിമാറാതെ പലരും; അവസാന നിമിഷം ക്രൊയേഷ്യയോട് വീണതിന്റെ കണ്ണീരുണങ്ങളാതെ ഇംഗ്ലണ്ട്

കാമുകിമാരുടെ തോളിൽ തലവെച്ച് പൊട്ടിക്കരഞ്ഞ് ചില കളിക്കാർ; ബിയർ കുപ്പി വലിച്ചെറിഞ്ഞ് നെഞ്ച് പൊട്ടിയലറി ആരാധകർ; മനപ്പൂർവം തോൽപിച്ച ടർക്കിഷ് റഫറിയോട് കലിമാറാതെ പലരും; അവസാന നിമിഷം ക്രൊയേഷ്യയോട് വീണതിന്റെ കണ്ണീരുണങ്ങളാതെ ഇംഗ്ലണ്ട്

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: അരനൂറ്റാണ്ടിനുശേഷം മറ്റൊരു ലോകകപ്പ് ഫൈനൽ. ഇന്നലെ മരിയോ മാൻസൂക്കിച്ചിന്റെ ഗോൾവീഴുംവരെ ഇംഗ്ലണ്ടുകാർ കണ്ടിരുന്ന സ്വപ്‌നമിതായിരുന്നു. എത്രയൊക്കെ വന്നാലും ക്രൊയേഷ്യയോട് ടീം തോൽക്കില്ലെന്ന ശുഭപ്രതീക്ഷയിലായിരുന്നു അവർ. ലോകകിരീടം ഒരുവട്ടം കൂടി ഫുട്‌ബോളിന്റെ തറവാട്ടിലേക്ക് കൊണ്ടുവരാൻ ഹാരി കെയ്‌നിനും സംഘത്തിനും ശേഷിയുണ്ടെന്നും അവർ കരുതി. എന്നാൽ, അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ മാൻസൂക്കിച്ചിന്റെ ഗോൾ എല്ലാ പ്രതീക്ഷകളും തകർത്തു.

1966-ൽ ആതിഥേയരായ ലോകകപ്പിലാണ് ഇംഗ്ലണ്ട് ലോകകപ്പ് നേടിയത്. പിന്നീടിങ്ങോട്ട് ആശ്വസിക്കാനുണ്ടായിരുന്നത് 1990-ലെ സെമി ഫൈനൽ പ്രവേശം മാത്രം. മറ്റെല്ലായ്‌പ്പോഴും ക്വാർട്ടറിനപ്പുറം ഇംഗ്ലീഷ് മോഹങ്ങൾ പൂവണിഞ്ഞിരുന്നില്ല. ഇക്കുറി ടൂർണമെന്റിലുടനീളം അനുകൂല സാഹചര്യമായിരുന്നു. സെമിയിൽ എതിരാളിയായി ക്രൊയേഷ്യയെ കിട്ടുകകൂടി ചെയ്തതോടെ ഇംഗ്ലണ്ട് ഫൈനൽ ഉറപ്പിച്ചിരുന്നു. ഇന്നലത്തെ മത്സരത്തിന്റെ തുടക്കത്തിൽ ട്രിപ്പിയർ ഫ്രീക്കിക്കിലൂടെ ഗോൾ നേടുക കൂടി ചെയ്തതോടെ അതുറപ്പിച്ചു. എന്നാൽ, ഇവാൻ പെരിസിച്ചും മാൻസൂക്കിച്ചും നേടിയ ഗോളുകൾ ഇംഗ്ലണ്ടിന്റെ കഥ കഴിച്ചു.

തോൽവിയുടെ നിരാശ എങ്ങനെ തീർക്കണമെന്നറിയാതെയാണ് ഇന്നലെ ഇംഗ്ലണ്ട് ഉറങ്ങാൻ പോയത്. മൂന്നുകോടിയോളം പേരാണ് ഇംഗ്ലണ്ടിൽ കളി തത്സമയം ആസ്വദിച്ചത്. പബ്ബുകളിലും ബാറുകളിലും ബബിക്യുകളിലും കടലോരത്തുമൊക്കെ ഫാൻഫെയറുകളൊരുക്കി അവർ കളി ആഘോഷിക്കാനിരുന്നു. എന്നാൽ, തോൽവി അവരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി. ആഘോഷത്തോടെ തുടങ്ങി ഒടുവിൽ കണ്ണുനീരിൽ കുതിർന്ന് അവർ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.

കീറൻ ട്രിപ്പിയർ അഞ്ചാം മിനിറ്റിൽ ഉജ്വലമായ ഫ്രീക്കിക്കിലൂടെ ഗോൾ നേടിയപ്പോൾ ബിയറുകൾ ആകാശത്തേക്ക് ലഹരി ചീറ്റിയൊഴിച്ചു. മത്സരം സ്വന്തമാക്കിയെന്ന ആഹ്ലാദത്തിലായി ആരാധകർ. ബിയർ ചീറ്റിച്ചും പടക്കം പൊട്ടിച്ചും അവർ ആവേശം ആസ്വദിച്ചു. ആഗോളിന്റെ മുൻതൂക്കത്തിൽ ആദ്യപകുതി പിരിയുക കൂടി ചെയ്തതോടെ അവർ ഇടവേള ആഘോഷത്തിന്റേതാക്കി. എന്നാൽ, രണ്ടാം പകുതിയൽ ക്രൊയേഷ്യ സമനില നേടുകയും മത്സരം നിശ്ചിത സമയം പിന്നിട്ട് അധികസമയത്തേക്ക് കടക്കുക കൂടി ചെയ്തതോടെ ആഹ്ലാദം പിരിമുറുക്കത്തിന്റെ നിമിഷങ്ങളായി.

ഒടുവിൽ മാൻസൂക്കിച്ചിന്റെ ഗോളിൽ ക്രൊയേഷ്യ ലീഡെടുത്തതോടെ പിരിമുറുക്കം ഉച്ചസ്ഥായിയിലായി. എല്ലാവരുടെയും ആഹ്ലാദമവസാനിച്ചു. കൈകൾ കൂട്ടിപ്പിടിച്ച് പാർഥനയോടെയാണ് പിന്നീടവർ കളി കണ്ടത്. ഇംഗ്ലീഷ് മുന്നേറ്റങ്ങളൊക്കെ ക്രൊയേഷ്യൻ പ്രതിരോധത്തിൽ തട്ടി തകർന്നപ്പോൾ അവരുടെ ഇടനെഞ്ച് തകർന്നു. പിന്നീട് ആ യാഥാർഥ്യം അവർ പതുക്കെ ഉൾ്‌ക്കൊണ്ടു. ഇംഗ്ലണ്ട് പുറത്തായിരിക്കുന്നു. പ്രതീക്ഷകളുടെ കൊട്ടാരം വീണ്ടും മലർപ്പൊടിക്കാരന്റെ സ്വപ്‌നം പോലെ ഉടഞ്ഞുവീണിരിക്കുന്നു.

ടീമംഗങ്ങൾക്കൊപ്പം റഷ്യയിലേക്ക് പോയിരുന്ന ആ പെൺകുട്ടികൾക്കും ഇന്നലെ അപ്രതീക്ഷിതമായ രാവായിരുന്നു. ഫൈനലിനെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന പ്രിയപ്പെട്ടവർ കുഞ്ഞുകുട്ടികളെപ്പോലെ വിതുമ്പിക്കരയുന്ന കാഴ്ച. എങ്ങനെയാണ് അവരെ ആശ്വസിപ്പിക്കേണ്ടതെന്നറിയാത്ത അവസ്ഥയിലായിരുന്നു ഇംഗ്ലീഷ് താരങ്ങളുടെ കാമുകിമാരും ഭാര്യമാരും. പലരും പങ്കാളിയുടെ തോളിൽചാരി സങ്കടം അകറ്റാൻ ശ്രമിച്ചു. കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞ ആ വലിയ താരങ്ങളെ ആശ്വസിപ്പിക്കാൻ അവരിൽ പലരും പരാജയപ്പെട്ടു.

ആവേശത്തോടെയാണ് അവർ കളി കാണാനെത്തിയത്. ഇംഗ്ലണ്ടിനെ അരനൂറ്റാണ്ടിനുശേഷം ലോകചാമ്പ്യന്മാരാക്കുന്ന മത്സരത്തിലേക്ക് വിജയത്തോടെ തങ്ങളുടെ ഉറ്റവർ മാർച്ച് ചെയ്യുന്നതുകാണാനാണ് അവരെത്തിയത്. എന്നാൽ, ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് ഇംഗ്ലണ്ട് പരാജയപ്പെട്ടത് ഗാലറിയിലെ വി.ഐ.പി. സ്റ്റാൻഡിലിരുന്ന് കളികണ്ട കാമുകിമാർക്കും ഭാര്യമാർക്കും ഉൾ്‌ക്കൊള്ളനായില്ല. നിരാശരായിരുന്ന് വിതുമ്പുന്ന താരങ്ങൾക്ക് അരികിലേക്കെത്തി അവർ ആശ്വാസ വാക്കുകൾ ചൊരിഞ്ഞു.

തോൽവിക്ക് പല കാരണങ്ങൾ കണ്ടെത്തുകയാണ് ഇംഗ്ലീഷ് ആരാധകർ. തുർക്കിക്കാരനായ റഫറിയോടാണ് ആരാധകർ അരിശം തീർക്കുന്നത്. രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ച് നേടിയ സമനില ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നുവെന്ന് അവർ വാദിക്കുന്നു. ഇംഗ്ലീഷ് പ്രതിരോധനിര താരത്തിന്റെ തലയ്ക്കുമുകളിൽ കാലുയർത്തിയാണ് പെരിസിച്ച് പന്ത് വലയിലേക്ക് ്തട്ടിയിട്ടതെന്നും ഇത് ഫൗളാണെന്നും അവർ വാദിക്കുന്നു. എന്നാൽ, ഇംഗ്ലണ്ടിനോട് രാഷ്ട്രീയപരമായി എതിർപ്പുള്ള തുർക്കിയിൽനിന്നുള്ള റഫറി കുന്യേറ്റ് കാക്കിർ പക്ഷപാതപരമായി പെരുമാറുകയായിരുന്നുവെന്നും അവർ വാദിക്കുന്നു.

ടൂർണമെന്റിലെ ഏറ്റവും മോശമായ റഫറീയിങ്ങായിരുന്നു ഇതെന്നാണ് ഇംഗ്ലീഷ് ആരാധകർ കരുതുന്നത്. റഫറീയിങ്ങിനെക്കുറിച്ച് ഫിഫ അന്വേഷണം നടത്തണമെന്ന ആവശ്യവും പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. വിരമിക്കുന്നതാണ് റഫറിക്കുനല്ലതെന്നും അന്താരാഷ്ട്ര മത്സരങ്ങൾക്ക് അദ്ദേഹം യോഗ്യനല്ലെന്‌നും ആരാധകർ വിമർശിക്കുന്നു. ഇംഗ്ലീഷ് താരങ്ങൾക്കെതിരായ ഫൗളുകൾ റഫറി കണ്ടില്ലെന്ന് നടിച്ചു. യഥാർഥത്തിൽ ക്രൊയേഷ്യയോടല്ല, റഫറിയോടാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടതെന്നും ചിലർ സോഷ്യൽ മീഡിയയിലൂടെ പരാതിപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP