Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രൊയേഷ്യൻ രാജ്യം രൂപീകരിച്ചത് 1990-ൽ; ഒരിക്കലും ഫുട്ബോൾ ശക്തികളല്ലാതിരുന്നിട്ടും ലോകകപ്പിൽ ഫൈനലിലെത്തി ചെറു രാജ്യം; ഭ്രാന്തുപിടിച്ച ആരാധകർ അത്ഭുതം ആഘോഷിക്കാൻ തെരുവിൽ വിരുന്നൊരുക്കി; എങ്ങും ഫുട്ബോൾ ഭ്രാന്തിന്റെ വന്യ സൗന്ദര്യം മാത്രം

ക്രൊയേഷ്യൻ രാജ്യം രൂപീകരിച്ചത് 1990-ൽ; ഒരിക്കലും ഫുട്ബോൾ ശക്തികളല്ലാതിരുന്നിട്ടും ലോകകപ്പിൽ ഫൈനലിലെത്തി ചെറു രാജ്യം; ഭ്രാന്തുപിടിച്ച ആരാധകർ അത്ഭുതം ആഘോഷിക്കാൻ തെരുവിൽ വിരുന്നൊരുക്കി; എങ്ങും ഫുട്ബോൾ ഭ്രാന്തിന്റെ വന്യ സൗന്ദര്യം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: ഇത് സ്വപ്‌നമോ യാഥാർഥ്യമോ എന്ന് ഇനിയും അവർക്ക് ഉറപ്പിക്കാനായിട്ടില്ല. ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലിൽ! എങ്ങനെ വിശ്വസിക്കും. പ്രതിഭാധനന്മാരായ ഒട്ടേറെ കളിക്കാർക്ക് ജന്മം നൽകിയിട്ടുണ്ടെങ്കിലും ലോകകപ്പിന്റെ ക്വാർട്ടറിലെത്താനാവുമെന്ന് സ്വപ്‌നത്തിൽപ്പോലും ക്രൊയേഷ്യൻ ആരാധകർ കരുതിയിരുന്നില്ല. എന്നാൽ, ഇംഗ്ലണ്ടിനെ അധികസമയത്തേക്കുനീണ്ട കളിയിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തോൽപിച്ച് ക്രൊയേഷ്യ ചരിത്രം തിരുത്തിക്കുറിച്ചു.

ഫുട്‌ബോളിന്റെ വരേണ്യവിഭാഗത്തിൽപ്പെട്ട രാജ്യങ്ങൾക്ക് മാത്രം ഇടമുണ്ടായിരുന്ന സ്ഥലമാണ് ലോകകപ്പ് ഫൈനൽ. 1958-ൽ സ്വീഡൻ ഫൈനലിൽ കടന്നതൊഴിച്ചാൽ മറ്റുള്ളപ്പോഴൊക്കെ ചുരുക്കം ചില രാജ്യങ്ങളിലേക്ക് ഫൈനൽ എന്ന സ്വപ്‌നം ചുരുങ്ങിനിന്നു. ഇതേവരെ എട്ടുരാജ്യങ്ങൾ മാത്രമേ ലോകകപ്പ് നേടിയിട്ടുള്ളൂ. ബ്രസീൽ അഞ്ചുതവണയും ജർമനിയും ഇറ്റലിയും നാല് തവണ വീതവും അർജന്റീനയും ഉറുഗ്വായും രണ്ടുതവണ വീതവും ഫ്രാൻസ്, സ്‌പെയിൻ, ഇംഗ്ലണ്ട് എന്നിവ ഓരോ തവണയും വീതം.

പരമവിശിഷ്ടമെന്ന് കരുതുന്ന ആ സ്ഥാനത്തേക്കാണ് ക്രൊയേഷ്യയുടെ കടന്നുവരവ്. 1990-ൽ മാത്രം സ്ഥാപിക്കപ്പെട്ട രാജ്യം, ലോകത്തെതന്നെ ഏറ്റവും പെരുമയാർജിച്ച ലോകകപ്പിൽ, കിരീടനേട്ടത്തിൽനിന്ന് ഒരു മത്സരം മാത്രം അകലെയാണ്. ഇംഗ്ലണ്ടിനെതിരേ പുറത്തെടുത്തതുപോലൊരു മാസ്മരിക പ്രകടനം ആവർത്തിക്കാനായാൽ കിരീടം അവരുടെ കൈപ്പിടിയിരിലിരിക്കും. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ലൂക്ക മോഡ്രിച്ച് കിരീടമുയർത്തുന്ന സ്പനം ആരാധകർ കണ്ടുതുടങ്ങിയിരിക്കുന്നു.

1998-ലാണ് ക്രൊയേഷ്യ ലോകകപ്പിൽ ആദ്യമായി കളിക്കുന്നത്. അന്ന് കറുത്ത കുതിരകളെന്ന വിശേഷണം അന്വർഥമാക്കി അവർ സെമി ഫൈനൽവരെ മുന്നേറി. അത്തവണ ചാമ്പ്യന്മാരായ ഫ്രാൻസിനോട് സെമിയിൽ പരാജയപ്പെട്ടെങ്കിലും ആരാധകരുടെ മനസ്സുകൾ കീഴടക്കിയാണ് അവർ മടങ്ങിയത്. കരുത്തരായ ഹോളണ്ടിനെ തോൽപിച്ച് മൂന്നാം സ്ഥാനം നേടി ക്രൊയേഷ്യ മടങ്ങുമ്പോൾ, അത് ഒരു തവണ മാത്രം സംഭവിക്കുന്ന അത്ഭുതമായി ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകർ കരുതി.

എന്നാൽ, അത്ഭുതമല്ല ക്രൊയേഷ്യയെന്ന് ഇ്ക്കുറി അവർ തെളിയിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയെ നിലംപരിശാക്കിയ പ്രകടനതത്തിലൂടെ ക്രൊയേഷ്യ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അർജന്റീനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി തുടരെ മൂന്ന് ജയങ്ങളുമായി അവർ പ്രീക്വാർട്ടറിലെത്തി. അവിടെ ഡെന്മാർക്കിനെയും ക്വാർട്ടറിൽ ആതിഥേയരായ റഷ്യയെയും സെമിയിൽ ഇംഗ്ലണ്ടിനെയും തോൽപിച്ചു. ഡെന്മാർക്കിനെയും റഷ്യയെയും തോൽപിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നെങ്കിൽ ഇത്തവണ അതിനുമുന്നെ ഇംഗ്ലണ്ടിന്റെ കഥ കഴിച്ചു.

ക്രൊയേഷ്യയുടെ സെമി പ്രവേശം ഭ്രാന്തമായ ആഘോഷങ്ങളുമായാണ് ആരാധകർ ആഘോഷിച്ചത്. കഴിഞ്ഞദിവസം റഷ്യക്കെതിരേ നടന്ന ക്വാർട്ടർ ഫൈനലിൽ ഗാലറിയിൽ തുള്ളിച്ചാടി ക്രൊയേഷ്യൻ പ്രസിഡന്റ് കൊളിന്ദ ഗ്രാബർ കിറ്ററോവിച്ച് രാ്ജ്യത്തെയാകെ ഉത്തേജിപ്പിച്ചിരുന്നു. ക്രൊയേഷ്യൻ ജേഴ്‌സിയണിഞ്ഞ് ഗാലറിയിൽ നൃത്തംവെച്ച പ്രസിഡന്റിന്റെ നാട്ടുകാർ ഇന്നലെ മോശമാക്കിയില്ല. കൊടികൾ വീശിയും വെടിക്കെട്ട് നടത്തിയും അവർ നഗരകേന്ദ്രങ്ങളെ മുഖരിതമാക്കി.

രാത്രിയിലുടനീളം ആഘോഷങ്ങളുമായി തെരുവുവാണ ക്രൊയേഷ്യൻ ആരാധകർ വിജയത്തെ അത്ഭുതമെന്നാണ് വിശേഷിപ്പിച്ചത്. ഇനിയൊരിക്കലും സംഭവിച്ചേക്കാനിടയില്ലാത്ത വിജയത്തെ മതിമറന്നാഘോഷിക്കുകയാണ് ക്രൊയേഷ്യൻ ജനത. എന്നാൽ, ഫൈനലിൽ കടക്കാൻ പോന്ന മികവ് തന്റെ ടീമിനുണ്ടെന്ന് കോച്ച് സ്‌ളാറ്റ്‌കോ ഡാലിച്ച് പറയുന്നു. ദൈവം അനുവദിച്ചാൽ ലോകകിരീടവും നേടാൻ ഈ ടീമിനാകുമെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP