Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരമ്പര പാതി വഴിയിൽ ഉപേക്ഷിച്ച് പോകാതിരിക്കാൻ ബിസിസിഐ പ്രതിഫലം വാഗ്ദാനം ചെയ്തു; ഒരു താരമൊഴികെ ആരും അത് അംഗീകരിച്ചില്ല; ഞങ്ങളുടെ ബോർഡ് മനസ്സിലാക്കുന്നതിലും നന്നായി ബിസിസിഐ വിൻഡീസ് താരങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി; ഇന്ത്യൻ പര്യടനം 2014ൽ ഉപേക്ഷിച്ചതിന്റെ വെളിപ്പെടുത്തലുമായി മുൻ നായകൻ ഡ്വെയ്ൻ ബ്രാവോ

പരമ്പര പാതി വഴിയിൽ ഉപേക്ഷിച്ച് പോകാതിരിക്കാൻ ബിസിസിഐ പ്രതിഫലം വാഗ്ദാനം ചെയ്തു; ഒരു താരമൊഴികെ ആരും അത് അംഗീകരിച്ചില്ല; ഞങ്ങളുടെ ബോർഡ് മനസ്സിലാക്കുന്നതിലും നന്നായി ബിസിസിഐ വിൻഡീസ് താരങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി; ഇന്ത്യൻ പര്യടനം 2014ൽ ഉപേക്ഷിച്ചതിന്റെ വെളിപ്പെടുത്തലുമായി മുൻ നായകൻ ഡ്വെയ്ൻ ബ്രാവോ

സ്പോർട്സ് ഡെസ്‌ക്

മുംബൈ: 2014ലെ ഇന്ത്യൻ പര്യടനത്തിലെ നാലാം ഏകദിന മത്സരത്തിൽ വിൻഡീസ് നായകൻ ഡ്വെയ്ൻ ബ്രാവോ ടോസ് ചെയ്യാൻ ധരംശാലയിലെത്തിയപ്പോൾ അസാധാരണമായി ക്യാപ്റ്റന്റെ പിന്നാലെ താരങ്ങളും എത്തിയിരുന്നു. മത്സരത്തിന് ശേഷം പരമ്പര ബഹിഷ്‌കരിച്ച് പോകും എന്നതിന്റെ മുന്നോടിയായിട്ടാണ് വിൻഡീസ് താരങ്ങൾ ഇത്തരമൊരു നടപടി കൈക്കൊണ്ടത്.

എന്നാൽ അന്ന് പരമ്പര ഉപേക്ഷിച്ച് പോകാതിരിക്കാൻ ബി.സി.സിഐ പ്രതിഫലം വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലുമായി വിൻഡീസിന്റെ മുൻ ക്യാപ്റ്റൻ ഡ്വെയ്ൻ ബ്രാവോ. വിൻഡീസ് ക്രിക്കറ്റ് ബോർഡുമായുള്ള കരാർ തർക്കത്തെ തുടർന്ന് ഇന്ത്യൻ പര്യടനത്തിലെ മത്സരങ്ങൾ ബഹിഷ്‌കരിക്കാനൊരുങ്ങിയപ്പോഴാണ് ബി.സി.സിഐ പ്രതിഫലം വാഗ്ദാനം ചെയ്തതെന്ന് ബ്രാവോ വ്യക്തമാക്കി. 2014-ൽ നടന്ന ഏകദിന മത്സരങ്ങൾക്കിടെയായിരുന്നു വിൻഡീസ് താരങ്ങളുടെ ബഹിഷ്‌കരണ ഭീഷണി. ട്രിനിഡാഡ് ആൻഡ് ടുബോഗോയിലെ ഒരു എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ബ്രാവോ അന്നുനടന്ന സംഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.

അന്നത്തെ ബി.സി.സിഐ അധ്യക്ഷനായിരുന്ന എൻ. ശ്രീനിവാസനാണ് അനുനയന ശ്രമത്തിന് നേതൃത്വം നൽകിയത്. വിൻഡീസ് താരങ്ങളെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് കളിപ്പിക്കാനായിരുന്നു ബി.സി.സിഐയുടെ ശ്രമം. ഇതിനായി പുലർച്ചെ മൂന്നു മണിക്ക് ശ്രീനിവാവസൻ എനിക്ക് സന്ദേശമയച്ചു. വിൻഡീസ് താരങ്ങൾ കളിക്കാനിറങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഞാൻ ഇക്കാര്യം ടീമംഗങ്ങളെ അറിയിച്ചു. എന്നാൽ പരമ്പര ബഹിഷ്‌കരിച്ച് ഇന്ത്യ വിടാനുള്ള തീരുമാനത്തിൽനിന്ന് ആരും പിന്നോട്ടുപോയില്ല. പരമ്പര പാതിവഴിയിൽ ഉപേഷിക്കാനുള്ള തീരുമാനം വേഗത്തിലെടുത്തതല്ല. വിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റും ഡബ്ലു.ഐ.പി.എ പ്രസിഡന്റുമായി ബന്ധപ്പെടാൻ പലകുറി ശ്രമിച്ചിരുന്നു. എന്നാൽ ഇത് നടക്കാതെ വന്നപ്പോഴാണ് ഈ തീരുമാനത്തിലെത്തിയത്. ഒരു താരമൊഴികെ എല്ലാവരും ബഹിഷ്‌കരിക്കാൻ സമ്മതമറിയിച്ച് പേപ്പറിൽ എനിക്ക് ഒപ്പിട്ടു നൽകി.

ആദ്യ ഏകദിനവും രണ്ടാം ഏകദിനവുമെല്ലാം ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതെല്ലാം ഞങ്ങൾ പിൻവലിച്ചു. പിന്നീട് ധർമ്മശാലയിൽ നടന്ന നാലാം ഏകദിനത്തിൽ ഞങ്ങൾ തീരുമാനത്തിലുറച്ചു നിൽക്കുകയായിരുന്നു. ബഹിഷ്‌കരണം പ്രഖ്യാപിച്ചുകൊണ്ട് ടോസിടുന്ന സമയത്ത് ടീമംഗങ്ങളെല്ലാം എന്നോടൊപ്പം വന്നു.

വിൻഡീസ് ക്രിക്കറ്റ് ബോർഡിനേക്കാൾ കാര്യങ്ങൾ മനസ്സിലാക്കാൻ ബി.സി.സിഐയ്ക്ക് കഴിഞ്ഞിരുന്നു. അവർ ഞങ്ങളെ പിന്തുണച്ചു. ഞങ്ങൾക്ക് വരുന്ന നഷ്ടം നികത്താൻ ബി.സി.സിഐ തയ്യാറായിരുന്നു. എന്നാൽ ഞങ്ങൾക്ക് ബി.സി.സിഐയിൽ നിന്ന് പ്രതിഫലം ആവശ്യമില്ലായിരുന്നു. വിൻഡീസ് ക്രിക്കറ്റ് ബോർഡിൽ നിന്ന് കരാർ പുതുക്കി ലഭിക്കുകയായിരുന്നു ഞങ്ങളുടെ ആവശ്യം. ബി.സി.സിഐയുടെ പിന്തുണയാണ് പിന്നീട് ഞങ്ങളിൽ പല താരങ്ങൾക്കും പ്രശ്‌നങ്ങളൊന്നുമില്ലാതെ കളി തുടരാൻ കരുത്തായത്- അഭിമുഖത്തിൽ ബ്രാവോ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP