ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് സ്പാനിഷ് ടീം പരിശീലകൻ പുറത്ത്; ജുലൻ ലോപ്പറ്റെഗ്വിയെ പുറത്താക്കിയത് പോർച്ചുഗലിനെതിരെ വെള്ളിയാഴ്ച കളി നടക്കാനിരിക്കെ; ഞെട്ടൽ മാറും മുമ്പേ പുതിയ പരിശീലകൻ കളത്തിൽ
June 13, 2018 | 09:34 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
മോസ്‌കോ: ലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ അവശേഷിക്കെ പരിശീലകൻ ജുലൻ ലോപ്പറ്റെഗ്വിയെ സ്‌പെയിൻ പുറത്താക്കി. റഷ്യയിൽ സ്പാനിഷ് ടീം അവസാനവട്ട ഒരുക്കങ്ങൾ നടത്തുമ്പോഴാണ് ഫുട്‌ബോൾ ഫെഡറേഷന്റെ നടപടി.
15ന് പോർച്ചുഗല്ലിനെതിരേയാണ് സ്‌പെയിന്റെ ആദ്യ പോരാട്ടം. യൂറോ ചാമ്പ്യന്മാരായ പോർച്ചുഗല്ലിനെതിരേ മത്സരിക്കാൻ തയ്യാറെടുക്കുന്ന സ്പാനിഷ് സംഘത്തിന് തീരുമാനം കടുത്ത സമ്മർദ്ദമുണ്ടാക്കിയെങ്കിലും പുതിയ കോച്ചിനെ ഉടൻ പ്രഖ്യാപിച്ചു. ജുലെൻ ലൊപറ്റേഗിയെയ്ക്ക് പകരക്കാരനായി ഫെർണാണ്ടോ ഹെയ്റോയെ സ്പാനിഷ് ഫുട്ബോൾ ടീം പരിശീലകനായി നിയമിച്ചു. മുൻ റയൽ, സ്പാനിഷ് ഡിഫൻഡറാണ് ഫെർണാണ്ടോ ഹെയ്റോ.
2014-15 കാലഘട്ടത്തിൽ അദ്ദേഹം റയൽ മാഡ്രിഡിന്റെ അസിസ്റ്റന്റ് കോച്ചായും 2016-17 ൽ സ്പെയിൻ സെഗുണ്ട ലീഗിലെ റയൽ ഒവീഡോ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.കോച്ചിനെ പുറത്താക്കുന്നതിന്റെ കാരണം സ്‌പെയിൻ ഫെഡറേഷൻ വ്യക്തമാക്കിയില്ലെങ്കിലും റയൽ മാഡ്രിഡ് പരിശീലകനായി ലോപ്പറ്റെഗ്വിയെ നിയമിച്ചതാണ് സ്ഥാനം തെറിക്കാൻ കാരണമായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ചയാണ് ലോപ്പറ്റെഗ്വിയെ സ്പാനിഷ് വമ്പന്മാരായ റയൽ പരിശീലകനായി നിയമിച്ചത്. സിനദീൻ സിദാൻ രാജിവച്ച ഒഴിവിലേക്ക് മൂന്ന് വർഷത്തേക്കായിരുന്നു നിയമനം.
