Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

90 മിനിറ്റ് ഇറാനു മുന്നിൽ പതറിനിന്നശേഷം ഭാഗ്യം കൊണ്ട് മാത്രം നേടിയ വിജയവുമായി സ്‌പെയിൻ; ക്രിസ്റ്റ്യാനോ ഇല്ലായിരുന്നെങ്കിൽ പോർച്ചുഗൽ പണ്ടേ പുറത്തായേനെ എന്ന് തെളിയിച്ച മൊറോക്കോ മത്സരം; ആദ്യം പ്രീക്വാർട്ടറിൽ എത്തി ആതിഥേയരായ റഷ്യയും ആദ്യ ചാമ്പ്യന്മാരായ ഉറുഗ്വായും; പ്രതീക്ഷകാത്ത് സുവാരസും ഗോളടിച്ചു; ഗോൾ വേട്ടക്കാരുടെ മത്സരത്തിന് കോസ്റ്റയും; ഇന്നലെ റഷ്യയിൽ നടന്നത് ഇവയൊക്കെ

90 മിനിറ്റ് ഇറാനു മുന്നിൽ പതറിനിന്നശേഷം ഭാഗ്യം കൊണ്ട് മാത്രം നേടിയ വിജയവുമായി സ്‌പെയിൻ; ക്രിസ്റ്റ്യാനോ ഇല്ലായിരുന്നെങ്കിൽ പോർച്ചുഗൽ പണ്ടേ പുറത്തായേനെ എന്ന് തെളിയിച്ച മൊറോക്കോ മത്സരം; ആദ്യം പ്രീക്വാർട്ടറിൽ എത്തി ആതിഥേയരായ റഷ്യയും ആദ്യ ചാമ്പ്യന്മാരായ ഉറുഗ്വായും; പ്രതീക്ഷകാത്ത് സുവാരസും ഗോളടിച്ചു; ഗോൾ വേട്ടക്കാരുടെ മത്സരത്തിന് കോസ്റ്റയും; ഇന്നലെ റഷ്യയിൽ നടന്നത് ഇവയൊക്കെ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: വമ്പന്മാരെ പ്രതിരോധപ്പൂട്ടിൽ തളച്ചിടുകയെന്ന ചെറുമീനുകളുടെ തന്ത്രം ഏറ്റവും കൂടുതൽ ഫലവത്തായി നടപ്പാകുന്ന ലോകകപ്പാണ് റഷ്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. അർജന്റീനയെ ഐസ്‌ലൻഡ് തളച്ചതുമുതൽ അത്തരമൊരു തന്ത്രമാണ് മിക്കവാറും ചെറിയ ടീമുകൾ പയറ്റുന്നത്.

വലിയ ടീമുകളെ, അവരുടെ സ്വാഭാവികമായ കളി പുറത്തെടുക്കാൻ അനുവദിക്കുകപോലും ചെയ്യാതെ തളയ്ക്കുകയാണ് ചെയ്യുന്നത്. ഇന്നലത്തെ മത്സരഫലങ്ങൾ നോക്കുക. പോർച്ചുഗലിനെ മൊറോക്കോയും ഉറുഗ്വായെ സൗദിയും സ്‌പെയിനെ ഇറാനും കുരുക്കിയത് അങ്ങനെയാണ്.

ഒറ്റഗോൾ വിജയവുമായി വമ്പന്മാർ തടിതപ്പിയെങ്കിലും, പൊരുതിനിന്നുവെന്ന് ചെറുമീനുകൾക്ക് അഭിമാനിക്കാൻ വക നൽകുന്ന മത്സരങ്ങളായി ഇവയോരോന്നും

റോണോ, റോണോ മാത്രം

രണ്ടുവർഷം മുമ്പ് ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഒറ്റയാൾ പ്രകടനത്തിൽ യൂറോപ്യൻ ഫുട്‌ബോൾ കിരീടം ചൂടിയ ടീമാണ് പോർച്ചുഗൽ. ഇക്കുറി ലോകകപ്പിലും അവർ സ്വപ്‌നം കണ്ടുതുടങ്ങിയിരിക്കുന്നു. ആദ്യമത്സരത്തിൽ സ്‌പെയിനെതിരേ മൂന്നുഗോളടിച്ച് സമനില നേടിക്കൊടുത്ത ക്രിസ്റ്റിയാനോ ഇന്നലെ മൊറോക്കോയ്‌ക്കെതിരേയും ടീമിന് വിജയം സമ്മാനിച്ചു. കോർണർ കിക്കിൽനിന്നുവന്ന പന്ത്, തനിക്കുമാത്രം സാധ്യമായ അഭ്യാസപാടവത്തോടെ വലയിലേക്ക് ഹെഡ്ഡ് ചെയ്തിട്ടാണ് ക്രിസ്റ്റിയാനോ മത്സരത്തിലെ ഏക ഗോൾ സ്വന്തമാക്കിയത്. ഈ വിജയത്തോടെ, രണ്ടുമത്സരങ്ങളിൽ നാലുപോയന്റ് നേടിയ പോർച്ചുഗൽ നോക്കൗട്ടിലേക്കുള്ള ദൂരം ചെറുതാക്കി.

മത്സരത്തിൽ മൊറോക്കോ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നാലാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ ഹെഡ്ഡർ ഗോൾ വഴങ്ങിയശേഷം അവർ മത്സരത്തിലുടനീളം പിടിച്ചുനിന്നു. പോർച്ചുഗലിനെ ഏറെക്കുറെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ഈ ആഫ്രിക്കൻ ടീമിന്റേത്. എന്നാൽ, ഒരു ഗോൾ നേടാനുള്ള മൂർച്ച അവരുടെ മുന്നേറ്റങ്ങൾക്കുണ്ടായില്ലെന്നുമാത്രം. മറുഭാഗത്ത് വരദാനം പോലെ ലഭിച്ച ആ ഗോളിനുശേഷം പോർച്ചുഗൽ വിയർത്തു.

ക്രിസ്റ്റിയാനോയ്ക്ക് പിന്തുണ നൽകാനാവാതെ പോർച്ചുഗൽ മധ്യനിര ആശയമറ്റ് ഉഴറിയപ്പോൾ മത്സരം വിരസവുമായി മാറി. ആദ്യമത്സരത്തിൽ ഇറാനോട് പരാജയപ്പെട്ട മൊറോക്കോ ഇതോടെ ലോകകപ്പിൽനിന്ന് പുറത്താവുകയും ചെയ്തു.

പകച്ചുപോയ സ്പാനിഷ് തന്ത്രങ്ങൾ

ആദ്യമത്സരത്തിൽ പോർച്ചുഗലിനെതിരേ മൂന്നുഗോൾ നേടി മികച്ച ആക്രമണ ഫുട്‌ബോൾ കാഴ്ചവെച്ച സ്‌പെയിനിന്റെ നിഴൽ മാത്രമായിരുന്നു ഇറാനെതിരെ കളിക്കളത്തിലുണ്ടായിരുന്നത്. ഭാഗ്യത്തിന്റെ അകമ്പടിയോടെ നേടിയ ഒരുഗോളിന് മത്സരവും ടൂർണമെന്റിൽ ആയുസ്സും നീട്ടിക്കിട്ടിയ മുൻചാമ്പ്യന്മാർക്ക് അടുത്ത മത്സരത്തിൽ മൊറോക്കോയോട് തോൽക്കാതിരുന്നാൽ പ്രീക്വാർട്ടറിലെത്താം. ആദ്യമത്സരത്തിൽ പോർച്ചുഗലിനോട് സമനില വഴങ്ങേണ്ടിവന്ന സ്‌പെയിന് ഇപ്പോൾ നാലുപോയന്റായി. ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന മത്സരമാകും അവസാന റൗണ്ടിൽ നടക്കുക.

സ്പാനിഷ് തന്ത്രങ്ങളുടെയൊക്കെ മുനയൊടിക്കുന്ന പ്രകടനമാണ് ഇറാൻ മത്സരത്തിലുടനീളം കാഴ്ചവെച്ചത്. എന്നാൽ, രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ ഡീഗോ കോസ്റ്റ സ്‌പെയിൻ കാത്തിരുന്ന ഗോൾ നേടി. ആന്ദ്രെ ഇനിയേസ്റ്റ നൽകിയ പാസിൽനിന്നായിരുന്നു ഗോളിനുവഴിതുറന്നത്. ആദ്യമത്സരത്തിൽ രണ്ടുഗോൾ നേടിയ കോസ്റ്റയുടെ സമ്പാദ്യം ഇതോടെ മൂന്ന് ഗോളായി. മത്സരത്തിൽ ഇറാൻ സമനില പിടിക്കുമെന്ന് തോന്നിപ്പിച്ച ചില ഘട്ടങ്ങളുണ്ടായിരുന്നു.

62-ാം മിനിറ്റിൽ ഫ്രീക്കിക്കിലൂടെ അവർ ഗോൾ നേടുകയും ചെയ്തു. എന്നാൽ, വീഡിയോ റെഫറീയിങ്ങിന് (വാർ) സ്‌പെയിൻ അപ്പീൽ നൽകുകയും ഓഫ്‌സൈഡാണെന്ന് വിധിക്കുകയും ചെയ്തതോടെ ഇറാന്റെ പ്രതീക്ഷകൾ അവസാനിച്ചു.

സുവാരസ് ഗോളിൽ ഉറുഗ്വായ്

ആദ്യമത്സരത്തിൽ റഷ്യയോട് മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് തകർന്ന സൗദി അറേബ്യ രണ്ടാം മത്സരത്തിനിറങ്ങിയത് കരുതലോടെയാണ്. പ്രതിരോധം കടുപ്പിച്ച് ഉറുഗ്വായെ നേരിട്ട അവർക്ക് രണ്ടാം മത്സരത്തിലും തോൽവി നേരിട്ടെങ്കിലും നാണക്കേടില്ലാതെ മടങ്ങാനായി. 23-ാം മിനിറ്റിൽ ബാഴ്‌സലോണ സ്‌ട്രൈക്കർ ലൂയി സുവാരസ് നേടിയ ഗോളാണ് ഉറുഗ്വായെ മത്സരത്തിൽ മുന്നിട്ടുനിർത്തിയത്. തുടർച്ചയായ രണ്ടാം ജയത്തോടെ, ലോകകപ്പിലെ ആദ്യചാമ്പ്യന്മാർ പ്രീക്വാർട്ടറിലേക്കും ടിക്കറ്റെടുത്തു.

കോർണർകിക്കിൽനിന്നായിരുന്നു സുവാരസിന്റെ ഗോൾ. ആദ്യമത്സരത്തിൽ നിറംമങ്ങിപ്പോയ സുവാരസ്, രണ്ടാം മത്സരത്തിൽ ഗോളോടെ തിരിച്ചുവന്നു. രണ്ടാം പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ചെങ്കിലും സൗദിയുടെ ആക്രമണങ്ങൾ ഉറുഗ്വായുടെ പ്രതിരോധമതിലിൽത്തട്ടി തകരുകയായിരുന്നു. മറുഭാഗത്ത് എഡിൻസൺ കവാനി നിറംമങ്ങിയതോടെ, ഉറുഗ്വായുടെ ആക്രമണങ്ങളും പാതിവഴിയിൽ അവസാനിച്ചു. നേരത്തെ, ഈ ഗ്രൂപ്പിൽനിന്ന് റഷ്യ പ്രീക്വാർട്ടറിൽ കടന്നിരുന്നു.

ഈജിപ്തിനെ 3-1ന് തോൽപിച്ചാണ് പ്രീക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി ആതിഥേയർ മാറിയത്. ഗ്രൂപ്പിലെ രണ്ടുവീതം മത്സരങ്ങൾ സമാപിച്ചപ്പോൾ, രണ്ടും തോറ്റ സൗദിയും ഈജിപ്തും ടൂർണമെന്റിൽനിന്ന് പുറത്താകുന്ന ആദ്യടീമുകളുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP