Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൂട്ടയോട്ടത്തിന് ചെലവാകുക ഒരു കോടി; മനോരമയ്ക്ക് കിട്ടുക പത്ത് കോടിയും; സ്‌കൂളുകൾക്ക് ചെലവാകുന്ന തുക ആരും നൽകുകയുമില്ല; റൺ കേരളാ റണ്ണിൽ അഴിമതി വ്യക്തം

കൂട്ടയോട്ടത്തിന് ചെലവാകുക ഒരു കോടി; മനോരമയ്ക്ക് കിട്ടുക പത്ത് കോടിയും; സ്‌കൂളുകൾക്ക് ചെലവാകുന്ന തുക ആരും നൽകുകയുമില്ല; റൺ കേരളാ റണ്ണിൽ അഴിമതി വ്യക്തം

കോഴിക്കോട്: സർക്കാരും ദേശീയ ഗെയിംസ് ഓർഗനൈസിങ് കമ്മിറ്റിയും ചേർന്ന് നടത്തുന്ന റൺ കേരള റൺ എന്ന കൂട്ടയോട്ടത്തിന്റെ പേരിൽ മനോരമയ്ക്ക് വലിയ ലാഭമുണ്ടാകുമെന്ന് കണക്കുകൾ. മനോരമയുടെ കീഴിലെ ഈവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് പത്ത് കോടിയാണ് സർക്കാർ നൽകുന്നത്. എന്നാൽ ഒരു കോടി രൂപയേ ഇതിനായി ചെലവാകൂ എന്നാണ് സൂചന.

പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം എത്രയായാലും സ്‌കൂളുകൾക്ക് നൽകുന്നത് ആകെ രണ്ടു ടീഷർട്ടും തൊപ്പിയും ബാനറും തീംസോങ് അടങ്ങിയ സിഡിയും മാത്രം. ബാക്കി കുട്ടികൾക്കുള്ളവ സ്‌കൂളുകൾ സ്വയം കണ്ടെത്തണം. രണ്ട് കുട്ടിക്ക് ഇവ നൽകാൻ 700 രൂപയിൽ താഴെ മാത്രമാണ് ചെലവുവരുന്നത്. സംസ്ഥാനത്തെ 12,500 സ്‌കൂളുകൾക്കും ഇതേ സാധനങ്ങൾ കൊടുത്താൽ 87.5 ലക്ഷം രൂപ മതി. സംഘാടകർക്കുള്ള ചെലവു കൂട്ടിയാലും ഒരുകോടിയിലേറെ തുക വേണ്ട.

പത്ത് കുട്ടികളുള്ള സ്‌കൂൾമുതൽ ആയിരക്കണക്കിനു കുട്ടികളുള്ള സ്‌കൂൾവരെയും പരിപാടിയിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം. ഓരോ കുട്ടിയും ഒരു കിലോമീറ്റർ ഓടണം. അതിനായുള്ള ഫിനിഷിങ് പോയിന്റ് സ്‌കൂൾ അധികൃതർ കണ്ടെത്തണം. കുട്ടികളെ നിയന്ത്രിക്കാൻ റൗണ്ട് പോയിന്റ്മുതൽ എല്ലായിടത്തും അദ്ധ്യാപകർ ഉണ്ടാകണം. സ്‌കൂൾ ബാൻഡ്, വാദ്യങ്ങൾ എന്നിവ ഉപയോഗിക്കണം. ഗ്ലൂക്കോസ്, പ്രഥമശുശ്രൂഷക്കിറ്റ്, ഉച്ചഭാഷിണി, കുട്ടികൾക്കുള്ള വെള്ളം, ലഘുഭക്ഷണം തുടങ്ങിയ എല്ലാ ചെലവുകളും സ്‌കൂൾ അധികൃതർ കണ്ടെത്തണം. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്‌കൂൾ ഹെഡ്‌മാസ്റ്റർമാർക്കും സ്‌കൂൾ അധികൃതർക്കുമാണ് സാമ്പത്തിക ചെലവ് കൂടുതൽ.

പൂർണമായും സർക്കാർ സംവിധാനമാണ് റൺ കേരള റൺ നടത്തിപ്പിനായി വിനിയോഗിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർമുതൽ ഏറ്റവും താഴെത്തട്ടിലുള്ള പ്യൂൺവരെയുള്ളവർ ഇതിന്റെ ഭാഗാണ്. ഏകോപനത്തിന് ഓരോ ജില്ലയിലും ഓരോ മന്ത്രിമാരും ഉണ്ട്. കൂടാതെ പൊലീസ്, ആരോഗ്യപ്രവർത്തകർ, ത്രിതല പഞ്ചായത്ത് സമിതികൾ തുടങ്ങിയവയുടെ ശ്രദ്ധയും സാമ്പത്തികവും സമയവും വിനിയോഗിക്കേണ്ടിവരും. രക്ഷിതാക്കളും അദ്ധ്യാപകരും ജീവനക്കാരും ഈ സംരംഭത്തിൽ പങ്കാളികളാകണമെന്നും വിദ്യാഭ്യാസവകുപ്പ് ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തെ റോഡുകളിൽ 35 ലക്ഷം കുട്ടികൾ ഒന്നിച്ചിറങ്ങിയാൽ 20 മിനിറ്റ് കേരളം നിശ്ചലമാകുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.

കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാനുള്ള 'റൺ കേരള റൺ 'കൂട്ടയോട്ടം ജനവരി 20 ന് രാവിലെ 10.30ന് സംസ്ഥാനത്തൊട്ടാകെ നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പങ്കെടുക്കും. തലസ്ഥാനത്ത് മുഖ്യമന്ത്രിയും ജില്ലകളിൽ മന്ത്രിമാരും കൂട്ടയോട്ടത്തിന് നേതൃത്വം നൽകും. ചലച്ചിത്ര പ്രവർത്തകർ, അർജുന അവാർഡ് ജേതാക്കൾ, കായികതാരങ്ങൾ, വിദേശ മലയാളികൾ എന്നിവർക്ക് അവർ ഇഷ്ടപ്പെടുന്ന സ്ഥലത്ത് കൂട്ടയോട്ടത്തിൽ പങ്കെടുക്കാം.

റൺ കേരള റൺ തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. വി എസ്.ശിവകുമാർ (തിരുവനന്തപുരം), ഷിബുബേബി ജോൺ (കൊല്ലം), അടൂർ പ്രകാശ് (പത്തനംതിട്ട), രമേശ് ചെന്നിത്തല (ആലപ്പുഴ), കെ.എം.മാണി (കോട്ടയം), പി.ജെ.ജോസഫ് (ഇടുക്കി), കെ.ബാബു (എറണാകുളം), ഇബ്രാഹിംകുഞ്ഞ് (തൃശ്ശൂർ), മഞ്ഞളാംകുഴി അലി (പാലക്കാട്), പി.കെ.കുഞ്ഞാലിക്കുട്ടി (മലപ്പുറം), എം.കെ.മുനീർ (കോഴിക്കോട്), പി.കെ.ജയലക്ഷ്മി (വയനാട്), കെ.പി.മോഹനൻ (കണ്ണൂർ), അനൂപ് ജേക്കബ്ബ് (കാസർകോട്) എന്നിങ്ങനെയാണ് ജില്ലകളിൽ ചുമതലയുള്ള മന്ത്രിമാർ. ഇത്തരത്തിൽ സംസ്ഥാന സർക്കാർ എല്ലാ ഏകോപനവും വഹിക്കുന്ന പരിപാടി മനോരമയ്ക്ക് നടത്തിപ്പ് ചുമതല നൽകിയതാണ് വിവാദങ്ങൾക്ക് കാരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP