വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി ജോലിയിൽ പ്രവേശിച്ചു; ട്വന്റി 20 ക്രിക്കറ്റ് വനിതാ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ഹർമൻപ്രീത് കൗറിനെ ഡി.എസ്‌പി സ്ഥാനത്തുനിന്നും കോൺസ്റ്റബിളാക്കി പഞ്ചാബ് സർക്കാർ; വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് കേസെടുക്കുന്നില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി
July 10, 2018 | 09:32 AM IST | Permalink

മറുനാടൻ ഡെസ്‌ക്
ഛണ്ഡീഗഖ്: കഴിഞ്ഞ വനിതാ ക്രിക്കറ്റ് ലോകകപ്പോടെ സൂപ്പർത്താര പദവിയിലേക്കുയർന്ന താരമാണ് ഹർമൻപ്രീത് കൗർ. വനിതാ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും അർജുന അവാർഡുമൊക്കെ ഹർമൻപ്രീതിനെ തേടിയെത്തി. പഞ്ചാബ് സർകാർ ഡപ്യൂട്ടി സൂപ്രണ്ട് തസ്തികയിൽ പൊലീസിൽ നിയമനവും നൽകി. മാർച്ച് ഒന്നിന് ജോലിയിൽ പ്രവേശിച്ച ഹർമൻപ്രീത്, 2011-ൽ ചൗധരി ചരൺസിങ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയതിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കി.
പൊലീസ് വെരിഫിക്കേഷനിൽ ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന കണ്ടെത്തിയതോടെ താരം കുടുങ്ങി. സൂപ്പർത്താരം ഒരുനിമിഷം കൊണ്ട് നാണക്കേടിന്റെ പടുകുഴിയിലായി. വ്യാജ സർട്ടിഫിക്കറ്റ് ചമച്ച് ജോലിയിൽ പ്രവേശിച്ച ഹർമൻപ്രീതിനെ ഡിഎസ്‌പി സ്ഥാനത്തുനിന്ന് തരംതാഴ്‌ത്തി കോൺസ്റ്റബിളായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. വ്യാജ സർട്ടിഫിക്കറ്റിന്റെ പേരിൽ കേസെടുക്കുന്നില്ലെന്നും, പ്ലസ് ടു യോഗ്യത മാത്രം പരിഗണിച്ച് കോൺസ്റ്റബിളാക്കുകയാണെന്നും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ ഓഫീസ് വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തിൽ മിന്നിനിൽക്കുന്ന താരമായതിനാലാണ് കേസിൽനിന്ന് ഒഴിവാക്കുന്നത്. മാത്രമല്ല, കളിക്കളത്തിലെ മികവിന്റെ പേരിലാണ് ഡിഎസ്‌പിയായി നിയമനം നൽകിയതും. എന്നാൽ, ഡിഎസ്‌പി സ്ഥാനത്ത് നിയമിക്കപ്പെടണമെങ്കിൽ ബിരുദം നിർബന്ധമായതിനാലാണ് തരംതാഴ്‌ത്തു്ന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വ്യാജ സർട്ടിഫിക്കറ്റിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്താൽ ഹർമൻപ്രീതിന് അർജുന അവാർഡ് പോലും നഷ്ടപ്പെടുന്ന സ്ഥിതിവരും. സർക്കാർ അവാർഡ് തിരിച്ചെടുക്കും.
ലങ്കാഷയർ തണ്ടർ ടീമിൽ ഇടം നേടിയ ഹർമൻപ്രീത് ഇംഗ്ലണ്ടിൽ നടക്കുന്ന കിയ സൂപ്പർ ലീഗിൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. 15-ന് അവിടേക്ക് പോകുമെന്നും തിരികെ വന്നശേഷം പ്രതികരിക്കാമെന്നുമാണ് ഹർമൻ പ്രീത് പറഞ്ഞത്. മീററ്റിലുള്ള സർവകലാശാലയുമായി ബന്ധപ്പെട്ടാണ് പൊലീസ് സർട്ടിഫിക്കറ്റ് പരിശോധിച്ചത്. സർട്ടിഫിക്കറ്റിലെ നമ്പരും നൽകിയിരിക്കുന്ന മാർക്കുകളും വ്യാജമാണെന്ന് സർവകലാശാല അധികൃതർ പൊലീസിനെ അറിയിച്ചു.
കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്തിയതോടെയാണ് ഹർമൻപ്രീതും സംഘവും പ്രശസ്തിയിലേക്ക് കുതിച്ചുയർന്നത്.. ഹർമൻപ്രീതിന്റെ ബാറ്റിങ്ങാണ് ഇന്ത്യയെ ഫൈനൽവരെയെത്തിച്ചത്. വെസ്റ്റേൺ റെയിൽവേയിൽ അഞ്ചുവർഷത്തെ കരാറിൽ ജോലി ചെയ്യുകയായിരുന്ന ഹർമൻപ്രീതിനെ ക്യാപ്റ്റൻ അമരീന്ദർ ഇടപെട്ടാണ് പഞ്ചാബ് പൊലീസിൽ നിയമിച്ചത്. ഇതിനായി കേന്ദ്ര റെയിൽവേ മന്ത്രിയുമായി പഞ്ചാബ് മുഖ്യമന്ത്രി ചർച്ച നടത്തുക പോലും ചെയ്തിരുന്നു.
