Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിസിസിഐയുടെ ഭരണഘടനയും രീതികളും മാറണം; സംസ്ഥാനങ്ങൾക്ക് ഒറ്റ അസോസിയേഷൻ മാത്രം; ഐപിഎൽ ഗവേണിങ് ബോഡിയിലും മാറ്റം: ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ ഉടച്ചുവാർക്കാൻ ജസ്റ്റിസ് ആർ എം ലോധയുടെ ശുപാർശകൾ

ബിസിസിഐയുടെ ഭരണഘടനയും രീതികളും മാറണം; സംസ്ഥാനങ്ങൾക്ക് ഒറ്റ അസോസിയേഷൻ മാത്രം; ഐപിഎൽ ഗവേണിങ് ബോഡിയിലും മാറ്റം: ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ ഉടച്ചുവാർക്കാൻ ജസ്റ്റിസ് ആർ എം ലോധയുടെ ശുപാർശകൾ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ ഉടച്ചുവാർക്കാൻ ലക്ഷ്യമിട്ടുള്ള ജസ്റ്റിസ് ആർ എം ലോധ കമ്മിറ്റി റിപ്പോർട്ടു സുപ്രീം കോടതിയിൽ സമർപ്പിച്ചു. ഒരു സംസ്ഥാനത്ത് ഒന്നിൽ കൂടുതൽ ക്രിക്കറ്റ് അസോസിയേഷനുകൾ വേണ്ടെന്നും ബിസിസിഐ ഭാരവാഹികൾ സംസ്ഥാന അസോസിയേഷനുകളുടെ ഭാരവാഹികളാകരുതെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

ബിസിസിഐയുടെ തലപ്പത്ത് രാഷ്ട്രീയ, വ്യാവസായിക മേഖലയിലുള്ളവർ വരുന്നത് തടയണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. വിവാദമായ ഐപിഎൽ ഒത്തുകളിക്കു ശേഷമാണ് ബിസിസിഐയുടെ ഘടനയിലും പ്രവർത്തനങ്ങളിലും വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാനായി സുപ്രീംകോടതി ജസ്റ്റിസ് ആർ എം ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചത്.

ബിസിസിഐയുടെ ഭാരവാഹികളായി രാഷ്ട്രീയ വ്യാവസായിക മേഖലയിലുള്ളവരെ നിയമിക്കരുതെന്ന സുപ്രധാന നിർദേശവും കമ്മിറ്റി മുന്നോട്ടു വയ്ക്കുന്നുണ്ട്. ആരോപണ വിധേയരായ ഭാരവാഹികളെ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നു തടയണമെന്നും ഭാരവാഹിത്വം തുടരുന്നതു പരമാവധി 9 വർഷമെന്ന നിലയിൽ പരിമിതപ്പെടുത്തണമെന്നും നിർദേശിക്കുന്നു. ബി.സി.സിഐയ്ക്കും ഐ.പി.എല്ലിനും രണ്ട് വ്യത്യസ്ത ഭരണസമിതികൾ വേണം എന്ന നിർദേശവും ലോധ സമർപ്പിച്ചു. ഐ.പി.എൽ ഭരണസമിതിക്ക് നിയന്ത്രിത സ്വയംഭരണാധികാരം മതിയെന്നും സമിതി ശുപാർശ ചെയ്തു. കളിക്കാരുടെ അസോസിയേഷൻ രൂപവത്കരിക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

ബിസിസിഐ ഭാരവാഹികൾ സംസ്ഥാന അസോസിയേഷനുകളുടെ ഭാരവാഹികളാകരുതെന്ന ശുപാർശ സുപ്രീം കോടതി അംഗീകരിച്ചാൽ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ ഭാരവാഹിത്വം വഹിക്കുന്ന അനുരാഗ് താക്കൂറിനും രാജീവ് ശുക്ലയ്ക്കും തിരിച്ചടിയാകും. ബിസിസിഐ അധ്യക്ഷനെ മേഖല അടിസ്ഥാനത്തിൽ മാറി മാറി തിരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കണം. ബിസിസിഐയുടെ റജിസ്‌ട്രേഷൻ സൊസൈറ്റി മാതൃകയിൽ നിന്നു മാറ്റി കമ്പനിയോ ട്രസ്റ്റോ ആക്കണം. അസോസിയേഷനുമായി ബന്ധപ്പെട്ട എല്ലാ നിയമനങ്ങളും നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും ലോധ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

ഒരു സംസ്ഥാനത്തിന് ഒരു ക്രിക്കറ്റ് ബോർഡ് എന്ന നിർദ്ദേശവും നടപ്പാക്കിയാൽ മൂന്ന് വീതം അസോസിയേഷനുകൾ ഉള്ള മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളെ അത് കാര്യമായി ബാധിക്കും. മുംബയ് ക്രിക്കറ്റ് അസോസിയേഷൻ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ, വിദർഭ ക്രിക്കറ്റ് അസോസിയേഷൻ എന്നിവയാണ് മഹാരാഷ്ട്രയിലുള്ളത്. ഗുജറാത്തിൽ സൗരാഷ്ട്ര, ബറോഡ, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ അസോസിയേഷനുകൾക്കെല്ലാം രഞ്ജി ടീമുകളുമുണ്ട്.

ഒരുകൂട്ടം വ്യക്തികൾ ചേർന്ന് 1928ലാണ് ബി.സി.സി.ഐക്ക് രൂപം നൽകുന്നത്. 1975ലെ തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷൻ നിയമപ്രകാരമാണ് ബോർഡ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിന് മാറ്റം വരുത്തണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. മുൻ താരങ്ങൾ, അഭിഭാഷകർ, ക്രിക്കറ്റ് വിദഗ്ദ്ധർ, മാദ്ധ്യമപ്രവർത്തകർ അടക്കമുള്ളവരുമായി കൂടിയാലോചനകൾ നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ബി.സി.സി.ഐയുടെ തലപ്പത്ത് നിന്ന് രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും മാറ്റി, മുൻ താരങ്ങൾക്കും ക്രിക്കറ്റുമായി ബന്ധപ്പെട്ടവർക്കും പദവി നൽകണമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ക്രിക്കറ്റ് അസോസിയേഷനുകളുടെ ഭരണസമിതിയിലേക്ക് രാഷ്ട്രീയക്കാർക്കും വ്യവസായികൾക്കും മത്സരിക്കണമെങ്കിൽ ക്രിക്കറ്റ് താരമായിരുന്നിരിക്കണം. ബി.സി.സി.ഐ ഭരണസമിതിയിലുള്ളവർ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ പദവി വഹിക്കുന്നതിനും വിലക്ക് ഏർപ്പെടുത്താൻ സാദ്ധ്യതയുണ്ട്. ബി.സി.സി.ഐ സെക്രട്ടറിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂറിനും രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ശുക്‌ളയ്ക്കും അത് കനത്ത പ്രഹരമാകും. താക്കൂർ ഹിമാചൽ അസോസിയേഷൻ പ്രസിഡന്റും ശുക്‌ള യു.പി അസോസിയേഷൻ സെക്രട്ടറിയുമാണ്.

ഭിന്നതാത്പര്യത്തിന്റെ പേരിൽ ബി.സി.സി.ഐയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ എൻ. ശ്രീനിവാസന് സുപ്രീംകോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്നാണ് ബി.സി.സി.ഐയുടെ ശുദ്ധികലശത്തിനായി ജസ്റ്റിസ് ലോധ കമ്മിഷനെ കോടതി നിയോഗിച്ചത്. ഐ.പി.എൽ വാതുവയ്പിൽ ഉൾപ്പെട്ടവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നതിനും കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇതു പ്രകാരം അന്വേഷണം നടത്തിയ കമ്മിഷൻ ഐ.പി.എൽ വാതുവയ്പിൽ ഉൾപ്പെട്ട ചെന്നൈ സൂപ്പർ കിങ്‌സ് ടീം ഉടമ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാൻ റോയൽസ് ഉടമ രാജ്കുന്ദ്രയ്ക്കും ക്രിക്കറ്റിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ടീമുകളെ രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. വാതുവയ്പുകാരുമായി ബന്ധപ്പെട്ടെന്നു സംശയിക്കുന്ന ഐ.പി.എൽ മുൻ സിഇഒയായിരുന്ന സുന്ദർരാമനെതിരായ നടപടിയും കമ്മിഷനാണ് തീരുമാനിക്കേണ്ടത്. അതേസമയം, സുന്ദർരാമനെ അടുത്തിടെ തത്സ്ഥാനത്ത് നിന്ന് നീക്കിയ സാഹചര്യത്തിൽ നടപടി എന്തായിരിക്കുമെന്ന് വ്യക്തമല്ല.
ഐ.പി.എൽ ടീമുകളുടെ ലേലം അടക്കമുള്ള കാര്യങ്ങളിലും കമ്മിഷൻ ശുപാർശകൾ സമർപ്പിച്ചേക്കും. ജസ്റ്റിസ് ലോധയ്ക്ക് പുറമേ സുപ്രീംകോടതിയിലെ മുൻ ജഡ്ജിമാരായ ആർ.വി. രവീന്ദ്രൻ, അശോക് ഭാൻ എന്നിവരാണ് സമിതിയിലുള്ളത്. അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണൻ ആണ് സമിതിയുടെ സെക്രട്ടറി.

ലോധ സമിതിയുടെ പ്രധാന നിർദേശങ്ങൾ ഇവയാണ്:

  • ഓരോ സംസ്ഥാനത്തിനും ഒരു അസോസിയേഷൻ മാത്രം മതി. ഇരായിരിക്കും മുഴുവൻസമയ അംഗങ്ങൾ. ഇവർക്ക് മാത്രമേ വോട്ട് ചെയ്യാനുള്ള അധികാരം ഉണ്ടായുകയുള്ളൂ. സർവീസസ്, റെയിൽവെയ്‌സ്, സി.സി.ഐ, എൻ.സി.സി. തുടങ്ങിയ സംസ്ഥാനങ്ങളില്ലാത്ത അസോസിയേഷനുകൾ ഇനി മുതൽ വോട്ടിങ് അധികാരമില്ലാത്ത അസോസിയേറ്റ് അംഗങ്ങൾ മാത്രമാകും.
  • ഐ.പി.എൽ ഭരണസമിതിയിൽ സമൂലമായ പൊളിച്ചെഴുത്ത് വേണം. ഒൻപതംഗ ഗവേണിങ് കൗൺസിലിനായിരിക്കും ഐ.പി.എല്ലിന്റെ ഭരണച്ചുമതല. സാമ്പത്തിക കാര്യങ്ങളുടെ ചുമതലയും ഈ ഗവേണിങ് കൗൺസിലിനായിരിക്കും. ബി.സി.സി.ഐയുടെ സെക്രട്ടറിയും ട്രഷററും എക്‌സ്ഒഫിഷ്യോ അംഗങ്ങളായിരിക്കും. രണ്ട് അംഗങ്ങളെ മറ്റ് മുഴുവൻ സമയ അംഗങ്ങൾ നാമനിർദ്ദേശം ചെയ്യുകയോ തിരഞ്ഞെടുക്കുകയോ വേണം. ബാക്കിയുള്ള അഞ്ച് പേരിൽ രണ്ടുപേർ ഫ്രാഞ്ചൈസികളുടെ പ്രതിനിധികളായിരിക്കും. ഒരാൾ കളിക്കാരുടെ അസോസിയേഷന്റെ പ്രതിനിധിയും. മറ്റൊരാൾ സി.എ.ജിയുടെ (കോംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ).
  • ബി.സി.സിഐയിൽ ഒരു സിഇഒ തസ്തിക സൃഷ്ടിക്കണം. ദൈനംദിന ഭരണകാര്യങ്ങളുടെ ചുമതല അദ്ദേഹത്തിനായിരിക്കും. ഈ സി. ഇ.ഒയെ സഹായിക്കാൻ ആറ് പ്രൊഫഷണൽ മാനേജർമാർ വേണം.
  • കളിക്കാരുടെ അസോസിയേഷൻ രൂപവത്കരിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ പഠിച്ച് തീരുമാനമെടുക്കാൻ മോഹിന്ദർ അമർനാഥ്, അനിൽ കുംബ്ലെ, മുൻ ഇന്ത്യൻ വനിതാ ടീം നായിക ഡയാന എഡുജീ എന്നിവർ അംഗങ്ങളായി ഒരു സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിക്കണം.
  • ബി.സി.സിഐയിൽ ഓംബുഡ്‌സ്മാൻ, എത്തിക്‌സ് ഓഫീസർ, ഇലക്ട്രൽ ഓഫീസർ എന്നിവരെ നിയമിക്കണം. ഓംബുഡ്‌സ്മാൻ ഒരു സുപ്രീം കോടതി ജഡ്ജിയോ വിരമിച്ച ഹൈക്കോടതി ജഡ്ജിയോ ആയിരിക്കണം. ബി.സിഐ അംഗങ്ങളുടെ ഭിന്നതാത്പര്യം, അഴിമതി വിഷയങ്ങൾ എന്നിവ കൈകാര്യം ചെയ്യുകയാവും എത്തിക്‌സ് ഓഫീസറുടെ ചുമതല. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ വേണം എത്തിക്‌സ് ഓഫീസറായി നിയമിക്കാകൻ. ബി.സി.സിഐയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ചുമതലക്കാരനായിരിക്കും ഇലക്ട്രൽ ഓഫീസർ. തിരഞ്ഞെടുപ്പിന് രണ്ട് മാസം മുൻപെങ്കിലും ഈ ഇലക്ട്രൽ ഓഫീസറെ തിരഞ്ഞെടുത്തിരിക്കണം. ഒരു മുൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കണം ഇലക്ട്രൽ ഓഫീസർ.
  • എഴുപത് വയസ്സിൽ കൂടുതൽ പ്രായമുള്ളവരും മന്ത്രിമാരും ർക്കാർ ജീവനക്കാരും ബി.സി.സിഐയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ. സെക്രട്ടറി, ട്രഷറർ എന്നീ പദവികൾ വഹിക്കരുത്. ഒൻപത് വർഷത്തിൽ കൂടുതൽ ഒരാൾ ഭാരവാഹിയായി ഇരിക്കരുത്. മൂന്ന് വർഷമാണ് ഒരു ഭാരവാഹിയുടെ കാലാവധി. തുടർച്ചയായി മൂന്ന് തവണയിൽ കൂടുതൽ ഒരാൾ ഭാരവാഹിയാവരുത്.
  • സംസ്ഥാന അസോസിയേഷനുകളുടെ ഭരണഘടനയുടെയും ഘടനയുടെയും കാര്യത്തിൽ ഏകീകരണം വേണം. ഒൻപത് വർഷത്തിൽ കൂടുതൽ കാലം ഒരാൾ ഭാരവാഹിയാവരുത്. കളിയും മറ്റ് കാര്യങ്ങളും കൂട്ടിക്കുഴയ്ക്കരുത്. പ്രോക്‌സി വോട്ടിങ് അനുവദിക്കില്ല. അക്കൗണ്ടുകൾ ബി.സി.സി. ഐ.യുടെ ഓഡിറ്റിങ്ങിന് വിധേയമായിരിക്കും. പ്രവർത്തനത്തിൽ സുതാര്യത വേണം. ഭിന്ന താത്പര്യം, അഴിമതി, എന്നിവ സംബന്ധിച്ച് ബി.സി.സിഐ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. അച്ചടക്കം ലംഘിക്കുന്ന അസോസിയേഷനുകളുടെ അംഗീകാരം നഷ്ടമാവും. അവർ ബി.സി.സിഐയുടെ സബ്‌സിഡിക്കും ഗ്രാൻഡിനും അർഹരായിരിക്കില്ല. അടിസ്ഥാനസൗകര്യം, വികസനം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ബി.സി.സിഐയിൽ നിന്ന് ഗ്രാൻഡും സബ്‌സിഡിയും ലഭിക്കുക. സംസ്ഥാന അസോസിയേഷനുകളുടെ എല്ലാ തീരുമാനങ്ങളും വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം.
  • സംസ്ഥാന അസോസിയേഷനുകളിൽ മുൻ കളിക്കാർ മാത്രമേ പാടുള്ളൂ. രാഷ്ട്രീയക്കാർക്ക് സ്ഥാനം ഉണ്ടാകരുത്. സ്‌റ്റേഡിയം റൊട്ടേഷനും കൃത്യമായി നടപ്പാക്കണം.
  • വിവരാവകാശനിയമം ബി.സി.സി. ഐ.ക്കും ബാധകമാക്കുന്നതിനെക്കുറിച്ച് സർക്കാർ ചിന്തിക്കണം.
  • ദേശീയ ടീമുകളെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ കമ്മിറ്റിയിൽ മൂന്നംഗങ്ങളാണ് ഉണ്ടാവേണ്ടത്. സീനിയർ ടീമിനെ തിരഞ്ഞെടുക്കുന്ന സമിതിയിൽ ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് കളിച്ച താരങ്ങൾ മാത്രമേ ഉണ്ടാകാവൂ. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ടെസ്റ്റ് കളിച്ചവരായിരിക്കണം സെലക്ഷൻ കമ്മിറ്റി ചെയർമാൻ. പ്രതിഭകളെ കണ്ടെത്താനും ഒരു മൂന്നംഗ സമിതി ഉണ്ടാവണം. വാർഷിക ജനറൽ ബോഡിയായവണം ഇവരെ തിരഞ്ഞെടുക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP