Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സച്ചിനാണോ കോഹ്‌ലിയാണോ മികച്ച താരം? ഇതിഹാസ താരത്തെ കടത്തിവെട്ടുമോ യുവരക്തം: കണക്കുകൾ പരിശോധിക്കാം

സച്ചിനാണോ കോഹ്‌ലിയാണോ മികച്ച താരം? ഇതിഹാസ താരത്തെ കടത്തിവെട്ടുമോ യുവരക്തം: കണക്കുകൾ പരിശോധിക്കാം

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം അടുത്തിടെ സജീവമായി ചർച്ച ചെയ്യുന്ന വിഷയമാണ് സച്ചിൻ ടെൻഡുൽക്കറാണോ വിരാട് കോഹ്‌ലിയാണോ മികച്ച താരം എന്നത്. ക്രിക്കറ്റിനെ മതമായും സച്ചിനെ ദൈവമായും കണക്കാക്കുന്ന ഒരു രാജ്യത്ത് ഈ ചോദ്യം തന്നെ അപ്രസക്തമാണ് എന്നു ചിലർ പറയുന്നുണ്ട്.

എങ്കിലും കണക്കുകളിലൂടെ യാത്ര ചെയ്യുമ്പോൾ സച്ചിനൊപ്പം തന്നെ എത്തില്ലേ വിരാട് എന്നാണു മറുകൂട്ടർ ചോദിക്കുന്നത്. ടീമിനെ വിജയത്തിലെത്തിക്കുന്ന കോഹ്‌ലിയുടെ ഇന്നിങ്‌സുകളാണു ഇവർ ഉയർത്തിക്കാട്ടുന്നത്.

എന്നാൽ, ഇവരിൽ ആരാണു മെച്ചം എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാനാകില്ല എന്നാണു ക്രിക്കറ്റ് വിദഗ്ദ്ധർ പറയുന്നത്. സച്ചിൻ കളി തുടങ്ങിയ 1989ൽ നിന്ന് ഏറെ വ്യത്യാസമുണ്ട് ഇന്നത്തെ സാഹചര്യങ്ങൾക്ക്. അതിനാൽ തന്നെ ഇരുവരും തമ്മിലുള്ള താരതമ്യം പോലും ശരിയായി നടക്കില്ലെന്നും വിലയിരുത്തലുണ്ട്. പിച്ചും ബൗളർമാരും ബാറ്റിങ് ഉപകരണങ്ങളും നിയമങ്ങളും ഒക്കെ ഏറെ മാറി.

ഇവർ കളിച്ച ഇന്നിങ്‌സുകൾ വച്ചു മാത്രം താരതമ്യപ്പെടുത്തി നോക്കിയാൽത്തന്നെയും ട്വന്റി 20 എന്ന വിഭാഗത്തെ മാറ്റി നിർത്തേണ്ടിവരും. തന്റെ കരിയറിൽ ആകെ ഒരു തവണ മാത്രമാണ് ട്വന്റി 20 അന്താരാഷ്ട്ര മത്സരത്തിന് സച്ചിൻ ഇറങ്ങിയത്. അതും അദ്ദേഹത്തിന്റെ 34-ാം വയസിൽ. അതുകൊണ്ട് താരതമ്യം ടെസ്റ്റിലും ഏകദിനത്തിലും മാത്രമായി പരിമിതപ്പെടുത്തേണ്ടി വരും. കോഹ്‌ലി ഇതുവരെ കളിച്ച കളികളുടെ എണ്ണം കൊണ്ട് ഇവരെ രണ്ടുപേരെയും താരതമ്യപ്പെടുത്തുകയേ നിവൃത്തിയുള്ളൂ.

കണക്കുകൾ പരിശോധിക്കുമ്പോൾ ടെസ്റ്റിൽ കൂടുതൽ മികവു കാട്ടിയതു സച്ചിൻ തന്നെയാണെന്നു വ്യക്തമാകും. 72 ടെസ്റ്റ് ഇന്നിങ്‌സുകളാണ് കോഹ്‌ലി ഇതുവരെ കളിച്ചിട്ടുള്ളത്. സച്ചിന്റെ ആദ്യ 72 ഇന്നിങ്‌സുകൾ പരിശോധിക്കുമ്പോൾ ശരാശരി 52.5 ആണ്. ആദ്യ 72 ഇന്നിങ്‌സിൽ 11 സെഞ്ച്വറിയും സച്ചിൻ നേടി.

അതേസമയം, സെഞ്ച്വറിയുടെ എണ്ണത്തിൽ ഒപ്പമുണ്ടെങ്കിലും കോഹ്‌ലിയുടെ ശരാശരി 44 ആണ്. സച്ചിനേക്കാൾ ഏറെ പിന്നിൽ.

പക്ഷേ, ഏകദിനങ്ങൾ പരിശോധിക്കുമ്പോൾ കോഹ്‌ലിക്കാണു മുൻതൂക്കം. 163 ഇന്നിങ്‌സുകളാണു കോഹ്‌ലി ഇതുവരെ കളിച്ചത്. സച്ചിൻ ഇത്രയും ഇന്നിങ്‌സിൽ നിന്നു നേടിയതിനേക്കാൾ കൂടുതൽ റൺസ് നേടിയതു കോഹ്‌ലിയാണ്. ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലും കോഹ്‌ലി തന്നെയാണു മുന്നിൽ.

ആദ്യ 163 ഇന്നിങ്‌സുകളിൽ ഇന്ത്യയിൽ കളിച്ച മത്സരങ്ങളിൽ സച്ചിന്റെ ശരാശരി 45.5 ആണ്. കോഹ്‌ലിയുടേത് 54.7ഉം. സ്‌ട്രൈക്ക് റേറ്റ് യഥാക്രമം 84.51ഉം 93.09ഉം.

വിദേശരാജ്യങ്ങളിൽ സച്ചിന് ശരാശരി വളരെ കുറവാണ്. 28. സ്‌ട്രൈക്ക് റേറ്റ് 76.49. അതേസമയം, കോഹ്‌ലിക്ക് 47.3 ആണ് വിദേശരാജ്യങ്ങളിലെ ശരാശരി. സ്‌ട്രൈക്ക് റേറ്റിലും കോഹ്‌ലി തന്നെ മുന്നിൽ. 88.09.

സെഞ്ച്വറികളിലും മുന്നിൽ കോഹ്‌ലിതന്നെ. ഈ കാലയളവിൽ 12 സെഞ്ച്വറികൾ സച്ചിൻ നേടിയപ്പോൾ 25 എണ്ണമാണു കോഹ്‌ലിയുടെ പേരിൽ കുറിക്കപ്പെട്ടത്. സ്‌കോർ ചേസ് ചെയ്യുമ്പോഴുള്ള ആവറേജിലും കോഹ്‌ലി തന്നെയാണു മുന്നിൽ.

ഇതേ ഫോമിൽ തുടർന്നു കളിച്ചാൽ ഏകദിനത്തിൽ സച്ചിന്റെ നേട്ടങ്ങൾ മറികടക്കാൻ കോഹ്‌ലിക്കു കഴിഞ്ഞേക്കുമെന്നാണു ക്രിക്കറ്റ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ടെസ്റ്റിൽ സച്ചിന്റെ നേട്ടങ്ങൾ അങ്ങനെ തന്നെ തുടരാനാണു സാധ്യതയെന്നും വിലയിരുത്തലുണ്ട്. സച്ചിൻ 329 ടെസ്റ്റ് ഇന്നിങ്‌സുകളും 452 ഏകദിന ഇന്നിങ്‌സുകളുമാണ് കളിച്ചിട്ടുള്ളത്. ഇത്രയും കളികൾ വിരാട് കോഹ്‌ലി കളിച്ചാൽ സച്ചിന്റെ സെഞ്ച്വറികളുടെ റെക്കോർഡ് തകരുമെന്നുമാണു വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP