Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാഫ് ഗെയിംസ് കേരളത്തിൽ നടക്കില്ല; കേന്ദ്രമന്ത്രിയുടെ കള്ളക്കളികൾ വിനയായി; മേഘാലയേയും അസമിനേയും ആതിഥേയരാക്കാൻ ഐഒഎ തീരുമാനം

ന്യൂഡൽഹി: സാഫ് ഗെയിംസ് കേരളത്തിൽ ഇത്തവണ നടത്തില്ല. സാഫ് ഗെയിംസ് മേഘാലയിലും അസാമിലുമായി നടത്താനുമായാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ താൽപ്പര്യം.

12മത് സാഫ് ഗെയിംസ് നേരത്തെ കേരളത്തിൽ നടത്താനാണ് ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷൻ തീരുമാനിച്ചിരുന്നത്. കേന്ദ്ര കായിക മന്ത്രിയുടെ കടുംപിടുത്തമാണ് സാഫ് ഗെയിംസ് അസാമിലും മേഘാലയിലുമായി നടത്താൻ തീരുമാനിച്ചത്. ഗെയിംസ് പ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാകും. ഇന്ത്യയെക്കൂടാതെ തെക്കനേഷ്യൻ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളും സാഫ് ഗെയിംസിൽ പങ്കെടുക്കും.

കേന്ദ്ര കായികമന്ത്രി സർബാനന്ദ സൊനോവൽ അസംകാരനാണ്. സാഫ് ഗെയിംസ് നടത്തിപ്പിന് അസം തുടക്കം മുതൽ അവകാശവാദം ഉന്നയിച്ചിരുന്നു. ഗുവാഹത്തിയാണ് വേദിയാക്കാൻ ഉദ്ദേശിച്ചിരുന്നത്. കഴിഞ്ഞ മാർച്ചിൽ കായിക സെക്രട്ടറിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികളും ഗുവാഹത്തി സന്ദർശിക്കുകയും ചെയ്തിരുന്നു. സ്റ്റേഡിയങ്ങളുടെ പുനരുദ്ധാരണത്തിനും അറ്റുകറ്റപ്പണികൾക്കുമായി ഇരുപത് കോടിയോളം രൂപ നൽകാൻ കേന്ദ്രസർക്കാർ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതാണ്. എന്നാൽ ഫണ്ട് സംബന്ധിച്ച ചില തർക്കങ്ങൾ കാരണം ഗെയിംസ് വേദിനിർണയം നീണ്ടു പോവുകയായിരുന്നു.

എഴുപത് കോടിയോളം രൂപയാണ് സാഫ് ഗെയിംസ് നടത്തിപ്പിനുള്ളത്. നവംബർ, ഡിസംബർ മാസങ്ങളിലാണ് ദക്ഷിണ ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇതിനിടയിലാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കേരളത്തിനോട് സന്നദ്ധത ചോദിച്ചതും കേരളത്തെ വേദിയാക്കാൻ തീരുമാനിച്ചതും. ഇത് സംബന്ധിച്ച് കേരള ഒളിമ്പിക് അസോസിയേഷനെ അറിയിക്കുകയും ചെയ്തു. ദേശീയ ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്. ദേശീയ ഗെയിംസിനുള്ള സ്റ്റേഡിയങ്ങളും കളിയുപകരണങ്ങളും ഒരുക്കിയിട്ടുള്ളതിനാൽ പണച്ചെലവും കുറവാണ്. മാത്രമല്ല സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നതും കേരളത്തിന് അനുകൂലമായി.

ഇതോടെ കായികമന്ത്രാലയം വീണ്ടും ഇടപെടുകയായിരുന്നു. അസമിൽ തന്നെ വേണമെന്ന് കായിക മന്ത്രി നിർബന്ധം പിടിച്ചു. ഇതോടെ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനും വഴങ്ങേണ്ടി വന്നു. കേരളത്തിന്റെ സാധ്യതകൾ നഷ്ടമാകുന്ന സ്ഥിതിയുണ്ടായിട്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും പരാതിയുയർന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP