Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗോഡ്ഫാദറില്ലാത്തതു കരിയറിനെ ബാധിച്ചെന്ന് ശ്രീശാന്ത്; ബിസിസിഐ കാട്ടിയതു കടുത്ത അനീതി; തന്റെ ഭാവി കുറിക്കപ്പെട്ടത് വെറും അഞ്ചു മിനിട്ടുകൊണ്ടെന്നും താരം

ഗോഡ്ഫാദറില്ലാത്തതു കരിയറിനെ ബാധിച്ചെന്ന് ശ്രീശാന്ത്; ബിസിസിഐ കാട്ടിയതു കടുത്ത അനീതി; തന്റെ ഭാവി കുറിക്കപ്പെട്ടത് വെറും അഞ്ചു മിനിട്ടുകൊണ്ടെന്നും താരം

ഐപിഎൽ വാതുവയ്പു വിവാദത്തിൽ ആദ്യമേ തന്നെ ആരോപണവിധേയനായ ക്രിക്കറ്റ് താരമാണ് എസ് ശ്രീശാന്ത്. ആർക്കൊക്കെയോ വേണ്ടി ബലിയാടാവുകയായിരുന്നു ശ്രീശാന്തെന്ന വാർത്തകളും അന്നു പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ബിസിസിഐ തന്നോടു കാണിച്ച അനീതിക്കെതിരെ ശ്രീശാന്ത് പ്രതികരിക്കുന്നു. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ പ്രതികരണം.

ഗോഡ്ഫാദറില്ലാത്തതാണ് തന്റെ കരിയറിനെ ദോഷമായി ബാധിച്ചതെന്നു ശ്രീശാന്ത് പറഞ്ഞു. ഐപിഎൽ കോഴ സംബന്ധിച്ച ആരോപണങ്ങളിൽ കേവലം അഞ്ചു മിനിട്ടുകൊണ്ടാണ് തന്റെ ഭാവി കുറിക്കപ്പെട്ടത്. ബിസിസിഐ തന്നോട് കാട്ടിയതു കടുത്ത അനീതിയാണ്. അതിനെക്കുറിച്ച് സംസാരിച്ച് കൂടുതൽ ശത്രൂക്കളെ സമ്പാദിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

''ഒരു കോടതിയും തന്നെ കുറ്റക്കാരനായി കണ്ടെത്തിയില്ല. എന്നാൽ, മറ്റു പലർക്കും ഇക്കാര്യത്തിൽ ക്ലീൻ ചിറ്റ് ലഭിച്ചു. അതിൽ സങ്കടമൊന്നുമില്ല. എന്റെ ക്രിക്കറ്റ് ജീവിതത്തെ കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. എനിക്കെതിരെ ഒരു തെളിവുമില്ല. അഥവാ എന്തെങ്കിലും തെളിവുണ്ടെങ്കിൽ തന്നെ അത് കോടതിയിൽ തെളിയിക്കപ്പെടണം.

തനിക്ക് പറയാനുള്ളത് കേൾക്കാൻ പോലും ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതി തയ്യാറായില്ല. വെറും അഞ്ചുമിനിട്ടു കൊണ്ടാണ് അവരെന്റെ ഭാവി കുറിച്ചത്. പ്രശ്‌നം പരിശോധിക്കുകയാണെന്നും തീരുമാനം അറിയിക്കുമെന്നുമാണ് ബിസിസിഐ അധികൃതർ എന്നോട് അവർ പറഞ്ഞത്. എന്നാൽ കൂടിക്കാഴ്ചയ്ക്കുശേഷം തിരികെ കാറിൽ കയറുമ്പോഴേക്കും മാദ്ധ്യമപ്രവർത്തകരാണ് ആജീവനാന്ത വിലക്കിനെക്കുറിച്ച് പറഞ്ഞത്. സത്യത്തിൽ ഞാൻ നടുങ്ങിപ്പോയി.

ക്രിക്കറ്റിന്റെ വിശുദ്ധിയെ ചോദ്യം ചെയ്യുന്ന ഒന്നും ചെയ്തിട്ടില്ല. സാഹചര്യ തെളിവുകൾ മാത്രമാണ് എനിക്കെതിരെ ഉള്ളത്. ഒന്നും നിയമപരമായി തെളിയിക്കപ്പെട്ടിട്ടില്ല''- ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യക്കായി ഇനിയും കളിക്കുന്നതിനെക്കുറിച്ച് ആകുലപ്പെടുന്നില്ലെങ്കിലും കേരളത്തിനായോ പ്രാദേശിക മത്സരങ്ങളിലോ കളിക്കാൻ ആഗ്രഹമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. സത്യസന്ധമായി കളിക്കണമെന്നാണ് ആഗ്രഹം. അധികം വൈകാതെ സത്യം പുറത്തുവരും. അതിനായാണ് ഞാൻ പ്രാർത്ഥിക്കുന്നത്. നാലോ അഞ്ചോ വർഷത്തെ കളി ജീവിതം മാത്രമാണ് എനിക്കു മുന്നിൽ ബാക്കിയുള്ളത്. എനിക്കെന്റെ ക്രിക്കറ്റ് തിരിച്ചു വേണമെന്നും ലോകകപ്പ് ജേതാവുകൂടിയായ ശ്രീശാന്ത് പറഞ്ഞു.

മുദ്ഗൽ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ശ്രീശാന്തിന്റെ പ്രതികരണം. എൻ ശ്രീനിവാസനും എം എസ് ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പർ കിങ്‌സുമെല്ലാം ഒത്തുകളിയുടെ നിഴലിൽ വന്നതോടെ ശ്രീശാന്തിനെ കുടുക്കിയതാണെന്ന വാർത്തകൾ ശരിയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കളിക്കളത്തിലെ പെരുമാറ്റത്തിന്റെ പേരിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്ന ശ്രീശാന്ത് വാതുവയ്പുകേസിൽ കുടുങ്ങിയപ്പോൾ ആദ്യം ഇക്കാര്യത്തിൽ പലരും താരത്തെ പഴി പറഞ്ഞിരുന്നു. എന്നാൽ, മറ്റു പലർക്കും വേണ്ടി ബലിയാടാവുകയായിരുന്നു ശ്രീശാന്തെന്നു പിന്നീടു വാർത്തകൾ വരികയും ചെയ്തു. ടീമിൽ ശ്രീയുടെ അടുത്ത സുഹൃത്തുക്കളായിരുന്ന പലരും താരത്തിനു പിന്തുണ നൽകാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP