Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫെഡററുടെ പോരാട്ട വീര്യത്തെ മറികടന്ന് ദ്യോക്കോവിച്ച് കിരീടം നിലനിർത്തി; ഡബിൾസിൽ ഇന്ത്യൻ വിജയഗാഥ; വിബിൾഡണിൽ ഇത്തവണ മൂന്ന് കിരീടം; പേസും സാനിയയും നഗാലും അഭിമാനമായി

ഫെഡററുടെ പോരാട്ട വീര്യത്തെ മറികടന്ന് ദ്യോക്കോവിച്ച് കിരീടം നിലനിർത്തി; ഡബിൾസിൽ ഇന്ത്യൻ വിജയഗാഥ; വിബിൾഡണിൽ ഇത്തവണ മൂന്ന് കിരീടം; പേസും സാനിയയും നഗാലും അഭിമാനമായി

ലണ്ടൻ: നൊവാക് ദ്യോക്കോവിച്ച് കരുത്തിന് മുന്നിൽ റോജർ ഫെഡററുടെ പഴയ പ്രതാപകാലം തിരിച്ചെത്തിയില്ല. വിംബിൾഡൺ പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനായ നൊവാക് ദ്യോക്കോവിച്ച് കിരീടം നിലനിർത്തി. ഫൈനലിൽ മുൻ ചാമ്പ്യൻ റോജർ ഫെഡററെ തറപറ്റിച്ചാണ് ദ്യോകോവിച്ച് തന്റെ മൂന്നാം വിമ്പിൾഡൺ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷവും ഫെഡററെ തോൽപിച്ചാണ് ദ്യോക്കോവിച്ച് കിരീടം നേടിയിരുന്നത്.

വിംബിൾഡണിൽ ഇത്തവണ ഇന്ത്യൻ വിജയ ഗാഥകളുമുണ്ടായി. ബോയ്‌സ് ഡബിൾസിൽ ഇന്ത്യയുടെ സുമിത് നഗാൽ ഉൾപ്പെട്ട സഖ്യവും ചാമ്പ്യന്മാരായതോടെ മൂന്ന് കിരീടങ്ങളാണ് ഇത്തവണ വിംബിൾഡണിൽ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ലിയാൻഡർപേസും സാനിയാ മിർസയും കിരീടവുമായാണ് മടങ്ങുന്നത്. ഇതാദ്യമായാണ് ഇത്രയേറെ കിരീടങ്ങൾ ഒരു ഗ്രാന്റ് സ്ലാം ടെന്നീസ് ടൂർണ്ണമെന്റിൽ നിന്ന് ഇന്ത്യൻ താരങ്ങൾ നേടുന്നത്. ഡബിൾസിലെ ഇന്ത്യൻ കരുത്തിന്റെ നേർ ചിത്രമാണ് നേട്ടങ്ങൾ.

നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറർ ദ്യോക്കോവിച്ചിനോട് തോൽവി ഏറ്റുവാങ്ങിയത്. ആദ്യ സെറ്റ 7-6 ന് ദ്യോകോവിച്ച് നേടിയപ്പോൾ രണ്ടാം സെറ്റ് 6-7ന് സ്വന്തമാക്കി ഫെഡറർ തിരിച്ചടിച്ചു. എന്നാൽ പിന്നീടുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കി (6-4, 6-3) ദ്യോക്കോവിച്ച് വിംബിൾഡണിൽ ജേതാവായി. ദ്യോക്കോവിച്ച് നിലവിൽ ലോക ഒന്നാം നമ്പറും ഫെഡറർ രണ്ടാം നമ്പറുമാണ്. കരിയറിൽ ആകെ ആറ് വിംബിൾഡൺ കിരീടങ്ങൾ ഫെഡററുടെ പേരിലുണ്ട്. അത് ഏഴാക്കിയ ഉയർത്തി പീറ്റ് സാപ്രാസിന്റെ റിക്കോർഡിനൊപ്പമെത്താനാണ് ഫെഡറർ ആഗ്രഹിച്ചത്. എന്നാൽ ദ്യോക്കോവിച്ചിന്റെ പവർ ടെന്നിസിന് മുന്നിൽ ഇതിഹാസ താരത്തിന്റെ മോഹം പൊലിഞ്ഞു.

ജോക്കോവിച്ചിന്റെ മൂന്നാം വിംബിൾഡൻ കിരീടവും ഒൻപതാം ഗ്രാൻസ്ലാമുമാണിത്. ഇതിന് മുൻപ് 2011, 2014 വർഷങ്ങളിലാണ് ദ്യോക്കോവിച്ച് വിംബിൾഡൺ നേടിയത്. 2011ൽ റഫേൽ നദാലിനെയാണ് തോൽപ്പിച്ചത്. ശക്തമായ പോരാട്ടമായിരുന്നു വിംബിൾഡണിലെ പുൽകോർട്ടിൽ ദ്യോക്കോവിച്ചും ഫെഡററും കാഴ്ചവച്ചത്. പ്രായം പലപ്പോഴും ഫെഡററെ പിന്നോട്ട് വലിച്ചു.

മിക്‌സഡ് ഡബിൾസ് കിരീടം പേസ്-ഹിംഗിസ് സഖ്യത്തിന്

വിംബിൾഡൺ മിക്‌സഡ് ഡബിൾസിൽ ലിയാണ്ടർ പേസ്-മാർട്ടീന ഹിംഗിസ് സഖ്യത്തിന് കിരീടം. ഫൈനലിൽ അലക്‌സാണ്ടർ പേയടിമിയ ബാബോസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് പേസ് സഖ്യം തോൽപിച്ചത്.

ആധികാരികമായിരുന്നു പേസ്ഹിംഗിസ് സഖ്യത്തിന്റെ ജയം. കേവലം 40 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 6-1, 6-1 എന്ന സ്‌കോറിനാണ് അവർ പേയബാബോസ് സഖ്യത്തെ വീഴ്‌ത്തിയത്. പേസിന്റെ പതിനാറാം ഗ്രാൻഡ് സ്ലാമാണിത്. ഇന്ത്യയുടെ സാനിയ മിർസയ്‌ക്കൊപ്പം വിംബിൾഡൺ വനിതാ ഡബിൾസിലും മാർട്ടീന ഹിംഗിസ് കിരീടം നേടിയിരുന്നു.

വിംബിൾഡൺ ബോയ്‌സ്: ഇന്ത്യൻ സഖ്യത്തിന് കിരീടം

വിംബിൾഡൺ ബോയ്‌സ് ഡബിൾസിൽ സുമിത് നഗാൽ സഖ്യത്തിന് കിരീടം. വിയറ്റ്‌നാം താരം നാം ഹൊയാങ് ലിയും ഇന്ത്യയുടെ സുമിത് നഗാലും ഉൾപ്പെട്ട സഖ്യം അമേരിക്കയുടെ റെയ്‌ലി ഓപ്പൽക്കയെയും ജപ്പാന്റെ അകിറ സാറ്റിലനെയുമാണ് ഫൈനലിൽ തോൽപിച്ചത്.

നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നഗാൽ സഖ്യത്തിന്റെ ജയം. 63 മിനിറ്റ് നീണ്ട മത്സരത്തിൽ 7-6, 6-4 എന്ന സ്‌കോറിനാണ് ഇന്തൊവിയറ്റ്‌നാമീസ് സഖ്യം കിരീടം ചൂടിയത്. എതിർ സഖ്യത്തിലെ റെയ്‌ലി ഓപ്പൽക്കയാണ് ഇത്തവണത്തെ ബോയ്‌സ് സിംഗിൾസ് ചാമ്പ്യൻ.

ജൂനിയർ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരനാണ് പതിനേഴുകാരനായ സുമിത് നഗാൽ. 2009ൽ ജൂനിയർ ഓസ്‌ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയ യുകി ഭാംബ്രിയാണ് അവസാനം ജൂനിയർ കിരീടം സ്വന്തമാക്കിയ ഇന്ത്യക്കാരൻ. 2003ൽ സാനിയ മിർസ വിംബിൾഡൺ ഗേൾസ് ഡബിൾസ് കിരീടം നേടിയിരുന്നു.

രാമനാഥൻ കൃഷ്ണൻ (വിംബിൾഡൺ 1954), രമേഷ് കൃഷ്ണൻ (ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൺ 1979), ലിയാണ്ടർ പേസ് (വിംബിൾഡൺ 1990, യു.എസ് ഓപ്പൺ 1991) എന്നിവരാണ് ജൂനിയർ തലത്തിൽ കിരീടം നേടിയിട്ടുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP