Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജയസാധ്യതയുള്ള സീറ്റ് വേണ്ടെന്ന് വച്ച് കർണ്ണാടകയിൽ കോൺഗ്രസിന് അധികാരത്തിൽ എത്താൻ കഠിന പ്രയത്‌നം ചെയ്യുന്നത് രാഹുൽ ഗാന്ധിക്ക് നന്നേ പിടിച്ചു; കർണ്ണാടക കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ഹൈക്കമാണ്ടിന്റെ ഇഷ്ടക്കാരനായി; എംഎൽഎ സ്ഥാനം വേണ്ടെന്ന് വയ്ക്കാൻ പിസി വിഷ്ണുനാഥ് എടുത്ത തീരുമാനം ഉമ്മൻ ചാണ്ടിയുടെ പിൻഗാമിക്ക് പാർട്ടിയിൽ പിടിമുറുക്കാൻ കാരണമാകും

ജയസാധ്യതയുള്ള സീറ്റ് വേണ്ടെന്ന് വച്ച് കർണ്ണാടകയിൽ കോൺഗ്രസിന് അധികാരത്തിൽ എത്താൻ കഠിന പ്രയത്‌നം ചെയ്യുന്നത് രാഹുൽ ഗാന്ധിക്ക് നന്നേ പിടിച്ചു; കർണ്ണാടക കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ഹൈക്കമാണ്ടിന്റെ ഇഷ്ടക്കാരനായി; എംഎൽഎ സ്ഥാനം വേണ്ടെന്ന് വയ്ക്കാൻ പിസി വിഷ്ണുനാഥ് എടുത്ത തീരുമാനം ഉമ്മൻ ചാണ്ടിയുടെ പിൻഗാമിക്ക് പാർട്ടിയിൽ പിടിമുറുക്കാൻ കാരണമാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചെങ്ങന്നൂർ സീറ്റിൽ വീണ്ടും മത്സരിക്കാൻ പിസി വിഷ്ണുനാഥ് അവകാശ വാദവുമായി രംഗത്ത് വരുമെന്നാണ് ഏവരും കരുതിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിശ്വസ്തനായി ഗ്രൂപ്പ് പോര് ശക്തമാക്കുമെന്നും കരുതി. ചില പാരകൾ വിഷ്ണുനാഥിനെതിരെ രംഗത്തുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി ഗ്രൂപ്പിലെ മുൻ നിര നേതാവിനെതിരെ ഒളിയുദ്ധത്തിന് കോൺഗ്രസിലെ പല പ്രമുഖരും ചരടുവലികൾ. ഇത് മനസ്സിലാക്കി പിസി വിഷ്ണുനാഥ് മത്സരത്തിൽ നിന്ന് പിന്മാറി. കോൺഗ്രസിന് പരിചിതമില്ലാത്ത രാഷ്ട്രീയ നീക്കമാണ് പിസി വിഷ്ണുനാഥിനെ പാർട്ടിയുടെ ദേശിയ മുഖമാക്കി മാറ്റുന്നത്. യഥാർത്ഥത്തിൽ വിഷ്ണുനാഥിന്റെ തീരുമാനം കേട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പോലും അത്ഭുതപ്പെട്ടുവെന്നാണ് മറുനാടന് ലഭിക്കുന്ന വിവരം. കേരളത്തിലെ ഒരു നേതാവ് പോലും ഇത് പ്രതീക്ഷിച്ചില്ല.

മറ്റൊരാളെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ തന്നെ തഴഞ്ഞാണെന്ന് പ്രചരണം ഉയരുമായിരുന്നു. അത് തന്നെ സ്‌നേഹിക്കുന്ന പ്രവർത്തകർക്ക് വേദനയുണ്ടാക്കും. ഇത് തിരിച്ചറിഞ്ഞാണ് പരസ്യമായി തന്നെ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് വിശദീകരിച്ചതെന്ന് വിഷ്ണുനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ചെങ്ങന്നൂരിൽ മികച്ച സാധ്യതയാണുള്ളതെന്നും വിഷ്ണുനാഥ് വിലയിരുത്തുന്നുണ്ട്. കർണ്ണാകട രാഷ്ട്രീയത്തെ വിടാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യം രാഹുൽ ഗാന്ധിയെ ബാധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തോടെ രാഹുൽ ഗാന്ധിയുടെ അതിവിശ്വസ്തനായി വിഷ്ണുനാഥ് മാറുകയാണെന്നാണ് കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ വിലയിരുത്തൽ. ഇത് കൂടുതൽ ശക്തനായി നേതാവായി വിഷ്ണുനാഥിനെ മാറ്റുമെന്നാണ് വിലയിരുത്തൽ.

ചെങ്ങന്നൂരിലെ മുൻ എംഎൽഎയാണ് വിഷ്ണുനാഥ്. കഴിഞ്ഞ തവണ പരാജയപ്പെട്ടത് ബിജെപിയുടെ മുന്നേറ്റം കാരണമായിരുന്നു. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ പിഎസ് ശ്രീധരൻ പിള്ള ബിജെപിക്കായി പെട്ടിയിലായപ്പോൾ വിഷ്ണുനാഥ് വീണു. സാമുദായിക സംഘടനകളുടെ നിലപാടും വിഷ്ണുനാഥിനെ തോൽപ്പിച്ചു. എന്നാൽ രാമചന്ദ്രൻ നായരുടെ വിയോഗത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ ചെങ്ങന്നൂരിൽ കോൺഗ്രസിന് മികച്ച സാധ്യതയാണ് ഉള്ളത്. ബിജെപിയുടെ പ്രഭാവം ഇടിഞ്ഞതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ചെങ്ങന്നൂരിൽ കോൺഗ്രസിന് സാധ്യത കൂടുതലുമാണ്. ഈ മണ്ഡലത്തിൽ പാർട്ടി പരിഗണിച്ചിരുന്ന ആദ്യ പേരുകാരനായിരുന്നു വിഷ്ണുനാഥ്. ഉമ്മൻ ചാണ്ടിയുടെ പിന്തുണയുള്ളതിനാൽ വിഷ്ണുനാഥിനെ തന്നെ സ്ഥാനാർത്ഥിയാക്കേണ്ടിയും വരുമായിരുന്നു. ഇവിടെയാണ് മത്സരത്തിൽ നിന്ന് സ്വയം പിന്മാറി വിഷ്ണുനാഥ് പുതു മാതൃക കാട്ടിയത്.

ചെങ്ങന്നൂരിൽ തോറ്റ വിഷ്ണുനാഥിനെ രാഹുൽ ഗാന്ധി എഐസിസി സെക്രട്ടറിയാക്കി. കർണ്ണാടകയുടെ ചുമതലയും നൽകി. വീണ്ടും കർണ്ണാടക പിടിക്കുകയെന്ന ചരിത്ര ദൗത്യമാണ് രാഹുൽ വിഷ്ണുനാഥിനെ ഏൽപ്പിച്ചത്. വിഷ്ണുനാഥ് കർണ്ണാകടയിൽ എത്തുമ്പോൾ ബിജെപിക്ക് അവിടെ നേരിയ മുൻതൂക്കം ഉണ്ടായിരുന്നു. പക്ഷേ വിഷ്ണു എത്തിയതോടെ സംഘടനയിൽ പ്രകടമായ മാറ്റമുണ്ടായി. കർണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിച്ചു. പണിയെടുക്കാത്തവരെ കണ്ടെത്തി ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറ്റി. പകരം ഊർജ്ജ്വസ്വലരായ നേതാക്കളെ കൊണ്ടു വന്നു. താഴെ തട്ടിൽ പോലും യാത്ര ചെയ്ത് യോഗങ്ങൾ നടത്തി. അങ്ങനെ കർണ്ണാടകയിൽ കോൺഗ്രസ് വീണ്ടും സജീവമായി. കർണ്ണാടകയിലെ സംഘടനാ സംവിധാനം വിഷ്ണു മനസ്സിലാക്കുകയും ചെയ്തു.

രണ്ട് മാസത്തിനുള്ളിൽ കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് നടക്കും. ഇതിനൊപ്പമാകും ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ്. ഇതുകൊണ്ടാണ് വിഷ്ണുനാഥ് മത്സരത്തിൽ നിന്ന് പിന്മാറുന്നത്. കർണ്ണാടകയിൽ നിന്ന് വിഷ്ണുനാഥ് ചെങ്ങന്നൂരിൽ എത്തുമ്പോൾ പുതിയ എഐസിസി സെക്രട്ടറിയെ ബാഗ്ലൂരുവിലേക്ക് രാഹുൽ ഗാന്ധിക്ക് നിയോഗിക്കേണ്ടി വരും. പുതിയ വ്യക്തി കാര്യങ്ങൾ പഠിക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പും എത്തും. ഇത് കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കും. ഇത് മനസ്സിലാക്കിയാണ് വിഷ്ണുനാഥ് വിജയം ഏതാണ്ടുറപ്പുള്ള ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറുന്നത്. ഇതിലൂടെ രാഹുൽ ഗാന്ധിക്ക് വലിയൊരു തലവേദന ഒഴിവാക്കുകയാണ് വിഷ്ണുനാഥ്. ഇത് കോൺഗ്രസ് അധ്യക്ഷനും തിരിച്ചറിഞ്ഞിട്ടുണ്ട്.

കർണ്ണാടകയിൽ രാഹുൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് താൻ ചെങ്ങന്നൂരിൽ മത്സരിക്കുന്നില്ലെന്ന് വിഷ്ണുനാഥ് അറിയിച്ചത്. കേരളത്തിലെ നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി തന്നെ സ്ഥാനാർത്ഥിയാക്കരുതെന്നും പറഞ്ഞു. ഇത് കേട്ട് രാഹുൽ പോലും അത്ഭുതപ്പെട്ടുവെന്നാണ് സൂചന. സാധാരണ നേതാക്കൾ ആരും സീറ്റ് വേണ്ടെന്ന് പറഞ്ഞ് എഐസിസി അധ്യക്ഷനെ സമ്മർദ്ദത്തിലാക്കാറില്ല. രാഹുലിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിന് ശേഷം ഉമ്മൻ ചാണ്ടിയെ ഇക്കാര്യം അറിയിച്ചു. കെപിസിസി അധ്യക്ഷൻ എംഎം ഹസനേയും താൻ മത്സരത്തിനില്ലെന്ന് വിഷ്ണുനാഥ് അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരുന്നു വിഷ്ണുനാഥിന്റെ പരസ്യ പ്രഖ്യാപനം. കേരളത്തിലെ നേതാക്കൾക്കും ഇത് അപ്രതീക്ഷിത പ്രഖ്യാപനമായി. എകെ ആന്റണിയേയും കാര്യങ്ങൾ വിഷ്ണുനാഥ് ധരിപ്പിച്ചിട്ടുണ്ട്.

നിയമസഭാതിരഞ്ഞെടുപ്പ് നടക്കാൻപോകുന്ന കർണാടകത്തിൽ എ.ഐ.സി.സി. സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അവിടത്തെ ചുമതലയിലേക്ക് മറ്റൊരാൾ വരുന്നത് ബുദ്ധിമുട്ടാകും. ഏറ്റെടുത്ത ചുമതല പൂർത്തിയാക്കുന്നതിലാണ് താത്പര്യമെന്ന് കഴിഞ്ഞദിവസം കർണാടകയിൽ പ്രചാരണത്തിനെത്തിയ രാഹുൽഗാന്ധിയെ താനറിയിച്ചെന്നും അദ്ദേഹം അത് സമ്മതിച്ചെന്നും വിഷ്ണുനാഥ് പറഞ്ഞു. ചെങ്ങന്നൂരിൽ മത്സരിക്കാൻ മൂന്നുപ്രാവശ്യം പാർട്ടി അവസരം തന്നതിൽ തൃപ്തനാണെന്ന് വിഷ്ണുനാഥ് പറഞ്ഞു.

കഴിഞ്ഞപ്രാവശ്യം ചില പ്രത്യേക സാഹചര്യത്തിലാണ് തോറ്റത്. ഇപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥയിൽ യു.ഡി.എഫിന് അവിടെ വിജയിക്കാൻ കഴിയുമെന്നും വിഷ്ണുനാഥ് വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP