Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അങ്കണവാടിയും കൺസ്യൂമർ ഫെഡിന്റെ മദ്യശാലയും തമ്മിൽ ആകെ ഉള്ളത് 20 മീറ്റർ വ്യത്യാസം മാത്രം; മഹാത്മാ അയ്യങ്കാളിയേയും പണ്ഡിറ്റ് കറുപ്പനെയും സാക്ഷിയാക്കി മദ്യ വിതരണം; കൺസ്യൂമർ ഫെഡ് അടച്ച് പൂട്ടാൻ സമരം ചെയ്തവരെ തല്ലിയെതുക്കുന്ന പൊലീസ് ആരുടെ കൂടെയെന്ന് നാട്ടുകാർ; ചേറായിലെ മദ്യക്കച്ചവടത്തിനെതിരെയുള്ള സമരം ചൂട് പിടിക്കുന്നു

അങ്കണവാടിയും കൺസ്യൂമർ ഫെഡിന്റെ മദ്യശാലയും തമ്മിൽ ആകെ ഉള്ളത് 20 മീറ്റർ വ്യത്യാസം മാത്രം; മഹാത്മാ അയ്യങ്കാളിയേയും പണ്ഡിറ്റ് കറുപ്പനെയും സാക്ഷിയാക്കി മദ്യ വിതരണം; കൺസ്യൂമർ ഫെഡ് അടച്ച് പൂട്ടാൻ സമരം ചെയ്തവരെ തല്ലിയെതുക്കുന്ന പൊലീസ് ആരുടെ കൂടെയെന്ന് നാട്ടുകാർ; ചേറായിലെ മദ്യക്കച്ചവടത്തിനെതിരെയുള്ള സമരം ചൂട് പിടിക്കുന്നു

ആർ.പീയൂഷ്

കൊച്ചി: ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ: ബി.ആർ.അംബേദ്ക്കറിനെയും, മഹാത്മാ അയ്യങ്കാളിയേയും പണ്ഡിറ്റ് കറുപ്പനെയും അവഹേളിച്ചു കൊണ്ട് ഇവരുടെ കൂറ്റൻ പ്രതിമകൾക്ക് മുന്നിൽ മദ്യശാല തുറന്ന് കൺസ്യൂമർ ഫെഡ്. ഇതിനെതിരെ സമധാനപരമായി സമരം ചെയ്ത നാട്ടുകാരെ പൊലീസിനെ ഉപയോഗിച്ച് തല്ലിച്ചതച്ച് കുട പിടിച്ച് ജനപ്രതിനിധികളും. പള്ളിപ്പുറം പഞ്ചായത്തിലെ പതിനാലാം വാർഡിൽ ചെറായി രക്തേശ്വരി ബീച്ചിന് സമീപം കൺസ്യൂമർ ഫെഡിന്റെ മദ്യശാല തുറന്ന് പ്രവർത്തിക്കുന്നത് മഹാത്മാക്കളുടെ പ്രതിമകൾക്ക് മുന്നിലാണ്. കൂടാതെ ഇവിടം ജനവാസം കൂടുതലുള്ളതും പട്ടികജാതിക്കാരും മത്സ്യത്തൊഴിലാളികളും തിങ്ങിപാർക്കുന്നതുമായ സ്ഥലമാണ്. ഇവിടെ തന്നെ മദ്യശാല തുറന്നതിനെതിരെ നാട്ടുകാർ ശക്തമായ സമരം ചെയ്തു വരികയാണ്.

പ്രദേശത്തെ അങ്കണവാടിയും ഗ്രന്ഥശാലയും പ്രവർത്തിക്കുന്നതും ഇവിടെയാണ്. അങ്കണവാടിയിൽ നിന്നും 20 മീറ്റർ പോലും ദൂരമില്ല കൺസ്യൂമർ ഫെഡിന്റെ മദ്യശാലയ്ക്ക്. സമരം 26 ദിവസം പിന്നിട്ടപ്പോൾ യാതൊരു പ്രകോപനവുമില്ലാതെ വടക്കേകര സി.ഐ മുരളിയുടെ നേതൃത്വത്തിൽ വന്നു പൊലീസ് സന്നാഹം എത്തുകയും കോടതി ഉത്തരവുണ്ട് ഇവിടെ മദ്യശാല പ്രവർത്തിക്കാൻ എന്ന് പറഞ്ഞ് സമരക്കാരെ ബലമായി പിടിച്ചു മാറ്റുകയും പ്രതിരോധിച്ചവരെ മർദ്ധിക്കുകയും സമരപ്പന്തൽ പൊലീസ് പൂർണ്ണമായും തല്ലിതകർക്കുകയും ചെയ്തു. സമരത്തിന് നേതൃത്വം നൽകിയ മുൻ പഞ്ചായത്ത് മെമ്പറും ഭിന്ന ശേഷിക്കാരനുമായ ടി.പി.ശിവദാസനെ അതിക്രൂരമായി മർദ്ധിക്കുകയും ശേഷിക്കുറവുള്ള കാൽ തിരിച്ചൊടിക്കുകയും ചെയ്തു. ഇയാൾ ഇപ്പോൾ പറവൂർ ആശുപത്രിയിൽ ചികിത്സയിലാണ്.

മദ്യശാല തുറന്ന് പ്രവർത്തിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ കുടപിടിക്കുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ' സമരം തുടങ്ങി 27 ദിവസം പിന്നിട്ടിട്ടും പതിനാലാം വാർഡിലെ സിപിഎം മെമ്പർ ശാന്തിനി പ്രസാദ് തിരിഞ്ഞു നോക്കിയിട്ടില്ല. പൊലീസ് നരനായാട്ട് നടത്തി നിരവധി പേർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് എന്താണ് കാര്യമെന്നു പോലും തിരക്കിയിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു.' കുടിവെള്ളം എടുക്കുന്ന പൊതു ടാപ്പ് ഈ മദ്യശാല യുടെ മുന്നിലാണ്. കുട്ടികൾ പഠിക്കാനായി പോകാനായി സ്‌കൂൾ ബസ് കാത്ത് നിൽക്കുന്നതും ഇവിടെയാണ്. ചെറായി ബീച്ചിലേക്ക് പോകുന്ന വഴിയും രക് തേശ്വരി ക്ഷേത്രത്തിന്റെ ആറാട്ടുകടവും ഇവിടെ തന്നെയാണ്. ഇങ്ങനെയുള്ള സ്ഥലത്ത് നിന്നും മാറ്റി സ്ഥാപിക്കാനാണ് സമരം നടത്തുന്നതെന്ന് സമീപവാസിയായ മത്സ്യത്തൊഴിലാളി ചിന്നപ്പൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

അതേ സമയം അങ്കണവാടിയിൽ വരുന്ന പിഞ്ചു കുട്ടികൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും ഗർഭിണികൾക്കും മദ്യശാലയും മദ്യം വാങ്ങാനെത്തുന്നവരും ഭീഷണിയാണെന്ന് അങ്കണവാടി ടീച്ചർ മേഴ്‌സി ആശങ്കപ്പെടുന്നു. മദ്യശാലയ്‌ക്കെതിരെ ഇവരും പരാതി നൽകിയിട്ടുണ്ട്.

മദ്യശാല പ്രവർത്തിക്കുന്ന സ്ഥലം ഉടമ സൈജുവിന്റെ ഭാര്യ കാർത്തിക ചെറായി എസ്.എം.എച്ച്.എസ്.എസ്സിലെ അദ്ധ്യാപികയാണ്. ഇവർ കൂടി മുന്നിട്ടിറങ്ങിയായിരുന്നു മദ്യശാല പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം. മദ്യശാല മാറ്റി സ്ഥാപിക്കണമെന്ന് ഇവരോട് പറഞ്ഞപ്പോൾ നിഷേധിച്ചതായും നാട്ടുകാർ പറഞ്ഞു.

സംസ്ഥാന പാതയ്ക്കരികിൽ മദ്യശാലകൾക്ക് നിരോധനം വന്നതോടെ ഞാറക്കൽ അടച്ചുപൂട്ടിയ ഷോപ്പിന്റെ ലൈസൻസിലാണ് ചെറായിയിൽ ഇപ്പോൾ മദ്യശാല തുടങ്ങിയിരിക്കുന്നത്. മദ്യം സ്ഥലത്തെത്തിച്ച് വിൽപ്പന തുടങ്ങിയപ്പോഴാണ് നാട്ടുകാർ മദ്യശാല ആരംഭിച്ച വിവരം അറിയുന്നത്. ഇതോടെ ഇവർ സ്ഥാപനത്തിന്റെ മുന്നിലെത്തി ഉപരോധം ഏർപ്പെടുത്തിയത്.

ചെറായി രക്തേശ്വരി ബീച്ചിൽ പുതിയതായി ആരംഭിച്ച കൺസ്യൂമർ ഫെഡിന്റെ മദ്യശാലയ്‌ക്കെതിരെ ഒരുമാസമായി നാട്ടുകാർ സമരത്തിലാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കമുള്ളവർ സമരപ്പന്തലിലുണ്ട്. ഈ സമരപ്പന്തലാണ് വടക്കേക്കര സിഐയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയത്. സമരപ്പന്തലിലുണ്ടായിരുന്ന നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. സ്ത്രീകളടക്കമുള്ളവരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്കെത്തിച്ചത്. സമരത്തിന് നേതൃത്വം നൽകിയ മുൻ പഞ്ചായത്ത് മെമ്പർ ശിവദാസനെ പൊലീസ് തല്ലിച്ചതച്ചു. 37 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മദ്യശാല അടച്ചു പൂട്ടുന്നത് വരെ സമരം ചെയ്യുമെന്നാണ് സമരക്കാരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP