Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദി പാട്ടിന്റെ ഈണം; സമ്മേളനത്തിന്റെ ലോഗോ പതിപ്പിച്ച വെളുപ്പിൽ ചുവന്ന വരയുള്ള വസ്ത്രങ്ങൾ; തേക്കിൻകാട് മൈതനാത്ത് സഖാക്കളും ചിട്ടയോടെ യോഗ അവതരിപ്പിച്ചു; സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മതേതര യോഗയും

ഹിന്ദി പാട്ടിന്റെ ഈണം; സമ്മേളനത്തിന്റെ ലോഗോ പതിപ്പിച്ച വെളുപ്പിൽ ചുവന്ന വരയുള്ള വസ്ത്രങ്ങൾ; തേക്കിൻകാട് മൈതനാത്ത് സഖാക്കളും ചിട്ടയോടെ യോഗ അവതരിപ്പിച്ചു; സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മതേതര യോഗയും

മറുനാടൻ മലയാളി ബ്യുറോ

തൃശൂർ: സിപിഐ.(എം) സംസ്ഥാന സമ്മേളനത്തിന് മതേതര യോഗമെന്ന യോഗാഭ്യാസത്തിന്റെ മെയ് വഴക്കം. മകൻ ബിനീഷ് കോടിയേരി ഫേസ് ബുക്ക് ലൈവിൽ പറഞ്ഞതുപോലെ കോടിയേരി കുടുംബം തലശ്ശേരിയിൽ നിന്നാണ് നടക്കാൻ പഠിച്ചത്. അതുകൊണ്ടുതന്നെ മെയ് വഴക്കത്തിന്റെ കാര്യത്തിൽ യോഗാഭ്യാസത്തെ വെല്ലുന്ന അഭ്യാസമുറകൾ കൈവശമുള്ള അച്ഛൻ കോടിയേരി ബാലകൃഷ്ണൻ തൃശൂരിൽ സിപിഐ. (എം) സമ്മേളന നഗരിയിൽ 1300 യോഗാഭ്യാസികളെ അണിനിരത്തിക്കൊണ്ട് യോഗാഭ്യാസ പ്രദർശനം നടത്തി.

ആയിരത്തി മുന്നോറോളം യോഗാഭ്യാസികൾ സമ്മേളനത്തിന്റെ ലോഗോ പതിപ്പിച്ച വെളുപ്പിൽ ചുവന്ന വരയുള്ള വസ്ത്രങ്ങളണിഞ്ഞുകൊണ്ട് തൃശൂർ തേക്കിൻകാട് മൈതാനത്തിൽ യോഗാഭ്യാസ മുറകൾ ഒന്നൊന്നായി അവതരിപ്പിച്ചു. പതിവിനു വിപരീതമായി ഹിന്ദി പാട്ടിന്റെ ഈണത്തിലായിരുന്നു യോഗാഭ്യാസികൾ യോഗമുറകൾ പ്രദർശിപ്പിച്ചത്. പരിപാടിയുടെ ആദ്യന്തം ശ്രീ. കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്തിരുന്നു. പരിപാടിയുടെ അവസാനം യോഗാഭ്യാസികൾക്ക് ഹസ്തദാനം നൽകിയാണ് കോടിയേരി തേക്കിൻകാട് വിട്ടത്.

ചേതന യോഗ എന്ന സംഘടനയാണ് തൃശൂർ സിപിഐ.(എം) ഭാരവാഹികൾക്കുവേണ്ടി തേക്കിൻകാട് മൈതാനത്തിൽ യോഗാഭ്യാസം പ്രദർശിപ്പിച്ചത്. യോഗാഭ്യാസത്തിന്റെ പ്രചാരണമാണ് ചേതന യോഗയുടെ ഉദ്യേശ്യമെങ്കിലും സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് നടത്തിയ പരിപാടിയുടെ മുഴുവൻ ചെലവും പാർട്ടി വഹിക്കുമെന്നാണ് ചേതനയുടെ ഭാരവാഹികൾ അറിയിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു യോഗാ അവതരണം.

സിപിഐ (എം) ബിജെപി.യോടൊപ്പം യോഗയുടെ രാഷ്ട്രീയം പയറ്റാൻ തുടങ്ങിയിട്ട് രണ്ടോ മൂന്നോ വർഷങ്ങളായി. ബിജെപി.യുടെ നേതൃത്തത്തിൽ ആദ്യ അന്താരാഷ്ട്രാ യോഗാ ദിനമൊഴികെ പിന്നീടുവന്ന എല്ലാ യോഗാ ദിനങ്ങളിലും സിപിഐ (എം) വിപുലമായ പരിപാടികളൊരുക്കി സജീവമായി രംഗത്തുണ്ടായിരുന്നു. പാർട്ടി നേതൃത്വമേകുന്ന ഇന്ത്യൻ മാർഷ്യൽ ആർട്സ് അക്കാഡമി ആൻഡ് യോഗാ സെന്റർ എന്ന സ്ഥാപനത്തിനാണ് ഇതിന്റെ മേൽനോട്ടം. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി പാർട്ടിയുടെ താഴേത്തട്ട് മുതലുള്ള അംഗങ്ങൾ യോഗയും കളരിപ്പയ്യറ്റും കരാട്ടെയുമൊക്കെ പരിശീലിച്ചുകൊണ്ടിരിക്കുന്നു.

മതഭേദമേതുമില്ലാതെ എല്ലാവർക്കും സ്വാഗതം എന്ന നിലക്കാണ് മതേതരയോഗയെന്ന ഓമനപ്പേരിൽ സിപിഐ.(എം) ബിജെപി.യോടൊപ്പം യോഗാഭ്യാസത്തിലേക്ക് ആനയിക്കപ്പെട്ടത്. കഴിഞ്ഞ വർഷം കണ്ണൂരിലെ മതേതരയോഗാ പ്രദർശനത്തിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തിരുന്നു. കൊല്ലത്തും പിണറായി വിജയൻ യോഗയ്ക്ക് സാക്ഷിയായിരുന്നു. മറ്റ് ജില്ലകളിലും സിപിഐ.(എം) മന്ത്രിമാരും പാർട്ടി നേതാക്കളും യോഗാഭ്യാസ വേദികളിൽ പങ്കാളികളായിരുന്നു.

ആദ്യമൊക്കെ ബിജെപി.യുടെ യോഗാദിനം മതപരമാണെന്ന് വിമർശിച്ച സിപിഐ.(എം), പിന്നീട് പതുക്കെപ്പതുക്കെ വിശ്വാസികളെ പരമാവധി ഒപ്പം നിർത്തുക എന്ന വോട്ടുബാങ്ക് ലക്ഷ്യം വച്ചാണ് ബിജെപി.യുടെ യോഗയെ മാമോദീസ മുക്കി മതേതരയോഗയെന്ന പുതിയ പേരിട്ട് പാർട്ടിയോടൊപ്പം നിർത്തിയത്. ബിജെപി.യുടെ കടന്നുകയറ്റത്തിൽ വിശ്വാസികൾ ചോർന്നുപോകാതിരിക്കാൻ സംസ്ഥാന കമ്മിറ്റി നേരിട്ടുതന്നെ ഇക്കാര്യത്തിൽ പാർട്ടി കീഴ് ഘടകങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്.

ഗണേശോത്സവത്തിനും ശ്രീകൃഷ്ണ ജയന്തിക്കും അയ്യപ്പഭക്തർക്ക് സഹായങ്ങളൊരുക്കുന്നതിനും പാർട്ടി അണികളിൽ യോഗാഭ്യാസം പരിശീലിപ്പിക്കുന്നതിനും പാർട്ടിയെ വിശ്വാസികളാൽ ശക്തിപ്പെടുത്തണമെന്നും നേതൃത്തത്തിന്റെ ശക്തമായ അറിയിപ്പുണ്ടത്രേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP