Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി.പി സത്യനെ അറിയാതിരുന്നത് എന്റെ അറിവില്ലായ്മയാണ്; സിനിമയ്ക്കായി അഞ്ചുമാസം മാറ്റിവച്ച് ഞാനത് തിരുത്തി; സത്യനെന്ന അതുല്യ പ്രതിഭയ്ക്ക് മലയാള സിനിമ നൽകുന്ന അംഗീകാരമാണ് ക്യാപ്റ്റൻ; ഫുൾ മാർക്ക് കൊടുക്കുന്നത് പ്രജേഷിന്റെ കയ്യടക്കമുള്ള തിരക്കഥയ്ക്ക്: മറുനാടനോട് മനസ്സ് തുറന്ന് ജയസൂര്യ

വി.പി സത്യനെ അറിയാതിരുന്നത് എന്റെ അറിവില്ലായ്മയാണ്; സിനിമയ്ക്കായി അഞ്ചുമാസം മാറ്റിവച്ച് ഞാനത് തിരുത്തി; സത്യനെന്ന അതുല്യ പ്രതിഭയ്ക്ക് മലയാള സിനിമ നൽകുന്ന അംഗീകാരമാണ് ക്യാപ്റ്റൻ; ഫുൾ മാർക്ക് കൊടുക്കുന്നത് പ്രജേഷിന്റെ കയ്യടക്കമുള്ള തിരക്കഥയ്ക്ക്: മറുനാടനോട് മനസ്സ് തുറന്ന് ജയസൂര്യ

ആർ പീയൂഷ്

കൊച്ചി: സിനിമ തീർന്നിട്ടും ഇരിപ്പിടം വിട്ട് എഴുന്നേൽക്കാതെ ലയിച്ചിരുന്ന് കാണികൾ. ക്യാപ്റ്റൻ എന്ന സിനിമ അത്രയേറെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംപിടിച്ചിരിക്കുന്നു. തുടക്കം മുതൽ അവസാനം വരെ ആസ്വാദകരെ പിടിച്ചിരുത്തുന്നതിൽ നിർണായകമാകുന്നത് പ്രജേഷ്സെന്നിന്റെ തിരക്കഥ തന്നെ.

ലോകമറിഞ്ഞ, ഒൻപത് തവണ കാൽപന്ത് കളിയിൽ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന വി.പി സത്യൻ എന്ന ഇതിഹാസത്തെ അറിയാതെ പോയതിൽ ഈ പടംകണ്ട ഒരോരുത്തരും പശ്ചാത്തപിക്കുന്നു. പഴയ തലമുറയും പുതിയ തലമുറയും തുടക്കകാരനായ പ്രജേഷ്സെൻ എന്ന സംവിധായകനോടും ജയസൂര്യ എന്ന അതുല്യ നടനോടും ഏറെ കടപ്പെടുന്നു ഈ ചിത്രത്തോടെ. വി.പി സത്യൻ എന്ന ലോകം കണ്ട ഫുട്ബോൾ കളിക്കാരനെ കേരളത്തിന് പരിചയപ്പെടുത്തിയതിന്.

ഫുട്ബോൾ എന്ന വികാരം നെഞ്ചിലേറ്റി നഷ്ട്ടമായ സന്തോഷ് ട്രോഫി തിരിച്ചുപിടിച്ച് കേരളത്തിന്റെ നെറുകയിൽ ഒരു പൊൻതൂവൽ ചാർത്തിയപ്പോഴും അർഹിക്കുന്ന അംഗീകാരം ലഭിക്കാതിരുന്ന സത്യന് മലയാള സിനിമ നൽകിയ അർജ്ജുന അവാർഡാണ് ക്യാപ്റ്റൻ എന്ന സിനിമ.

മലയാള സിനിമയിൽ പല ബയോപിക്ക് സിനിമകളും ഇറങ്ങിയിട്ടുണ്ടെങ്കിലും വിമർശനങ്ങളോ ഒച്ചപ്പാടോ ഇല്ലാതിരുന്ന ഏക സിനിമയായി ക്യാപ്റ്റൻ മാറുന്നു. സത്യന്റെ റോൾ അതീവ ജാഗ്രതയോടെയാണ് ജയസൂര്യ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമ കണ്ടിറങ്ങിയ സത്യന്റെ സുഹൃത്ത് സംവിധായകൻ മേജർ രവി പ്രതികരിച്ചത് ഞാൻ എന്റെ സത്യനെ കണ്ടു എന്നാണ്. കോഴിക്കോട് സിനിമ കണ്ടിറങ്ങിയ സത്യന്റെ ഭാര്യ അനിതാ സത്യൻ ഒന്നും പ്രതികരിച്ചില്ല.

ഭർത്താവ് അനുഭവിച്ചിരുന്ന സംഘർഷ ഭരിതമായ രംഗങ്ങൾ കണ്ട് വിതുമ്പലടക്കാനാവാതെ മരവിച്ചു പോയിരുന്നു. ആ അതുല്യപ്രതിഭയെ അഭ്രപാളികളിൽ അവതരിപ്പിച്ച നിമിഷങ്ങളെ പറ്റി നായകൻ ജയസൂര്യ മറുനാടനോട് സംസാരിച്ചു. കഴിഞ്ഞ ദിവസം ലുലുമാളിൽ ക്യാപ്റ്റന്റെ പ്രത്യേക പ്രദർശനം കഴിഞ്ഞതിന് പിന്നാലെയായിരുന്നു സിനിമയിൽ സത്യനെ ആവാഹിച്ചതിന്റെ രസതന്ത്രം ജയസൂര്യ പങ്കുവയ്ക്കുന്നത്. മലയാള സിനിമയിലെ നിരവധി പേർ ഈ പ്രദർശനത്തിന് എത്തി. കേരളാ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളും.

വി.പി സത്യൻ എന്ന വ്യക്തിയെ എനിക്കുൾപ്പെടെയുള്ള ആളുകൾക്ക് അറിയില്ലായിരുന്നു. ഈ തലമുറയിൽപ്പെട്ടവർക്കും അറിയില്ല. പക്ഷേ അദ്ദേഹം ആരാണെന്നും എന്താണെന്നും ഈ സിമിമ വഴി ജനങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞു'- പ്രദർശനം കഴിഞ്ഞ് ജയസൂര്യ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

ഒരു സ്പോർട്ട്സ് ബയോപിക് ചിത്രം ജനങ്ങൾ സ്വീകരിക്കുമെന്ന് കരുതിയിരുന്നോ?

മലയാളത്തിൽ ആദ്യമായാണ് ഒരു സ്പോർട്ട്സ് ബയോപിക് ചിത്രം ഇറങ്ങുന്നത്. മുൻപ് മലയാളികൾ ഹിന്ദിയിൽ ഇറങ്ങിയിട്ടുള്ള അത്തരം സിനിമകൾ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാൽ മലയാളത്തിൽ ഇറങ്ങുമ്പോൾ പലപ്പോഴും അവയെല്ലാം ഒരു ഡോക്യുമെന്ററിയായി പോകാറുണ്ട്. എന്നാൽ കഥയിൽ ഒട്ടും വെള്ളം ചേർക്കാതെ സംവിധായകൻ പ്രജേഷ് സെൻ കൈകാര്യം ചെയ്തു. ജനങ്ങൾ സ്വീകരിക്കുമെന്ന് കഥകേട്ടപ്പോൾ തന്നെ മനസ്സിലായി. പുറത്ത് വരുന്ന പ്രതികരണങ്ങളും അത്തരത്തിലാണല്ലോ.

കളിക്കളത്തിലെ അനുഭവങ്ങൾ?

തൊണ്ണൂറു മിനിറ്റ് കളിക്കുമ്പോൾ കളിക്കളത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങളെ മാത്രമേ നമുക്കറിവുള്ളായിരുന്നു. എന്നാൽ അതിന് പിന്നിൽ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എന്താണെന്ന് ഈ സിനിമയിൽ നിന്നും മനസ്സിലാക്കാൻ സഹായിച്ചു.

ഇത്രയും ഡെഡിക്കേറ്റഡായി കളിച്ച സത്യന് വേണ്ട അംഗീകാരം ലഭിച്ചില്ല. അതേപ്പറ്റി?

സത്യേട്ടനെ ആ കാലഘട്ടത്തിൽ ആരാധിച്ചിരുന്നവരുണ്ടാവാം. പക്ഷേ വേണ്ട വിധത്തിലുള്ള പരിഗണനയും കൊടുത്തിട്ടില്ല എന്നത് സത്യം തന്നെയാണ്. എന്നാൽ ഈ സിനിമ അദ്ദേഹത്തിന് നൽകുന്ന ഒരു അംഗീകാരം തന്നെയാണ് എന്നതിൽ ഒരു സംശയവും വേണ്ട

കഥ കേൾക്കുന്നതിന് മുൻപ് വി.പി സത്യനെ അറിയാമായിരുന്നോ?

എനിക്കറിയില്ലായിരുന്നു. അതെന്റെ അറിവ് കുറവാണ്. കാരണം ഞാൻ ഫുട്ബാളോ മറ്റ് സ്പോർട്സോ അങ്ങനെ സ്നേഹിച്ചിട്ടുള്ള വ്യക്തിയല്ല. പക്ഷേ ഇപ്പോൾ അദ്ദേഹത്തെപറ്റി എന്ത് ചോദിച്ചാലും ഞാൻ പറയും.

ഫുട്ബോൾ കളിക്കാൻ അറിയാമായിരുന്നോ?

ഇല്ല അറിയില്ലായിരുന്നു. കണ്ടിട്ടുണ്ട് എന്നല്ലാതെ കളിച്ചിട്ടില്ലായിരുന്നു. പക്ഷേ സിനിമയ്ക്ക് വേണ്ടി അഞ്ച്മാസം മാറ്റി വച്ചപ്പോൾ അദ്ദേഹം സ്നേഹിച്ചപോലെ ഞാനും ഫുട്ബോളിനെ സ്നേഹിച്ചു. ഇപ്പോൾ ഒന്ന് കളിക്കളത്തിലിറങ്ങിയാൽ ഒരു കൈ നോക്കാം.

വി.പി സത്യന്റെ ഭാര്യ അനിതാ സത്യനെ വിളിച്ചിരുന്നോ?

ഞാൻ വിളിച്ചിരുന്നു. പക്ഷേ ചേച്ചി എടുത്തില്ല. സിനിമ കണ്ട ശേഷം ചേച്ചി വല്ലാത്തൊരവസ്ഥയിലായിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. ഒപ്പമുണ്ടായിരുന്നപ്പോഴത്തെ അവസ്ഥ മാത്രമേ ചേച്ചിക്കറിയൂ. മറ്റു സംഭവങ്ങളൊന്നും അറിയില്ലായിരുന്നു. അതൊക്കെ നേരിട്ട് കണ്ടതോടെ ചേച്ചി ആകെ തകർന്നു പോയി.

പഴയ ഫുട്ബോൾ കളിക്കാരൊക്കെ വിളിച്ചിരുന്നോ?

തീർച്ചയായും ഐ.എം വിജയൻ ചേട്ടനാണ് ആദ്യം വിളിച്ചത്. എന്റെ സത്യേട്ടനെ ഞാൻ സ്‌ക്രീനിൽ കണ്ടു എന്നാണ് പറഞ്ഞത്. സത്യേട്ടന്റെ ആത്മ മിത്രം ഷറഫലി ഇക്കാ അവരൊക്കെ എന്നെ വിളിച്ചു. നമ്മുടെ സത്യനെ കണ്ടു എന്ന് പറഞ്ഞു. ഇതൊക്കെയാണ് ഈ സിനിമയ്ക്ക് കിട്ടുന്ന അംഗീകാരം

പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?

ഇതൊരു ജയസൂര്യ സിനിമ എന്ന് കരുതി കാണാതെ വി.പി സത്യനെ അറിയാനുള്ള ചിത്രം എന്ന രീതിയിൽ തീയറ്ററുകളിൽ പോകണം. കാരണം കേരളത്തിൽ ജനിക്കുന്ന നമ്മൾ ചിലകാര്യങ്ങൾ അറിയാതെ ഇവിടെ നിന്നും പോകരുത്. നിങ്ങളുടെ മനസ്സിൽ ഒരു അഞ്ച് സിനിമയുണ്ടെങ്കിൽ അതിലൊരു സ്ഥാനം ക്യാപ്റ്റന് കൊടുക്കണമെന്നാണ് എന്റെ അപേക്ഷ. - ജയസൂര്യ പറഞ്ഞുനിർത്തുന്നു.

തീർച്ചയായും പ്രേക്ഷകർ ഒരിക്കലും ക്യാപ്റ്റൻ എന്ന സിനിമ കൈ വിടില്ല എന്നുതന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജയസൂര്യ പറഞ്ഞതുപോലെ ഇത് കാണാതെ പോയാൽ വലിയൊരു നഷ്ട്ടം തന്നെയാണ്. അത് മാത്രമല്ല വി.പി സത്യൻ എന്ന കാൽപന്ത് കളിയിലെ മാന്ത്രികന് വൈകിയാണെങ്കിലും നമുക്ക് നൽകാൻ കഴിയുന്ന അംഗീകാരം കൂടിയാണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP