Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഞാൻ മുസ്‌ളീമാണ്... മുസ്‌ളീമായി ജീവിക്കണം; അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരം വേണം; നിരീശ്വരവാദിയായ അച്ഛൻ എന്നെ എതിർക്കുന്നത് ചിലരുടെ സ്വാധീനത്തിന് വഴങ്ങി; കുമ്മനവും രാഹുൽ ഈശ്വറും വീട്ടിലെത്തി അച്ഛനെ കണ്ടു; ഇസ്‌ളാം മതം ഉപേക്ഷിക്കാൻ പലരും ഭീഷണിപ്പെടുത്തി: ആവശ്യങ്ങളും ആക്ഷേപങ്ങളും എണ്ണിപ്പറഞ്ഞ് സുപ്രീംകോടതിയിൽ ഹാദിയ

ഞാൻ മുസ്‌ളീമാണ്... മുസ്‌ളീമായി ജീവിക്കണം; അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരം വേണം; നിരീശ്വരവാദിയായ അച്ഛൻ എന്നെ എതിർക്കുന്നത് ചിലരുടെ സ്വാധീനത്തിന് വഴങ്ങി; കുമ്മനവും രാഹുൽ ഈശ്വറും വീട്ടിലെത്തി അച്ഛനെ കണ്ടു; ഇസ്‌ളാം മതം ഉപേക്ഷിക്കാൻ പലരും ഭീഷണിപ്പെടുത്തി: ആവശ്യങ്ങളും ആക്ഷേപങ്ങളും എണ്ണിപ്പറഞ്ഞ് സുപ്രീംകോടതിയിൽ ഹാദിയ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: താൻ മുസ്‌ളീം ആണെന്നും മുസ്‌ളീമായി ജീവിക്കണമെന്നും അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹാദിയയുടെ സത്യവാങ്മൂലം. വീ്ട്ടുതടങ്കലിൽ ആയിരുന്നപ്പോൾ വേറെ വിവാഹം കഴിക്കാൻ നിർബന്ധമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം. ഇത് കോടതി വ്യാഴാഴ്ച പരിഗണിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെ നിരവധി നേതാക്കൾ തന്റെ അച്ഛനെ സന്ദർശിച്ചതായും തന്നെ ഇസ്‌ളാംമതം ഉപേക്ഷിക്കാൻ ഇവരിൽ പലരും ഭീഷണിപ്പെടുത്തിയതായും ഹാദിയ എന്ന അഖില സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയതിനെതിരെ ഷെഫിൻ ജഹാൻ നൽകിയ ഹർജിയിൽ ഹാദിയയെ സുപ്രിം കോടതി കഴിഞ്ഞ മാസം കക്ഷി ചേർത്തിരുന്നു. മതം മാറ്റം, ഷെഫിൻ ജഹാനുമായുള്ള വിവാഹം എന്നിവ ഉൾപ്പടെയുള്ള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ സത്യവാങ്മൂലത്തിലെ വിശദാംശങ്ങൾ റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടു.

ചാനൽ റിപ്പോർട്ട് ഇങ്ങനെ:

അഭിഭാഷകനായ സയ്യദ് മർസൂക് ബാഫഖിയാണ് 27 ഖണ്ഡികകൾ ഉള്ള 25 പേജ് ദൈർഘ്യമുള്ള ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സത്യവാങ്മൂലത്തിലാണ് താൻ മുസ്ലിം ആണെന്ന് ഹാദിയ വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലിം ആയി ജീവിക്കണം. അവകാശപ്പെട്ട സ്വാതന്ത്ര്യം നിഷേധിച്ച് തടങ്കലിൽ ആയിരുന്നു. ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ് ജീവിതം. സ്വതന്ത്രയായി ജീവിക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ഹാദിയ സത്യവാങ്മൂലത്തിലൂടെ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഷെഫിൻ ജഹാനെ രക്ഷകർത്താവായി നിയമിക്കണമെന്ന് ഹാദിയ കോടതിയോട് അഭ്യർത്ഥിക്കുന്നു. ഷെഫിൻ ജഹാൻ ഭർത്താവാണ്. ഭർത്താവും ഭാര്യയുമായി ജീവിക്കാൻ കോടതി അനുവദിക്കണമെന്നും ഹാദിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഷെഫിൻ ജഹാൻ വിദ്യാസമ്പന്നനാണ്. നല്ല കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ച വ്യക്തിയെന്ന നിലയിൽ തന്നെ വിവാഹം കഴിക്കുകയാണ് ഉണ്ടായതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അച്ഛൻ ചിലരുടെ സ്വാധീനത്തിലാണ്. നിരീശ്വരവാദിയായ അച്ഛൻ എന്തുകൊണ്ടാണ് താൻ മതം മാറിയതിനെയും മറ്റൊരു മതത്തിൽപ്പെട്ട ആളിനെ വിവാഹം കഴിച്ചതിനെയും എതിർക്കുന്നു എന്ന് മനസിലാകുന്നില്ലെന്നും ഹാദിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ സന്ദർശിക്കാൻ വന്നവരുടെ വിശദംശങ്ങൾ സന്ദർശകപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം പരിശോധിച്ചാൽ ഹിന്ദു മതത്തിലേക്ക് മാറ്റാൻ ഭീഷണിപ്പെടുത്തിയവരുടെയും സമ്മർദം നടത്തിയവരുടെയും വിശദശാംശം മനസിലാകും. അച്ഛന് പിന്നിൽ പ്രവർത്തിക്കുന്നവരെയും ഇപ്പോഴും പ്രവർത്തിക്കുകയും ചെയ്യുന്നവരെയും, തന്നെ പീഡിപ്പിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഹാദിയ സുപ്രിം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.

മാതാപിതാക്കളോട് വെറുപ്പില്ല. അവരോടുള്ള കടപ്പാട് വിലമതിക്കാൻ കഴിയാത്തതാണ്. അവരെ അനാഥരാക്കിയിട്ടില്ല. ഇനി ആക്കുകയുമില്ല. രക്ഷകർത്താക്കളെ തള്ളിപ്പറയില്ല. ഇസ്ലാമിനെ കുറിച്ചുള്ള പഠനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാൻ സാധിക്കില്ല. കാരണം ഇസ്ലാം വിശ്വാസം ഉപേക്ഷിച്ച ശേഷമേ വീട്ടിലേക്ക് മടങ്ങി വരാവു എന്നാണ് മാതാപിതാക്കൾ നിഷ്‌കർഷിക്കുന്നത്. ഒരു ഇന്ത്യൻ പൗരയായി ജീവിക്കാനും മരിക്കാനുമാണ് ആഗ്രഹിക്കുന്നത്. ഈ അവകാശം ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ലെന്നും ഹാദിയ തന്റെ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

അപരിഹാര്യമായ നഷ്ടമാണ് തനിക്ക് ഉണ്ടായത്. അടിസ്ഥാനരഹിതവും വിദ്വേഷം നിറഞ്ഞതുമായ പ്രചാരണം തനിക്കെതിരെ ഉണ്ടായി. മാനസികനില തകരാറിലാണെന്നും ഐഎസുമായി ബന്ധം ഉണ്ടെന്നുമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാധ്യമവിചാരണ നടന്നു. ഡോക്ടർ എന്ന നിലയിലുള്ള തന്റെ ഭാവിയെ ഇത് ബാധിക്കും. ക്രിമിനലും തീവ്രവാദിയും എന്ന മുൻവിധിയോടെയാണ് എൻഐഎയിലെ ചില ഉദ്യോഗസ്ഥർ പെരുമാറിയത്. ഈ അനുഭവിച്ച പീഡനങ്ങൾ ഒന്നും തെറ്റ് ചെയ്തതിനല്ല. മറിച്ച് ഭരണഘടന ഉറപ്പാക്കുന്ന മൗലികഅവകാശം വിനിയോഗിച്ചതിനും സ്വന്തം ഇഷ്ടം നടപ്പിലാക്കിയതിനുമാണ്. അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരുകളോടും ഉത്തരവാദിത്ത പ്പെട്ടവരോടും നിർദ്ദേശിക്കണമെന്നും ഹാദിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വീട്ടുതടങ്കലിൽ ഇരിക്കെ വേറെ വിവാഹത്തിന് സമ്മർദ്ദം

വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ പുതിയ വിവാഹം കഴിക്കാൻ സമ്മർദ്ദം ഉണ്ടായതായി ഹാദിയ. പൊലീസുകാരും ഈ നിലപാടിനോട് യോജിപ്പ് രേഖപെടുത്തിയപ്പോൾ ഭയം തോന്നി. ഇസ്ലാം മതം ഉപേക്ഷിക്കണമെന്ന് ഉപദേശിക്കാൻ വന്ന കൗൺസിലർമാരെ ഏതു തരത്തിലും പീഡനം നടത്താൻ പൊലീസ് അനുവദിച്ചു എന്നും ഹാദിയ ആരോപിക്കുന്നുണ്ട്.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വീട്ടിൽ എത്തിയതിന്റെ രണ്ടാം ദിവസം മുതൽ പലരും തന്നെ സന്ദർശിച്ചതായി ഹാദിയ ചൂണ്ടിക്കാട്ടുന്നു. ഇതിൽ പലരും പേരുപോലും വെളിപ്പെടുത്താൻ തയ്യാറായില്ല. കൗൺസിലിങ്ങിനാണ് പലരും എത്തിയത്. എന്നാൽ കൗൺസിലിങ്ങിന് പകരം മാനസികവും ശാരീരികവുമായ പീഡനമായിരുന്നു പലതും. ഇസ്ലാം മതം ഉപേക്ഷിക്കാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു അവരിൽ പലരും. ശിവശക്തി യോഗ സെന്ററിൽ നിന്നാണ് ഇവരിൽ പലരും എത്തിയതെന്ന് പിന്നീടാണ് മനസിലായതെന്നും ഹാദിയ സുപ്രിം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

തന്നെ സന്ദർശിക്കാൻ എത്തുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയും തോറും വർധിച്ചു. തലയിൽ ചുറ്റിയിരുന്ന ഷാൾ നീക്കം ചെയ്യാൻ ബന്ധുക്കൾ ശ്രമിച്ചു. തന്റെ ഭർത്താവ് നിരവധി വിവാഹം കഴിച്ചയാൾ ആണെന്നും പ്രായം കൂടിയ ആൾ ആണെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി. ആദ്യമൊക്കെ ഇസ്ലാം ഒരു നല്ല മതമല്ലെന്ന് എന്നെ വിശ്വസിപ്പിക്കാൻ കൗൺസിലർമാർ ശ്രമിച്ചു. എന്നാൽ അതിൽ അവർ വിജയിച്ചില്ല. ഇസ്ലാം മതത്തെയും അടുപ്പം ഉള്ളവരിൽ നിന്നും അകറ്റാനുള്ള ശ്രമം വിഫലമായതോടെ കൗൺസിലർമാർ പുതിയ തന്ത്രം എടുത്തു. പുതിയ വിവാഹം.

കൈയും കാലും കെട്ടിയിട്ട ശേഷം എന്റെ അനുമതി ഇല്ലാതെ വിവാഹം നടത്തും എന്ന് അവർ ഭീഷണിപ്പെടുത്തി. എന്നാൽ ഈ ഭീഷണികൾ വകവെച്ചില്ല. എന്നാൽ ഈ നിലപാടിനോട് പൊലീസുകാരും യോജിപ്പ് രേഖപെടുത്തിയപ്പോൾ ഭയം തോന്നി. ഒരിക്കൽ പോലും എന്റെ മുറിയിൽ നിന്ന് പുറത്ത് വരാൻ പൊലീസ് അനുവദിച്ചിരുന്നില്ല. എന്നാൽ കൗൺസിലർമാരെ ഏതു തരത്തിലും പീഡനം നടത്താൻ പൊലീസ് അനുവദിച്ചു. കോടതി ഉത്തരവിനെ തുടർന്ന് വീട്ടിൽ എത്തിയ ആദ്യ ദിവസങ്ങളിൽ അച്ഛനിൽ നിന്നും സമാനമായ അക്രമം നേരിട്ടു. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ചതിനും ഷെഫിൻ ജഹാനെ വിവാഹം കഴിച്ചതിനും ആയിരുന്നു ഈ അക്രമവും പീഡനവും എല്ലാം.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വീട്ടിലേക്ക് മാറ്റിയപ്പോൾ, പൊലീസ് അവിടെ ഉണ്ടാകില്ലെന്നാണ് കരുതിയത്. പൊലീസ് ഒപ്പം ഉണ്ടായിരുന്നില്ല എങ്കിൽ ഭർത്താവ് ഷെഫിൻ ജഹാന്റെ അടുത്തേക്ക് എന്ത് വില നൽകിയും പോയേനെ. എന്നാൽ കാര്യങ്ങൾ തന്റെ നിയന്ത്രണത്തിൽ അല്ലെന്ന് ബോധ്യമായി. രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥർ തന്റെ കിടപ്പ് മുറിയിലും ഉണ്ടായിരുന്നു. എട്ട് പൊലീസ് ഉദ്യോഗസ്ഥർ മുറിക്ക് പുറത്തും. എന്നാൽ എന്റെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാൻ പ്രയാസം ആയിരുന്നു. മറ്റുള്ളവരുടെ സാന്നിധ്യത്തിൽ പ്രാർത്ഥന (നമസ്) നടത്തുന്നത് നിറുത്തി. മുസ്ലിം വിശ്വാസ പ്രകാരം ഹലാൽ അല്ലാത്ത രീതിയിൽ തരുന്ന മാംസം കഴിക്കാൻ തുടങ്ങി.

ഭരണഘടന അനുസരിച്ച് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അധികാരം ഉണ്ട്. ഉത്തരവാദിത്വപെട്ട അധികാരികൾ നീതി ഉറപ്പാക്കേണ്ടത് ആയിരുന്നു. എന്നാൽ സാഹചര്യങ്ങളും സമ്മർദ്ദങ്ങളും കാരണം ഇസ്ലാം മതം പിന്തുടരുന്നില്ലെന്ന് മാതാപിതാക്കളുടെയും പൊലീസിന്റെയും മറ്റുള്ളവരുടെയും മുന്നിൽ അഭിനയിക്കേണ്ടി വന്നു. അതുകൊണ്ട് രാത്രിയിൽ മാത്രമായി പ്രാർത്ഥന. ചിലപ്പോൾ മനസിലും ഒതുങ്ങി. എന്റെ സുരക്ഷയും ചുറ്റും ഉള്ളവരെ പ്രീതിപ്പെടുത്തുന്നതിനുമായി കൗൺസിലർമാർ വരുമ്പോൾ എതിർത്തിരുന്നില്ല. എന്നാൽ അവരുടെ തീരുമാനം അംഗീകരിച്ചിരുന്നും ഇല്ല. ഒരു പേനയോ പേപ്പറോ പോലും ലഭിച്ചിരുന്നില്ല. ഒരു ദിവസം മെഹറായി ലഭിച്ചത് ഉൾപ്പടെ ഉള്ള സ്വർണ്ണാഭരണങ്ങൾ പൊലീസിന്റെ സാന്നിധ്യത്തിൽ അച്ഛൻ ഊരി വാങ്ങി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ആഭരണങ്ങൾ ഊരി വാങ്ങുന്നത് എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഹൈക്കോടതി അങ്ങനെ ഒരു ഉത്തരവ് പുറപ്പടിവിച്ചിട്ടില്ലെന്ന് മനസിലായി.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും രാഹുൽ ഈശ്വറും പല ദിവസങ്ങളിലായി വീട്ടിൽ എത്തി അച്ഛനെ സന്ദർശിച്ചു. മറ്റ് പല നേതാക്കളും വീട്ടിൽ എത്തി. ഇസ്ലാം മതം ഉപേക്ഷിക്കണമെന്ന് ഇവരിൽ പലരും ഭീഷണിപ്പെടുത്തി. എന്നാൽ മാധ്യമപ്രവർത്തകർ, സുഹൃത്തുക്കൾ, വനിതാ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരെ കാണുന്നതിൽ നിന്ന് വിലക്കി. അവരുടെ ശ്രദ്ധയാകർഷിക്കുന്നതിനായി ബഹളം വെച്ചു. എന്നാൽ ഒപ്പം ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭീഷണി പെടുത്തുകയും വലിച്ച് ഇഴക്കുകയും ചെയ്തു. വാ തുറക്കാൻ പോലും കൗൺസിലർമാർ അനുവദിച്ചില്ല.

തന്റെ ആഗ്രഹത്തിനും, തീരുമാനത്തിനും എതിരെ മാസങ്ങളോളം അവരെ കേൾക്കേണ്ടി വന്നു. ചോദ്യങ്ങൾ അവർ അനുവദിച്ചിരുന്നില്ല. എന്തെങ്കിലും പറയാൻ ശ്രമിച്ചാൽ വഴക്ക് പറയുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. എന്താണ് തെറ്റെന്ന് വിശ്വസിച്ചുവോ, അതൊക്കെ രാവിലെ മുതൽ വൈകിട്ട് വരെ കേൾക്കാൻ ബാധ്യസ്ഥയായി. ഇസ്ലാം മതം താൻ ഉപേക്ഷിക്കുക എന്നത് മാത്രമാണ് ഈ കൗൺസിലർമാരുടെ ലക്ഷ്യം. വീട്ടിൽ എത്തി കുറച്ച് ദിവസങ്ങൾക്ക് ശേഷം വായിക്കാൻ പുസ്തകവും പത്രവും നൽകണം എന്ന് പൊലീസിനോടും മാതാപിതാക്കളോടും ആവശ്യപ്പെട്ടു. എന്നാൽ ആ ആവശ്യം നിരാകരിച്ചു. വായിക്കുന്നത് മാത്രമല്ല, അക്ഷരങ്ങൾ കാണുന്നത് പോലും വിലക്കി. എല്ലാ കുഴപ്പങ്ങൾക്കും കാരണം വായന ആണെന്ന് കുറ്റപ്പെടുത്തി.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് താമസിച്ചിരുന്ന ഹോസ്റ്റൽ ഭയാനകം ആയിരുന്നു. ഹോസ്റ്റലിലെ മറ്റ് അന്തേവാസികളോട് ഭീകരവാദി എന്നാണ് പരിചയപ്പെടുത്തിയത്. ഐഎസുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതിൽ നിന്ന് വിലക്കി. കക്കൂസും കുളിമുറിയും ഉപയോഗിക്കുമ്പോൾ കതക് അടയ്ക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഖുറാനോ, പ്രാർത്ഥനയ്ക്ക് ഉള്ള വസ്ത്രമോ തരാൻ തയ്യാറായില്ല. ഹോസ്റ്റലിൽ താമസിച്ച 156 ദിവസവും ഭയാനകമായിരുന്നു എന്നും ഹാദിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകനായ സയ്യദ് മർസൂക് ബാഫഖി ഫയൽ ചെയ്ത ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതി വ്യാഴാഴ്ച പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP