Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുഞ്ഞബ്ദുള്ള റിസ്വാനയെ സന്ദർശകവിസയിൽ കൊണ്ടുപോയതു കൊലപ്പെടുത്താനോ? സൗദിയിലെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികൾക്ക് സംഭവിച്ചതെന്ത്? നാട്ടിൽ വച്ചുതന്നെ സ്വരച്ചേർച്ച ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ; റിസ്വാനയുടെ കഴുത്തിലെ മുറിവ് ഉണ്ടായതെങ്ങനെയെന്ന് അന്വേഷണം; ഭാര്യയെ കുത്തിക്കൊന്ന് ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിൽ പൊലീസ്

കുഞ്ഞബ്ദുള്ള റിസ്വാനയെ സന്ദർശകവിസയിൽ കൊണ്ടുപോയതു കൊലപ്പെടുത്താനോ? സൗദിയിലെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികൾക്ക് സംഭവിച്ചതെന്ത്? നാട്ടിൽ വച്ചുതന്നെ സ്വരച്ചേർച്ച ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ; റിസ്വാനയുടെ കഴുത്തിലെ മുറിവ് ഉണ്ടായതെങ്ങനെയെന്ന് അന്വേഷണം; ഭാര്യയെ കുത്തിക്കൊന്ന് ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിൽ പൊലീസ്

ജാസിം മൊയ്ദീൻ

കോഴിക്കോട്: കോഴിക്കോട് നാദാപുരം കക്കട്ടിൽ സ്വദേശികളായ ദമ്പതികൾ സൗദി അറേബ്യയിൽ മരണപ്പെട്ടതിന്റെ നടുക്കം മാറാതെ നാദാപുരം കക്കട്ടിൽ നിവാസികൾ. കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ അൽ അഹ്സയിലെ മലയാളി ദമ്പതികൾ കൊല്ലപ്പെട്ടതായ വാർത്ത നാട്ടിലെത്തിയത്. കോഴിക്കോട് നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്ദുള്ള (37) കുനിങ്ങാട് മാഞ്ഞിരോളി മീത്തൽ ഇബ്രാഹീം ഹാജി-ഖദീജ എന്നിവരുടെ മകൾ റിസ്വാന (30) എന്നിവരാണ് മരണപ്പെട്ട ദമ്പതികൾ.

ഇതുവരെയായും ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിൽ തീരുമാനമായിട്ടില്ല. മൃതദേഹങ്ങളുടെ ഫോട്ടോ മാത്രമാണ് ഇതുവരെ ബന്ധുക്കൾക്ക് കാണാനായത്. കുഞ്ഞബ്ദുള്ളയുടെ മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് പിതൃസഹോദരൻ കരീം പ്രതികരിച്ചു. ഇതിനുള്ള കുഞ്ഞബ്ദുള്ളയുടെ മാതാവിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. റിസ്വാനയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. റിസ്വാനയുടെ അമ്മാവൻ ഇന്ന് കാലത്ത് അൽഹസയിൽ എത്തിയിട്ടുണ്ട്.

അതേസമയം മരണത്തിൽ അടിമുടി ദുരൂഹതകളാണ് തെളിഞ്ഞ് വരുന്നത്. റിസ്വാനയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞബ്ദുള്ള ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് നാട്ടുകാരും പൊലീസും. നാട്ടിൽ വച്ചുതന്നെ സ്വരച്ചേർച്ചയിലല്ലായിരുന്ന റിസ്വാനയെ രണ്ട് മാസങ്ങൾക്ക് മുമ്പാണ് കുഞ്ഞബ്ദുള്ള സന്ദർശക വിസയിൽ വിദേശത്തേക്ക് കൊണ്ടുപോയത്. ഇത് അവിടെ വെച്ച് കൊലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നെന്ന സംശയവും ശക്തമാണ്. രണ്ട് പേരും ആത്മഹത്യ ചെയ്തതെന്നാണ് നേരത്തെ നാട്ടിൽ ലഭിച്ചിരുന്ന വിവരം.

എന്നാൽ ലഭ്യമായ മൃതദേഹങ്ങളുടെ ഫോട്ടോയിൽ റിസ്വാനക്ക് കഴുത്തിലും ശരീരത്തിലും മുറിവേറ്റ പാടുകളണ്ടായിരുന്നു. കുഞ്ഞബ്ദുള്ളയുടെ ശരീരത്തിൽ അത്തരത്തിൽ യാതൊരു മുറിവുകളും ഇല്ലാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് രക്തം പുരണ്ട കത്തിയും ലഭിച്ചിട്ടുണ്ട്. ഇത് റിസ്വാനയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതാകാമെന്ന് സംശയിക്കുന്നു. അതിനാൽ തന്നെ റിസ്വാനയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കുഞ്ഞബ്ദുള്ള ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

കൂടുതൽ വിവരങ്ങൾ അറിയിക്കാനായി കുഞ്ഞബ്ദുള്ളയുടെ പിതൃസഹോദരൻ കരീമിനോട് പൊലീസ് മേധാവി മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ ഹസയിലെ ഒരു ഹൈപ്പർ മാർക്കറ്റിൽ ഡ്രൈവറായി ജോയിചെയത് വരികയായിരുന്ന കുഞ്ഞബ്ദ്ുള്ളയെ തിങ്കളാഴ്ച രാത്രിയായിട്ടും കാണാനില്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കളും കൂടെ ജോലിച്ചെയ്യുന്നവരും അദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനത്തിൽ അറിയിച്ചിരുന്നു.

രാവിലെയായിട്ടും ഇരുവരെയും കുറിച്ച് വിവരങ്ങളൊന്നും ഇല്ലാത്തതിന്റെ അടിസ്ഥാനത്തിൽ തൊഴിൽ സ്ഥാപനം പൊലീസിൽ പരാതിയും നൽകിയിരുന്നു. പിന്നീട് ഒട്ടകത്തെ മെയ്‌ക്കാനായി പോയവരാണ് അൽഅയൂൺ എന്ന വിജനമായ മരുപ്രദേശത്ത് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്.നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് വേണ്ടപ്പെട്ടവർക്ക് വിട്ടുകിട്ടുന്നതിന് വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് കുഞ്ഞബ്ദുള്ള ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. ഇരുവരുടെയും കുടുംബത്തിന് വേണ്ട സഹായങ്ങൾ നൽകാനും തയ്യാറാണെന്ന് കമ്പനി അധികൃതർ സംഭസ്ഥലത്തെത്തിയ മലയാളികളെ അറിയിച്ചിട്ടുണ്ട്.

ദമ്പതികൾക്കു മക്കളില്ല. റിസ്വാനയുടെ കഴുത്ത് മുറിഞ്ഞ് രക്തം വാർന്നൊഴുകിയ നിലയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന കാറിന് 15 മീറ്റർ അകലെയാണ് കുഞ്ഞബ്ദുല്ലയുടെയും മൃതദേഹം കണ്ടെത്തിയത്. അൽ ഹസയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റിൽ ഡ്രൈവറായ കുഞ്ഞബ്ദുല്ല മൂന്ന് മാസം മുമ്പാണ് റിസ്വാനയെ വിസിറ്റിങ് വിസയിൽ കൊണ്ടുവന്നത്. ഞായറാഴ്ച ഇവർ ദമാമിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഞായറാഴ്ച അൽഹസ്സയിൽനിന്നു 150 കിലോമീറ്റർ അകലെയുള്ള ദമാമിലേക്കു പുറപ്പെട്ട ഇവരെ കുറിച്ചു വിവരമില്ലെന്നു സുഹൃത്തുക്കൾ പൊലീസിൽ വിവരമറിയിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. തുടർന്നു നടന്ന തിരച്ചിലിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു വാഹനം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതനുസരിച്ചു സ്ഥലത്തെത്തിയവർ വാഹനം കുഞ്ഞബ്ദുല്ല സഞ്ചരിച്ചതു തന്നെയെന്നു സ്ഥിരീകരിക്കുകയായിരുന്നു.

ദമാമിൽനിന്നു മടങ്ങുന്ന വഴി അൽഹസ്സയിലേയ്ക്ക് 25 കിലോമീറ്റർ അകലെയുള്ള അൽഅയൂൻ എന്ന വിജനമായ സ്ഥലത്താണു വാഹനം കണ്ടെത്തിയത്. ദമ്പതികൾ ജീവനൊടുക്കിയതായിരിക്കുമെന്നു പൊലീസ് പറഞ്ഞതായി സഹപ്രവർത്തകർ പറഞ്ഞു. എന്നാൽ ആത്മഹത്യ ചെയ്യാൻ ഇത്രയും ദൂരം വരേണ്ടതുണ്ടോ എന്നതാണ് ബന്ധുക്കൾ ഉയർത്തുന്ന ചോദ്യം. വിവരമറിഞ്ഞ് അൽഹസ്സയിലെത്തിയ കുഞ്ഞബ്ദുല്ലയുടെ റിയാദിലുള്ള പിതൃസഹോദരൻ കരീമും റിസ്വാനയുടെ അമ്മാവനും തുടർ നടപടികൾക്കായി സ്ഥലത്തുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP