Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകനെ നാട്ടുകാർ തല്ലിക്കൊന്നതെന്ന് പറഞ്ഞ് അലമുറയിട്ട് കരഞ്ഞ് മധുവിന്റെ അമ്മ; മൂന്ന് പേർ കസ്റ്റഡിയിൽ; മധുവിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് സെൽഫി എടുത്ത് ആഘോഷിച്ചത് ലീഗ് എംഎൽഎ ഷംസുദ്ദീന്റെ അനുയായി: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ നാട്ടുകൂട്ടം വിചാരണ ചെയ്ത് തല്ലിക്കൊന്നതിനെതിരെ പ്രതിഷേധം ശക്തം

മകനെ നാട്ടുകാർ തല്ലിക്കൊന്നതെന്ന് പറഞ്ഞ് അലമുറയിട്ട് കരഞ്ഞ് മധുവിന്റെ അമ്മ; മൂന്ന് പേർ കസ്റ്റഡിയിൽ; മധുവിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് സെൽഫി എടുത്ത് ആഘോഷിച്ചത് ലീഗ് എംഎൽഎ ഷംസുദ്ദീന്റെ അനുയായി: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ നാട്ടുകൂട്ടം വിചാരണ ചെയ്ത് തല്ലിക്കൊന്നതിനെതിരെ പ്രതിഷേധം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

അട്ടപ്പാടി: ആദിവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മകനെ നാട്ടുകാർ തല്ലിക്കൊന്നതാണെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും രംഗത്തെത്തി. ആശുപത്രി പടിക്കൽ അലമുറയിട്ടു കരയുന്ന ഈ അമ്മയുടെ വേദന ആരെയും കണ്ണീരണിയിക്കുന്നതാണ്. അതേസമയം പ്രതികളെ പിടികൂടാതെ മൃതദേഹം മോർച്ചറിയിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടു പോവാനാവില്ലെന്ന് പറഞ്ഞ് മധുവിന്റെ ബന്ധുക്കൾ ആശുപത്രിയിൽ കുത്തിയിരിക്കുകയാണ്.

മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ ഉടുത്തിരുന്ന മുണ്ട് ഉരിഞ്ഞ് കെട്ടിയിട്ട ശേഷമാണ് നാട്ടുകാർ തല്ലിച്ചതച്ചത്. സംഭവത്തിൽ ഇന്ന് രാവിലെ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാകുന്നതോടെ പ്രതികളുടെ അറസ്റ്റ് ഉണ്ടാവും. ജനം നിയമം കയ്യിലെടുത്തെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ പറഞ്ഞു.

ഉത്തരേന്ത്യയെ പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള കൊലപാതകമാണ് ഇന്നലെ അട്ടപ്പാടിയിൽ നടന്നത്. മധുവിനെ മർദ്ദിച്ച നാട്ടുകാരുടെ വീഡിയോ ദൃശ്യം ലഭിച്ചിട്ടും കണ്ണടച്ചിരിട്ടാക്കുകയാണ് പൊലീസ് ചെയ്തതെന്ന് ഇന്നലെ ജനം ആരോപിച്ചു. പൊലീസിന് പ്രതികളെ പിടികൂടാനുള്ള എല്ലാ തുമ്പും ഉണ്ടാക്കി നൽകിയിരിക്കുകയാണ് സോഷ്യൽ മീഡിയ. മധുവിനെ നാട്ടുകൂട്ടം വിചാരണ ചെയ്യുമ്പോൾ സെൽഫി എടുത്ത ആളെയാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഇയാൾ സ്ഥലം എംഎൽഎയും ലീഗ് നേതാവുമായ ഷംസുദ്ദീന്റെ പ്രചരണ വാഹനത്തിൽ യാത്ര ചെയ്യുന്നതുൾപ്പടെയുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അതസമയം പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതികളെ പിടിക്കണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഇത്രയധികം തെളിവുകൾ നിരത്തിയിട്ടും മധുവിനെ കൊന്നവർക്ക് നേരെ ചെറുവിരൽ പോലും അനക്കാത്ത പൊലീസ് നടപടിക്ക് നേരെ പ്രതിഷേധം ശക്തമായി. മുഖ്യമനന്ത്രിയടക്കമുള്ള മന്ത്രിമാരും സംഭവത്തെ അപലപിച്ചതോടെ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം സംഭവത്തെ മുഖ്യമന്ത്രി അപലപിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ബാലൻ വ്യക്തമാക്കി. ഭക്ഷണം മോഷ്ടിച്ചുവെന്നതാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്നാണ് പറയുന്നത്. എന്നാൽ പോലും ആരെയും തല്ലിക്കൊല്ലാൻ ആർക്കും അധികാരം നൽകിയിട്ടില്ല. ഇതു പോലുള്ള കാര്യങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാൻ മാതൃകാപരമായ ശിക്ഷ തന്നെ പ്രതികൾക്ക് നൽകും. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ എസ്‌പിയെ ഏൽപ്പിച്ചിട്ടുണ്ട്. അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടും. ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരത്തോടെയാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പൊതിരെ തല്ലിയത്. ഇയാളെ ഉടുമുണ്ട് ഉരിഞ്ഞ് അതുകൊണ്ട് ബന്ധനസ്ഥനാക്കിയ ശേഷമാണ് നാട്ടുകാർ ചേർന്ന് തല്ലിച്ചതച്ചത്. ഇത് ഈ ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരുടേയും ചിത്രങ്ങളും ഇതിൽ പതിഞ്ഞിട്ടുണ്ട്. എന്നിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് അമാന്തം കാണിക്കുകയാണ്.

ജനം നീയമം കയ്യിലെടുത്തിട്ടും നോക്കു കുത്തിയായി നിൽക്കുകയാണ് പൊലീസ്. സാധാരണ ഉത്തരേന്ത്യയിൽ നിന്നുമാണ് ഇത്തരം ക്രൂര മർദ്ദനങ്ങളുടെയും കൊലപാതകങ്ങളുടെയും വാർത്തകൾ പുറത്ത് വരാറുള്ളത്. എന്നാൽ അവരെയും നാണിപ്പിക്കുന്ന കഥകളാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറുന്നത്. അടുത്തിടെ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ഒരു കൂട്ടം സ്ത്രീകൾ ചേർന്ന് കെട്ടിയിട്ട് തല്ലിയതും വൻ വാർത്തയായിരുന്നു.

കടുകുമണ്ണ ആദിവാസി ഊരിലെ യുവാവാണ് മധു. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. അട്ടപ്പാടി മുക്കാലിയിലാണ് സംഭവം. പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാർ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു. നന്നായി മർദ്ദിച്ച ശേഷമാണ് ഇവർ മധുവിനെ പൊലീസിന് ഏൽപ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഏറെക്കാലമായി ഈ പ്രദേശത്ത് കടകളിൽ നിന്നും അരിയും ഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്. എന്നാൽ പൊലീസ് വാഹനത്തിൽ മധുവിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു ശർദ്ദിച്ചു. പിന്നാലെ കുഴഞ്ഞു വീണ മധുവിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മധുവിന്റെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം ചെയ്യും. അതിന് ശേഷമേ മരണകാരണം വ്യക്തമാവു.

നിയമം കയ്യിലെടുക്കുന്ന ഇത്തരം നാട്ടധികാരികൾക്ക് പ്രാദേശിക അധികാര കേന്ദ്രങ്ങളും ജനപ്രതിനിധികളും നിയമജ്ഞരും കൃട്ടു നിൽക്കുന്നു എന്നതാണ് വിരോധാഭാസം. കറുത്ത മനുഷ്യരെ സംശയിക്കുകയും ഭിക്ഷാടനമാഫിയ, എന്നിങ്ങനെയുള്ള ഊഹാപോഹങ്ങൾ പരത്തിക്കൊണ്ട് ഇതരസംസ്ഥാന തൊഴിലാളികളെയും പാഴ്‌വസ്തുക്കൾ പെറുക്കി ഉപജീവനം നടത്തുന്നവരെയും ആട്ടിയോടിക്കുന്ന പുതിയ രൂപത്തിലുള്ള പ്രവർജ്ജന സമ്പ്രദായം കേരളത്തിലും രൂപപ്പെട്ടിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP