Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിഭാഗീയതയുടെ കനലുകൾ ഊതിക്കെടുത്തി ഇരട്ടച്ചങ്കൻ കൂടുതൽ കരുത്തനാകുമ്പോൾ കൊടികളിൽ പോലും വേണ്ടാ പടം; തന്റെ ചിത്രം കൊടിയടയാളമാക്കിയ പ്രവർത്തകനെ ശാസിച്ച് പാർട്ടിയിലെ ഐക്യം ഉദ്ഘാഷിച്ച് പിണറായി; യെച്ചൂരി ലൈൻ എന്നൊന്നില്ല പാർട്ടി ലൈനേയുള്ളുവെന്ന് അവകാശപ്പെട്ട് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി; മായാത്ത ചിരിയും സൗമ്യഭാവവുമുള്ള കോടിയേരി രണ്ടാം ഊഴത്തിനെത്തുമ്പോൾ വെല്ലുവിളികളും ഏറെ

വിഭാഗീയതയുടെ കനലുകൾ ഊതിക്കെടുത്തി ഇരട്ടച്ചങ്കൻ കൂടുതൽ കരുത്തനാകുമ്പോൾ കൊടികളിൽ പോലും വേണ്ടാ പടം; തന്റെ ചിത്രം കൊടിയടയാളമാക്കിയ പ്രവർത്തകനെ ശാസിച്ച് പാർട്ടിയിലെ ഐക്യം ഉദ്ഘാഷിച്ച് പിണറായി; യെച്ചൂരി ലൈൻ എന്നൊന്നില്ല പാർട്ടി ലൈനേയുള്ളുവെന്ന് അവകാശപ്പെട്ട് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി; മായാത്ത ചിരിയും സൗമ്യഭാവവുമുള്ള കോടിയേരി രണ്ടാം ഊഴത്തിനെത്തുമ്പോൾ വെല്ലുവിളികളും ഏറെ

ആർ.പീയൂഷ്

തൃശൂർ: വിഭാഗീയതയുടെ കനലുകളെല്ലാം കെട്ടടങ്ങി. പാർട്ടിക്ക് വ്യത്യസ്ത ശബ്ദങ്ങളില്ല. ഒറ്റ ശബ്ദം മാത്രം. ഈ സന്ദേശം ഉയർത്തിയാണ് നാലുദിവസത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയത്. 25,0000റെഡ് വോളണ്ടിയർമാർ അണിനിരന്ന മാർച്ചോടെയായിരുന്നു സമാപനം.

പാർട്ടിയാണ് വലുതെന്നും തന്റെ ചിത്രം കൊടിയിൽ പതിപ്പിക്കേണ്ടതില്ലെന്നും നിർദ്ദേശിച്ച പിണറായിക്കൊപ്പം തന്നെയാണ് കേരളത്തിലെ സിപിഎമ്മെന്ന് നിസ്സംശയം തെളിയിക്കുന്നതായിരുന്നു സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം.പി.ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപൂജാവിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തകരോടുള്ള ആഹ്വാനം ശ്ര്‌ദ്ധേയമാകുമ്പോൾ,സംസ്ഥാന സമിതിയിലെ പുതുമുഖങ്ങളുടെ വരവും ചേർത്ത് വായിക്കാം. എല്ലാം പിണറായിയോട് ചേർന്ന് നിൽക്കുന്നവർ.

രണ്ടാം വട്ടവും സെക്രട്ടറി പദമേറിയ കോടിയേരിയെ പോലെ തന്നെ പാർട്ടിയിലെ ഐക്യം ഉദ്‌ഘോഷിച്ചും മാധ്യമങ്ങളെ വിമർശിച്ചമാണ് പിണറായി സംസാരിച്ചത്. പാർട്ടിയിൽ വിഭാഗീയത ഇല്ലെന്നും വിഭാഗീയതയുടെ ഭാഗമായി നിന്നവർ സ്വയം ധാരണയനുസരിച്ച് തിരിച്ചെത്തിയെന്നും പിണറായി സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ചൂണ്ടിക്കാട്ടാൻ പോലും വിഭാഗീയതയുടെ തുരുത്തുകൾ ഇപ്പോൾ പാർട്ടിയിലില്ല. വിഭാഗീയതയെ നേരിടാൻ ഉൾക്കരുത്തുള്ള പാർട്ടിയായി സിപിഎം മാറി. വിഭാഗീയതയുടെ ഭാഗമായി നിന്നവർ സ്വയം ധാരണയനുസരിച്ച് തിരിച്ചെത്തി. ഇനി പാർട്ടി പ്രവർത്തകർക്കിടയിൽ വേർതിരിവുണ്ടാകാൻ പാടില്ല. പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ മാത്രമാണ് താനടക്കം എല്ലാവരും ചെയ്യുന്നത്. പാർട്ടിക്ക് കീഴ്‌പ്പെട്ടും വഴിപ്പെട്ടും മാത്രമാണ് താൻ പ്രവർത്തിക്കുന്നത്- പിണറായി പറഞ്ഞു.

പിണറായി പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ ആലപ്പുഴയിൽ നടന്ന കഴിഞ്ഞ പാർട്ടി സമ്മേളനത്തിനൊടുവിൽ ഇതായിരുന്നില്ല അവസ്ഥ. വിഭാഗീയതയുടെ കേന്ദ്രം എന്ന ആരോപണത്തിന് വിധേയനായ വി എസ് അച്ച്യുതാനന്ദൻ സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് സംസ്ഥാന സമ്മേളനത്തിൽ നിന്നിറങ്ങിപ്പോയ കാഴ്ച പാർട്ടി അണികളെ ഞെട്ടിപ്പിക്കുന്നതായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അന്ന് അച്ച്യുതാനന്ദൻ ഉയർത്തിയ വെല്ലുവിളി നേരിടുകയെന്നത് പിണറായിക്ക് എളുപ്പമായിരുന്നില്ല.

മാധ്യമങ്ങൾക്കെതിരേയും പിണറായി വിമർശനങ്ങളുയർത്തി. സിപിഎം സമ്മേളന റിപ്പോർട്ടിലുള്ളത് എന്ന പേരിൽ മാധ്യമങ്ങൾ നൽകുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും പാർട്ടിക്കെതിരേ വാർത്ത ചമയ്ക്കാൻ ചിലർ ഒന്നിച്ചിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. പാർട്ടി സമ്മേളനത്തിനിടെ കൊടികളിലും ബോർഡുകളിലും തന്റെ ചിത്രങ്ങൾ വച്ചതിനെ പിണറായി വിജയൻ പ്രസംഗത്തിൽ വിമർശിച്ചു.

സിപിഎം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി കേരള മാർക്‌സിസ്റ്റല്ല

അതേസമയം, സിപിഎം. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി കേരളാ- മാർക്സിസ്റ്റല്ലെന്നും എല്ലായിടത്തും പാർട്ടിക്ക് ഒരേ നയമാണന്നും യെച്ചൂരി തുറന്നടിച്ച യെച്ചൂരി സമാപന സമ്മേളനത്തിൽ,

കോൺ്ഗ്രസുമായി സഖ്യത്തിനു സിപിഎമ്മില്ലെന്ന് സംശയലേശമേന്യെ വ്യക്തമാക്കി. എന്നാൽ കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ മതനിരപേക്ഷ വർഗീയ വിരുദ്ധ വോട്ടുകൾ ഏകീകരിക്കാൻ പാർട്ടി ശ്രമിക്കും. പാർട്ടിയിൽ ഒരുതരത്തിലുമുള്ള അഭിപ്രായവ്യത്യാസവുമില്ല. പാർട്ടിയുടെ പ്രതിനിധികൾ ചർച്ച ചെയ്‌തെടുത്ത തീരുമാനം അന്തിമമാണ്. മാധ്യമങ്ങൾ എന്തു വ്യാഖ്യാനം നൽകിയാലും പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. പാർട്ടി പരിപാടി വായിച്ചിട്ടുവേണം സഖാക്കൾ തന്നെ വിമർശിക്കാനൊരുങ്ങേണ്ടതെന്ന യെച്ചൂരിയുടെ പരാമർശം പാർട്ടി സമ്മേളനത്തിന്റെ സവിശേഷതയായി. ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുന്ന കാര്യങ്ങളല്ല താൻ പറഞ്ഞതെന്ന വചനവും യെച്ചൂരിയെ കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു.സംസ്ഥാനത്ത് പാർട്ടി ഉൾപ്പെടുന്ന അക്രമപ്രവർത്തനങ്ങളെയും യെച്ചൂരി തള്ളിക്കളഞ്ഞു. അക്രമങ്ങൾ പാർട്ടിയുടെ നയമല്ല. എന്നാൽ പാർട്ടി പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കും. തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും യെച്ചൂരി സമാപനപ്രസംഗത്തിൽ പറഞ്ഞു.

പുതിയ സംസ്ഥാന കമ്മിറ്റി

പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.. നിലവിലെ സംസ്ഥാന കമ്മറ്റിയിൽനിന്ന് ഒമ്പത് പേരെ ഒഴിവാക്കി. വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ, മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് എന്നിവർ ഉൾപ്പെടെയുള്ള പുതുമുഖങ്ങളെയാണ് പുതിയ സംസ്ഥാന കമ്മറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്, എഎൻ ഷംസീർ, സിഎച്ച് കുഞ്ഞമ്പു എന്നിവരെയും സംസ്ഥാന കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ എണ്ണം 87 ആയി നിലനിർത്തുകയും ചെയ്തു. ഗോപി കോട്ടമുറിക്കൽ കമ്മറ്റിയിൽ തിരികെയെത്തി. വി എസ് അച്യുതാനന്ദൻ, പാലോളി മുഹമ്മദ് കുട്ടി, പി.കെ ഗുരുദാസൻ, എംഎം ലോറൻസ്, കെ.എൻ രവീന്ദ്രനാഥ് എന്നിവർ പ്രത്യേക ക്ഷണിതാക്കളാണ്.

കഴിഞ്ഞ ആലപ്പുഴ സംസ്ഥാന സമ്മേളനം നടന്നപ്പോൾ വിഭാഗീയതയിൽ സിപിഎം തകരാൻ പോവുകയാണെന്ന് പലരും പ്രചരിപ്പിച്ചു.ഇന്നീ പാർട്ടിക്ക് ഒരു ശബ്ദം മാത്രമേയുള്ളൂ എന്ന് സ്ഥാപിക്കാൻ കഴിഞ്ഞു എന്നതാണ് ഈ കഴിഞ്ഞ മൂന്നുവർഷക്കാലം കൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേടിയ വലിയ മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്ണൻ സമാപന സമ്മേളനത്തിൽ പറഞ്ഞതാണ് സിപിഎം ഹൈലൈറ്റ് ചെയ്യാൻ ശ്രമിച്ച കാര്യം.മാണിയെ മുൻനിർത്തിയുള്ള മുന്നണി വിപുലീകരണ ചർച്ചകൾ സമ്മേളനത്തിൽ കാര്യമായുണ്ടായില്ല. മാണിയെയും കാനത്തെയും സെമിനാറിൽ പങ്കെടുപ്പിച്ച് സമവായമുണ്ടാക്കാൻ നോക്കിയെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. മുഖ്യമന്ത്രിയായ പിണറായിക്ക് പിനിന്ൽ പാർട്ടിയെ അണിനിരത്താനായിരുന്നു കോടിയേരിയുടെ ഇതുവരെയുള്ള ശ്രമം. അതിനൊരുമാറ്റം, രണ്ടാമൂഴത്തിൽ ഉണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്. ലോക്‌സഭാതിരഞ്ഞെടുപ്പ് എന്ന വെല്ലുവിളിയും കോടിയേരിയെ കാത്തിരിക്കുന്നു.

റെഡ് വോളണ്ടിയർ മാർച്ച്

അണികളെ ആവേശത്തിരയിളക്കത്തിലാക്കി റെഡ് വോളണ്ടിയർ മാർച്ചോടെയായിരുന്നു സംസ്ഥാന സമ്മേളനത്തിന്റെ സമാപനം.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 25000 റെഡ് വോളണ്ടിയർമാരാണ് മാർച്ചിൽ പങ്കെടുത്തത്. നിരവധി വനിതാ വോളണ്ടിയർമാരും ഉണ്ടായിരുന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനംകുറിച്ചുള്ള റാലിക്കായി കാൽലക്ഷത്തോളം ചുവപ്പുവളണ്ടിയർമാർ നാലു കേന്ദ്രങ്ങളിൽനിന്ന് ചിട്ടയോടെ അടിവച്ച് തേക്കിൻകാട് മൈതാനത്തെ കെ കെ മാമക്കുട്ടി നഗറിൽ സംഗമിച്ചപ്പോൾ അണികളെ ആവേശക്കൊടുമുടിയിലെത്തിച്ചു. ഞായറാഴ്ച രാവിലെമുതൽ തൃശൂരിലേക്ക് ജനങ്ങളുടെ അഭൂതപൂർവമായ ഒഴുക്കായിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവർ ചെറുപ്രകടനങ്ങളായി നീങ്ങിയപ്പോൾ തേക്കിൻകാട് മൈതാനത്തേക്കുള്ള വഴികളെല്ലാം ചുവന്നുതുടുത്തു.വിവിധ ഏരിയകളിൽനിന്നുള്ളവർ ചെറുപ്രകടനമായി ബാന്റ് മേളത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മൈതാനത്തേക്ക് പ്രവേശിച്ചു. തുടർന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. കൈയിൽ ചെങ്കൊടികളുമായി നാടിന്റെ നാനാഭാഗത്തുനിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങളുടെ മഹാപ്രവാഹത്തിൽ പൂരനഗരി ഇളകിമറിഞ്ഞു.ധീരരക്തസാക്ഷികളുടെ ചോരവീണ്തുടുത്ത മണ്ണിലേക്ക് സ്ത്രീപുരുഷ ഭേദമെന്യേ പതിനായിരങ്ങൾ ഉച്ചക്കുമുമ്പ് വന്നണഞ്ഞു. ബാന്റ്വാദ്യവും ഇൻക്വിലാബ് വിളികളുമായി വന്നവർ സിപിഐ എമ്മിന്റെ കരുത്തും ശക്തിയും വിളിച്ചോതി. അതേ സമയം സമ്മേളനത്തിനെത്തിയവർക്ക് നിന്നു തിരിയാൻ ഇടമില്ലായിരുന്നു സമ്മേളന നഗരിയിൽ. ലക്ഷങ്ങൾ എത്തിയതോടെ അക്ഷരാർത്ഥത്തിൽ തൃശൂർ നഗരം സ്തംഭിച്ചു. ഇന്നുവരെ കണ്ടതിൽവച്ച് ഏറ്റവും വലിയ ജനമുന്നേറ്റത്തിനാണ് തൃശൂർ നഗരം സാക്ഷ്യം വഹിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP