Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പീസ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് അക്‌ബറിനെ കേരളത്തിലെത്തിച്ചു; കൊച്ചി പൊലീസിന്റെ നേതൃത്വത്തിൽ അക്‌ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മതവിദ്വേഷം വളർത്തുന്ന പാഠപുസ്തകങ്ങൾ പഠിപ്പിച്ചതിന്റെ പേരിലാണ് അക്‌ബറിനെ ഹൈദരാബാദ് വിമാനത്താവളത്തിൽ തടഞ്ഞു വച്ചത്

പീസ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് അക്‌ബറിനെ കേരളത്തിലെത്തിച്ചു; കൊച്ചി പൊലീസിന്റെ നേതൃത്വത്തിൽ അക്‌ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മതവിദ്വേഷം വളർത്തുന്ന പാഠപുസ്തകങ്ങൾ പഠിപ്പിച്ചതിന്റെ പേരിലാണ് അക്‌ബറിനെ ഹൈദരാബാദ് വിമാനത്താവളത്തിൽ തടഞ്ഞു വച്ചത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈദരാബാദ് എയർപോർട്ടിൽ ഇന്നു രാവിലെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ച പ്രമുഖ മതപ്രഭാഷകനും മുജാഹിദ് നേതാവുമായ എം.എം. അക്‌ബറിനെ കൊച്ചിയിലെത്തിച്ചു. എറണാകുളം നോർത്ത് എസ്.ഐ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ കൊച്ചിയിലെത്തിച്ചത്. ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ കമീഷണർ ഓഫീസിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിന് ശേഷം മാത്രമായിരിക്കും കേസിലെ തുടർനടപടികൾ തീരുമാനിക്കുക.

എം.എം അക്‌ബറിനെ ഇന്ന് രാവിലെയാണ് ഹൈദരാബദ് വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞത്. വിവാദ പാഠപുസ്തക കേസുമായി ബന്ധപ്പെട്ടാണ് അക്‌ബറിനെ ഹൈദരാബാദ് വിമാനത്താവളത്തിൽ തടഞ്ഞു വച്ചത്. ഇദ്ദേഹത്തിന് എതിരെ എൻ.ഐ.എ കേസുകൾ ഒന്നുമില്ല. മുംബൈയിലെ അൽ ബുറൂജ് പബ്ലിക്കേഷൻ തയ്യാറാക്കിയ മതസ്പർദ്ധ കാരണമാകുന്ന വിവാദ പാഠപുസ്തകം എറണാകുളം പീസ് സ്‌കൂളിൽ പഠിപ്പിച്ചു എന്ന പരാതിയിൽ കേരളാ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എം.എം. അക്‌ബറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

എം.എം അക്‌ബർ വിദേശത്തായതിനാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അദ്ദേഹത്തിന്റെ പാസ്‌പോർട്ട് നമ്പർ വിവിധ വിമാനത്താവളങ്ങളിൽ കൈമാറുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചിരിക്കുന്നത് എന്നാണ് സൂചന. നിലവിൽ കേരള പൊലീസ് ആണ് പാഠപുസ്തക കേസ് അന്വേഷിക്കുന്നത്. കേസ് നടപടിയുടെ ഭാഗമായി ഇദ്ദേഹത്തെ കേരളത്തിലേക്ക് എത്തിക്കും. അതിനായി പാലാരിവട്ടം പൊലീസ് ഹൈദരാബാദിലേക്ക് തിരിച്ചിട്ടുണ്ടെന്നും വൈകീട്ട് 7.40ന് എം.എം അക്‌ബറുമായി ഇവർ നെടുമ്പാശ്ശേരിയിലെത്തുമെന്നും എ.സി.പി കെ. ലാൽജി അറിയിച്ചു.

സ്‌കൂളിലെ രണ്ടാം ക്ലാസിൽ പഠിപ്പിക്കാൻ തയാറാക്കിയ മത പാഠപുസ്തകത്തിൽ 'നിങ്ങളുടെ സഹപാഠി മതപരിവർത്തനത്തിന് തയ്യാറായി വന്നാൽ എന്ത് ഉപദേശമാണ് ആദ്യം നൽകുക' എന്ന പാഠഭാഗം ആണ് വിവാദമായത്. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ പരാതിക്കാരനായാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് സ്‌കൂൾ റെയ്ഡ് ചെയ്യുകയും വിവാദ പാഠപുസ്തകം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പാഠപുസ്തകം തയ്യാറാക്കിയ മുംബൈയിലെ അൽ ബുറൂജ് പബ്ലിക്കേഷൻ മേധാവി, കണ്ടന്റ് എഡിറ്റർ, പാഠപുസ്തക ഡിസൈനർ എന്നിവരെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത് നേരത്തെ എറണാകുളത്ത് എത്തിച്ച് ചോദ്യംചെയ്യുകയും റിമാൻഡ് ചെയ്യുകയും ഉണ്ടായിരുന്നു.

ഈ പാഠഭാഗം അനുചിതമാണെന്നു കണ്ടു അത് പഠിപ്പിക്കേണ്ടതില്ല എന്ന് അദ്ധ്യാപകർക്ക് നിർദ്ദേശം നൽകിയിരുന്നു എന്നാണ് എം.എം അക്‌ബർ കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണസംഘത്തിന് വിശദീകരണം നൽകിയിരുന്നത്. കേസിന്റെ തുടർ അന്വേഷണത്തിലാണ് എം.എം അക്‌ബർ ഉൾപ്പെടെയുള്ള പീസ് സ്‌കൂൾ ഡയറക്ടർമാരെയും പ്രതിചേർത്തത്. ഇതിനകം ഇദ്ദേഹം വിദേശത്തേക്ക് പോവുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP