Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഭിനവ മർഡോക്കേ...നിങ്ങടെ മൈക്കുമായി തെരുവിലേക്കിറങ്ങുന്ന തൊഴിലാളി അടികൊണ്ട് ചാകണോ? സമ്മേളനവേദിയിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകൻ അടികൊണ്ട് പുളയുന്ന കാഴ്ച കട്ട് ചെയ്ത് മധുര മനോഹര ദ്യശ്യങ്ങൾ സംപ്രേഷണം ചെയ്തത് എന്തിനാണ്? ലേഖകർക്ക് എതിരെ സഖാക്കൾ ഉറഞ്ഞുതുള്ളുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്ന റിപ്പോർട്ടർ ചാനലിനെ ശക്തമായി വിമർശിച്ച് മാധ്യമലോകത്ത് വൻ ചർച്ച

അഭിനവ മർഡോക്കേ...നിങ്ങടെ മൈക്കുമായി തെരുവിലേക്കിറങ്ങുന്ന തൊഴിലാളി അടികൊണ്ട് ചാകണോ? സമ്മേളനവേദിയിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകൻ അടികൊണ്ട് പുളയുന്ന കാഴ്ച കട്ട് ചെയ്ത് മധുര മനോഹര ദ്യശ്യങ്ങൾ സംപ്രേഷണം ചെയ്തത് എന്തിനാണ്? ലേഖകർക്ക് എതിരെ സഖാക്കൾ ഉറഞ്ഞുതുള്ളുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്ന റിപ്പോർട്ടർ ചാനലിനെ ശക്തമായി വിമർശിച്ച് മാധ്യമലോകത്ത് വൻ ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകർക്കെതിരായ സിപിഐഎം പ്രവർത്തകരുടെയും ദേശാഭിമാനിയുടെയും കടന്നാക്രമണം മാധ്യമലോകത്ത് വൻ ചർച്ചയാകുന്നു. റിപ്പോർട്ടർ ചാനലിന്റെ കണ്ണൂർ റിപ്പോർട്ടർ വിനീതക്കെതിരേ ദേശാഭിമാനി നൽകിയ വാർത്തയും ഇന്നലെ സിപിഐഎം സംസ്ഥാന സമ്മേളന നഗരിയിൽവച്ച് റിപ്പോർട്ടർ മജു ജോർജിന് നേരെ ലൈവിനിടെ സിപിഐഎം പ്രവർത്തകർ കയ്യേറ്റം നടത്തിയതുമാണ് മാധ്യമലോകത്ത് ചർച്ചകളുടെ കൊടുങ്കാറ്റ് ഉയർത്തിവിട്ടിരിക്കുന്നത്.

സ്വന്തം ജീവനക്കാരെ അവഹേളിക്കുന്ന നടപടികൾ ആവർത്തിച്ചിട്ടും റിപ്പോർട്ടർ ചാനൽ മാനേജ്മെന്റ് ഇതിലിടപെടാത്തതും ഒരു വരി വാർത്ത പോലും നൽകാത്തതും ചാനലിനുള്ളിൽത്തന്നെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിനു നേരെ ഭരണകക്ഷി തന്നെ കടന്നാക്രമണം നടത്തുമ്പോൾ നിശബ്ദത പാലിക്കുന്നത് ശരിയല്ലെന്നാണ് മാധ്യമപ്രവർത്തകരുടെ വാദം.

ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണ രഹസ്യങ്ങൾ ഭർത്താവും പൊലീസുകാരനായ സുമേഷ് വഴി ചോർത്തി നൽകുന്നു എന്നാണ് ദേശാഭിമാനി പേരെടുത്തു പറയാതെ വിനീതക്കെതിരേ നൽകിയ വാർത്ത. സംഭവത്തിൽ കെയുഡബ്ല്യുജെയും വിനീതയും പരാതി നൽകിയിരുന്നു. എന്നാൽ ഇന്നലെ സിപിഐഎം സംസ്ഥാന സമ്മേളന നഗരിയിൽവച്ച് ലൈവിനിടെ റിപ്പോർട്ടർ മജുവിന് നേരെ കയ്യേറ്റമുണ്ടായ സംഭവത്തിൽ ഇതുവരെ കെയുഡബ്ല്യുജെ ഇടപെട്ടിട്ടില്ല. റിപ്പോർട്ടർ ചാനലും വിഷയത്തിൽ ഇടപെട്ടിട്ടില്ല. ഇതിനെതിരേ സംസ്ഥാനത്തെ ദൃശ്യമാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പരസ്യമായും വാട്ട്സപ്പ് ഗ്രൂപ്പുകളിൽ രഹസ്യമായും പ്രതികരിച്ചുതുടങ്ങി.

വിഷയത്തിൽ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത് ന്യൂസ് 18 ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തക ശ്രീല പിള്ളയാണ്. അഭിനവ മർഡോക്കിന് എന്ന തലക്കെട്ടോടെയാണ് ശ്രീല, തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. നിങ്ങളെപ്പോലുള്ളവരുടെ പ്രഭയിൽ വാക്കുകളുടെ നിരർത്ഥകത മനസിലാക്കാതെ പത്രപ്രവർത്തനം മഹത്തരമെന്ന് കരുതി നിങ്ങളുടെ മൈക്കുമായി തെരുവിലേക്കിറങ്ങുന്ന തൊഴിലാളികൾ അടികൊണ്ട് ചാകണോയെന്ന് ശ്രീല ചോദിക്കുന്നു.

ഗഡുക്കളായി നൽകുന്ന പതിനായിരം രൂപ ശമ്പളത്തിൽ നിന്ന് ക്ഷയത്തിന് മരുന്നുവാങ്ങാൻ കരുതിവെക്കണമെന്നാണോ? തുടങ്ങി റിപ്പോർട്ടർ മാനേജ്മെന്റിനോട് രൂക്ഷമായ ചോദ്യങ്ങളാണ് ശ്രീല ചോദിക്കുന്നത്. വനിതാ റിപ്പോർട്ടറെയും ഭർത്താവിനെയും കൊലപ്പെടുത്താനുള്ള പൊലീസ് നയം രൂപപ്പെടുത്തുമ്പോൾ റിപ്പോർട്ടർക്ക് ലൈവിൽ മർദനമേൽക്കുമ്പോൾ അടുത്ത തെരഞ്ഞെടുപ്പിൽ സിറ്റുറപ്പിക്കുന്ന തിരക്കിലാകും നിങ്ങൾ എന്ന പരിഹാസവും അവർ ഉയർത്തുന്നുണ്ട്. അഭിമാനത്തോടെ നിങ്ങളുടെ ബ്രാൻഡിനെ നെഞ്ചേറ്റുന്ന മൈക്ക് കയ്യിലേന്തുന്ന തൊഴിലാളിയെ കൊലക്ക് കൊടുക്കരുത് എന്നു പറഞ്ഞുകൊണ്ടാണ് ശ്രീല ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ശ്രീല പിള്ളയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ചെറിയ കാര്യങ്ങളെ ഊതിപ്പെരുപ്പിച്ച് വാർത്ത സൃഷ്ടിക്കുന്ന അഭിനവ മർഡോക്കിന്..
ചാനൽസ്റ്റുഡിയോയിലെ ശീതികരിച്ച മുറിയിൽ ഉറഞ്ഞുപോയോ നിങ്ങടെ രക്തം? അതോ രാഷ്ടീയ അന്ധതയിൽ കണ്ണുകൾ മൂടപ്പെട്ടോ? നിങ്ങളെപ്പോലുള്ളവരുടെ പ്രഭയിൽ ....വാക്കുകളുടെ നിരർത്ഥകത മനസ്സിലാക്കാതെ പത്രപവർത്തനം മഹത്തരമെന്ന് കരുതി നിങ്ങടെ മൈക്കുമായി തെരുവിലേക്കിറങ്ങുന്ന തൊഴിലാളി അടികൊണ്ട് ചാകണോ?നിങ്ങൾ ഗഡുക്കളായി നൽകുന്ന10000 രുപ ശമ്പളത്തിൽ നിന്ന് ക്ഷയത്തിന് മരുന്നു വാങ്ങാൻ കരുതിവെക്കണമെന്നാണോ?

സിപിഎം സംസ്ഥാന സമ്മേളനവേദിയിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകൻ അടികൊണ്ട് പുളയുന്ന കാഴ്ച എന്തുകൊണ്ടാണ് പെട്ടെന്ന് കട്ട് ചെയ്ത് സംസ്ഥാന സമ്മേളനത്തിലെ മധുരമനോഹര ദ്യശ്യങ്ങൾ സംപ്രേഷണം ചെയ്തത്? ഒരു പ്രതിഷേധം പോലും രേഖപ്പെടുത്താതെ അടുത്ത സെക്കന്റിൽ സമ്മേളനത്തെ പുകഴ്‌ത്തി വാചാടോപം നടത്താൻ റിപ്പോർട്ടർക്ക് നിർദ്ദേശം നൽകുമ്പോൾ എവിടെപ്പോയി നിങ്ങടെ മാധ്യമധർമ്മം?

അടുത്ത സെക്കന്റിൽ റെഡ് വോളണ്ടിയർമാരുടെ പ്രകടനത്തെ സൈനിക അച്ചടക്കമെന്ന് പുകഴ്‌ത്തി ഒരാവശ്യവുമില്ലാത്ത ഒരു സ്റ്റോറി പടച്ചത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ ആയിരുന്നോ? റിപ്പോർട്ടർക്ക് മർദ്ദനമേറ്റത് മറ്റ് എവിടെയെങ്ങിലുമായിരുന്നെങ്ങിൽ നിങ്ങളുടെ പ്രതികരണം ഇങ്ങനെ ആകുമായിരുന്നോ? ആരെ ബോധ്യപ്പെടുത്താനാണ് നിഷ്പക്ഷൻ എന്ന ലേബലുമായി , കുടുംബം പുലർത്താൻ ജോലിചെയ്യുന്ന പാവം മാധ്യമപ്രവർത്തകരെ കൊലയ്ക്ക് കൊടുക്കുന്നത് ?കൂടെക്കൊണ്ട് നടക്കുന്നവനെ തല്ലിക്കൊന്ന് രക്തസാക്ഷിയെ സൃഷ്ടിക്കുന്ന പതിവു നയം ആവർത്തിക്കുകയാണോ നിങ്ങൾ ചെയ്യുന്നത് ?

വനിതാറിപ്പോർട്ടറെയും ഭർത്താവിനെയും കൊലപ്പെടുത്താനുള്ള പൊലീസ് നയം രൂപപ്പെടുത്തുമ്പോൾ റിപ്പോർട്ടർക്ക് ലൈവിൽ മർദ്ദനമേക്കുമ്പോൾ എ കെ ജി സെന്ററിന്റെ തിണ്ണനിരങ്ങി നിങ്ങൾ അടുത്ത തെരഞ്ഞടുപ്പിൽ സീറ്റുറപ്പിക്കുന്ന തിരക്കിലാകും... രാഷ്ട്രീയ
നിലപാടുണ്ടാകുന്നതിനെ ഞാൻ എതിർക്കുന്നില്ല ...ഞാനും നിലപാടുള്ള മാധ്യമപ്രവർത്തക തന്നെയാണ്...നിങ്ങൾ കോടിയേരിമായി ചേർന്ന് മാധ്യമ നയം രുപീകരിക്കരിച്ചോളു..... അഭിമാനത്തോടെ നിങ്ങടെ ബ്രാൻഡിനെ നെഞ്ചേറ്റുന്ന മൈക്ക് കയ്യിലേന്തുന്ന തെഴിലാളിയെ കൊലക്ക് കൊടുക്കരുത്.. - ഇങ്ങനെയായിരുന്നു ശ്രീല പിള്ളയുടെ പ്രതികരണം

ചാനൽ ലേഖികയ്ക്കും കുടുംബത്തിനും എതിരെ 'പൊലീസ് ക്വട്ടേഷൻ'

റിപ്പോർട്ടർ ചാനൽ ലേഖിക വിനീതയ്ക്കും പൊലീസുകാരനായ ഭർത്താവിനും എതിരെ ഭീഷണിയും അപവാദ പ്രചരണവുമായി സൈബർ സഖാക്കൾ രംഗത്തിറങ്ങിയതിന് പിന്നാലെ ഷുഹൈബ് വധത്തിൽ അന്വേഷണ വിവരം ചോർത്തുന്ന സംഘത്തെ ' വിദഗ്ധ അന്വേഷണ'ത്തിലൂടെ കണ്ടെത്തിയെന്ന് പ്രഖ്യാപിച്ച് ദേശാഭിമാനിയും വാർത്ത നൽകുകായിരുന്നു. 'ക്വാർട്ടേഴ്‌സിൽ കയറി തച്ചാലോ.. ആളെ ഏർപ്പാടാക്കാം..' എന്ന് വാട്‌സ്ആപ് ഗ്രൂപ്പിൽ 'ക്വട്ടേഷൻ' എടുത്ത് സിപിഎം അനുകൂലികളായ പൊലീസുകാർ ഇതിന് പിന്നാലെ ചർച്ചയും തുടങ്ങി. അത്തരത്തിൽ അസഹിഷ്ണുത പരിധിവിട്ട് സിപിഎം നീങ്ങുന്നത് വലിയ പ്രതിഷേധത്തിനും കാരണമായി.

ഷുഹൈബ് വധത്തിനു ശേഷം സിപിഎം വൻ പ്രതിരോധത്തിലായതോടെയാണ് സംഭവത്തിൽ വാർത്തകൾ നിരന്തരം വരുന്നത് പാർട്ടിക്ക് തലവേദനയായത്. ഇതോടെയാണ് ദേശാഭിമാനി 'വിദഗ്ധ അന്വേഷണം' നടത്തി വിനീതയും സുമേഷുമാണ് വാർത്തകൾ ചോർത്തുന്ന ഗൂഢസംഘം എന്ന നിലിയൽ വാർത്ത നൽകുകയും അതിന് പിന്നാലെ ഇവർക്കെതിരെ സോഷ്യൽമീഡിയയിൽ നേരത്തെ തുടങ്ങിയ അപവാദ പ്രചരണം കൂടുതൽ ശക്തമാകുകയും ആയിരുന്നു. വ്യാജവാർത്തകൾക്ക് പിന്നിലെ ഗൂഢസംഘത്തെ തിരിച്ചറിഞ്ഞു എന്ന തലക്കെട്ടോടെയായിരുന്നു ദേശാഭിമാനി വാർത്ത. ഇക്കാര്യത്തിൽ ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങിയെന്നും മുഖ്യ ഉറവിടം അന്വേഷക സംഘത്തിലെ ഉദ്യോഗസ്ഥനാണെന്നും പറഞ്ഞായിരുന്നു വാർത്ത.

ഇതോടൊപ്പം മാധ്യമപ്രവർത്തകരെയും വാർത്ത ചോർത്തുന്ന പൊലീസുകാരെയും തല്ലാൻ വാട്സ്ആപ് വഴി സിപിഎം അനുകൂല പൊലീസുകാർ 'ക്വട്ടേഷൻ ചർച്ച' നടത്തിയതും പുറത്തുവന്നു. പാർട്ടി അനുകൂലികളായ പൊലീസുകാരാണ് വാട്സ് ആപ് കൂട്ടായ്മയിലൂടെ ചർച്ച നടത്തിയത്. മാധ്യമപ്രവർത്തകരെ വീടുകയറി തല്ലാൻ ക്വട്ടേഷൻ എടുക്കാമെന്നാണ് ഒരാൾ പറയുന്നത്. പേരെടുത്തുപറഞ്ഞും പൊലീസുകാരുടെ പടങ്ങളിട്ടുമാണ് പ്രചരണം നടത്തിയത്. എആർ ക്യാമ്പ് കേന്ദ്രീകരിച്ചുള്ള പൊലീസുകാർ അംഗങ്ങളായ ഡ്യൂട്ടി ഫ്രണ്ട്സ് എന്ന ഗ്രൂപ്പിലാണ് ഇത്തരമൊരു ചർച്ച നടന്നത്. 'ക്വാർട്ടേഴ്സിൽ കയറി തച്ചാലോ.. ആളെ ഏർപ്പാടാക്കാം.. 'എന്നുപറഞ്ഞാണ് സുമേഷിനെ ആക്രമിക്കുമെന്ന് വെല്ലുവിളിയും ഉണ്ടായത്. ഈ വിവരങ്ങളെല്ലാം ചൂണ്ടിക്കാട്ടിയും തന്റെ ഒഫീഷ്യൽ നമ്പർ ഉൾപ്പെടെ ചോർത്തുന്നതായി സംശയമുണ്ടെന്നും വ്യക്തമാക്കി വിനീത പരാതി നൽകി.

പാർട്ടിയിലെ വിഭാഗീയതയെ പറ്റി പറഞ്ഞതിന് കുത്തിന് പിടിച്ചു

ഇന്നലെ പാർട്ടി സമ്മേളനം നടക്കുന്നതിനിടെയാണ് തൃശൂരിൽ നിന്ന് വാർത്ത നൽകിയ റിപ്പോർട്ടർ ലേഖകനെതിരെ പാർട്ടി പ്രവർത്തകരുടെ കയ്യേറ്റം ഉണ്ടായത്. ഉച്ചയ്ക്ക് 1230 ന്റെ തത്സമയ വാർത്താ ബുള്ളറ്റിനിൽ സിപിഐഎം സംസ്ഥാന സമ്മേളനവേദിയിൽ നിന്ന് തത്സമയ റിപ്പോർട്ടിങ് ഉണ്ടായിരുന്നു. സമ്മേളനം റിപ്പോർട്ടിംഗിന് നിയോഗിക്കപ്പെട്ട കൊച്ചി റിപ്പോർട്ടർ സഹിൻ ആന്റണി, തിരുവനന്തപുരം ബ്യൂറോ ചീഫ് മജു ജോർജ് എന്നിവരാണ് സമ്മേളന നഗരിയിൽ നിന്ന് തത്സമയം വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നത്. ഇടയ്ക്ക് ഒരു ചോദ്യം വിഭാഗീയത സംബന്ധിച്ചായിരുന്നു.

യെച്ചൂരിക്കെതിരേ സംസ്ഥാന കമ്മിറ്റിയും പ്രകാശ് കാരാട്ട് വിഭാഗവും കരുനീക്കുന്നുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ പറഞ്ഞതോടെ മജുവിനെ പാർട്ടി പ്രവർത്തകർ കോളറിൽ പിടിച്ച് പിന്നിലേക്ക് കൊണ്ടുപോയി. ദേഷ്യത്തോടെ കൈചൂണ്ടി സംസാരിക്കുന്നതിനിടയിൽ ചാനൽ പിസിആറിൽ നിന്ന് ആ ലൈവ് കട്ട് ചെയ്ത് സംസ്ഥാന സമ്മേളന വേദിയുടെ ദൃശ്യങ്ങൾ കാണിക്കാൻ തുടങ്ങി. തങ്ങളുടെ റിപ്പോർട്ടറെ കയ്യേറ്റം ചെയ്തതിനെക്കുറിച്ച് പിന്നീട് ഒരക്ഷരം പോലും ചാനൽ മിണ്ടിയില്ല അടുത്ത ലൈവിലാകട്ടെ ഇത്തരമൊരു സംഭവം നടന്നിട്ടേയില്ല എന്ന നിലയിലായിരുന്നു ചാനലിന്റെ നടപടികൾ. ഇതോടെ ചാനൽ പ്രവർത്തകരെ കയ്യൊഴിഞ്ഞ സ്ഥാപനത്തിന്റെ നിലപാടും പാർട്ടിയുടെ അസഹിഷ്ണുതയ്‌ക്കൊപ്പം ചർച്ചയാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP