Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൈന്ദവവിശ്വാസത്തെ 'പൊളിച്ചടുക്കി' ആളെക്കൂട്ടാം എന്ന ധാരണ അപകടമേ ചെയ്യൂ; ഇയാളാരാ നമ്മുടെ മതത്തെ ട്രോളാൻ എന്ന ചിന്ത ഹിന്ദുക്കളിലും വിദ്വേഷം വളർത്തും; അല്ലാഹു നരകത്തിലിടും എന്നു ഭീഷണിപ്പെടുത്തിയുമല്ല പ്രബോധനം നടത്തേണ്ടത്; അറക്കൽ ബീവിമാരെ രാജാവായി അംഗീകരിച്ച കേരളത്തിലെ മുസ്ലിംകൾക്ക് സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ്ങിന് അനുമതി നൽകിയത് കോമഡിയാകുന്നത് എന്തുകൊണ്ട്?

ഹൈന്ദവവിശ്വാസത്തെ 'പൊളിച്ചടുക്കി' ആളെക്കൂട്ടാം എന്ന ധാരണ അപകടമേ ചെയ്യൂ; ഇയാളാരാ നമ്മുടെ മതത്തെ ട്രോളാൻ എന്ന ചിന്ത ഹിന്ദുക്കളിലും വിദ്വേഷം വളർത്തും; അല്ലാഹു നരകത്തിലിടും എന്നു ഭീഷണിപ്പെടുത്തിയുമല്ല പ്രബോധനം നടത്തേണ്ടത്; അറക്കൽ ബീവിമാരെ രാജാവായി അംഗീകരിച്ച കേരളത്തിലെ മുസ്ലിംകൾക്ക് സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ്ങിന് അനുമതി നൽകിയത് കോമഡിയാകുന്നത് എന്തുകൊണ്ട്?

എം മുഖ്ത്താർ

ഹിന്ദുമതം സമ്പൂർണ മതമല്ലെന്നും എളുപ്പം 'പൊളിച്ചടുക്കാം' എന്നുമുള്ള ധാരണ ചില മതപ്രബോധകർക്കുണ്ട്. സെമിറ്റിക് മതങ്ങൾ, പ്രത്യേകിച്ച് മുസ്ലിംകൾ അവരിൽ പകുതിയോളം പേർ ഡെയ്ലി പള്ളിയിൽ പോവുന്നവരാണ്. 95 % വും വെള്ളിയാഴ്ചയെങ്കിലും പോവും. സ്വന്തം മതത്തെ കുറിച്ചുള്ള പ്രാഥമിക അറിവ് സെമിറ്റിക് വിശ്വാസികൾക്കുണ്ട്. എന്നാൽ സ്വന്തം മതത്തെ കുറിച്ചു നല്ലൊരുവിഭാഗം ഹിന്ദുക്കൾക്കും അറിയില്ല, അവരിൽ പലരുടെയും മതവുമായുള്ള ആകെ ബന്ധം വിവാഹം, ചോറൂണ് പോലുള്ള സവിശേഷ ചടങ്ങുദിവസങ്ങളിൽ മാത്രമാവും. ഇങ്ങനെയുള്ള നാമമാത്ര വിശ്വാസികളിൽ പലരും മതവിദ്വേഷം വച്ചുപുലർത്തുന്നവരും ആവില്ല. ഇവർക്കിടയിൽ വച്ച് ഹൈന്ദവവിശ്വാസത്തെ 'പൊളിച്ചടുക്കി' ആളെക്കൂട്ടാം എന്ന ധാരണ അപകടമേ ചെയ്യൂ എന്നു മാത്രമല്ല, ഇയാളാരാ നമ്മുടെ മതത്തെ ട്രോളാൻ എന്നു നേരത്തെ പറഞ്ഞ സാധാരണ ഹിന്ദുക്കൾ ചിന്തിക്കാനും അതുവഴി വിദ്വേഷം ഉൽപാദിപ്പിക്കപ്പെടാനും കാരണമാവുകയുംചെയ്യും.

അല്ലാഹു നരകത്തിലിടും എന്നു ഭീഷണിപ്പെടുത്തിയുമല്ല പ്രബോധനം നടത്തേണ്ടത്. കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ പോലും അല്ലാഹുവിനെ പറഞ്ഞു പേടിപ്പിച്ചുനിർത്തുന്ന അവസ്ഥ ചിലവീടുകളിൽ ഉണ്ട്. അല്ലാഹു എന്നുകേൾക്കുമ്പോൾ നരകത്തിലിട്ടു കരിക്കുന്ന രൂപമായിട്ടല്ല തോന്നേണ്ടത്. 'നിങ്ങൾ ഇങ്ങനെ നോമ്പ് പിടിച്ച് പട്ടിണികിടന്ന് സ്വർഗം നേടിക്കോളൂ, മദ്യപിച്ച് പാട്ടുപാടി മരിച്ച ശേഷം പൊറുത്തുകൊണ്ട അല്ലാ എന്നു പറഞ്ഞാൽ അത് കേട്ട് എന്നെ സ്വർഗത്തിലിടാൻ മാത്രം കാരുണ്യവാൻ ആണ് എന്റെ അള്ളാഹു' എന്ന് ഒരുസൂഫി പറഞ്ഞതായി വായിച്ചിട്ടുണ്ട്. അല്ലാഹുവിന് ഇഷ്ടമുണ്ടാവില്ല എന്നു പറഞ്ഞ് അല്ലാഹു എന്നത് നിന്നെ സൃഷ്ടിച്ച നിന്നെ ആഴത്തിൽ പ്രണയിക്കുന്ന ആളായി ധരിപ്പിക്കേണ്ട സ്ഥാനത്താണ്, അല്ലാഹുവിനെ തീയിലിട്ടു കരിക്കുന്ന ആളായിട്ടു മാത്രം വിശേഷിപ്പിക്കുന്നത്.

'പൊളിച്ചടുക്കാം' എന്ന ധാരണ ഉണ്ടാക്കിയെടുത്തത് സാക്കിർ നായിക്ക് ആണ്. സ്നേഹസംവാദങ്ങളിലൂടെ അത് കേരളത്തിൽ എം.എം അക്‌ബറും പ്രയോഗിച്ചു. പ്രബോധനം സംബന്ധിച്ച ഇസ്ലാമിന്റെ ബേസിക് തിയറിക്ക് എതിരാണിത്. ആരെയാണോ മതത്തിലേക്കു ക്ഷണിക്കുന്നത്, അവരെ അകറ്റാതെ അവരിലെ നല്ലവശങ്ങൾ അഡാപ്ട്ചെയ്ത് (അനിസ്ലാമികമല്ലാത്ത രീതിയിൽ) അവർക്കൊപ്പം മിങ്ലിങ് ആയി നല്ല ജീവിതം കാഴ്ചവച്ചാണ് ഇസ്ലാമിനെ അവതരിപ്പിക്കേണ്ടത്. കേരളത്തിൽ പ്രവാചകകാലത്ത് തന്നെ പ്രബോധനം തുടങ്ങിയ മാലിക് ദീനാർ, അവിഭക്ത ഇന്ത്യയിൽ ഏറ്റവുമധികം ആളുകളെ ഇസ്ലാമിലേക്ക് ആകർഷിപ്പിച്ച ഖാജാ മുഈനുദ്ദീൻ ചിശ്തി, ഹസ്രത് നിസാമുദ്ദീൻ മുതൽ മുമ്പുറം തങ്ങൾ വരെ 'പൊളിച്ചടുക്കാതെ' ഈ വിധത്തിൽ ആണ് മതം പ്രചരിപ്പിച്ചത്. ചിശ്തിയും നിസാമുദ്ദീൻ ഔലിയയും മുമ്പുറം തങ്ങളും ഒക്കെ ഇന്നും ഇതരസമുദായക്കാർ പോലും ആദരവോടെ കാണുന്ന വ്യക്തികളാണ്.

മുമ്പ് കൊണ്ടും കൊടുത്തും പങ്കിട്ടും ആണ് ഹിന്ദുക്കളും മുസ്ലിംകളും കഴിഞ്ഞത്. അതുകൊണ്ടാണ് മുസ്ലിം പ്രബോധകരെ ഹിന്ദുക്കൾ സ്വാഗതംചെയ്തതും അവർക്ക് പള്ളിയുണ്ടാക്കാൻ സഹായിച്ചതും. സുന്നികളിൽ ഇന്നു കാണുന്ന നേർച്ചയും ഹിന്ദുക്കളുടെ പൂരവും സമാനതകൾ ഉണ്ടാവാൻ കാരണം ആ പഴയ പാരമ്പര്യമാണ്. പഴയ അമ്പലത്തിന്റെയും പള്ളിയുടെയും രൂപകൽപ്പനക്ക് പോലും സാമ്യമുണ്ട്. 16ാം നൂറ്റാണ്ടിൽ ജീവിച്ച ലോകപ്രശസ്ത പണ്ഡിതൻ സൈനുദ്ധീൻ മഖ്ദൂമിന്റെ പൊന്നാനിയിലെ പള്ളിയിൽ പോലും വിളക്കു കത്തിക്കൽ ചടങ്ങ് തന്നെ ഉണ്ടായിരുന്നു.

ഇതിനെയൊക്കെ 'ശിർക്ക്' എന്ന ആരോപണമുന്നയിച്ച് എതിർത്തത് സഊദിയിലെ സലഫി/വഹാബി ആശയങ്ങൾ കേരളത്തിലും വേരുപിടിച്ചതോടെയാണ്. സുന്നികൾ പിന്തുടരുന്ന പാരമ്പര്യ ഇസ്ലാമിനെതിരേ ആഞ്ഞടിച്ചാണ് സലഫിസം ഇവിടെ വേരൂന്നിയത്. ഒപ്പം മുമ്പുണ്ടായിരുന്ന പലശീലങ്ങളും സുന്നികളിൽ നിന്ന് പതുക്കെ ഇല്ലാതായും തുടങ്ങി. ഇപ്പോഴത്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപകരായി കരുതുന്ന വക്കം മൗലവിയെ പോലുള്ളവർ ഒരിക്കലും നബിദിനാഘോഷത്തെ എതിർത്തിരുന്നില്ല. സുന്നികൾക്കിടയിലെ ആകെയുള്ള ആ കളർഫുളായ ആഘോഷത്തെയും ഇല്ലാതാക്കിയേ തീരൂവെന്ന വാശിയിലാണ് പൂരിറ്റാൻ സലഫികൾ. മുമ്പൊക്കെ നബിദിനത്തിന് പെൺകുട്ടികളും പാട്ടുപാടിയിരുന്നുവെങ്കിൽ ഇന്നത് ഇല്ല. മദ്റസകളിലെ വസ്ത്രധാരണരീതികളിലും മാറ്റംവന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ഈ പാരമ്പര്യവാദികളായ സുന്നികളെ പഴഞ്ചരയായി കണ്ട് 'പരിഷ്‌കരണവാദികളായ' മുജാഹിദുകൾക്കു കൂടുതൽ പേജും സ്റ്റേജും നൽകുന്ന ശീവും ഉണ്ട്.?

പ്രവാചകൻ ജനിച്ചു എന്നതിനപ്പുറം ഇസ്ലാമിൽ ഒരുപ്രസക്തിയും ഇല്ലാത്ത സഊദി, ഇസ്ലാമിക് റോൾമോഡൽ ആവുന്നത് കേരളം പോലുള്ള സംസ്ഥാനത്ത് ഒട്ടും നല്ലതല്ല. വളരെ മുമ്പ് തന്നെ അറക്കൽ ബീവിമാരെ രാജാവായി അംഗീകരിച്ച കേരളത്തിലെ മുസ്ലിംകൾക്ക്, സ്ത്രീകൾക്ക് ഈയടുത്ത് ഡ്രൈവിങ്ങിന് അനുമതി നൽകിയ സൗദിയുടെ നടപടി കോമഡിയാണ്. ബീഡിവലിച്ച്, മുണ്ടുടുത്ത് വെള്ളി അരഞ്ഞാണം കെട്ടി, ഉമ്മറത്ത് നെഞ്ചുവിരിച്ചുനിൽക്കുന്ന തന്റേടികളായ മുസ്ലിംവീട്ടമ്മമാർ ഈയടുത്ത് വരെ നമ്മുടെ നാട്ടിലെ കാഴ്ചയായിരുന്നു. ഇപ്പോൾ ഒരു പെൺകുട്ടി ബീഡി വലിച്ചുനോക്കണം.!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP